പ്രകാശമാര്‍ന്ന ലോകം
പ്രകാശമാര്‍ന്ന ലോകം | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന്‍ നായര്‍ |
മൂലകൃതി | മുത്തുകള്‍ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | നെരൂദ |
വര്‍ഷം |
1994 |
മാദ്ധ്യമം | പ്രിന്റ് (പേപ്പര്‍ബാക്) |
പുറങ്ങള്‍ | 98 (ആദ്യ പതിപ്പ്) |
കടല്‍വെള്ളത്തിന്റെ ഒരു തുള്ളിയില്‍ കടലിനെയാകെ കാണാമെന്ന് ഖലീല്‍ ജിബ്രാന്‍ പറഞ്ഞിട്ടുണ്ട്. ദൂരദര്‍ശിനി അവസാനിക്കുന്നിടത്ത് സൂക്ഷ്മ ദര്‍ശിനി ആരംഭിക്കുന്നു; ഈ കാഴ്ചകളില്‍ ഏതിനാണു ശ്രേഷ്ഠത്വം കൂടുതല്‍? എന്ന് യൂഗോയും. ഒരു മണല്‍ത്തരിയില്‍ വിശ്വമാകെ കാണാനും ഒരു കാട്ടുപൂവില്‍ സ്വര്‍ഗ്ഗം ദര്‍ശിക്കാനും ഉള്ളം കയ്യില്‍ അനന്തതയെ വയ്ക്കാനും ഒരു നാഴികയില്‍ നിത്യതയെ ഒതുക്കാനും അഭിലഷിച്ചില്ലേ ഇംഗ്ലീഷ് കവിയും മിസ്റ്റിക്കുമായ വില്യം ബ്ളേക്? സത്തയുടെ വൈപുല്യമാര്‍ന്ന പ്രാദുര്‍ഭാവം ഏറ്റവും സൂക്ഷ്മമായതിലും ഉണ്ടെന്നാണ് ആ മഹാകവിയുടെ മതം. മഹാവിശ്വത്തെ അണുവിശ്വമാക്കുക — അതു തന്നെയാണു കലാകാരന്റെ പ്രവൃത്തി. ദിക്കുകളെ തകര്‍ത്തു കൊണ്ടു എത്തുന്ന തീവണ്ടി നമ്മളെ ഞെട്ടിക്കും. എന്നാല്‍ ചുറ്റുകമ്പി മുറുക്കിവച്ച് കൊച്ചു കുഞ്ഞ് ഓടിക്കുന്ന കളിപ്പാട്ടമായ തീവണ്ടി നമ്മളെ ആഹ്ളാദിപ്പിക്കും. ക്യൂബയില്‍ ജനിച്ച് ഇറ്റലിയില്‍ വളര്‍ന്ന ഇറ്റാല്യന്‍ നോവലിസ്റ്റ് ഈറ്റാലോ കാല്‍വിനോ The Road to San Giovanni (സാന്‍ ജോവന്നിയിലേക്കുള്ള പാത) എന്ന ആത്മകഥയില്‍ അനുഷ്ഠിക്കുന്ന കൃത്യവും ഇതു തന്നെ. അദ്ഭുതാവഹം, ആശ്ചര്യകരം, വിസ്മയദായകം എന്നീ വിശേഷണങ്ങള്‍ മലയാള സാഹിത്യത്തിലെ ഒരു കൃതിക്കും ഈ ലേഖകന്‍ നല്കിയിട്ടില്ല. പടിഞ്ഞാറന്‍ രചനകളെക്കുറിച്ച് എഴുതുമ്പോഴും വിരളമായേ ഞാന്‍ ആ വിശേഷണങ്ങള്‍ പ്രയോഗിച്ചിട്ടുള്ളു. എന്നാല്‍ ഈ ആത്മകഥയ്ക്ക് ഈ വിശേഷണം പ്രത്യക്ഷരം ചേരുന്നുവെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കാന്‍ എനിക്കു താല്പര്യമുണ്ട്.
ബൃഹദാകാരമാര്‍ന്ന ജീവിതത്തെ കാല്‍വിനോ ഹ്രസ്വാകാരമാക്കുന്നത് യുക്തിയെയും വികാരത്തെയും സങ്കലനം ചെയ്താണ്: ചിന്തയെയും സംവേദനത്തെയും സമ്മേളിപ്പിച്ചാണ്. അത് അകൃത്രിമമായി നിര്‍വഹിക്കുന്നതു കൊണ്ട് മനോരഥ സൃഷ്ടികളിലേക്കു വാസ്തവികത ചെന്നു ചേരുമ്പോഴും അനുവാചകന് രസഭംഗം സംഭവിക്കുന്നില്ല. ഫാന്‍റസി എന്ന മണ്ഡലത്തിലേക്കു കാലൂന്നാതെ രചിക്കാനാണ് കാല്‍വീനോ യത്നിച്ചത്. ആ യത്നം വിജയഭാസുരമായി പരിണമിച്ചിരിക്കുകയും ചെയ്തിരിക്കുന്നു.
അഞ്ചു ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നു കാല്‍വിനോയുടെ അത്മകഥ. ആദ്യത്തേത് ‘സാന്‍ജോവാന്നിയിലേക്കുള്ള പാത’ സാന്‍ജോവാന്നി കാല്‍വിനോയുടെ അച്ഛന്റെ എസ്റ്റേറ്റാണ് — തോട്ടമാണ്. അച്ഛന്‍ തോട്ടത്തിലേക്കു പോകുന്നതും വിത്തുകളടങ്ങിയ ചാക്കു കെട്ടുകളെടുത്ത് കാല്‍വിനോ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന്റെ പിറകേ പോകുന്നതുമൊക്കെ ആത്മകഥാകാരന്‍ കവിതയുടെ മട്ടില്‍ വര്‍ണ്ണിക്കുന്നു. എന്നാല്‍ അതിനല്ല പ്രാധാന്യം. വര്‍ണ്ണനകളിലുടെ ഉരുത്തിരുയുന്ന അച്ഛന്റെയും മകന്റെയും സ്വഭാവ സവിഷേതകളാണ് സൂര്യരശ്മിയേറ്റു വെട്ടിത്തിളങ്ങുന്ന സ്ഫടികോപലം പോലെ വായനക്കാരെ ആകര്‍ഷിക്കുന്നത്. അച്ഛന്റെ മനസ്സിനു വാക്കുകള്‍ വസ്തുക്കളുടെ ദൃഢീകരണം നടത്തുന്നവയാണ്. അവ ഉടമസ്ഥതയുടെ അല്ലെങ്കില്‍ കൈവശാവകാശത്തിന്റെ അടയാളങ്ങള്‍. മകന് വാക്കുകള്‍ കാണപ്പെടാത്ത വസ്തുക്കളുടെ പൂര്‍വജ്ഞാനം മാത്രം. കാല്‍വീനോക്ക് അവ ഉടമസ്ഥതയുടെ പ്രതീകങ്ങളല്ല. അച്ഛന്‍ ചെടികളെയും മരങ്ങളെയും ‘അബ്ഡേര്‍ഡാ’യ ലാറ്റിന്‍ പേരുകള്‍ പറഞ്ഞ് വിവരിക്കും. മകന് വസ്തുക്കളുടെ ലോകം മൂകമായതിനാല്‍ മസ്തിഷ്കത്തിലൂടെ ഒഴുകുന്ന വാക്കുകള്‍ അവയോട് (വസ്തുക്കളോട്) ചേരുകയില്ല. ചേരുന്നത് വികാരങ്ങളോട്, ഫാന്‍റസികളോട്, പിതാവ് മരച്ചീനിച്ചെടി കണ്ടാല്‍ മാനിഗോട്ട് യൂട്ടിലിസ്മ എന്നോ മാനിഹോട്ട് എസ്ക്യൂലേന്റെ എന്നോ പറഞ്ഞേക്കും. (ഉദാഹരണം എന്റേത്. പണ്ടു പഠിച്ച സസ്യശാസ്ത്രത്തിന്റെ ദുര്‍ബലമായ ഓര്‍മ്മയെ അവലംബിച്ചാണ് ലാറ്റിന്‍ പദപ്രയോഗം.) പുത്രന്‍ ഇല്ലാത്ത പേരുകള്‍ സൃഷ്ടിക്കും. Ypotoglaxia jasminifolia, Photophila wolfoides, Crotodendron indica ഇങ്ങനെ പലതും (പേരുകള്‍ കാല്‍വിനോയുടെ പരിഹാസ സൃഷ്ടികള്‍). അച്ഛന്‍ കഠിനാദ്ധ്വാനം ചെയ്യുന്ന ഭൂവുടമസ്ഥന്‍. അദ്ദേഹം കാടും മേടുകളും താണ്ടി മുന്നോട്ടു പോകുമ്പോള്‍ കാല്‍വീനോ ഭിത്തികളുടെയും അച്ചടി മഷി പുരണ്ട കടലാസ്സുകലുടെയും ‘രാവണന്‍കോട്ട’കളില്‍ കിടന്നു കറങ്ങും. ഒലീവ് മരങ്ങള്‍ പൂക്കുന്നതിനെക്കുറിച്ച് അച്ഛന്‍ സംസാരിക്കുമ്പോള്‍ മകന്‍ അതു കേള്‍ക്കാതെ കടല്‍ക്കരയിലേക്കു പോകുന്നതിനെക്കുറിച്ചു വിചാരിക്കും. അവിടെ മൃദുലങ്ങളായ കൈകള്‍ കൊണ്ടു പെണ്‍കുട്ടികള്‍ പന്തുകള്‍ എറിയുന്നുണ്ടാവും. തിളക്കത്തില്‍ അവര്‍ മുങ്ങും. ആര്‍പ്പു വിളിക്കും. നീന്തിത്തുടിക്കും.
ആത്മകഥയുടെ രണ്ടാമത്തെ ഭാഗം A cinema-goer’s autobiography എന്നതാണ് (ചലച്ചിത്രം കാണാന്‍ പോകുന്നയാളിന്റെ ആത്മകഥ). ചലച്ചിത്രം പൂര്വയൗവനാവസ്ഥയിലായിരുന്ന ഒരാളിനെ എങ്ങനെ സ്വാധീനപ്പെടുത്തി? ദൂരതയ്ക്കു വേണ്ടിയുള്ള ആവശ്യകതയ്ക്കു അതു സംതൃപ്തിയരുളിയെന്ന് ഉത്തരം. വാസ്തവികതയുടെ അതിരുകള്‍ക്ക് വ്യാപകത്വം നല്കുന്നു ചലച്ചിത്രം. അളക്കാന്‍ വയ്യാത്ത മാനങ്ങള്‍ അത് കാല്‍വിനോക്കു ചുറ്റും നിര്‍മ്മിച്ചു. പ്രത്യക്ഷാനുഭവങ്ങളുടെ ലോകത്ത് അത് അന്യോന്യബന്ധം സൃഷ്ടിച്ചു. നമ്മളില്‍ നിന്ന് ബാഹ്യമായി ഒരു ലോകമുണ്ടെല്ലോ. കര്‍ത്തൃനിഷ്ഠവും വസ്തുനിഷ്ഠവുമായ കാരണങ്ങളാല്‍ അതിനെ നമുക്കു നേരിട്ടറിയാന്‍ വയ്യ. ചലചിത്രം നമുക്കായി ഈ ബാഹ്യലോകത്തിന്റെ ശക്തിയാര്‍ജ്ജിച്ച ബിംബം സൃഷ്ടിച്ചു തരുന്നു. നമുക്കു നമ്മളോടു ബന്ധത്തിനു മാറ്റം വരുത്തി നമ്മളെത്തന്നെ കാണാനും നമ്മുടെ ദൈനംദിന ജീവിതത്തെ ദര്‍ശിക്കാനും സിനിമ സഹായിക്കുന്നു. ഇറ്റലിയിലെ ചലച്ചിത്ര സംവിധായകന്‍ ഫേദേറീക്കാ ഫേലീനീയുടെ സിനിമയില്‍ ബാഹ്യലോകം സ്ക്രീനിനെ സമാക്രമിക്കുന്നു. സിനിമാശാലയും അന്ധകാരത്തെ പ്രകാശത്തിലേക്കു കൊണ്ടു ചെല്ലുന്നു. ഫേലീനിയുടെ ഓരോ ചിത്രവും ആത്മകഥയാണ്.
സ്ഥലപരിമിതിയെ പരിഗണിച്ച് ‘Memories of a battle’ എന്ന അടുത്ത ഭാഗത്തെ വിട്ടിട്ട് നമുക്കു La Poubelle Agree’ എന്നതിലേക്കു ചെല്ലാം. കുടുംബജീവിതത്തെക്കുറിച്ചാണ് ഈ ഖണ്ഡത്തിലെ പ്രതിപാദനം. പാരീസിലെ മലിനങ്ങളായ തെരുവുകളെ അവയില്‍ നിന്നു രക്ഷിക്കാനായി പൂബെല്‍ എന്ന ഉദ്യോഗസ്ഥന്‍ ചവറ്റുപാത്രങ്ങള്‍ വയ്ക്കാനായി കല്പിച്ചു. അയാളുടെ പേരുതന്നെയാണു ആ ചവറ്റുപാത്രങ്ങള്ക്കും കിട്ടിയത്. വീട്ടിലെ ചെറിയ കുപ്പത്തോട്ടിയില്‍ നിന്ന് വലിയ കുപ്പത്തൊട്ടിയിലേക്ക് ചവറുകള്‍ തട്ടി റോഡിലേക്കു കൊണ്ടു പോകുന്ന താന്‍ സാമൂഹിക പ്രവര്‍ത്തനം നടത്തുകയാണെന്നു കാല്‍വീനോ കരുതുന്നു. അതു ചെയ്തില്ലെങ്കില്‍ തന്റെ വ്യക്തിപരമായ അസ്തിത്വത്തിന്റെ ഒച്ചിന്‍ തോടോടു കൂടി (snail shell) സംസ്കരിക്കപ്പെടും. ഈ കുപ്പത്തോട്ടിയൊഴിക്കല് കാല്‍വീനോയുടെ ആവശ്യകതയാണ്. തന്റേതായിരുന്ന ഒരംശത്തെ അദ്ദേഹം തന്നില്‍ നിന്നു അങ്ങനെയാണ് വേര്‍പ്പെടുത്തുക. ചവറ്റുപാത്രത്തിലെ ചവറുകള്‍ നമ്മുടെ സത്തയുടെ ഒരംശമാണ്. അത് അന്ധകാരത്തില്‍ താഴ്ന്നേ മതിയാവൂ. ഒടുവില്‍ ഭൗതിക ശരീരം തന്നെ ചവറ്റു കൂനയായി മാറി ശവദാഹത്തിനുള്ള ഉപകരണത്തിലേക്കു നയിക്കപ്പെടാനായി വണ്ടിയില്‍ വയ്ക്കപ്പെടുന്നു.
കുടുംബജീവിതത്തില്‍ സ്ത്രീക്കും പുരുഷനുമുള്ള സ്ഥാനമെന്താണ്? പടിഞ്ഞാറന്‍ സ്ത്രീകളുടെ സംഘം പുരുഷസംഘത്തോടു പറയുന്നു: ‘ഒരു പാര്‍ട്ടി നടത്താന്‍ വേണ്ടി ഒരു തവണ പാചകം ചെയ്യാന്‍ ഞാന്‍ സന്നദ്ധയാണ്. ഒരിക്കല്‍ എന്നെത്തന്നെ ആവിഷ്കരിക്കാനും. ഒരിക്കല്‍ പാരമ്പര്യം പകര്‍ന്നു കൊടുക്കാനും. ഒരിക്കല്‍ ആവശ്യകതയുടെ പേരില്‍. പിന്നെ ഒരു തവണ സ്നേഹത്തിന്റ പേരിലും പാചകം ചെയ്യാം. പക്ഷേ എന്റെ ജോലി പാചകം ചെയ്യലാണെന്നും നിങ്ങളുടേത് വന്നിരുന്ന് അതു ഭക്ഷിക്കാനുമാണെന്ന സങ്കല്പത്തോടു കൂടി ആണ്ടില്‍ മുന്നൂറ്റിയറുപത്തിയഞ്ചു ദിവസവും ഞാന്‍ പാചകം ചെയ്യില്ല.’ പുരുഷന്‍ കുടുംബ ബജറ്റിനു വേണ്ടി വലിയ സംഭാവന നടത്തിയാലും അയാള്‍ വീട്ടുജോലി ചെയ്യാതിരുന്നാല്‍ പരോപ ജീവിയായേ കരുതപ്പെടുകയുള്ളൂ. മാറ്റം വരും. ഭക്ഷണശാലകളില്‍ കയറി വേണ്ടതെല്ലാം കഴിച്ചിട്ട് ബില്ലിന്റെ പണവും കൊടുത്തു പോകാമെന്നു ധരിക്കരുത്. അതിനു ശേഷം ഉരുളക്കിഴങ്ങിന്റെ തൊലി ചെത്തിക്കൊടുക്കേണ്ടതായി വരും.
അവസാനത്തെ ഭാഗമായ From the opaque (നിഷ്പ്രഭമായതില്‍ നിന്ന് ) തികച്ചും സമുജ്ജ്വലമത്രേ. ഇന്നുള്ള ലോകം അതാര്യമാണ് അല്ലെങ്കില്‍ വെളിച്ചം കടക്കാത്തതാണ്. പ്രകാശം വീണ സ്ഥലം ഇതിന്റെ മറുപുറം മാത്രം. കാല്‍വിനോ എഴുതുന്നത് വെളിച്ചം കടക്കാത്ത സ്ഥലത്തിന്റെ അഗാധതയില്‍ നിന്നാണ്. അവിടെയിരുന്നു കൊണ്ട് അദ്ദേഹം പ്രകാശമാര്‍ന്ന ലോകത്തിന്റെ പുനഃസൃഷ്ടി നടത്തുന്നു.
ചിന്തയുടെ മൗലികത, ആവിഷ്കാരത്തിന്റെ ചാരുത, ഭാവനയുടെ വിലാസം, ഇവയിലെല്ലാം ഈ ആത്മകഥ അദ്വിതീയമാണ്. ചവറു മാറ്റിയിടുന്നതിനെപ്പോലും തത്വചിന്താത്മകമായി വീക്ഷിക്കാൻ ഈ വലിയ സാഹിത്യകാരനല്ലാതെ വേറെയാര്‍ക്കും കഴിയുകയില്ല. ഏതു ക്ഷുദ്ര സംഭവത്തെയും തത്ത്വചിന്തയിലേക്കും അവിടെ നിന്നു കലയിലേക്കും ഉയര്‍ത്താന്‍ കാല്‍വിനോക്കു കഴിയും. ഇതു വായിച്ചു തീരുമ്പോള്‍ അനുവാചകനുണ്ടാകുന്ന മാനസികോന്നമനം അസാധാരണമെന്നേ പറഞ്ഞുകൂടു. അതാര്യമായ ലോകത്തിരുന്നു കൊൻടു് സുതാര്യമായ കലാലോകത്തെ സൃഷ്ടിച്ച കാല്‍വിനോ, അങ്ങയ്ക്കു വന്ദനം.
|
|