close
Sayahna Sayahna
Search

കലാകാരനായ ഭരണാധികാരി


കലാകാരനായ ഭരണാധികാരി
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി മുത്തുകള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ നെരൂദ
വര്‍ഷം
1994
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 98 (ആദ്യ പതിപ്പ്)

മുത്തുകള്‍

ചെക്ക് റിപ്പബ്ളിക്കിന്റെ പ്രസിഡന്‍റായ ഹാവല്‍ (Vaclav Havel) കുഞ്ഞായിരുന്ന കാലം. ഒരു മാന്യന്‍ ഹാവല്‍ ഭവനത്തില്‍ ചെന്നിട്ട് തിരിച്ചുപോയപ്പോള്‍, അയാളുടെ മുതികിലൊരു മുഴയില്ലാത്തതു വിചിത്രമായിരിക്കുന്നുവെന്ന് കുഞ്ഞു പറഞ്ഞു.

‘നീയതു എങ്ങനെ പറയുന്നു’ എന്ന് അമ്മ ചോദിച്ചു. അയാളുടെ മുഖം അത്തരത്തിലായതുകൊണ്ടു മുഴയുണ്ടായിരിക്കേണ്ടതാണെന്നു ഹാവലിന്റെ മറുപടി. അതുകേട്ട് അമ്മ മകനെ ചെറുതായൊന്നു ശാസിച്ചു. കൂനന്മാരോട് പ്രകൃതി എത്ര ക്രൂരമായിട്ടാണു പെരുമാറുന്നതെന്നും കൂനനോടു കൂടിയാണു കുഞ്ഞു ജനിക്കുന്നതെങ്കില്‍ അതിന്റെ അമ്മയ്ക്ക് ഏതു മാതിരി ദുഃഖമുണ്ടാകുമെന്നും അമ്മ കുട്ടിക്കു വിശദമാക്കിക്കൊടുത്തു. ഉടനെ ഹാവല്‍ മറുപടി നല്കി: ‘അതു ശരിയാണെന്നു ഞാനും വിചാരിക്കുന്നു. എന്നാല്‍ തള്ളഒട്ടകത്തിനു മുഴയില്ലാത്ത കുഞ്ഞുണ്ടായാല്‍ എന്തു ദുഃഖമായിരിക്കുമെന്നു വിചാരിച്ചു നോക്കൂ അമ്മേ.’

കുഞ്ഞുന്നാളില്‍ ഹാവല്‍ കാണിച്ച ഈ ധിഷണാവിലാസം ക്രമാനുഗതമായി വികാസംകൊണ്ട് അദ്ദേഹത്തിന്റെ അമ്പത്തിയെട്ടാമത്തെ വയസ്സിലും അര്‍ക്കകാന്തി ചിന്തുന്നുവെന്നും അതെങ്ങനെ ഒരു രാജ്യത്തെ ജനാധിപത്യത്തിലേക്കു നയിച്ചുവെന്നും സ്പഷ്ടമാക്കിത്തരുന്ന ജീവചരിത്രമാണ് (Vaclav Havel — The Authorized Biography’ എന്നത്. ധിഷണകൊണ്ടുമാത്രം ഒരു നേതാവിനും രാജ്യത്തെ നൂതനവ്യവസ്ഥിതിയിലേക്കു നയിക്കാനാവില്ല. ഹാവല്‍ സത്യത്തിന്റെ നൂതനാഗ്നി കൊളുത്താന്‍ ശക്തിയുള്ള മഹാനാണ്. (To light new fires of truth, Letter to Dr. Guslau Husak, Living in Truth, Vaclav Havel, Page 23, Faber and Faber.)

ആ അദമശക്തിയോടുകൂടി അദ്ദേഹം സത്യത്തില്‍ ജീവിക്കൂ — live in truth — എന്ന് ഭരണാധികാരികളോടു മാത്രമല്ല ഈ ലോകത്തെ ഓരോ പൗരനോടും ആവശ്യപ്പെട്ടു. തന്റെ സത്യാത്മകമായ ജീവിതംകൊണ്ട് ഏതു മാനവജീവിതംകൊണ്ട് ഏതു മാനവജീവിതവും മഹനീയമാക്കാമെന്നു തെളിയിക്കുകയും ചെയ്തു. അസാമാന്യ പ്രതിഭയുള്ള നാടകകര്‍ത്താവ്, രത്നകാന്തിയുള്ള വിചാരങ്ങളെ ഗ്രന്ഥങ്ങളിലൂടെ വിതറുന്ന ചിന്തകന്‍, അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും ശാശ്വത പ്രതീകം — ഇവയൊക്കെയായ ഹാവലിനെ കാണണമെങ്കില്‍ കലാഭംഗിയാര്‍ന്ന ഈ ജീവചരിത്രം വായിക്കണം. പ്രാഗില്‍ താമസിക്കുന്ന ഗ്രന്ഥകര്‍ത്തി നോവലുകളും ചെറുകഥകളും എഴുതി യശസ്സാര്‍ജ്ജിച്ചവരാണ്. അവരുടെ സര്‍ഗ്ഗശക്തി ഈ ജീവചരിത്ര രചനയിലും തെളിഞ്ഞുകാണാം.

ശാരീരികമായി അത്ര വളരെ പൊക്കമില്ലാത്ത ഈ മനുഷ്യന്‍ — ഹാവല്‍ — നടക്കുകയില്ല. പലപ്പോഴും ഓടുകയാണ്. അദ്ദേഹത്തിനു ചുരുണ്ട തലമുടിയുണ്ട്; നിഷ്കളങ്കത നിറഞ്ഞ നീലക്കണ്ണുകളുണ്ട്; കുട്ടിയുടെ പുഞ്ചിരിയും. അതും അദ്ദേഹത്തെ രസിപ്പിക്കുന്നു: താനത് ആദ്യമായി കാണുന്നതുപോലെ. തന്റെ അസാധാരണമായ ഊര്‍ജ്ജം കൊണ്ട് ചുറ്റുമിരിക്കുന്ന എല്ലാവരെയും അദ്ദേഹം പൊള്ളയാക്കി മാറ്റുന്നു. അദ്ദേഹം അത്രയ്ക്കു വിനയസമ്പന്നനായതുകൊണ്ട് മറ്റുള്ളവര്‍ വിചാരിക്കുന്നു അവര്‍ക്ക് ആധിപത്യം പുലര്‍ത്താമെന്ന്. ഹാവല്‍ വ്യക്തിഭാവമില്ലാതെ പെരുമാറുന്നതു കൊണ്ടാണ് ഈ തോന്നലുണ്ടാവുക. സമീപസ്ഥമായ കാര്യങ്ങളിലല്ലാതെ തന്നില്‍ ഒരിക്കലും മനസ്സിരുത്താറില്ല അദ്ദേഹം. വിനയത്തിനു തെളിവുവേണോ? എങ്കില്‍ പുസ്തകത്തിന്റെ നടുക്കായി കൊടുത്തിരിക്കുന്ന ഒരു ചിത്രം നോക്കുക. ഹാവല്‍ പ്രഷര്‍കുക്കര്‍വച്ചു ഭക്ഷണം പാചകം ചെയ്യുന്നതു വായനക്കാര്‍ക്കു കാണാം.

1968 ഓഗസ്റ്റില്‍ സോവിയറ്റ് ടാങ്കുകള്‍ ഹാവലിന്റെ ജന്മഭൂമിയിലേക്കു ഉരുണ്ടു ചെന്നു, അദ്ദേഹം ഭാര്യയോടുകൂടി പ്രാഗില്‍ താമസിക്കുകയായിരുന്നു. ഹാവലിന്റെ രാജ്യം തീരെച്ചെറുത്. എല്ലാ രാഷ്ടങ്ങളും തങ്ങളെ ഉപേക്ഷിച്ചെന്നു ഹാവലും കൂട്ടുകാരും ഗ്രഹിച്ചു. അഭിമര്‍ദ്ദമേറ്റ് തലകുനിക്കുകയേ മാര്‍ഗ്ഗമുള്ളൂവെന്ന് അദ്ദേഹം മനസ്സിലാക്കി. ജനത മുന്‍പും അങ്ങനെ പലപ്പോഴും തലകുനിച്ചിട്ടുണ്ട്. പക്ഷേ ഓരോ തവണ കുനിയുമ്പോഴും നട്ടെല്ല് ഉയരും. അങ്ങനെ ജനതയുടെ നട്ടെല്ലുകള്‍ ഉയര്‍ന്നതിന്റെ വീരധര്‍മ്മാത്മകമായ ചരിത്രം കൂടിയാണ് ഇപ്പുസ്തകം. സോവിയറ്റ് ആക്രമണത്തില്‍ പ്രതിഷേധിക്കാനായി 1969 ജനുവരിയില്‍ യാന്‍ പാലാറ്റ്സ്ച്ച് (Yan Palach) എന്ന വിദ്യാര്‍ത്ഥി ആത്മാഹൂതി ചെയ്തു. അയാളെ ചാമ്പലാക്കിയ അഗ്നി ഹാവലിന്റെ രോഷാഗ്നിയായി മാറി. ചാര്‍ട്ട്ര്‍ 77 അങ്ങനെ രൂപംകൊണ്ടു. അതിലൊപ്പുവച്ച ദേശസ്നേഹികളുടെ നേതാവായിരുന്നു ഹാവല്‍. അതിന്റെ പേരില്‍ അദ്ദേഹം സഹിച്ച പീഡനങ്ങളുടെ വിവരണങ്ങള്‍ ഈ ഗ്രന്ഥത്തിലുള്ളത് നമ്മളെ ഞെട്ടിക്കും. 1979-ല്‍ നാലുവര്‍ഷത്തേക്കു തടവുശിക്ഷ; വീണ്ടും 1989-ല്‍ കാരാഗൃഹവാസം തടവറയിലെ മര്‍ദ്ദനങ്ങളെക്കാള്‍ ക്രൂരങ്ങളാണ് വീട്ടുതടങ്കലിലായിരുന്നപ്പോഴുണ്ടായ മര്‍ദ്ദനങ്ങള്‍. The power of the Powerless എന്ന ലേഖനമെഴുതിയതിനും (ഇത് ഹാവലിന്റെ Living in Truth എന്ന പുസ്തകത്തിലുണ്ട്.) ചാര്‍ട്ടര്‍ 77-ന്റെ സ്പോക്സ് പേഴ്സണ്‍ ആയതിനും വേണ്ടിയാണു സര്‍ക്കാര്‍ ഹാവലിനെ വീട്ടുതടങ്കലിലാക്കിയത്. ഭക്ഷണസാധനങ്ങള്‍ വെളിയില്‍പ്പോയി വാങ്ങാന്‍ കൂടി കാവല്‍നിന്ന പൊലീസുകാര്‍ അദ്ദേഹത്തെ അനുവദിച്ചില്ല. ‘പട്ടിണികിടന്ന് മരിക്കു’ എന്നാണ് പൊലീസുദ്യോഗസ്ഥന്മാര്‍ അദ്ദേഹത്തോടു പറഞ്ഞത്. അങ്ങനെ മരിക്കുമ്പോള്‍ ശവപ്പെട്ടിനല്കാന്‍ തങ്ങള്‍ക്കു സന്തോഷമുണ്ട് എന്നും അവര്‍ അദ്ദേഹത്തെ അറിയിച്ചു. വീട്ടുതടങ്കലില്‍ നിന്നു കാരാഗൃഹത്തിലേക്ക്; കാരാഗൃഹത്തില്‍നിന്നു മോചനം; പിന്നെയും കാരാഗൃഹവാസം. മോചനം നേടിയിരിക്കുമ്പോള്‍ അദ്ദേഹത്തിന് പേരുവയ്ക്കാത്ത ഒരുകത്തുകിട്ടി. 1989 ജാനുവരി 15-ന് ഉച്ചയ്ക്കുശേഷം വെന്‍സസ്ല്സ് സ്ക്വയറില്‍ പ്രതിമയുടെ രൂപത്തില്‍ വാറ്റ്സ്ളാഫ് പുണ്യാളന്‍ ഇരിക്കുമ്പോള്‍ വേറൊരു മനുഷ്യ ദീപയഷ്ടി കത്തിയുയരുമെന്നായിരുന്നു അതിലൂടെയുള്ള അറിയിപ്പ്. (വെന്‍സ്സ്ലസ് പുണ്യാളന്‍ ചെക്കസ്ളൊവാക്യയുടെ പുണ്യാളനാണ്. വാറ്റ്സ്ളൊഫ് എന്നാണ് അദ്ദെഹത്തിന്റെ ചെക്ക് നാമധേയം — ലേഖകന്‍) 1969 — ആത്മാഹുതി ആവര്‍ത്തിക്കപ്പെടുമെന്നു കണ്ടു കാരുണ്യമുള്ള ഹാവല്‍ പേടിച്ചു, ദുഃഖിച്ചു. അദ്ദേഹം ആ കൃത്യമരുതെന്നു ഒരഭ്യര്‍ത്ഥന പ്രക്ഷേപണം ചെയ്തു. വെന്‍സസ്ല്സ് സ്ക്വയറില്‍ വാറ്റ്സ്ളാഫ് പുണ്യാളന്റെ പ്രതിമയുടെ ചുവട്ടില്‍ പുഷ്പങ്ങള്‍ വയ്ക്കാന്‍ ചെന്ന ഹാവലിനെ പൊലീസ് അഠസ്റ്റ് ചെയ്തു. ദീപയഷ്ടി കത്തിയെരിയുമെന്നറിയിക്കുന്ന കത്ത് പൊലീസിന്റെ തന്നെ കള്ളക്കത്തായിരുന്നുവെന്നു അപ്പോഴാണ് ഹാവലിനു മ്നസ്സിലാക്കാന്‍ കഴിഞ്ഞത്. അദ്ദേഹം മോചനം നേടി. ചെക്കസ്ളൊവാക്യ ധിഷണാശാലിയും കലാകാരനുമായ ഹാവലിനെ പ്രസിഡന്‍റായി തിരഞ്ഞെടുത്തു: പിന്നീടുണ്ടായ രാജ്യത്തിന്റെ വിഭജനവും ഹാവല്‍ ചെക്ക് റിപ്പബ്ളിക്കിന്റെ പ്രസിഡന്‍റായതും മറ്റും ഞാന്‍ പറയേണ്ടതില്ല. ഏത് അംശമാണ് മറ്റു ഭരണാധികാരികളില്‍നിന്നു ഹാവലിനെ വ്യത്യസ്തനാക്കി നിറുത്തുന്നത്! അദ്ദേഹം ധിഷണാശാലിയായ രാഷ്ടീയ പ്രവര്‍ത്തകനാണ്. ധിഷണാശാലി ആശയങ്ങള്‍ ഉദ്പ്പാദിപ്പിക്കുന്നു. എന്നാല്‍ ആ ആശയങ്ങളെ ആവര്‍ത്തിക്കാനോ മറ്റുള്ളവരില്‍ അടിച്ചേല്പ്പിക്കാനോ അയാള്‍ യത്നിക്കുന്നില്ല. അതുകൊണ്ട് അയാള്‍ രാഷ്ടവ്യവഹാരത്തിന്റെ മണ്ഡലത്തില്‍ വിജയം പ്രപിക്കുന്നില്ല. കള്ളം പറയുന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ ജനസമ്മതി നേടുന്നു. തങ്ങളോടു കള്ളം പറയണം അയാള്‍ എന്നാണ് ബഹുജനത്തിന്റെ ആഗ്രഹം (പുറം 271) ‘ഞാന്‍ കുറ്റം ചെയ്തവനാണെന്നു കരുതുന്നില്ല. എന്റെ മനസാക്ഷിയില്‍ (വേദനിപ്പിക്കുന്നതായി) ഒന്നുമില്ല. എന്നെ ശിക്ഷിച്ചാല്‍ ഒരു നല്ല കാര്യത്തിനുവേണ്ടിയുള്ള ത്യാഗമായി ഞാന്‍ ശിക്ഷയെ പരിഗണിക്കും. യാന്‍ പാലാറ്റ്സ്ച് നടത്തിയ ത്യാഗത്തിന്റെ പ്രകാശത്തില്‍ ആ ത്യാഗം ക്ഷുദ്രമായിരിക്കും’ എന്നാണ് ശിക്ഷിക്കപ്പെടുന്നതിനുമുന്‍പ് ഹാവല്‍ കോടതിയോടു പറഞ്ഞത്. ഹാവല്‍ ഈ പ്രസ്താവത്തിലൂടെ ഗാന്ധിജിയുടെ ഓന്നത്യം നേടുന്നു.

നമ്മള്‍ എത്ര ക്ഷുദ്രത്വമുള്ളവരാണെങ്കിലും എത്ര അധികാരമില്ലാത്തവരാണെങ്കിലും ലോകത്തിനു പരിവര്‍ത്തനം വരുത്താന്‍ ശക്തരാണെന്നാണ് ഹാവലിന്റെ മതം. അവിശ്വസനീയമായി തോന്നുന്നുണ്ടോ ഇത്? അങ്ങനെ തോന്നേണ്ടതില്ല. നമ്മളില്‍ ഓരോ വ്യക്തിക്കും ഈ ഭൂഗോളത്തെ കുറച്ചു മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കും. ഈ വിശ്വാസത്തോടെ പ്രവര്‍ത്തിച്ച ഹാവല്‍ ലോകത്തെ കുറച്ചല്ല വളരെ മുന്‍പോട്ടുകൊണ്ടുപോയി. അദ്ദേഹമെത്രശക്തന്‍‌! ഈ ശക്തി ‘സത്യത്തില്‍ ജീവിക്കുക’ എന്ന വിശ്വാസത്തില്‍ നിന്നാണ് ജനിച്ചത്.

സാഹിത്യകാരിയായ ഗ്രന്ഥകര്‍ത്തി ഹാവലിന്റെ എല്ലാകൃതികളെയും അപഗ്രഥിച്ച് അവയുടെ വൈശിഷ്ട്യമെടുത്തു കാണിക്കുന്നു. വളരെക്കാലം മുന്‍പുതന്നെ ഈ ലേഖകന്‍ ഹാവലിന്റെ Largo Desolato — ലാര്‍ജോ ഡെസോലാതോ — ഈസ്റ്റ് യൂറോപ്യന്‍ നാടകങ്ങളില്‍ സുപ്രധാന സ്ഥാനമര്‍ഹിക്കുന്നുവെന്ന് എഴുതിയിരുന്നു. ഇപ്പുസ്തകത്തിലും ഭംഗ്യന്തരേണ അതു തന്നെ പറഞ്ഞിട്ടുണ്ട്. ‘Largo Desolato in him best Play...It is great drama (പുറം 207) താനെഴുതിയത് പിന്‍വലിക്കാന്‍ നിര്ബന്ധനാകുന്നു ഒരു പ്രഫെസര്‍. സര്‍ക്കാരിന്റെ ആളുകള്‍ അയാളെ മാനസിക പീഡയേല്പിക്കുന്നു. ബന്ധുക്കളും മിത്രങ്ങളും ഒരുറച്ച നില സ്വീകരിക്കാന്‍ അയാളെ പ്രേരിപ്പിക്കുന്നു. ഈ സംഘട്ടനത്തില്‍പെട്ട് പ്രഫെസര്‍ തകര്‍ന്നടിയുന്ന ചിത്രം അന്യാദൃശ്യമായ രീതിയില്‍ ഉദ്വേഗജനകമാണ്. ഒരു ഗ്രീക്ക് ട്രാജഡിയുടെ മഹത്വമുണ്ടിതിന്. My post prison despair എന്നാണ് ഹാവല്‍ ഈ നാടകത്തെ വിശേഷിപ്പിച്ചത് (page 65, Disturbing the peace, Vaclav Harvel, Faber and Faber).

ചിലര്‍ക്കു ലാര്‍ഗൊഡെസോ ലാതോയെക്കാള്‍ അദ്ദേഹത്തിന്റെ Temptation എന്ന നാടകമാണ് ഉത്കൃഷ്ടം. റ്റോമസ് മാന്‍ Doctor Faustes എഴുതിയ പോലെ ഗെറ്റോ Faust എഴുതിയ പോലെ സ്വന്തം ഫൗസ്റ്റിനെ ചിത്രീകരിക്കുകയാണ് ഹാവലെന്ന് ഗ്രന്ഥകര്‍ത്തി പറയുന്നു. സത്യത്തിന്റെ ആപേക്ഷിക സ്വഭാവമാണ് ഹാവലിന് ഇഷ്ടമായ വിഷയം. സവിശേഷമായ രീതിയില്‍ പറഞ്ഞാല്‍ സവിശേഷമായ പരിത:സ്ഥിതിയില്‍ ആവിഷ്കരിച്ചാല്‍ ഏതു സത്യവും കള്ളമാകുമെന്നു ഹാവല്‍ അഭിപ്രായപ്പെടുന്നു. Temptation എഴുതിക്കഴിഞ്ഞ ഹാവല്‍ ബോധം കെട്ടുവീണു. അദ്ദേഹത്തിന്റെ തലയ്ക്ക ക്ഷതം പറ്റി. വെര്‍ജീനിയ വുള്‍ഫ് പറഞ്ഞിരുന്നു താന്‍ ഒരു കൃതിയെഴുതിക്കഴിഞ്ഞാല്‍ തന്നെ നിരീക്ഷണം ചെയ്തുകൊള്ളണമെന്ന്. ഒരു നോവല്‍ എഴുതിതീര്‍ന്നപ്പോള്‍ ആരും അവരെ നോക്കുന്നുണ്ടായിരുന്നില്ല. വെര്‍ജീനിയ കീശകളില്‍ കനംകൂടിയ കല്ലുകള്‍ എടുത്തിട്ട് ജലാശയത്തിലേക്കു നടന്നു. മുങ്ങിമരിച്ചു.

എഴുതിയും പ്രവര്‍ത്തിച്ചും മാനവ ലോകത്തെ ഉയര്‍ത്തുന്ന മഹാനാണ് ഹാവല്‍. ആ പ്രക്രിയകളില്‍ തനിക്കു ക്ഷതം വന്നാലും അദ്ദേഹം സാരമാക്കുന്നില്ല. കവിയുടെ വിജ്ഞാനമുള്ളയാള്‍ പ്രാഗിന്റെ മന:സാക്ഷി എന്നൊക്കെ മഹാന്മാര്‍ വാഴ്ത്തുന്ന ഈ മനുഷ്യസ്നേഹി ഈ ജീവിതചരിത്രത്തെക്കുറിച്ചു പറഞ്ഞത് ഇങ്ങനെ: ‘ഇതു വായക്കാരെ എന്നിലേക്കു മാത്രമല്ല . എന്നിലൂടെ ഈ രാജ്യത്തോടും കൂടുതല്‍ അടുപ്പിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’. ഈ പ്രതീക്ഷ ശരിയാണെന്ന് ഈ ഗ്രന്ഥം തെളിയിക്കുന്നു.

‘ഒരു ചെറിയ വിഭാഗമാളുകള്‍ ഒരു രാജ്യത്തിന്റെ സര്‍ക്കാരിനെ ബലംകൊണ്ടു പിടിച്ചെടുക്കുകയും തങ്ങള്‍ക്കു കൈവശമായ അധികാരോപകരണങ്ങള്‍ നേരിട്ട് പ്രയോഗിച്ച് പരസ്യമായി അധികാരം കൈകാര്യം ചെയ്യുകയും ഏതു ഭൂരിപക്ഷത്തിന്റെമേല്‍ ഭരണം അടിച്ചേല്‍പ്പിക്കുന്നുവോ അവരില്‍ നിന്നു തങ്ങള്‍ വിഭിന്നരായി പ്രത്യക്ഷരാവുകയും ചെയ്യുന്നതിനെയാണു ‘ഡിക്റ്റേര്‍ഷിപ്പ് ര്ന്നു വിളിക്കുന്നത്.

‘ഭടന്മാരുടെയും പൊലീസിന്റെയും സംഖ്യാബലത്തില്‍ നിന്നും സായുധശക്തിയില്‍നിന്നുമാണ് അവരുടെ അധികാരം ജനിക്കുന്നത്. കുറെക്കൂടി തകിടം മറിക്കുമെന്നതാണ് അതിന്റെ അസ്തിത്വത്തിന്റെ നേര്‍ക്കുള്ള പ്രധാനമായ ഭീഷണി.’

ഭവിഷ്യത് സൂചകവും സുശക്തവുമായ ഈ വാക്കുകള്‍ പ്രസിഡന്‍റ് വാറ്റ്സ്ളാഫ് ഹാവലിന്റേതാണ് (vaclav Havel, ജനനം 1936). അദ്ദേഹം 1978-ല്‍ The Power of the powerless (‘അധികാരമില്ലാത്തവരുടെ ശക്തി) എന്ന ദീര്‍ഘമായ പ്രബന്ധത്തില്‍ നിര്‍വഹിച്ച ഈ ഭാവികഥനം സാക്ഷാത്കരിക്കപ്പെട്ടു. ചെക്ക്സ്ളോവാക്യയില്‍ വിപ്ളവമുണ്ടായി ഹാവല്‍ അതിന്റെ പ്രസിഡന്‍റുമായി. ഈസ്റ്റ് യൂറോപ്യന്‍ നാടക കര്‍ത്താക്കന്മാഅരില്‍ അദ്വിതിയനാണ് അദ്ദേഹം സര്‍ക്കാരിന് അംഗീകരിക്കാന്‍ വയ്യാത്ത ആശയങ്ങള്‍ അടങ്ങിയ ഒരു പ്രബന്ധം രചിച്ച പ്രഫൊസറെ ആ സര്‍ക്കാര്‍ ക്രൂരമായി പീഡിപ്പിക്കുകയും അതില്‍ അയാള്‍ തകര്‍ന്നടിയുകയും ചെയ്യുന്നതിനെ ചിത്രീകരിക്കുന്ന ‘ലാര്‍ഗോ ഡെസെലാതോ’ എന്ന നാടകത്തിന്റെ രചയിതാവാണ് ഹാവല്‍. അതിനു തുല്യമായ കലാഭംഗിയും ശക്തിയുമുള്ള വേറൊരു നാടകം ഈസ്റ്റ് യൂറോപ്യന്‍ സാഹിത്യത്തില്‍ കണ്ടിട്ടില്ല.

ഈ നാടകവും ഇതിനു സദൃശ്യങ്ങളായ മറ്റനേകം നാടകങ്ങളും രചിച്ച സംസ്കാരമണ്ഡലത്തിന്റെ നായകനായിത്തീര്‍ന്ന ഹാവല്‍, ദീര്‍ഘകാലം കാരാഗൃഹത്തില്‍ക്കിടന്ന് സര്‍ക്കാരിന്റെ മര്‍ദ്ദനങ്ങള്‍ക്കു വിധേയനായ ഹാവല്‍ ആദ്യം കിട്ടിയ സന്ദര്‍ഭത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്കു കുതിച്ചു ചെന്നല്ലോ എന്നു വിചാരിച്ച് ഇതെഴുതുന്ന ആളിനു അദ്ദേഹത്തോടു വിദ്വേഷമുണ്ടായി. വിഭജിക്കപ്പെട്ട രാജ്യത്തിന്റെയും പ്രസിഡന്‍ഠ് സ്ഥാനത്ത് അദ്ദേഹം പ്രതിഷ്ഠിക്കപ്പട്ടപ്പോള്‍ ആ വിദ്വേഷം തീക്ഷണമായി.

എന്നാല്‍ ഇപ്പോള്‍ പ്രസാധം ചെയ്ത അദ്ദേഹത്തിന്റെ ‘Summer Meditations Politics’ Morality and Civility in a Time of Transilation. Faber and Faber-(...) 6=99) എന്ന ഗ്രന്ഥം വായിച്ചതോടെ എന്റെ വിദ്വേഷം മാറിയെന്നു മാത്രമല്ല, അദ്ദേഹത്തോടുള്ള ആദരം വര്‍ദ്ധിക്കുകയും ചെയ്തു. രാഷ്ട്രവ്യവഹാരം (politics) അപകീര്‍ത്തികരമല്ല, അപകീര്‍ത്തിയുള്ള ആളുകളാണ് അതിനെ ആ വിധത്തിലാക്കുന്നതെന്നു ഹാവല്‍ തെളിയിച്ചിരിക്കുന്നു. ഗ്രന്ഥം വായിച്ചുകഴിയുമ്പോള്‍ സത്യസന്ധനും മനുഷ്യസ്നേഹപരതന്ത്രനുമായ ഒരു മഹാവ്യക്തി നമ്മുടെ മുന്‍പില്‍ വനുനില്‍ക്കുന്നതു നമ്മള്‍ കാണും.

രാഷ്ട്രവ്യവഹാരത്തില്‍ ആമ്ഗ്നനായ ആളിന്റെ ഉപേക്ഷിക്കാനാവാത്ത അംശം കള്ളം പറയാന്‍ സാധിക്കാതിരിക്കുക എന്നതല്ലെന്നു ഹാവല്‍ പറയുന്നു. വികാരമില്ലാത്തവനും ‘പരപുച്ഛ’ക്കാരനും അഹങ്കാരിയും ആഭാസനുമായവനാണ് രാഷ്ട്രവ്യവഹാരത്തില്‍ വിജയം പ്രാപിക്കുന്നത് എന്ന മതം ശരിയല്ല.

അങ്ങനെയുള്ളവര്‍ ‘പൊളിറ്റിക്സി’ ലേക്കു ആകര്‍ഷിക്കപ്പെടുന്നുണ്ടാവാം പക്ഷേ, ഒടുവില്‍ മര്യാദയും മാന്യതയും വിജയം വരിക്കും. രാഷ്ടവ്യവഹാരത്തില്‍ സാന്മാര്‍ഗ്ഗികത്വത്തിനു സ്ഥാനമുണ്ടെന്നും അതേ വിജയത്തിലെത്തുകയുള്ളുവെന്നും ഹാവല്‍ വിശ്വസിക്കുന്നു.

നീതിനിഷ്ഠയുടെ ഒരുപകരണമാണ് നിയമമെന്നത് സംശയരഹിതമായ വസ്തുതയാണ്. എന്നാല്‍ ഉത്തരവാദിത്തോടു കൂടി അത് ഉപയോഗിച്ചില്ലെങ്കില്‍ അത് അര്‍ത്ഥരഹിതമായിത്തീരും. മനസാക്ഷിക്കുത്തില്ലാത്ത, തത്ത്വദീക്ഷയില്ലാത്ത ജഡ്ജിയുടെ കൈയ്യില്‍ മാന്യതയാര്‍ന്ന നിയമം എങ്ങനെയായിത്തീരുമെന്നു നമുക്കറിയാം.

തത്ത്വദീക്ഷയില്ലാത്ത ആളുകള്‍ ജനാധിപത്യപരങ്ങളായ സ്ഥാപനങ്ങളെ ഡിക്റ്റേറ്റര്‍ഷിപ്പിലേക്കും ഭയാനകതയിലേക്കും നയിക്കും. നിയമം, ജനാധിപത്യം ഇവയെ ദുരുപയോഗപ്പെടുത്താതിരിക്കാന്‍വേണ്ടി മാന്യന്മാര്‍ ശ്രമിച്ചില്ലെങ്കില്‍ നമ്മള്‍ ദുരന്തത്തിലെത്തും. മനുഷ്യന്റെ മനുഷ്യത്വത്തെ വികസിപ്പിക്കുന്നതാണു ജനാധിപത്യമെന്നു നമ്മള്‍ ഓര്‍മ്മിക്കണമെന്നു ഹാവല്‍ ഉദ്ബോധിപ്പിക്കുന്നു.

അപ്പോള്‍ സാന്മാര്‍ഗ്ഗികവും ധിഷണാസമ്പന്നവുമായ രാഷ്ട്രത്തിനു രൂപം കൊടുക്കുന്നതെങ്ങനെ? ഭരണഘടന കൊണ്ടോ നിയമം കൊണ്ടോ നിര്‍ദേശങ്ങള്‍കൊണ്ടോ അതു സാധ്യമാവുകയില്ല. ദീര്‍ഘകാലത്തെ വിദ്യാഭ്യാസം കൊണ്ടും ആത്മവിദ്യാഭാസം കൊന്‍ടും അതു സാധ്യമാവും.

സാന്മാര്‍ഗിക വിചന്തനം വേണം: സാന്മാര്‍ഗ്ഗിക വിധിനിര്‍ണ്ണയം വേണം നിരന്തരമായ ആത്മപരിശോധനയും അപഗ്രഥനവും കൂടിയേ തീരൂ. ഏതിലും സദാചാരപരവും ആധ്യാത്മികവുമായ ലക്ഷ്യങ്ങള്‍ വേണം. ചൈതന്യം, വികാരം, മനഃസാക്ഷി ഇവയ്ക്കാണ് പ്രാധാന്യം. ഇവയൊക്കെയുണ്ടായാല്‍ രാഷ്ടം പുരോഗമിക്കും.

ഈ തത്വങ്ങളെ പ്രായോഗികതലത്തില്‍ കൊണ്ടുചെന്നിട്ടാണു ഹാവല്‍ എല്ലാക്കാലത്തും ജീവിച്ചത്: ജീവിക്കുന്നതും. ആ നിലയില്‍ അദ്ദേഹം സ്വന്തം നാടിന്റെ മഹത്ത്വം അംഗീകരിക്കുന്നു. ഹാവലിന്റെ വീട് അദ്ദേഹം താമസിക്കുന്ന വീടുതന്നെ. തന്റെ കുടുംബം, സ്നേഹിതന്മാര്‍, ജോലി, പ്രവൃത്തിമണ്ഡലം ഇവയെല്ലാം അദ്ദേഹത്തിന്റെ ഭവനമത്രേ.

ഹാവല്‍ ജനിച്ച രാജ്യവും അതിന്റെ ആധ്യാത്മികാന്തരീക്ഷവും അദ്ദേഹത്തിന്റെ വീടാണ്. ചെക്ക്ഭാഷ, ലോകത്തെ സംവീക്ഷണം ചെയ്യുന്ന ചെക്ക് രീതി, ചെക്ക് ചരിത്രാനുഭവം, ചെക്ക് ധൈര്യം, ചെക്ക് ഭീരുത്വം, ചെക്ക് ഹാസ്യം ഇവയെല്ലാം അദ്ദേഹത്തിന്റെ ഭവനമണ്ഡലത്തില്‍നിന്നു മാറിനില്‍ക്കുന്നില്ല. അതുകൊണ്ടു ചെക്ക് ധര്‍മ്മവും ചെക്ക് ദേശീയതയും അദ്ദേഹത്തിന്റെ ഭവനമായി മാറുന്നു.

ചെക്ക് ധര്‍മ്മം മാത്രമല്ല, ചെക്കസ്ളോവാക്ക് ധര്‍മ്മവും ഹാവലിന്റെ ഭവനം തന്നെ. അതിനപ്പുറം യൂറോപ്പ് അദ്ദേഹത്തിന്റെ വീടാണ്. അതിനപ്പുറത്തായി ലോകസംസ്കാരമാകെ അദ്ദേഹത്തിന്റെ ഭവനമായി മാറിയിരിക്കുന്നു. ഈ ഭവനത്തിന്റെ വിഭിന്നാംശങ്ങള്‍ ഒഴിവാക്കൂ; ഒഴിവാക്കുന്നവന്‍ മനുഷ്യനല്ലാതെയായി മാറും.

എന്തൊരുജ്ജ്വല സങ്കല്പമാണ് ഹാവലിന്റേതെന്നു നോക്കുക. ഇങ്ങനെ ചെക്ക് പ്രസിഡന്‍റായിട്ടില്ല, വിശ്വപൗരനായി അദ്ദേഹം പ്രത്യക്ഷനാകുന്നു.

മുകളില്‍പ്പറഞ്ഞ ഭവനത്തിന്റെ എല്ലാ വൃത്തങ്ങളും സ്വായത്തമാക്കാതെ ഒറ്റയായ ആശയസംഹിതയിലോ ഒറ്റയായ ദേശീയതയിലോ ഒറ്റയായമതത്തിലോ രാഷ്ടം കെട്ടിപ്പടുക്കാന്‍ ശ്രമിച്ചാല്‍ ആപത്തുണ്ടാകുമെന്നാണു ഹാവലിന്റെ മുന്നറിയിപ്പ്. ഈ ഏകമാനവീക്ഷണം യുദ്ധങ്ങളുണ്ടാക്കും; വിപ്ളവങ്ങള്‍ ഉണ്ടാക്കും.

ഹാവലിന്റെ ‘ഗ്രീഷ്മകാലധ്യാനങ്ങളുടെ സ്വഭാവം ഗ്രഹിക്കാനും അതിലൂടെ പ്രാദുര്‍ഭാവം കൊള്ളുന്ന ഒരു മഹാപുരുഷന്റെ സവിശേഷത മനസ്സിലാക്കാനും ഇത്രയും പ്രതിപാദിച്ചാല്‍ മതിയാവുമെന്നാണ് എന്റെ വിചാരം. തന്റെ രാജ്യത്തിന്റെ ഭാവി കാഫ്കയുടെ കൃതികളില്ലൂടെ ചാപ്പക്കിന്റെ ഗ്രന്ഥങ്ങളിലൂടെ തനിക്കു കിട്ടിയിരുന്നുവെന്നു ഹാവല്‍ സമ്മതിക്കുന്നു.

കാഫ്കയുടെ നോവലുകളെക്കുറിച്ചു ഞാന്‍ മാന്യവായനക്കാരോടു പറയേണ്ടതില്ല. കാറല്‍ ചാപ്പക്ക് ചിലര്‍ക്കെങ്കിലും അപരിചിതനായിരിക്കും. (Kaeal Capek 1890–1938) അദ്ദേഹത്തിന്റെ R.V.R. എന്ന നാടകവും War with the Newts എന്ന നോവലും ചെക്കസ്ളോവാക്കിയയ്ക്കു വന്ന ദൗര്‍ഭാഗ്യത്തെക്കുറിച്ചു നേരത്തെതന്നെ മുന്നറിയിപ്പു നല്കി ജനതയ്ക്ക്.

ചാപ്പക്കിന്റെ നോവല്‍ അവസാനിക്കുന്നതിങ്ങനെ: A new myth will arise about a world flood which God sent for the sins of mankind. There will also be legends of submerged and Mythical lands which were the cradle of human culture: perhaps there will be a fable about a land called England, or France, or Germany. And then?... then I don’t known what comes next...

മനുഷ്യന്‍ മാറ്റമില്ലാത്ത വിപ്ളവകാരിയാണ് — Man is an eternal rebel — എന്നു കാഫ്ക പറഞ്ഞതില്‍ വിശ്വാസമര്‍പ്പിക്കുന്ന നേതാവുമാണ് വാറ്റ്സ്ളാഫ് ഹാവല്‍. എന്നാല്‍ ആ വിപ്ളവാഭിvaaഞ്ഛ മനുഷ്യനെ ഇടതുപക്ഷക്കാരനോ വലതുപക്ഷക്കാരനോ ആക്കരുതെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ട്. ഹാവലിന്റെ ചിന്തകള്‍ ചിലപ്പോള്‍ ഇടതുപക്ഷച്ചായ്‌വുള്ളതാകാം. മറ്റു ചിലപ്പോള്‍ വലതുപക്ഷത്തേക്കാകാം അതിന്റെ ചായ്‌വ്.

എന്തായാലും Live in truth — സത്യത്തില്‍ ജീവിക്കണം എന്നതാവണം മനുഷ്യന്റെ ലക്ഷ്യം. ആ ലക്ഷ്യം സാക്ഷാത്കരിച്ചാല്‍ രാഷ്ടവ്യവഹാരത്തിന്റെ ആഴത്തിലുള്ള വേരുകള്‍ സാന്മാര്‍ഗ്ഗികങ്ങളാണെന്നു കാണാന്‍ കഴിയും. ഹാവലിന്റെ ഈ ഗ്രന്ഥം വായിക്കൂ. ഒരു മഹാവ്യക്തിയെ ദര്‍ശിക്കൂ: സ്പര്‍ശിക്കൂ.