ഒരു വിശിഷ്ടമായ ചെറുകഥ
ഒരു വിശിഷ്ടമായ ചെറുകഥ | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന് നായര്‍ |
മൂലകൃതി | മുത്തുകള്‍ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര് | നെരൂദ |
വര്‍ഷം |
1994 |
മാദ്ധ്യമം | പ്രിന്റ് (പേപ്പര്‍ബാക്) |
പുറങ്ങള്‍ | 98 (ആദ്യ പതിപ്പ്) |
ഒരു ചെറുകഥ വായിച്ചതിനുശേഷം ‘എന്റെ ജീവിതം ധന്യമായിരിക്കുന്നു. അതു സാഫല്യത്തിലെത്തിയിരിക്കുന്നു’ എന്ന് ആരെങ്കിലും പറയുമോ? പറഞ്ഞാല്‍ അത് അത്യുക്തിയണെന്നല്ലേ അവര്‍ പറയൂ. എന്നാല്‍ ഒരത്യുക്തിയുമില്ലാതെ, അസത്യത്തിന്റെ ലേശം പോലുമില്ലാതെ, ഞാന്‍ എഴുതിക്കൊള്ളട്ടെ. കനേഡിയന്‍ കഥാകാരന് ലിയന്‍ റൂക്കിന്റെ ‘The Only Daughter’ എന്ന കഥ വായിച്ചതിനു ശേഷം ഒട്ടും ധൈര്യക്കുറവില്ലാതെ ഇതെഴുതുന്നയാള്‍ പറയുന്നു. ‘ഈ കഥയുടെ പാരായണം എന്റെ ജീവിതത്തെ ധന്യമാക്കിയിരിക്കുന്നു. കഥയുടെ ഹൃസ്വരൂപം നല്കിയാല് അതിന്റെ ഭംഗി ഇല്ലാതെയാവും. കാരണം കഥയെന്നത് കഥാകാരന് എന്തെല്ലാം പറയുന്നുവോ അവയെല്ലാം കൂടിയതാണ് എന്നത്രേ. എങ്കിലും ചുരുക്കം നല്കാനല്ലേ കഴിയൂ.’
ചുവന്ന പൊടി പറ്റിയ മതിലുകള്‍ ഇരുവശവുമുള്ള പാതയിലൂടെ ആ കുഞ്ഞ് നടക്കുകയാണ്. ഒരു വണ്ടിക്കു കഷ്ടിച്ചു പോകാം. അത്ര വീതി കുറഞ്ഞ പാത, അവളുടെ ഓരോ കൈയിലും താങ്ങാനാവാത്ത ഭാരമുള്ള ഓരോ പെട്ടി. യാത്രയാരംഭിച്ചപ്പോള്‍ അവളുടെ തലമുടിയില്‍ റിബണുണ്ടായിരുന്നു. ഇപ്പോള്‍ അതില്ല. പാതയിലെ ചെളിയില്‍ എവിടെയോ അതു വീണു പുതഞ്ഞു പോയിരിക്കുന്നു. കുഞ്ഞു ധരിച്ച കോട്ടിനു കഴുത്തറ്റത്ത് ഒരു കുടുക്കു മാത്രം. അത് അവളുടെ കഴുത്തിനു വേദന നല്കിക്കൊണ്ടിരുന്നു. കോട്ടിന്റെ കീശയില്‍ ഏതാനും ചില്ലറ നാണയങ്ങള്‍ മാത്രം. യാത്ര തുടങ്ങിയപ്പോള്‍ അവളുടെ കൈയില്‍ ഭേദപ്പെട്ട ഒരു സംഖ്യയുണ്ടായിരുന്നതാണ്. പക്ഷേ അധികം യാത്രക്കാരില്ലാത്ത ബസ്സിന്റെ ഡ്രൈവര്‍ അത് പിടിച്ചു വാങ്ങിയിട്ട് കുറച്ചു ചില്ലറ നാണയങ്ങള്‍ മാത്രം അവളുടെ ഉള്ളം കൈയ്യില്‍ വച്ചു കൊടുത്തു. ഇനിയും കിട്ടുമെന്നു പ്രതീക്ഷിച്ച് അവള് കൈ നീട്ടികൊണ്ടിരുന്നപ്പോള് ഡ്രൈവര്‍ ചൊദിച്ചു, ‘ഞാന്‍ അതില്‍ ഉമ്മവയ്ക്കണോ? അതോ തുപ്പണോ?’ കുഞ്ഞു മിണ്ടിയില്ല. നേരമേറെയായി. അയാള്‍ ബസ്സ് നിറുത്തി‘അതാ അക്കാണുന്നതാണ് ക്രോസ് റോഡ്. പൊയ്ക്കോ, എന്നു പറഞ്ഞു. അവള് പെട്ടികളും താങ്ങി നടന്നു. ‘വേഗം പോ. അയാളുടെ അടുത്തേക്കു പോ. അവിടെയാണ് അയാളുടെ താമസം,’ എന്ന് അമ്മ പറഞ്ഞതനുസരിച്ച് അവള് ബസ്സില്‍ കയറിയതാണ്. കനമുള്ള പെട്ടികള്‍ ആ കുഞ്ഞിക്കെയുകള് മുറിച്ചു. അവ താഴെ വച്ചും വീണ്ടുമെടുത്തും കാട്ടിലൂടെ നടന്ന് അവള് ഒരു നദിക്കരയിലെത്തി. അറ്റത്ത് ചെളി കെട്ടിയ കോട്ട് കഴുകിയാലെന്ത്? അല്ലെങ്കില്‍ കുളിച്ചാലെന്ത്? കുളിക്കുന്നതു ശരിയല്ല. വിമാനത്തില്‍ സഞ്ചരിക്കുന്ന ആരെങ്കിലും കണ്ടാലോ? വേണ്ട. രോഗിണിയായി കിടക്കുന്ന അമ്മ അവളോടു പറഞ്ഞിരുന്നു. ‘നിന്റെ അച്ഛനോ? അയാള്‍ പോയിട്ട് എത്ര കാലമായി! അവിടെ കഴിഞ്ഞു കൂടണമെങ്കില് പട്ടിയെ ചങ്ങലകൊണ്ടു കെട്ടിയിടുന്നതു പോലെ എന്നെയും കെട്ടിയിടണം.’ മകള്‍ ചോദിച്ചു: ‘അച്ഛന് എന്നെ അറിയുമോ ഇപ്പോള്‍?’ അതു കേട്ട് അമ്മ പറഞ്ഞു: ‘നിന്നെ അറിയുമോ എന്നോ? അറിഞ്ഞേക്കാം. നീ കരയുമ്പോള്‍, അയാളുടെ ആ ദയനീയമായ നോട്ടം നിനക്കുമുണ്ട്. അയാളത് തിരിച്ചറിയുമെന്നാണ് എന്റെ തോന്നല്‍.’
അവള് നദിയുടെ തീരത്തിരിക്കുമ്പോള്‍ ഒരു വണ്ടി വന്നു. അതോടിച്ചു വന്നയാളാണോ അച്ഛന്? തടിച്ച താടിയെല്ലുകള്‍. അതുപോലെ തടിച്ച കാതുകള്‍. വണ്ണം കൂടിയ കഴുത്ത്. അയാളുടെ പന്നിക്കണ്ണുകള്‍ തിളങ്ങി. മൂത്രമൊഴിച്ചിട്ട് അയാള്‍ പോയി. തുറന്ന വേലിക്കരികിലൂടെ അയാള്‍ വീട്ടിലേക്കു കയറി. രോഗിണിയായ സഹോദരി അയാള്ക്കുണ്ടെന്ന് അമ്മ പറഞ്ഞിരുന്നു. അവര്‍ മരിച്ചേക്കാം. അവള് തല്‍ക്കാലത്തേക്കു ഒളിച്ചിരുന്നു, അവിടെ ഇന്നു വിദ്യുച്ഛക്തി വിളക്കുകള്‍ ഉണ്ട്. അമ്മ താമസിച്ചിരുന്ന കാലത്ത് അവയില്ല. കുഞ്ഞ് അമ്മയെ ഓര്‍മ്മിച്ചു. ‘അമ്മാ, ഞാന്‍ മുതുകു തടവിത്തരട്ടോ? വിരിപ്പുകള്‍ പുതുതായി വിരിക്കട്ടോ? ‘ഇപ്പോള്‍ വേണ്ട മോളേ’ എന്ന് അമ്മയുടെ മറുപടി. അമ്മ അച്ഛനെ വിട്ടു സ്വന്തം നാട്ടിലേക്കു പോരുന്നുവെന്നു പറഞ്ഞപ്പോള്‍ അച്ഛന് ഒരക്ഷരം മിണ്ടിയില്ലെന്ന് അമ്മ പറഞ്ഞത് കുഞ്ഞ് ഓര്‍മ്മിച്ചു.
അയാള്‍ ജന്നലിനടുത്തു കൂടെ നീങ്ങിയപ്പോള്‍ അവള് തലതാഴ്ത്തിക്കളഞ്ഞു. അതാ അച്ഛന് അവിടെ സ്റ്റൂളിലിരിക്കുകയാണ്; തീക്കടുത്ത്. അച്ഛന് ഷേര്‍ടിന്റെ കുടുക്കുകള്‍ ഇട്ടിട്ടില്ല. നെഞ്ചിലാകെ ചുരുണ്ട രോമങ്ങള്‍. കൂടക്കൂടെ കുടിക്കുന്നു. അച്ഛന് അതിമദ്യപാനി ആയിരിക്കാമെന്ന് അവള്‍ക്കു തോന്നി. ഫോണഗ്രാഫ് ഉയര്‍ത്തിയ സംഗീതത്തിന്റെ താളത്തിന് അനുസരിച്ച് അയാള്‍ കാലു ചലിപ്പിക്കുകയാണ്. ആ പാട്ട് അവള്‍ക്കറിയാം. അമ്മ അതു മൂളുന്നത് അവള് കേട്ടിട്ടുണ്ട്. ‘നീ അയാളുടെ ഒരേയൊരു മകളാണ്. അയാളുടെ അടുത്തേക്കു പോകൂ. ഇപ്പോള്‍ തന്നെ’ എന്ന് അമ്മ പറഞ്ഞത് മകള്‍ ഓര്‍മ്മിച്ചു. അവള് ശബ്ദം കേള്‍പ്പിച്ചു കൊണ്ടു പോര്‍ച്ചിലേക്കു കയറി. ദീര്‍ഘമായി ശ്വസിച്ചു കൊണ്ട് അവള് വാതില്‍ തട്ടി. ‘ഞാന്‍ ശ്രമിച്ചു നോക്കട്ടെ. അച്ഛനു താനാരാണെന്നു വ്യക്തമാക്കാന്‍ ഇരുപത്തിനാലു മണിക്കൂര്‍ ഞാന്‍ നല്‍കും.’ എന്നു കുഞ്ഞ് തന്നോടു തന്നെ പറഞ്ഞു.
അച്ഛന് മകളെ തിരിച്ചറിയുമോ? തിരിച്ചറിഞ്ഞാല്‍ സ്വന്തം വീട്ടില്‍ പാര്‍പ്പിക്കുമോ? അതോ ആട്ടിപ്പൂറത്താക്കുമോ? അവളുടെ രോഗിണിയായ അമ്മ അതിനകം മരിച്ചു പോയോ? അതോ ആരും സഹായിക്കാനില്ലാതെ രോഗശയ്യയില്‍ കിടന്നു ഞരങ്ങുകയാണോ? ഒന്നുമറിഞ്ഞുകൂടാ. ജീവിതം പോലെ ഇക്കഥയ്ക്കും അനിശ്ചിതത്വമുണ്ട്. വായനക്കാരന് ആ ശിശുവിനെപ്പോലെ നിന്നു തേങ്ങുന്നു. ഒരു ദുരന്ത നാടകം വായിച്ചാലുണ്ടാകുന്ന ചിത്ത വിക്ഷോഭം അനുവാചകന് ഉളവാക്കിക്കൊണ്ട് കഥാകാരന് മൗനം അവലംബിക്കുന്നു. ഈ അനിശ്ചിതത്വമാണ്, സന്ദിഗ്ദ്ധതയാണ് ഈ അപൂര്‍വ കലാശില്പത്തിന് ട്രാജഡിയുടെ മഹത്വം നേടിക്കൊടുക്കുന്നത്. ആ കുഞ്ഞിന്റെ ദുരന്തം പ്രായമേറെയായ എന്റെയും ദുരന്തമായിത്തീരുന്നു. ആ ശിശു എന്റെ പേരക്കുട്ടിയായി മാറുന്നു. അവളുടെ ദയനീയാവസ്ഥ, അവളുടെ അമ്മയുടെ ദയനീയാവസ്ഥ എന്റെ ദയനീയാവസ്ഥയായി മാറുന്നു.
ദേശത്തിന്റെ ചരിത്രം, അതിലെ മനുഷ്യസമൂഹത്തിന്റെ ചരിത്രം ഇവയുടെ ഉല്‍പന്നങ്ങളാണു സാഹിത്യ സൃഷ്ടികള്‍ എന്ന മതം തെറ്റാണെന്നു ഞാന്‍ പറയുന്നില്ല. അതേസമയം കഥാകാരന് തന്നില്‍ നിന്നാണു സൃഷ്ടി നടത്തുന്നതെന്ന വസ്തുത വിസ്മരിക്കുന്നുമില്ല. എന്നാല്‍ ഈ ചരിത്രങ്ങളെ ലംഘിച്ചു സാഹിത്യ സൃഷ്ടികള്‍ സാര്വജനീനതയിലേക്കു ചെല്ലുമ്പോഴാണ് അവ മാസ്റ്റര്‍പീസുകളായി തതീരുന്നത്. റൂക്കിന്റെ കഥ മാസ്റ്റര്‍പീസാണ്, ഗ്രെയ്റ്റാണ്.
|
|