കാമത്തിന്റെ പൂക്കള്‍
കാമത്തിന്റെ പൂക്കള്‍ | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന്‍ നായര്‍ |
മൂലകൃതി | മുത്തുകള്‍ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | നെരൂദ |
വര്‍ഷം |
1994 |
മാദ്ധ്യമം | പ്രിന്റ് (പേപ്പര്‍ബാക്) |
പുറങ്ങള്‍ | 98 (ആദ്യ പതിപ്പ്) |
യാസൂനാരീ കാവാബാത്ത (Yasunari Kawabata, 1899–1972), യൂക്കീയോ മീഷീമ (Yukio Mishima, 1925–1970), ഇതു തൂലികാനാമം. ശരിയായ പേര് ഹീറൊ ഓക്കാ കീമീതാക്കേ (Hiraoka Kimityake), ജൂനി ചീറോ താനീസാക്കീ Juni chiro Tanizaki, 1886–1965). ഈ മൂന്നു ജാപനീസ് നോവലെഴുത്തുകാരും അനിയത ലൈംഗികാസക്തിയെ ചിത്രീകരിക്കുന്നതില്‍ തല്‍പരരാണ്. കാവാബാത്തയുടെ ‘The sound of the Mountain’ എന്ന നോവലില്‍ പ്രധാന കഥാപാത്രമായ ഷീന്‍ഗോക്ക് (shingo) അയാളുടെ മകന്റെ ഭാര്യയോടു തോന്നുന്ന ലൈംഗികാഭിലാഷമാണ് പ്രതിപാദ്യവിഷയം. സ്വവര്‍ഗ്ഗനുരാഗമാണ് മീഷീമ’ ‘Confessions of a Mark എന്ന നോവലില്‍ വിവരിക്കുന്നത്. താനീസാക്കിയാകട്ടെ പക്ഷാഘാതത്തില്‍നിന്നു മോചനം നേടിവരുന്ന എഴുപത്തിയേഴു വയസ്സുള്ള ഒരുത്തന് അയാളുടെ മകന്റെ ഭാര്യ സാത്സൂക്കോയോടു തോന്നുന്ന അതിരു കടന്ന കാമത്തെ ആവിഷ്കരിക്കുന്നു. കാവാബാത്തയുടെ നോവലില്‍ ലൈംഗികാഭിലാഷത്തിനു പ്രച്ഛന്നതയുണ്ട്. മീഷിമയുടെയും താനീസാക്കിയുടെയും രചനകളില്‍ അതു പ്രകടീകൃതമാണ്. പടിഞ്ഞാറന്‍ സാഹിത്യകാരന്മാര്‍ ലൈംഗിക വൈകൃതങ്ങളെ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും അവര്‍ക്കു ഇക്കാര്യത്തില്‍ ജാപ്പനീസ് സാഹിത്യകാരന്മാര്‍ക്കുള്ള അമിത കൗതുകമില്ല. ഇതിനു ഹേതു എന്താണെന്നു എനിക്കറിയാന്‍ പാടില്ല. നരവംശ ശാസ്ത്രജ്ഞന്മാരും ലൈംഗിക ശാസ്ത്രജ്ഞന്മാരും മനഃശാസ്ത്രജ്ഞന്മാരുമാണ് അതിനു വിശദീകരണം നല്കേണ്ടത്. ഇവിടെ ഒരുകാര്യം സ്പഷ്ടമാക്കേണ്ടിയിരിക്കുന്നു. ജാപ്പനീസ് നോവലിസ്റ്റുകള്‍ ജനനേന്ദ്രിയ സംബന്ധിയായ വികാരത്തെ പച്ചയായിട്ടല്ല നോവലുകളില്‍ സ്ഫുടീകരിക്കുന്നത്. അവയുടെ സംശോധിത രൂപങ്ങളുടെ ആവിഷ്കാരത്തിലും അവര്‍ക്കു കൗതുകമില്ല. ഒരനിയത വികാരത്തിനു നോവലുകളിലൂടെ പ്രത്യക്ഷീകരണം നല്കുമ്പോഴും ശുദ്ധമായ കലയുടെ മനോഹാരിതയിലാണ് അവരുടെ ദൃഷ്ടി. ആ നിലയില്‍ ചേതോഹരമായ നോവലാണ് ജൂനീചിറോ താനീസാക്കി യുടെ ‘Diary of a Mad Old Man’.
ജന്മവാസനയ്ക്കു മൂല്യബോധമില്ല. സംസ്കാരവും പരിഷ്കാരവും അതിനെ നിയന്ത്രിച്ച് മൂല്യബോധമുളവാക്കുന്നു. അതിന് (മൂല്യത്തിന്) ഊന്നല്‍ നല്കുന്നു. വിവേചനമില്ലാത്ത ആഹ്ളാദാനുഭൂതിയെ പരാജയപ്പെടുത്തിക്കൊണ്ട് സത്യാത്മകത ആ സന്ദര്‍ഭത്തില്‍ വിരാജിക്കുന്നു. എന്നാല്‍ താനീസാക്കിയൂടെ നോവലിലെ വൃദ്ധൻ ഊത്സൂഗീ, യുക്തിയുടെയും സന്മാര്‍ഗ്ഗത്തിന്റെയും അതിര്‍ വരമ്പു ലംഘിച്ചു മറുകണ്ടത്തിലേക്കു ചാടുന്നു. ഭാര്യയും മകനും കാണരുത് തന്റെ അനിയത ലൈംഗികപരാക്രമങ്ങള്‍ എന്നേ അയാള്‍ക്കു വിചാരമുള്ളൂ. വൃദ്ധന് ഒരു വശത്തെ കൈയും കാലും അതിവേദനയാര്‍ന്നതാണ്. സ്വാഭാവികമായ ഒറ്റപ്പല്ലും അയാളുടെ വായ്ക്കകത്തില്ല. എല്ലാം കൃത്രിമപ്പല്ലുകള്‍. ചെറുപ്പകാലത്തു ലൈംഗികരോഗം പിടിപെട്ടവനാണ് അയാള്‍. കഥ തുടങ്ങുന്ന വേളയില്‍ കിഴവന്റെ ശുക്ള ഗ്രന്ഥി വീര്‍ത്തിരിക്കുന്നു. അതുകൊണ്ട് മൂത്ര വിസര്‍ജ്ജനത്തിനു തടസ്സം. ഇതൊക്കെയായിട്ടും അയാള്‍ക്കു മരുമകളായ സാത്സൂക്കയോടു കാമം. അല്പം പകയുള്ളവളാണ് സാത്സൂക്കോ. കുറച്ചു കള്ളം പറയും. ഭര്‍ത്താവിന്റെ അമ്മയോടോ അവരുടെ പെണ്‍മക്കളോടോ അവള്‍ക്ക് ഇഷ്ടമില്ല. സ്വന്തം കുഞ്ഞിനോടും അവള്‍ക്കു വികാരരഹിതമായ അവസ്ഥയാണ്. എങ്കിലും അമ്മാവനോടു അവള്‍ ക്രമേണ അടുക്കുന്നു. വൈരൂപ്യവും വേദനകളും വച്ചുകൊണ്ട് അയാള്‍ അവളെ കാമാസക്തിയോടെ നോക്കുന്നു. സദാചാരപരമായ ജീവിതമല്ല സാത്സൂക്കോ വിവാഹത്തിനു മുന്‍പും നയിച്ചിരുന്നത്. അവളെ കാണുമ്പോള്‍ കിഴവന്‍ വികാരത്തിന്റെ അന്ത്യന്താവസ്ഥയിലെത്തും. ശാരീരിക വേദനയും ലൈംഗികത്വത്തിന്റെ നിയതാഹ്ളാദങ്ങള്‍ അനുഭവിക്കാനുള്ള കഴിവില്ലായ്മയും ഈ അനിയതത്വമുണ്ടാക്കുകയില്ലെന്ന് ആരു കണ്ടു?
വൃദ്ധന്‍ കിടക്കുന്ന മുറിയുടെ തൊട്ടടുത്താണ് കുളിമുറി. ഒരു ദിവസം സാത്സൂക്കോ കുളിമുറിയില്‍ നിന്ന് തലമാത്രം പുറത്തേക്കിട്ട് അയാളോടു പറഞ്ഞു ‘ഞാന്‍ ഷവറിനു താഴെ നില്ക്കുമ്പോഴും വാതില്‍ പൂട്ടാറില്ല. ഏതു സമയത്തും ഇതു തുറക്കാവുന്നതാണ്’ അതുകേട്ട് ഒരു ദിവസം വൂദ്ധന്‍ കുളിമൂറിയുടെ വാതില്‍ തെല്ലൊന്നു തള്ളിനോക്കി.’ എന്തുവേണം? എന്ന് അവള്‍ ചോദിച്ചപ്പോള്‍ ‘നീ പറഞ്ഞില്ലേ? വാതില്‍ കുറ്റിയിടാറില്ലെന്ന്. അതുകൊണ്ട് ഞാനതു നോക്കാന്‍ ശ്രമിക്കുകയായിരുന്നു.
കിഴവന്‍ കുളുമുറിക്കകത്തു മരുമകളുടെ നിര്‍ദ്ദേശമനുസരിച്ചു കയറി.‘റ്റൗവല്‍ കൊണ്ടു എന്റെ മുതുകു തുടയ്ക്കു’ എന്നായി അവള്‍. തുടയ്ക്കുന്ന വേളയില്‍ അയാള്‍ അവളുടെ കഴുത്തിന്റെ മൃദുവായ വളവില്‍ രസനാഗ്ര ചുംബനം നടത്തി. യുവതി അയാളുടെ കവിളില്‍ ശക്തമായ ഒരടി കൊടുക്കുകയും ചെയ്തു. ഇനി അതുപോലെ ചെയ്താല്‍ തന്റെ ഭര്‍ത്താവിനോട് (കിഴവന്റെ മകനോട്) പറയുമെന്ന് അവള്‍ മുന്നറിയിപ്പു നല്കി. കുറച്ചു കഴിഞ്ഞു താന്‍ ചെയ്തുപോയ അപരാധത്തിനു യുവതി അയാളോട് മാപ്പു പറഞ്ഞു. ഇതൊക്കെ സ്ത്രീകളുടെ താല്‍കാലികങ്ങളായ കപട പ്രവര്‍ത്തനങ്ങളാണല്ലോ. ഒരു ദിവസം കുളിക്കുന്ന വേളയില്‍ അമ്മാവന് കൂടുതല്‍ ലൈംഗിക സ്വാതന്ത്ര്യം അവള്‍ നല്കി. അതിനു ശേഷമുള്ള വിവരണം നോവലിസ്റ്റിന്റെ ഭാഷയില്‍ (ജപ്പാനീസല്ല) ഇംഗ്ലീഷ് തര്‍ജ്ജിമയില്‍ തന്നെയാവട്ടെ.
- ‘[I] glued my lips to the same place on her calf and slowly savored her flesh with my tongue. It tasted like a real kiss. My mouth kept slipping lower and lower, down toward her heel. To my surprise she didn’t say a word. She let me do as I pleased... Kneeling, I ceammed her first three toes into my mouth...’
മുപ്പതു ലക്ഷം യെന്‍ കൊടുത്ത് വൃദ്ധന്‍ യുവതിക്ക് ഒരു വജ്രമോതിരം വാങ്ങിക്കൊടുത്തു. വൃദ്ധന് ഒരാഗ്രഹം. ബുദ്ധന് പാദമുദ്രകള്‍ പോലെ മരുമകളുടെ പാദമുദ്രകള്‍ കല്ലില്‍ കൊത്തിയുണ്ടാക്കി അവയുടെ താഴെയായി തന്റെ ചിതാഭസ്മം വയ്ക്കണം. അപ്പോള്‍ കല്ലിനടിയില്‍ തന്റെ അസ്ഥികള്‍ കിടന്നു രോദനം ചെയ്യുന്നത് അവള്‍ കേള്‍ക്കും. തേങ്ങലുകള്‍ക്കിടയില്‍ അയാള്‍ നിലവിളിക്കും. ‘വേദനിക്കുന്നു, വേദനിക്കുന്നു. വേദനിക്കുന്നെങ്കിലും എനിക്കാഹ്ളാദമാണ്. ഞാന്‍ ആഹ്ളാദിക്കുന്നു. ഇത്രത്തോളം ആഹ്ളാദം എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. ജീവിച്ചിരിക്കുമ്പോള്‍ ഞാനെത്ര ആഹ്ളാദിച്ചോ അതില്‍ക്കൂടുതലായ ആഹ്ളാദം... ചവിട്ടിമെതിക്കു ശക്തിയായി. കൂടുതല്‍ ശക്തിയോടെ’ വൃദ്ധന്റെ അനിയത ലൈംഗികാസക്തി കൂടിയതോടെ അയാള്‍ക്കു ഹൃദോഗമുണ്ടാവുകയായി. ചികിത്സ കൊണ്ടു ഫലമില്ല.അയാളുടെ ജീവനൊടുങ്ങാറായ സന്ദർഭത്തിൽ നോവല്‍ അവസാനിക്കുന്നു. പാദമുദ്രകള്‍ നിര്‍മ്മിക്കാനുള്ള അഭിലാഷവും സാഫല്യത്തിലെത്തിയില്ല.
സാന്മാര്‍ഗ്ഗികമൂല്യ ചിന്തനത്തിനുള്ള യത്നം നടത്തുന്നില്ല താനീസാക്കി. മനുഷ്യന്റെ ലൈഗിക പ്രവര്‍ത്തനങ്ങളും പ്രതിപ്രവര്‍ത്തനങ്ങളും ഏത്ര സങ്കീര്ണ്ണങ്ങളായിരുന്നുവെന്നു കാണിച്ച് ആസക്തി ചെന്നു പതിക്കുന്ന വ്യക്തി ആരായാലും അത് സദാചാര നിയമങ്ങളെ ലംഘിച്ച് സാഫല്യത്തിലെത്താന്‍ ശ്രമിക്കുന്നുവെന്നു കാണിക്കുകയാണ് നോവലിസ്റ്റ്, ആ യത്നം വിജയഭാസുരമായിത്തീരുന്നു എന്നതു കൊണ്ട് ഇതു കലാത്മകമായ കൃതിയാണെന്നു സമ്മതിക്കാതിരിക്കാന്‍ വയ്യ. ‘To have sex means to exist sexually for another who exists sexually for me’ എന്ന് സാര്‍ത്ര് പറഞ്ഞതിനു യോജിച്ചിരിക്കുന്നു ഈ നോവല്‍.
താനിസാക്കിയുടെ ഉള്‍ക്കാഴ്ചകള്‍ അസാധാരണങ്ങളാണ്. സഹജാവബോധം കൊണ്ടും ഭാവന കൊണ്ടും അദ്ദേഹം മനുഷ്യരുടെ ചിത്തവൃത്തികളിലേക്കു കടന്നു ചെല്ലുന്ന കാഴ്ച നമ്മളെ വിസ്മയിപ്പിക്കും. ഇതിവൃത്തത്തിനു കുത്സിതത്വമുണ്ടെങ്കിലും രചനാരീതി കൊണ്ട് അതിനെ ക്രമാനുഗതമായി നിര്‍മ്മാജ്ജനം ചെയ്ത് ശുദ്ധമായ ഭാവാനുഭൂതിയിലേക്കു വായനക്കാരനെ കൊണ്ടു ചെല്ലാന്‍ നോവലിസ്റ്റിനു കഴിയുന്നുണ്ട്. ഭാവനാത്മകമായ ആഖ്യാനത്തില്‍ മാത്രം താനീസാക്കീ തല്‍പരനായതു കൊണ്ട് മനോവിജ്ഞാനീയത്തിന്റെ വിരസങ്ങളായ പ്രതിപാദനങ്ങള്‍ ഈ നോവലില്‍ ഇല്ല. ഈ നോവലിസ്റ്റിനെ ‘ഗ്രെയ്റ്റ് റ്റെറ്റര്‍’ എന്നു വിളിക്കാന്‍ പോലും ഈ ലേഖകന്‍ സന്നദ്ധനാണ്.
|
|