close
Sayahna Sayahna
Search

Difference between revisions of "സൗന്ദര്യത്തിന്റെ..."


Line 7: Line 7:
 
:::ചെറ്റങ്ങുമിങ്ങും പതിയുന്ന വീട്ടിന്‍
 
:::ചെറ്റങ്ങുമിങ്ങും പതിയുന്ന വീട്ടിന്‍
 
:::മുറ്റത്തണിപ്പൂവിടല്‍ വേണ്ടവേറെ.
 
:::മുറ്റത്തണിപ്പൂവിടല്‍ വേണ്ടവേറെ.
::
+
:
 
:::“ഞാനിങ്ങു ചിന്താശകലങ്ങള്‍കണ്ണു
 
:::“ഞാനിങ്ങു ചിന്താശകലങ്ങള്‍കണ്ണു
 
:::നീരില്‍പ്പിടിപ്പിച്ചൊരു കോട്ട കെട്ടി
 
:::നീരില്‍പ്പിടിപ്പിച്ചൊരു കോട്ട കെട്ടി

Revision as of 06:10, 11 May 2014

സൗന്ദര്യത്തിന്റെ...
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

ഒരിക്കല്‍ ഞാന്‍ വള്ളത്തോളിനെ കാണാന്‍ പോയി. “ഒരു കയ്യില്‍ സദാചാരവും മറു കയ്യില്‍ കലയും വച്ചുകൊണ്ട് ഇവയില്‍ ഏതു വേണമെന്നു് ഈശ്വരന്‍ എന്നോടു ചോദിച്ചാല്‍ കല മതിയെന്നു് ഞാന്‍ പറയും” എന്നു് ഉദ്ഘോഷിച്ച സൗന്ദര്യോപാസകനെ ഞാന്‍ കണ്ടു. ചൈതന്യം അദ്ദേഹത്തിന്റെ മുഖത്ത് സ്ഫുരിക്കുന്നുണ്ടായിരുന്നു. തന്റേടം ആ നില്‍പ്പിലും നടത്തത്തിലുമുണ്ടായിരുന്നു. ഞാന്‍ ആ കണ്ണുകളിലേക്ക് നോക്കി. സാമൂഹികങ്ങളായ കാര്യങ്ങളോ ആദ്ധ്യാത്മികങ്ങളായ ചിന്തകളോ അദ്ദേഹത്തെ അലട്ടുന്നതായി എനിക്ക് തോന്നിയില്ല. “ഞാന്‍ ജീവിതത്തിന്റെ സൗന്ദര്യം കാണാനാണു് ആഗ്രഹിക്കുന്നതു്” എന്നു് ആ നയനങ്ങള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. മുമ്പ് കണ്ടിട്ടുണ്ടെങ്കിലും പരിചയപ്പെട്ടതിനുശേഷം ഞാന്‍ മഹാകവിയോടു എഴുതിക്കാണിച്ചു ചോദിച്ചു. “നാലപ്പാട്ടു നാരായണമേനോന്റെ ‘കണ്ണുനീര്‍ത്തുള്ളി’ ഉദ്കൃഷ്ടമായ കാവ്യമാണെന്നു് പറയുന്നതു് ശരിയാണോ? ഉചിതങ്ങളായ പദങ്ങളെ ഉചിതങ്ങളായ രീതികളില്‍ അദ്ദേഹം വിന്യസിച്ചിട്ടുണ്ടോ? വള്ളത്തോള്‍ ചിരിച്ചു. എന്നിട്ടു പറഞ്ഞു. -“ആങ്, നാലപ്പാടന്‍ വാക്കുകള്‍ക്കുവേണ്ടി അനന്തതയിലേക്ക് നോക്കിനില്‍ക്കുകയാണ്” കൂടുതല്‍ പറയാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ലെന്നു തോന്നി. കുറെനേരം കൂടി സംസാരിച്ചതിനു ശേഷം ഞാന്‍ യാത്ര പറഞ്ഞു. റോഡിലെത്തിയപ്പോള്‍ രണ്ടു ശ്ലോകങ്ങള്‍ ഉറക്കെ ചൊല്ലി.

പെറ്റമ്മമാര്‍ പിച്ച നടത്തിടുന്ന
കറ്റക്കിടാവിന്‍ പദപങ്കജങ്ങള്‍
ചെറ്റങ്ങുമിങ്ങും പതിയുന്ന വീട്ടിന്‍
മുറ്റത്തണിപ്പൂവിടല്‍ വേണ്ടവേറെ.


“ഞാനിങ്ങു ചിന്താശകലങ്ങള്‍കണ്ണു
നീരില്‍പ്പിടിപ്പിച്ചൊരു കോട്ട കെട്ടി
അടിച്ചുടച്ചാന്‍ ഞൊടികൊണ്ടതാരോ
പ്രപഞ്ചമേ നീയിതുതന്നെയെന്നും.”

ആദ്യത്തേതു് വള്ളത്തോളിന്റേതു്. രണ്ടാമത്തേതു് നാലപ്പാടന്റേതു്. വള്ളത്തോളിന്റെ വാക്കുകള്‍ ചിറകുവച്ച് ഉയരുന്നു. നാലപ്പാടന്റെ വാക്കുകള്‍ ഭൂതലത്തില്‍ത്തന്നെ കിടക്കുന്നു. ആദ്യത്തെ ശ്ലോകത്തില്‍ ആവിഷ്കരണരീതി മാറ്റിയ വള്ളത്തോളിനെ-ജീനിയസ്സിനെ-കാണാം. രണ്ടാമത്തെ ശ്ലോകത്തില്‍ ആവിഷ്കരണരീതി നവ്യത ആവഹിക്കുന്നില്ല. പ്രകൃതി ഒരേ സമയം സര്‍ഗ്ഗാത്മകമാണു്, സംഹാരാത്മകവുമാണു് എന്ന “ഇന്‍മെമ്മോറിയ”ത്തിലെ ആശയമേ അവിടെയുള്ളു.

ഈ സന്ദര്‍ശനത്തിനു മുമ്പൊരു സന്ദര്‍ശനമുണ്ടായിരുന്നു. അന്നു ഞാന്‍ വിദ്യാര്‍ത്ഥിയായിരുന്നു. വള്ളത്തോളിന്റെ ‘മഗ്ദലനമറിയ’മാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട കാവ്യമെന്നു് ഞാന്‍ പറഞ്ഞപ്പോള്‍ “ഏതു വരികളാണ് കൂടുതലിഷ്ടം” എന്നു് അദ്ദേഹം ചോദിച്ചു. ഞാന്‍ സങ്കോചമില്ലാതെ ചൊല്ലി.

കെട്ടഴിഞ്ഞോമന പൃഷ്ടഭാഗത്തേയും
പുഷ്ടനിതംബപ്പരപ്പിനെയും
മൂടിക്കിടക്കുന്നു മുഗ്ദ്ധമാം കാര്‍കുഴല്‍
നീടുറ്റനീലത്തഴയ്ക്കു തുല്യം.

ഈ മറുപടിയില്‍ അന്തര്‍ഭവിച്ച സെക്സിനെ മനസ്സിലാക്കിയിട്ടാവാം വള്ളത്തോള്‍ പുഞ്ചിരി തൂകി. അതു് പെട്ടെന്നു് മറച്ചിട്ട് അദ്ദേഹം പറഞ്ഞു. “അതേ ആ മാരാര്‍ കല്യാണം കഴിഞ്ഞ് ഭാര്യയുമായി എന്നെ കാണാന്‍ വന്നു. അവളുടെ തലമുടിയങ്ങനെ നീണ്ടിരുണ്ടു ചുരുണ്ടു താഴത്തേക്ക് ഒരു പ്രവാഹം. അവളുടെതലമുടിയാണു് ഞാന്‍ മറിയത്തിനു് കൊടുത്തതു്.” ഏതു മാരാരാണെന്നു് ഞാന്‍ ചോദിച്ചില്ല. ഇപ്പോഴും എനിക്ക് അക്കാര്യം അറിഞ്ഞുകൂടതാനും. സൗന്ദര്യാരാധകനായ വള്ളത്തോളിനെ ഇവിടെ കാണുന്നില്ലേ? പദമാണോ അത് സുന്ദരമായിരിക്കണം അദ്ദേഹത്തിനു്; സ്ത്രീയാണോ അവള്‍ സുന്ദരിയായിരിക്കണം. കാമുകനെ ആഹ്ലാദിപ്പിക്കുകയും ഭര്‍ത്താവിനെ പേടിപ്പിക്കുകയും ചെയ്യുന്ന സ്ത്രീയുടെ ശക്തിയാണത്രേ സൗന്ദര്യം. വള്ളത്തോള്‍ കാമുകനല്ലായിരുന്നുവെങ്കിലും അദ്ദേഹം ആ തലമുടി കണ്ട് ആഹ്ലാദിച്ചിരിക്കും. പാവപ്പെട്ട മാരാര്‍ പേടിച്ചിരിക്കുകയും ചെയ്യും.

ഒരു ദിവസം രാത്രി പന്ത്രണ്ടര മണിക്ക് ഞാന്‍ ചങ്ങമ്പുഴ താമസിച്ചിരുന്ന ലോഡ്ജില്‍ ചെന്നുകയറി. ജന്നലിന്റെ പടിയില്‍ ഒരൊഴിഞ്ഞ കുപ്പിയിരിക്കുന്നു, ചുവന്ന ദ്രാവകവും പ്രതീക്ഷിച്ചുകൊണ്ട്. ആവിഷ്കരണരീതിക്ക് പരിവര്‍ത്തനം വരുത്തിയ ജീനിയസ്സാണ് ചങ്ങമ്പുഴ.

“ഇന്നലെ രാത്രിയില്‍ ഞാനൊരു പൂമൊട്ടിന്‍ മന്ദസ്മിതത്തില്‍ കിടന്നുറങ്ങി”

എന്ന രീതിയില്‍ ചങ്ങമ്പുഴയ്ക്കു മുമ്പ് ആരെങ്കിലും കവിതയെഴുതിയിരുന്നോ? ഇല്ല. അതുകൊണ്ടാണ് അദ്ദേഹം നിസ്തുലനായ കവിയാണെന്നു് ഞാന്‍ കരുതുന്നത്. ഞാന്‍ ചെന്നു കയറിയപ്പോള്‍ ചങ്ങമ്പുഴ വായിക്കുകയായിരുന്നു. ഫ്രായിറ്റിന്റെ ഏതോ ഒരു ഗ്രന്ഥം. യാത്രയുടെ ക്ഷീണംകൊണ്ട് ഞാന്‍ ഉറങ്ങാന്‍ കിടന്നു. പരിചയമില്ലാത്ത സ്ഥലമായതുകൊണ്ട് ഉറക്കം വന്നില്ല. കൂടക്കൂടെ ഉണര്‍ന്നുനോക്കും. അപ്പോഴെല്ലാം ചങ്ങമ്പുഴ വായിക്കുകയായിരുന്നു. നേരം വെളുത്ത് ഏഴു മണിക്ക് നോക്കിയപ്പോഴും അദ്ദേഹം വായിക്കുന്നു. പിന്നീടു് ഒന്‍പതുമണിക്ക് ഉറക്കം. ആ ഉറക്കം ഉച്ചയ്ക്ക് ഒരു മണിവരെ. അതിനുശേഷം കുളി. കുളികഴിഞ്ഞുവന്ന കവി പലതും പറഞ്ഞ കൂട്ടത്തില്‍ അറിയിച്ചു. “രത്നം പരിശോധിക്കേണ്ടതു് വൈദ്യുതദീപത്തിന്റെ മുമ്പില്‍ വച്ചാണു്. സ്ത്രീയുടെ സൗന്ദര്യം നോക്കേണ്ടതു് പകല്‍ സമയത്തും.” കവിയല്ലേ, അങ്ങനെയൊക്കെ പറയും എന്നു വിചാരിച്ച് ഞാന്‍ മിണ്ടാതിരുന്നു. ചങ്ങമ്പുഴ തുടര്‍ന്നു — “സ്ത്രീ ആകെക്കൂടി സുന്ദരിയായിരിക്കണമെന്നില്ല പുരുഷന്‍ വീഴാന്‍”: രണ്ടു ദിവസത്തിനുമുമ്പ് കവിതയും എഴുതികൊണ്ട് ഒരു ചെറുപ്പക്കാരി എന്നെ കാണാന്‍വന്നു. സൗന്ദര്യമില്ല, വൈരൂപ്യവുമില്ല. പക്ഷേ അവള്‍ കവിത മേശപ്പുറത്തു നിവര്‍ത്തിവച്ച്, നെയില്‍ പോളിഷിട്ട മനോഹരമായ വിരല്‍കൊണ്ട് ഓരോ വാക്കും ചൂണ്ടിക്കാണിച്ച് “ഇതു ശരിയോ, ഇതു ശരിയോ” എന്നു് എന്നോട് ചോദിച്ചപ്പോള്‍ ഞാന്‍ ആ വിരലുകണ്ട് അനുരാഗത്തില്‍ വീണുപോയി-വെള്ളക്കടലാസ്സിലാകെ അരുണിമ”. സൗന്ദര്യാരാധകനായ കവി! സൗന്ദര്യം സൂക്ഷ്മരൂപത്തില്‍ കണ്ടാലും അദ്ദേഹം സംതൃപ്തന്‍. ആ കവിയെ

“ഒന്നും പ്രതിഫലം വേണ്ടേനിക്കാമഞ്ജു
മന്ദസ്മിതം കണ്ടു കണ്‍കുളിര്‍ത്താല്‍ മതി”

എന്ന വരികളില്‍ വായനക്കാര്‍ കാണുന്നില്ലേ? അയസ്കാന്ത സാമീപ്യത്തില്‍ കമ്പിയില്‍വച്ച സൂചി കറങ്ങുന്നതുപോലെ നമ്മുടെ ഹൃദയം ഈ വരികള്‍ ഉയര്‍ത്തുന്ന ബിംബങ്ങള്‍ കണ്ട് സ്പന്ദനം കൊള്ളുന്നു. ഈ സ്പന്ദനവും ചലനവും മനുഷ്യനു് ഉന്നമനം നല്‍കും. അതുതന്നെയാണ് സാംസ്കാരികചലനം.