close
Sayahna Sayahna
Search

കല — അനുകരണത്തിന്റെ അനുകരണം


കല — അനുകരണത്തിന്റെ അനുകരണം
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

പേഴ്സ്യന്‍ കവിയും ശാസ്ത്രജ്ഞനുമായ ഉമാര്‍ഖയ്യാം ‘ഖുറാന്‍’ എന്ന വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “നിങ്ങള്‍ ഗ്രന്ഥാലയങ്ങള്‍ തീവെച്ചു നശിപ്പിക്കു, എന്തെന്നാല്‍ അവയുടെ മൂല്യമാകെ ഈ ഗ്രന്ഥത്തിന്നുണ്ടു്.” തത്വചിന്തകനായ എമേഴ്സണ്‍ ഉമാറിന്റെ ഈ വാക്യങ്ങള്‍ പ്ലേറ്റോ എഴുതിയ ‘റിപ്പബ്ലിക്കിനും’ ചേരുന്നതാണെന്നു പ്രഖ്യാപിച്ചു. അങ്ങനെ പ്രശംസിക്കപ്പെട്ട ഈ ഗ്രന്ഥത്തില്‍ കവികളേയും അവരുടെ കലാസൃഷ്ടികളേയും കുറിച്ച് പല പ്രസ്താവങ്ങളുമുണ്ടു്. പാശ്ചാത്യ സാഹിത്യനിരൂപണം അഭ്യസിക്കുന്നവരൊക്കെ മനസ്സിലാക്കിയിരിക്കേണ്ട തത്വങ്ങളാണ് അവ.

‘റിപ്പബ്ലിക്ക്’ ഉള്‍പ്പെടെയുള്ള ഇരുപതോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവായ പ്ലേറ്റോ ബി. സി. 427-ലാണ് ജനിച്ചതു്. അദ്ദേഹത്തിന്റെ അച്ഛന്‍ അരിസ്റ്റോണും അമ്മ പേരിറ്റ്യോണിയും ഏതന്‍സിലെ ഉന്നതങ്ങളായ കുടുംബങ്ങളിലെ അംഗങ്ങളായിരുന്നു. പ്ലേറ്റോയുടെ ബാല്യകാലത്തുതന്നെ അരിസ്റ്റോണ്‍ ചരമംപ്രാപിച്ചു. അദ്ദേഹത്തിന്റെ മരണത്തിനുശേഷം പെരിറ്റ്യോണി വീണ്ടും വിവാഹിതയായി. സ്വന്തം അമ്മാവനായ പിരിലാമ്പസിനെയായാണ് അവര്‍ ഭര്‍ത്താവായി സ്വീകരിച്ചതു്. ഭരണാധികാരിയായിരുന്ന പെരിക്ലിസ്സിന്റെ സുഹൃത്തും അദ്ദേഹത്തിന്റെ പാര്‍ശ്വവര്‍ത്തിയുമായിരുന്ന പിരിലാമ്പസിന്റെ ഭവനത്തില്‍ ബാല്യകാലം കഴിച്ചു കൂട്ടിയ പ്ലേറ്റോ രാഷ്ട്രത്തെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ തല്‍പരനായതില്‍ അത്ഭുതപ്പെടാനില്ല.

തന്റെ യൗവനകാലത്തുതന്നെ അദ്ദേഹം സോക്രട്ടിസിനെ പരിചയപ്പെട്ടു. ഈ പരിചയം പ്ലേറ്റോയുടെ ജീവിതത്തിനാകെ പരിവര്‍ത്തനം വരുത്തി. ബി.സി. 399-ല്‍ സോക്രട്ടീസ് ഭരണാധികാരികളാല്‍ വധിക്കപ്പെട്ടപ്പോള്‍ പ്ലേറ്റോ ഞെട്ടിപ്പോയി. പിന്നീടുള്ള ജീവിതകാലം മുഴുവനും തത്വചിന്തകളില്‍ മുഴുകിക്കഴിയുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും ഈ ഭയങ്കരസംഭവമായിരിക്കണം. സോക്രട്ടീസിന്റെ ശിഷ്യനും സുഹൃത്തുമായിരുന്ന പ്ലേറ്റോ കുറെക്കാലം ഒളിവില്‍ക്കഴിയാന്‍ നിര്‍ബ്ബന്ധിതനായി. പിന്നീടു് സിസിലി, തെക്കേ ഇറ്റലി, ഈ ജിപ്ത് എന്നീ രാജ്യങ്ങളില്‍ സഞ്ചാരത്തിനു പോകുകയാണു് അദ്ദേഹം. ആ യാത്രകളെല്ലാം കഴിഞ്ഞു് അദ്ദേഹം ബി.സി. 387-ല്‍ ഏതന്‍സില്‍ തിരിച്ചെത്തി. ആ നഗരത്തിന്റെ വടക്കു കിഴക്കു ഭാഗത്തായി ഒരു വിദ്യാലയം സ്ഥാപിച്ചു. ഇതിഹാസപ്രസിദ്ധനായ അക്കാഡമസ് എന്ന വിക്രാന്തനോടു ബന്ധപ്പെട്ട ഒരു സ്ഥലത്താണ് പ്ലേറ്റോ ആ വിദ്യാലയം സ്ഥാപിച്ചതു്. അതുകൊണ്ടു് അതു അക്കാഡമി എന്നപേരില്‍ പ്രസിദ്ധമായി. പിന്നീടുണ്ടായ സര്‍വ്വകലാശാലകള്‍ക്കെല്ലാം മാതൃകാസ്ഥാനംവഹിച്ച ഈ വിദ്യാലയത്തില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു് ലോകത്തിനു വിജ്ഞാനം വിതരണം ചെയ്ത പ്ലേറ്റോ ഏവര്‍ക്കും ആരാധ്യനായി ഭവിച്ചു. എണ്‍പതുകൊല്ലത്തിലധികം ധന്യമായ ജീവിതം നയിച്ചതിനുശേഷം അദ്ദേഹം ബി.സി. 348-ല്‍ ഇഹലോകവാസം വെടിഞ്ഞു. ഇന്നു് — ഏതാണ്ടു് രണ്ടായിരത്തി അഞ്ഞൂറു സംവത്സരങ്ങള്‍ക്കുശേഷം — നാം അദ്ദേഹത്തിന്റെ സാഹിത്യസിദ്ധാന്തങ്ങളിലേയ്ക്കു തിരിഞ്ഞുനോക്കുകയാണ്. മാനുഷികപ്രതിഭയുടെ പരമോത്കൃഷ്ടരൂപമായി പ്ലേറ്റോയെ പരിഗണിക്കുന്നു. ഇത്രയും കാലം കഴിഞ്ഞിട്ടും ലോകം അദ്ദേഹത്തെ മറന്നില്ല എന്നതുതന്നെ അതിനു കാരണം.

പ്ലേറ്റോയുടെ സാഹിത്യസിദ്ധാന്തങ്ങളുടെ പൂര്‍ണ്ണമായ ആവിഷ്കാരം ‘റിപ്പബ്ലിക്കി’ന്റെ പത്താമത്തെ അധ്യായത്തില്‍ കാണാം. സോക്രട്ടീസും പ്ലേറ്റോയുടെ ജ്യേഷ്ഠനായ ഗ്ലൗക്കണും സംഭാഷണം നിര്‍വഹിക്കുന്ന മട്ടിലാണ് ആ അധ്യായം രചിക്കപ്പെട്ടിട്ടുള്ളതു്, സംഗതങ്ങളായ ഭാഗങ്ങള്‍ ഞാന്‍ തര്‍ജ്ജമ ചെയ്ത ചേര്‍ക്കട്ടെ.

“സത്യം പറയുകയാണ്, ട്രാജഡി എഴതുന്നവരോടും അവരെ അനുകരിക്കുന്ന മറ്റുള്ള വര്‍ഗ്ഗത്തോടും എന്റെ വാക്കുകള്‍ ആവര്‍ത്തിച്ചുപറയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. പക്ഷേ, നിങ്ങളോടു പറയാന്‍ എനിക്കു മടിയില്ല. കാവ്യപരങ്ങളായ അനുകരണങ്ങളെല്ലാം ശ്രോതാക്കളുടെ മനസ്സിനെ ദുഷിപ്പിക്കുന്നവയാണ്. അവയുടെ യഥാര്‍ത്ഥസ്വഭാവം അറിയുക എന്നതുതന്നെയാണ് മറുമരുന്നു്... അനുകരണമെന്നാല്‍ എന്താണ്? നിങ്ങള്‍ക്കു പറയാമോ? എനിക്കു വാസ്തവത്തില്‍ അറിഞ്ഞുകൂടാ.”

“അപ്പോള്‍ ഞാനറിയേണ്ട വസ്തുതയാണതു്... ”

“ശരി, എന്നാല്‍ പതിവുപോലെ നമുക്കു് നമ്മുടെ അന്വേഷണം തുടങ്ങാമോ? കുറെ വ്യക്തികള്‍ക്കു് സാമാന്യമായ ഒരു പേരുണ്ടായിരിക്കുമ്പോള്‍ അവര്‍ക്കു് അതിനു് അനുരൂപമായ ആശയമോ രൂപമോ ഉണ്ടായിരിക്കുമെന്നു നാം സങ്കല്പിക്കുന്നു-മനസ്സിലാകുന്നുണ്ടോ?”

“മനസ്സിലാകുന്നു.”

ഒരു സാധാരണ ഉദാഹരണമെടുക്കാം. ലോകത്തില്‍ കട്ടിലുകളും മേശകളും ഉണ്ടു്. ധാരാളമില്ലേ?”

“ഉണ്ടു്.”

“പക്ഷേ അവയെസ്സംബന്ധിച്ചു് രണ്ടു ആശയങ്ങള്‍ അല്ലെങ്കില്‍ രണ്ടു രൂപങ്ങള്‍ മാത്രമേയുള്ളു — ഒന്നു് കട്ടിലിനെക്കുറിച്ചുള്ള ആശയം. മറ്റതു മേശയെക്കുറിച്ചുള്ള ആശയം.”

“സത്യം”

“കട്ടിലുണ്ടാക്കുന്നവന്‍ ആശയത്തിനു് അനുരൂപമായി കട്ടിലും മേശയുണ്ടാക്കുന്നവന്‍ ആശയത്തിനു് അനുരൂപമായി മേശയും നിര്‍മ്മിക്കുന്നു....പക്ഷേ ഒരുനിര്‍മ്മാതാവും ആശയങ്ങള്‍ സ്വയം നിര്‍മ്മിക്കുന്നില്ല. അതിനു് അയാള്‍ക്കു് എങ്ങനെ കഴിയും?”

“അസാദ്ധ്യം”

“ഇനി വേറൊരു കലാകാരനുണ്ടു്. അദ്ദേഹത്തെക്കുറിച്ചു് നിങ്ങള്‍ എന്തു പറയും? അതറിയാന്‍ എനിക്കു് ആഗ്രഹമുണ്ടു്.”

“ആരാണ് അദ്ദേഹം?”

“എല്ലാ തൊഴില്‍ക്കാരുടെയും സൃഷ്ടികളെ സൃഷ്ടിക്കുന്നവന്‍.”

“എന്തൊരു അസാധാരണനായ മനുഷ്യന്‍!”

“അല്പം ക്ഷമിക്കു. അങ്ങനെ നിങ്ങള്‍ പറയുന്നതിനു് മതിയായ കാരണമുണ്ടു്. കാരണം, അദ്ദേഹത്തിനു് എല്ലാത്തരത്തിലുള്ള ഭാജനങ്ങളെയും സസ്യങ്ങളെയും മൃഗങ്ങളെയും സൃഷ്ടിക്കുവാന്‍ കഴിയും. എന്നല്ല, തന്നെത്തന്നെയും ഭൂമിയേയും സ്വര്‍ഗ്ഗത്തേയും സ്വര്‍ഗ്ഗത്തിലും ഭൂമിക്കു താഴെയുമുള്ള എല്ലാത്തിനെയും സൃഷ്ടിക്കാന്‍ സാധിക്കും. അദ്ദേഹം ഈശ്വരന്മാരെയും സൃഷ്ടിക്കുന്നു.”

“അദ്ദേഹം മാന്ത്രികനായിരിക്കണം. ഒരു സംശയവുമില്ല.”

“ഹോ, നിങ്ങള്‍ വിശ്വസിക്കുന്നില്ല അല്ലേ? അങ്ങനെയൊരു നിര്‍മ്മാതാവോ സൃഷ്ടികര്‍ത്താവോ ഇല്ലെന്നാണോ നിങ്ങള്‍ വിചാരിക്കുന്നതു്? ഒരര്‍ത്ഥത്തില്‍ ഈ വസ്തുക്കളുടെയെല്ലാം നിര്‍മ്മാതാവായി ഒരുത്തനുണ്ടാകാമെന്നും മറ്റൊരര്‍ത്ഥത്തില്‍ അങ്ങനെ ഒരുവനില്ലെന്നുമാണോ നിങ്ങള്‍ കരുതുന്നതു്? ഇവയൊക്കെ നിങ്ങള്‍ക്കുതന്നേ സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു മാര്‍ഗ്ഗമുണ്ടെന്നു നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടോ?”

“ഏതു മാര്‍ഗ്ഗം?”

“എളുപ്പമുള്ള മാര്‍ഗ്ഗം. വളരെ വേഗത്തില്‍, വളരെ എളുപ്പത്തില്‍ ഇതനുഷ്ഠിക്കാവുന്ന അനേകം മാര്‍ഗ്ഗങ്ങളുണ്ടു്. ഏറ്റവും വേഗത്തിലുള്ള മാര്‍ഗ്ഗം കണ്ണാടിയെടുത്തു് എല്ലാ വശത്തേയ്ക്കും തിരിക്കുക എന്നതാണ്. അപ്പോള്‍ നിങ്ങള്‍ സൂര്യനെയും നക്ഷത്രങ്ങളെയും ഭൂമിയെയും നിങ്ങളെത്തന്നെയും എല്ലാ മൃഗങ്ങളെയും സസ്യങ്ങളെയും നാമിപ്പോള്‍ പറഞ്ഞ മറ്റെല്ലാ വസ്തുക്കളെയും സൃഷ്ടിക്കും.”

“അതെ. പക്ഷേ അവ പ്രതിഫലനങ്ങള്‍ മാത്രമായിരിക്കും. യഥാര്‍ത്ഥ വസ്തുക്കളായിരിക്കുകയില്ല.” എന്നു് അദ്ദേഹം പറഞ്ഞു.

ഞാന്‍ മറുപടി നല്‍കി: “വളരെ നല്ലതു്. നിങ്ങള്‍ ഇപ്പോള്‍ വിഷയത്തിലേയ്ക്കു വരികയാണ്. ചിത്രമെഴുതുന്നവനും ഇതുപോലെ പ്രതിഫലനങ്ങളെ സൃഷ്ടിക്കുന്ന മറ്റൊരു നിര്‍മ്മാതാവാണെന്നു് ഞാന്‍ വിചാരിക്കുന്നു. അല്ലേ?”

“നിശ്ചയമായും.”

“എന്നാല്‍ അയാള്‍ സൃഷ്ടിക്കുന്നതു് അസത്യമാണെന്നു നിങ്ങള്‍ പറയുമെന്നാണ് എന്റെ വിചാരം. എങ്കിലും ചിത്രമെഴുതുന്നവനും ഒരു കട്ടിലുണ്ടാക്കുന്നു, ഒരര്‍ത്ഥത്തില്‍.

അദ്ദേഹം പറഞ്ഞു:

“അതേ. പക്ഷേ, യഥാര്‍ത്ഥമായ കട്ടിലല്ല.”

“അപ്പോള്‍ ആശാരിയെക്കുറിച്ചു് എന്തു പറയുന്നു? അയാള്‍ നിര്‍മ്മിക്കുന്നതു് കട്ടിലിന്റെ സാരാംശമായ ആശയത്തെയല്ല. ഒരു കട്ടിലിനെ മാത്രമാണെന്നു് നിങ്ങള്‍ നേരത്തെ സമ്മതിച്ചില്ലേ.”

“ഞാന്‍ സമ്മതിച്ചു.”

“അങ്ങനെയാണെങ്കില്‍ അയാള്‍ നിര്‍മ്മിക്കുന്നതു പരമസത്യത്തെയല്ല; സത്യത്തോടു സാദൃശ്യമുള്ള ഏതോ ഒന്നിനെയാണു്. ആശാരിയുടെ സൃഷ്ടികള്‍ അല്ലെങ്കില്‍ വേറെ ഏതെങ്കിലും കരകൗശലക്കാരന്റെ സൃഷ്ടികള്‍ പരമസത്യങ്ങളാണെന്നു പറയുന്നവന്‍ സത്യം പറയുകയല്ലെന്നു വ്യക്തമല്ലേ?”

“നമ്മുടെ ഈ വാദഗതികളുമായി പരിചയമുള്ള ആര്‍ക്കും അങ്ങനെ വിചാരിക്കാന്‍ പറ്റുകയില്ല.”

“അപ്പോള്‍ ആശാരിയുണ്ടാക്കുന്ന കട്ടിലിനു് സത്യത്തിന്റെ സുവ്യക്തതയില്ലെങ്കില്‍ നാം അത്ഭുതപ്പെടുകയില്ല അല്ലേ?”

“ഇല്ല.”

“ഈ ഉദാഹരണത്തെ ആശ്രയിച്ചു് നമുക്കു് ഇപ്പോള്‍ അനുകരണത്തിനു് നിര്‍വചനം നല്‍കാം.”

“ആകട്ടെ.”

“മൂന്നു തരത്തിലുള്ള കട്ടിലുകള്‍ ഉണ്ടെന്നു നാം മനസ്സിലാക്കി. ഒന്നു് പ്രകൃതിയിലുള്ളതു്. അതു് ഈശ്വരന്‍ സൃഷ്ടിച്ചതാണു്. മറ്റൊരാള്‍ക്കും അതിന്റെ നിര്‍മ്മാതാവാകാന്‍ സാദ്ധ്യമല്ലല്ലോ.”

“സാദ്ധ്യമല്ല.”

“ആശാരിയുടെ സൃഷ്ടിയായ മറ്റൊരു കട്ടില്‍.”

“അതേ.”

“ചിത്രമെഴുത്തുകാരന്റെ സൃഷ്ടിയായ മൂന്നാമത്തെകട്ടില്‍.”

“അതേ”

“അപ്പോള്‍ കട്ടിലുകള്‍ മൂന്നു വിധത്തില്‍. മൂന്നു കലാകാരന്മാരും അവയുടെ മേല്‍നോട്ടക്കാരായി. ഈശ്വരന്‍, ആശാരി, ചിത്രകാരന്‍.”

“അതേ, മൂന്നു പേരുണ്ടു്.”

“ഈശ്വരന്‍ തനിക്കു തോന്നിയതുകൊണ്ടോ, ആവശ്യത്തിന്റെപേരിലോ ഒരു കട്ടില്‍ മാത്രം ഉണ്ടാക്കി. ഒന്നുമാത്രം. അങ്ങനെയുള്ള രണ്ടോ അതിലധികമോ ആദര്‍ശാത്മകങ്ങളായ കട്ടിലുകള്‍ ഈശ്വരന്‍ നിര്‍മ്മിച്ചിട്ടില്ല; നിര്‍മ്മിക്കുകയുമില്ല.”

“അതു് എന്തുകൊണ്ടു്?”

“കാരണമുണ്ടു്. അദ്ദേഹം രണ്ടു കട്ടിലുകള്‍ മാത്രം നിര്‍മ്മിച്ചുവെന്നു് കരുതു. അവയ്ക്കു് ഒരേ ഒരു സാമാന്യ സ്വഭാവത്തിന്റെയോ രൂപത്തിന്റെയോ ഭാഗഗ്രഹണം മാത്രമേയുള്ളു. ഈ സാമാന്യസ്വഭാവം പരമസത്യമായിരിക്കുകയും ചെയ്യും.”

“അതു് സത്യമാണു്.”

“ഈശ്വരന്‍ ഇതറിഞ്ഞു. അദ്ദേഹം യഥാര്‍ത്ഥമായ കട്ടിലിന്റെ യഥാര്‍ത്ഥ സൃഷ്ടികര്‍ത്താവായിത്തീരാന്‍ ആഗ്രഹിച്ചു. പ്രത്യേകം കട്ടിലിന്റെ പ്രത്യേക നിര്‍മ്മാതാവാകാന്‍ അല്ല. അതിനാല്‍ അദ്ദേഹം പരമസത്യത്തെ നിസ്തുലമാക്കി.”

“ഞാന്‍ അങ്ങനെത്തന്നെ വിശ്വസിക്കുന്നു.”

“എന്നാല്‍ നമുക്കു് അദ്ദേഹത്തെ നൈസര്‍ഗ്ഗികനായ സൃഷ്ടികര്‍ത്താവായോ കട്ടിലിന്റെ നിര്‍മ്മാതാവായോ കരുതാന്‍ പാടില്ലേ?”

അദ്ദേഹം മറുപടി നല്കി:

“അതേ. കാരണം, അദ്ദേഹത്തിന്റെ എല്ലാ സൃഷ്ടികളും പരമസത്യങ്ങളാണു്.”

“അപ്പോള്‍ ആശാരിയോ? അയാളും കട്ടിലുണ്ടാക്കുന്നില്ലേ?”

“ഉണ്ടു്.”

“ചിത്രകാരനെക്കുറിച്ചു നിങ്ങള്‍ എന്തു പറയും? അയാള്‍ സൃഷ്ടികര്‍ത്താവും നിര്‍മ്മാതാവുമാണോ?”

“ഒരിക്കലുമല്ല.”

“അയാള്‍ സൃഷ്ടികര്‍ത്താവല്ലെങ്കില്‍ കട്ടിലിനെസ്സംബന്ധിച്ചിടത്തോളം അയാള്‍ ആരാണു്?”

“മറ്റുള്ളവര്‍ നിര്‍മ്മിക്കുന്നതിനെ അനുകരിക്കുന്നവനായി അയാളെ കരുതുന്നതില്‍ തെറ്റില്ല.”

ഞാന്‍ പറഞ്ഞു:

“കൊള്ളാം. അപ്പോള്‍ ചിത്രകാരന്റെ ചിത്രീകരണം സത്യത്തില്‍നിന്നു് മൂന്നു പ്രാവശ്യം മാറി നില്ക്കുന്നു.”

“അതേ.”

“അങ്ങനെ ട്രാജിക്‍ കവി അനുകര്‍ത്താവാണെന്നു് സിദ്ധിക്കുന്നു. അതിനാല്‍ മറ്റെല്ലാ അനുകരണക്കാരെയുംപോലെ അയാള്‍ രാജാവില്‍നിന്നും സത്യത്തില്‍നിന്നും മൂന്നു പ്രാവശ്യം മാറിനില്ക്കുന്നു.”[1]

പരമസത്യത്തില്‍ — സര്‍വാതിശായിയായ സത്യത്തില്‍ — (transcendental reality) വിശ്വാസമര്‍പ്പിക്കുന്ന ദാര്‍ശനികനാണു് പ്ലേറ്റോ. അദ്ദേഹത്തിന്റെ കലാസിദ്ധാന്തം ആ വിശ്വാസത്തിനു് അനുരൂപമായിരിക്കുന്നു. നമ്മുടെ ഇന്ദ്രിയങ്ങള്‍ കൊണ്ടറിയുന്ന പ്രപഞ്ചത്തെയാണല്ലോ കലാകാരന്മാര്‍ ചിത്രീകരിക്കുന്നതു്. ആ പ്രപഞ്ചമാകട്ടെ മാറിക്കൊണ്ടിരിക്കുന്നതും മായാബദ്ധവുമാണു്. എന്നാല്‍ യഥാര്‍ത്ഥമായതു് മാറാത്തതും മായാവിമുക്തവും ഏകവുമാകുന്നു. പശുക്കള്‍ എന്ന തോന്നലുകള്‍ ധാരാളമുണ്ടു്. പക്ഷേ ‘പശുത്വം’ എന്ന ആശയം ഒന്നേയുള്ളു. വെളുത്ത വസ്തുക്കള്‍ എന്നു നാം പറയുന്ന തോന്നലുകള്‍ പ്രപഞ്ചത്തില്‍ ധാരാളം. അവയുടെ പിന്നിലുള്ള “വെളുപ്പ്” എന്ന ആശയം ഒന്നു മാത്രം. കലാകാരന് ഈ തോന്നലുകളെ മാത്രമേ ആവിഷ്കരിക്കാന്‍ കഴിയൂ എന്നാണു് പ്ലേറ്റോ അഭിപ്രായപ്പെട്ടതു്. ഈ ലോകത്ത് കട്ടിലുകള്‍ വളരെയുണ്ടു്. പക്ഷേ, കട്ടിലെന്ന ആശയം ഒന്നേയുള്ളു. കണ്ണാടിയില്‍ പ്രതിഫലിച്ചു കാണുന്ന കട്ടിലിന്റെ രൂപം അയഥാര്‍ത്ഥമായതുപോലെ ആശാരിമാര്‍ ഉണ്ടാക്കിയ കട്ടിലുകള്‍ അയഥാര്‍ത്ഥങ്ങളാണു്. കാരണം, അവ കട്ടിലെന്ന ഏകമായ ആശയത്തിന്റെ — ഈശ്വരന്‍ സൃഷ്ടിച്ച ആ ഒരേ ഒരു കട്ടിലിന്റെ-പകര്‍പ്പുകള്‍ മാത്രമാണെന്നുള്ളതാണു്. ആശാരി ഒരു കട്ടിലുണ്ടാക്കുമ്പോള്‍ യാഥാര്‍ത്ഥ്യം സൃഷ്ടിക്കുകയല്ല. യാഥാര്‍ത്ഥ്യത്തെ അനുകരിക്കുന്നതേയുള്ളു. ചിത്രകാരന്‍ ചായംകൊണ്ടു കട്ടിലിനെ ആലേഖനം ചെയ്യുമ്പോള്‍ ആശാരിയുടെ അനുകരണവസ്തുവിനെ ഒന്നുകൂടെ അനുകരിക്കുകയാണു്. ഇങ്ങനെ അയാളെ ചിത്രം അനുകരണത്തിന്റെ അനുകരണമാവുകയും അങ്ങനെ “സത്യത്തില്‍നിന്നും മൂന്നു പ്രാവശ്യം മാറിനില്ക്കുകയും ചെയ്യുന്നു.” കവിയും പകര്‍പ്പിന്റെ പകര്‍പ്പാണു് നമുക്കു് നല്‍കുന്നതു്. പകര്‍പ്പു് അസത്യാത്മകമായതിനാല്‍ കവി സത്യദര്‍ശകനുമല്ല. സത്യവാദിയുമല്ല. അതിനാല്‍ കവികളെ തന്റെ ആദര്‍ശാത്മകമായ റിപ്പബ്ലിക്കില്‍നിന്നു് പ്ലേറ്റോ നിഷ്കാസനം ചെയ്യുന്നു.

ദര്‍പ്പണത്തിലെ പ്രതിഫലനങ്ങള്‍ എന്നപോലെ കലാസൃഷ്ടികളെ അയഥാര്‍ത്ഥങ്ങളായി കാണുവാന്‍ പ്ലേറ്റോയെ പ്രേരിപ്പിച്ചതു് എന്താകാം? സര്‍വാതിശായിയായ സത്യത്തിലുള്ള വിശ്വാസവും ദാര്‍ശനികനുമത്രേ പരമസത്യം സാക്ഷാത്കരിക്കുവാന്‍ സാധിക്കുകയുള്ളു എന്ന സങ്കല്പവും തന്നെ. ‘ഗുഹയ്ക്കകത്തിരിക്കുന്ന തടവുകാര്‍’ എന്ന പ്ലേറ്റോയുടെ ദൃഷ്ടാന്തം ഇതിനു് തെളിവു നല്‍കുന്നു. ഒരു ഗുഹയ്ക്കകത്തു് കുറെ തടവുകാര്‍ ഇരിക്കുന്നതായി സങ്കല്പിക്കാന്‍ പ്ലേറ്റോ നമ്മോടു പറയുന്നു. അവര്‍ ബന്ധനസ്ഥരാണു്. പിറകോട്ടോ വശങ്ങളിലേയ്ക്കോ നോക്കാന്‍ വയ്യാത്തവിധം അവര്‍ ബന്ധനസ്ഥരത്രേ. നേരേ മുന്നിലുള്ള ഭിത്തിമാത്രം അവര്‍ക്കു കാണാം. ഈ തടവുകാരുടെ പിന്നിലായി ഒരു വേദി കെട്ടിപ്പൊക്കുന്നുവെന്നിരിക്കട്ടെ. അതിന്റെ പിറകില്‍ അഗ്നികത്തിച്ചിട്ടു് കുറെപ്പേര്‍ വേദിയിലൂടെ നടക്കുകയാണെന്നുമിരിക്കട്ടെ. അപ്പോള്‍, നടക്കുന്നവരുടെ നിഴലുകള്‍ മുന്നിലുള്ള ഭിത്തിയില്‍ വീഴുന്നു. ആ നിഴലുകള്‍ കാണുന്ന തടവുകാര്‍ വിചാരിക്കുന്നു അതാണു് യഥാര്‍ത്ഥ്യമെന്നു്. നിഴലിന്റെ യാഥാര്‍ത്ഥ്യമായ ആളുകളെ തടവുകാര്‍ കാണുന്നതേയില്ല. കലാകാരന്‍ ഇങ്ങനെ നിഴലുകള്‍കണ്ടു് യാഥാര്‍ത്ഥ്യമെന്നു് കരുതുന്നവനാണു്, മനുഷ്യരായ നമ്മളും യാഥാര്‍ത്ഥ്യങ്ങളല്ല; ഈശ്വരന്‍ സൃഷ്ടിച്ച ആ ഒരേ ഒരു പുരുഷന്റെ-മനുഷ്യന്‍ എന്ന ആശയത്തിന്റെ — പകര്‍പ്പുകള്‍ മാത്രമാണു്. ആ തടവുകാരില്‍ ഒരാള്‍ എങ്ങനെയെങ്കിലും ബന്ധനവിമുക്തനായിയെന്നിരിക്കട്ടെ, അയാള്‍ ഉടനെ നിഴലിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നു. അങ്ങനെ ബന്ധനത്തില്‍ നിന്നു രക്ഷ പ്രാപിക്കുന്നവനാണു് ദാര്‍ശനികന്‍.

ഒരു ആദര്‍ശാത്മക തത്വചിന്തകനു ചേര്‍ന്ന ചിന്തകള്‍ തന്നെയാണു് ഇവയെല്ലാം. പക്ഷേ, കലയുടെ മാന്ത്രിക പ്രഭാവത്തെ വിശദീകരിക്കാന്‍ പര്യാപ്തങ്ങളാണോ ഈ ചിന്തകള്‍? ആലോചിക്കേണ്ട വസ്തുതയാണതു്. കല പകര്‍പ്പിന്റെ പകര്‍പ്പാണെന്നുതന്നെയിരിക്കട്ടെ. എങ്കിലും ആ പകര്‍പ്പില്‍ സവിശേഷമായി പലതുമില്ലേ? അതിനെക്കുറിച്ചു ചിന്തിക്കാനും സ്വന്തം മതങ്ങള്‍ ആവിഷ്കരിക്കാനും പ്ലേറ്റോ സന്നദ്ധനായില്ല.


  1. “സത്യത്തിന്റെ സിംഹാസനത്തില്‍നിന്നു് അനുക്രമമായി അയാള്‍ മൂന്നു പ്രാവശ്യം അകന്നുനില്ക്കുന്നു.” എന്നു് മറ്റൊരു പരിഭാഷകന്‍.