close
Sayahna Sayahna
Search

സത്യം, സൗന്ദര്യം, സ്നേഹം


സത്യം, സൗന്ദര്യം, സ്നേഹം
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

രവീന്ദ്രനാഥടാഗോര്‍ എഴുതിയ “വസന്തചക്രം” (Cycle of spring) എന്ന നാടകരൂപത്തിലുള്ള കൃതിയിലെ ഒരു കഥാപാത്രമായ പണ്ഡിതന്‍ പറയുകയാണ്:

“മുളകളെ ഓടക്കുഴല്‍ മാത്രമാക്കിയാല്‍ അവ ലജ്ജിച്ചു സങ്കടപ്പെട്ടു മരിക്കും. പലവിധത്തില്‍ പ്രയോജനമുള്ളതുകൊണ്ടാണ് അവ അന്തരീക്ഷത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്.”

നക്ഷത്രങ്ങള്‍ പ്രയോജനശൂന്യങ്ങളായി ആകാശത്തില്‍ മിന്നിത്തിളങ്ങുന്നതിലും ആ കഥാപാത്രത്തിനു പരാതിയുണ്ട്. അവ താഴെവന്ന് തെരുവുവിളക്കുകളായിനിന്ന് നികുതിദായകരെ സഹായിക്കേണ്ടതാണെന്നാണ് അയാളുടെ അഭിപ്രായം. ഈ കഥാപാത്രത്തിന്റെ സ്വഭാവത്തിന് ഒരു വിഭിന്നഭാവം സൃഷ്ടിക്കാനായി ടാഗോര്‍ ഒരു കവിയെ രംഗപ്രവേശനം ചെയ്യിക്കുന്നു. പണ്ഡിതന്റെ പ്രജ്ഞാപരത്വത്തിനും ലാഭജനക ചിന്താഗതിക്കും വിരുദ്ധമായി പരമാനന്ദത്തിനും നിസ്സംഗതയ്ക്കും പ്രതിനിധീഭവിച്ചു നില്‍ക്കുകയാണ് ആ ഉത്തമകവി. ഈ രണ്ടു കഥാപാത്രങ്ങളെ പരിചയപ്പെടുന്ന അനുവാചകന്‍ ടാഗോറിന്റെ കാവ്യസങ്കല്പം എന്താണെന്ന് അനായാസമായി മനസ്സിലാക്കുന്നു. ജീവനില്ലാത്ത, ആകര്‍ഷകത്വമില്ലാത്ത ശൂഷ്കസത്യങ്ങളാണ് പണ്ഡിതന്റെ പ്രജ്ഞയില്‍നിന്ന് ഉളവാകുന്നത്. ചൈതന്യധന്യങ്ങളും ആകര്‍ഷകങ്ങളുമായ സത്യത്തെ സൗന്ദര്യത്തിന്റെ രൂപത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കവിക്ക് പണ്ഡിതനുമായി ഒരു സാദൃശ്യവുമില്ല. പണ്ഡിതന്റെ ശൂഷ്കസത്യങ്ങള്‍ സത്യങ്ങളായിത്തന്നെ നില്‍ക്കുന്നു. അവ ‘ജ്ഞാന’ത്തിലേക്കു നമ്മെ കൊണ്ടു ചെല്ലുന്നുണ്ടെങ്കിലും നമ്മുടെ ഹൃദയതന്ത്രികളെ സ്പര്‍ശിക്കുന്നില്ല. യഥാര്‍ത്ഥമായ ഐക്യമുണ്ടാകണമെങ്കില്‍, സത്യസാക്ഷാത്കാരം വേണമെങ്കില്‍ നാം കവിയുടെ അടുക്കലേയ്ക്കാണു പോകേണ്ടത്. ടാഗോറിന്റെ ഉദാഹരണംകൊണ്ടുതന്നെ ഇതു വ്യക്തമാക്കാം. ഒരു ഡോക്ടര്‍ക്ക് ഒരു മകനുണ്ടെന്നിരിക്കട്ടെ. ആ മകന്റെ ആരോഗ്യത്തെക്കുറിച്ച് ഡോക്ടര്‍ക്കുള്ള അറിവ് ശാസ്ത്രീയജ്ഞാനമാണ്. ഈ ശാസ്ത്രീയജ്ഞാനം ഒരു വസ്തുതയെക്കുറിച്ചുള്ള അറിവു മാത്രമായതുകൊണ്ട് സത്യത്തിന്റെ ആത്മസാത്കരണമായി ഭവിക്കുന്നില്ല. എന്നാല്‍ അച്ഛനെയും മകനെയും സ്നേഹത്താല്‍ കൂട്ടിയിണക്കുന്ന ആ നിര്‍വ്യാജ ബന്ധത്തെക്കുറിച്ചുള്ള അറിവ് വൈകാരിക ശക്തിയിലൂടെ ലഭിക്കുന്നതത്രെ. മകനോടു തോന്നുന്ന സ്നേഹത്തിലൂടെ അച്ഛന്‍ ഒരു പരമസത്യത്തെ സ്പര്‍ശിക്കുകയാണ്. ആത്മബന്ധത്തിന്റെ സത്യമാണത്. സൃഷ്ടിയുടെ അടിസ്ഥാനതത്വവുമാണത്. [1] പ്രജ്ഞയിലൂടെ ലഭിക്കുന്ന അറിവ് ഉത്കൃഷ്ടം. ഇതാണ് ടാഗോറിന്റെ മതം. ആദ്യത്തേത് ഒരു തരത്തിലുള്ള തൃപ്തി ജനിപ്പിക്കുന്നു. രണ്ടാമത്തേത് ആനന്ദമുളവാക്കുന്നു. കവിത വൈകാരികബന്ധത്തിലൂടെയുള്ള അറിവ് പ്രദാനം ചെയ്യുന്നതുകൊണ്ട് ആനന്ദാത്മകമത്രേ. ടാഗോറിന്റെ “വിജയം”[2] എന്ന ചെറുകഥ ഈ വസ്തുതയെ ഭംഗ്യന്തരേണ പ്രതിപാദിക്കുന്നു. നാരായണരാജാവിന്റെ സദസ്സിലെ കവിയാണു ശേഖരന്‍. ഒരു ദിവസം പുണ്ഡരീകന്‍ എന്ന പ്രജ്ഞാപരനായ കവി രാജാവിന്റെ മുന്‍പില്‍ വന്നു. ‘പ്രഭോ, ഞാന്‍ യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നു” എന്ന് അയാള്‍ ഉദ്ഘോഷിച്ചു. വാക്കുകള്‍കൊണ്ടുള്ള യുദ്ധമാണ് പുണ്ഡരീകന്‍ ആവശ്യപ്പെട്ടത്. പക്ഷേ, യഥാര്‍ഥ കവിയായ ശേഖരന് പദങ്ങള്‍കൊണ്ടുള്ള സമരം എന്താണെന്നു അറിഞ്ഞുകൂടാ. അടുത്തദിവസം രാജസദസ്സുകൂടി. പുണ്ഡരീകന്‍ തന്റെ വൈദഗ്ധ്യം പ്രദര്‍ശിപ്പിച്ചുതുടങ്ങി. നാരായണന്‍ എന്ന പേരിലെ ഓരോ അക്ഷരവും പദ്യങ്ങളില്‍ ചേര്‍ത്തുവച്ച് അയാള്‍ വാക്കുകള്‍കൊണ്ടുള്ള വിദ്യകള്‍ കാണിച്ചു. ശ്രോതാക്കള്‍ വിസ്മയിച്ചു. അവര്‍ കൈയ്യടിച്ചു. ശേഖരന്‍ എഴുന്നേറ്റു. മുറുക്കിവച്ച വീണയെപ്പോലെയാണ് അയാള്‍. ഒന്നു തൊട്ടാല്‍ മതി നാദനിര്‍ഝര്‍ ഉണ്ടാകും. ശേഖരന്‍ പാടി. പാടിക്കഴിഞ്ഞപ്പോള്‍ ശ്രോതാക്കളുടെ കണ്ണൂകള്‍ നിറഞ്ഞു. കന്മതിലുകള്‍ വിജയശബ്ദം ഉദ്ഘോഷിച്ചുകൊണ്ട് പ്രകമ്പനംകൊണ്ടു. അന്നത്തേയ്ക്കു സദസ്സു പിരിഞ്ഞു.

അടുത്ത ദിവസം ശേഖരന്‍ പാടാന്‍ തുടങ്ങി. “സ്നേഹത്തിന്റെ വേണുഗാനം വൃന്ദാവനത്തിലെ നിശ്ശബ്ദതയെ ഭഞ്ജിച്ച ആ ദിനത്തെക്കുറിച്ചായിരുന്നു ഗാനം. ആരാണ് ഗായകനെന്നും ഗാനമെവിടെനിന്നു വന്നുവെന്നും ഇടയപ്പെണ്‍കുട്ടികള്‍ക്കറിഞ്ഞു കൂടായിരുന്നു. തെക്കന്‍കാറ്റിന്റെ ഹൃദയത്തില്‍നിന്നാണോ അതോ കുന്നിന്റെ മുകളില്‍ അലസഞ്ചാരംചെയ്യുന്ന മേഘമാലകളില്‍നിന്നോ? സൂയ്യോദയത്തിന്റെ നാട്ടില്‍നിന്നു പ്രേമസങ്കേതത്തിന്റെ സന്ദേശവുമായി അതു വന്നു. സൂര്യാസ്തമയത്തിന്റെ അരികില്‍നിന്ന് അതു വിഷാദത്തിന്റെ തേങ്ങലുമായി ഒഴുകി.” ശേഖരന്‍ ഇരുന്നപ്പോള്‍ അനിര്‍വചനീയവും അവ്യക്തവും അസാധാരണവുമായ ആഹ്ലാദത്തിന്റെ വിഷാദത്താല്‍ ശ്രോതാക്കള്‍ വിറയ്ക്കുകയായിരുന്നു. പുണ്ഡരികന്‍ എഴുന്നേറ്റ് തന്റെ പ്രതിയോഗിയെ വെല്ലിവിളിച്ചു. ആരാണ് കാമുകന്‍? ആരാണ് കാമുകി? അതു നിര്‍വചിക്കാന്‍ അയാള്‍ ആവശ്യപ്പെട്ടു. എന്നിട്ട് ആ നാമധേയങ്ങളുടെ ധാതുക്കളെ വേര്‍തിരിച്ചെടുത്തു കാണിച്ചൂ. വാക്കുകളുടെ വ്യായാമവിദ്യ പ്രദര്‍ശിക്കപ്പെടുകയാണ്. ആളുകളെ അത്ഭുതപരതന്ത്രരാക്കിയിട്ട് അയാള്‍ ഇരുന്നു. പുണ്ഡിരീകനെ എതിര്‍ക്കാന്‍ രാജാവ് ശേഖരനോട് ആംഗ്യംകൊണ്ടാവശ്യപ്പെട്ടു. പക്ഷേ ശേഖരന്‍ അനങ്ങിയില്ല. കോപാകുലനായ രാജാവ് പുണ്ഡരീകന്‍ വിജയം പ്രാപിച്ചുവെന്നു പ്രഖ്യാപിച്ചു. അദ്ദേഹം തന്റെ മുത്തുമാലയെടുത്ത് അയാളുടെ ശിരസ്സിലണിയിക്കുകയാണുണ്ടായത്. വിഷാദമഗ്നനായ ശേഖരന്‍ തന്റെ ഭവനത്തിലേക്കു മടങ്ങി. അയാള്‍ സ്വന്തം കാവ്യങ്ങളെല്ലാം തീയിലെറിഞ്ഞു. വിഷം കഴിച്ചുകൊണ്ട് അയാള്‍ വെള്ളപ്പൂക്കള്‍ വിരിച്ച മെത്തയില്‍ കിടന്നു. അപ്പോഴാണു രാജാവിന്റെ മകളായ അജിത ശേഖരനെ ആദ്യമായി കാണാന്‍ വരുന്നത്. “ഭവതി വന്നോ” എന്നായിരുന്നു ശേഖരന്റെ ചോദ്യം. “ഞാന്‍ വന്നു.” എന്ന് അവള്‍ മറുപടി നല്‍കി. താന്‍ അത്രയും കാലം ഹൃദയത്തില്‍ വച്ചാരാധിച്ചിരുന്ന അജിതയെ ശേഖരന്‍ ആദ്യമായി കണ്ടു. അവള്‍ പറഞ്ഞു: “രാജാവ് നീതി പുലര്‍ത്തിയില്ല. എന്റെ കവേ, അങ്ങാണ് സമരത്തില്‍ ജയിച്ചത്. അങ്ങയെ വിജയ കിരീടം ചൂടിക്കാനാണു ഞാന്‍ വന്നത്.” അജിത തന്റെ പൂമാലയെടുത്ത് അയാളുടെ ശിരസ്സില്‍ വച്ചു. കവി മരിച്ചു വീണു.[3] ചലനാത്മകമായ സത്യത്തെ സാക്ഷാത്കരിക്കുന്ന കവിയുടെ കഴിവും നിശ്ചലമായ ശൂഷ്കസത്യത്തെ ആവിഷ്കരിക്കുന്ന പണ്ഡിതന്റെ സഹൃദയത്വമില്ലായ്മയേയും ടാഗോര്‍ ഈ കഥയിലൂടെ വ്യക്തമാക്കുകയാണ്.

ശൂഷ്കസത്യത്തെ ചലനാത്മകസത്യമാക്കി സൗന്ദര്യത്തിന്റെ രൂപത്തില്‍ പ്രദര്‍ശിപ്പിക്കുന്നതുകൊണ്ടുമാത്രം ടാഗോര്‍ തൃപ്തനാകുന്നുണ്ടോ? രൂപത്തിന്റെയും ചിന്തയുടേയും ആവിഷ്കരണത്തിന്റെയും സൗന്ദര്യമുണ്ടെങ്കില്‍ മതിയാകുമോ? പോരെന്നാണ് ടാഗോറിന്റെ അഭിപ്രായം. പ്രകൃതിയിലെ വസ്തുക്കള്‍ക്കു ചില സവിശേഷതകള്‍ നല്‍കി അവയെ സത്വമുള്ളവയാക്കണമെന്നാണ് (Personality) അദ്ദേഹം പറയുന്നത്. മനുഷ്യര്‍ക്ക് സ്വത്വം ഉള്ളതുപോലെ ജീവനില്ലാത്ത വസ്തുക്കള്‍ക്കും കലയില്‍ സ്വത്വം ഉണ്ടാകണം. അതുണ്ടാകുമ്പോള്‍ അവയുമായി ആത്മബന്ധം സ്ഥാപിക്കുന്നതിന് കവിക്കു സാധിക്കും.

ജീവിതത്തിന്റെ നിറം കലര്‍ന്ന സത്യങ്ങളുണ്ട്; ആ നിറം കലരാത്ത സത്യങ്ങളുണ്ട്. രണ്ടാമതു പറഞ്ഞവയ്ക്ക് കവിതയില്‍ സ്ഥാനമില്ല. സ്ഥാനം നല്‍കണമെങ്കില്‍ അവയ്ക്കു ജീവിതത്തിന്റെ വര്‍ണ്ണമിയറ്റണം. അപ്പോള്‍ അവയുടെ സ്പന്ദങ്ങള്‍ നാം കേള്‍ക്കും. പ്രപഞ്ചവും വ്യക്തിയായ മനുഷ്യനും മുഖത്തോടുമുഖം നോക്കുന്നു. അപ്പോള്‍ പ്രപഞ്ചം മനുഷ്യനോടു ചോദിക്കുന്നു: “സുഹൃത്തേ, നിങ്ങളെന്നെ കണ്ടോ? നിങ്ങള്‍ എന്നെ സ്നേഹിക്കുന്നോ? — നിങ്ങള്‍ക്ക് ആഹാരവും ഫലവര്‍ഗ്ഗങ്ങളും തരുന്ന ഒന്നായിട്ടല്ല, എന്റെ നിയമങ്ങള്‍ നിങ്ങള്‍ കണ്ടുപിടിച്ചു വച്ചിരിക്കുന്നു എന്ന രീതിയിലല്ല — എന്നെ വ്യക്തിയായി നിങ്ങള്‍ കാണുന്നുണ്ടോ?

കലാകാരന്‍ മറുപടി പറയുന്നു: “ശരി, ഞാന്‍ നിന്നെ കണ്ടു; സ്നേഹിച്ചു; മനസ്സിലാക്കി. ഞാന്‍ നിന്നെ സ്വീകരിക്കുകയും എന്റെ ശക്തിക്കുവേണ്ടി നിന്റെ നിയമങ്ങളെ ഉപയോഗിക്കുകയും ചെയ്തു. ശക്തിയിലേക്കു നയിക്കുന്നതും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുമായ തേജസ്സുകളെ എനിക്കറിയാം. പക്ഷെ, അതല്ല കാര്യം. ഞാന്‍ നിന്നെ കാണുന്നു; നീ എവിടെയാണെന്നും ഞാന്‍ ആരാണെന്നും.[4] ഒട്ടൊക്കെ ദുര്‍ഗ്രഹമായ ഈ തത്ത്വത്തെ ടാഗോറിന്റെ ഒരുദാഹരണം കൊണ്ടുതന്നെ വ്യക്തമാക്കാം. ടാഗോര്‍ സഞ്ചരിച്ചിരുന്ന കപ്പല്‍ ജപ്പാന്റെ തീരത്തെത്തി. യാത്രക്കാരില്‍ ഒരാള്‍ ജപ്പാന്‍കാരനായിരുന്നു. അയാള്‍, റങ്കൂണില്‍നിന്നു സ്വന്തം നാട്ടിലേയ്ക്കു മടങ്ങിവരികയാണ്. ടാഗോര്‍ ആദ്യമായി ജപ്പാനില്‍ ചെല്ലുകയുമാണ്. രണ്ടുപേരുടെയും വീക്ഷണഗതിക്കു വ്യത്യാസമുണ്ടായിരുന്നു. ടാഗോര്‍ ജപ്പാന്റെ ഓരോ സവിഷേതയയും ശ്രദ്ധിച്ചു. ചെറിയ ചെറിയ വസ്തുതകള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. പക്ഷേ, ജപ്പാന്‍കാരന്‍ പൊടുന്നനവേ തന്റെ രാജ്യത്തിന്റെ സ്വത്വത്തിലേയ്ക്ക്; അതിന്റെ ആത്മാവിലേയ്ക്കു മുങ്ങി. അയാളുടെ ആത്മാവ് തൃപ്തിയടഞ്ഞു. അയാള്‍ കാര്യങ്ങളേ കണ്ടുള്ളൂ. ടാഗോര്‍ ധാരാളം വസ്തുതകള്‍ കണ്ടു; മനസ്സിലാക്കി. പക്ഷേ, ജപ്പാന്‍കാരന്‍ കണ്ടത് ജപ്പാന്റെ ആത്മാവിനെയാണ്. ടാഗോര്‍ അയാളെക്കാള്‍ കൂടുതല്‍ കായ്യങ്ങള്‍ മനസ്സിലാക്കിയതുകൊണ്ട് ജപ്പാനെ നല്ലപോലെ മനസ്സിലാക്കി എന്നു പറയാന്‍ വയ്യ.[5] കവിയും ഈ രീതിയില്‍ സ്വത്വം കാണുമ്പോഴേ കവിയെന്ന പേരിന് അര്‍ഹനാവുന്നുള്ളൂ. ഒരു വൃക്ഷം വരയ്ക്കാന്‍ ഒരാളോട് ആവശ്യപ്പെടുന്നുവെന്നിരിക്കട്ടെ. അയാള്‍ യഥാര്‍ഥ കലാകാരനല്ലെങ്കില്‍ വൃക്ഷത്തിന്റെ ഓരോ അംശവും പകര്‍ത്തിവെയ്ക്കും. മരത്തിന്റെ സവിഷേഷത നഷ്ടപ്പെടാതിരിക്കാനാണ് അങ്ങനെ എല്ലാ അംശങ്ങളെയും പകര്‍ത്തുന്നത്. സവിഷേഷതയല്ല സ്വത്വമെന്ന് അയാള്‍ക്കറിഞ്ഞുകൂടാ. എന്നാല്‍ യഥാര്‍തഥ കലാകാരന്‍ വൃക്ഷത്തെ വരയ്ക്കുമ്പോള്‍ അതിന്റെ വിശദാംശങ്ങളെ പരിഗണിക്കാതെ സാരാംശത്തിലേയ്ക്ക് കടന്നുചെല്ലുകയാണ്.

കലാകാരന്‍ പ്രാപഞ്ചികവസ്തുക്കള്‍ക്ക് സ്വത്വം നല്‍കുമ്പോള്‍ അവയുമായി സ്നേഹബന്ധം പുലര്‍ത്തുന്നു. അങ്ങനെ യഥാര്‍ത്ഥ കലാകാരന്‍ പ്രപഞ്ചത്തെയാകെ സ്നേഹിക്കുന്നു. സത്യത്തെയും സൗന്ദര്യത്തെയും സ്നേഹത്തെയും കൂട്ടിയിണക്കിയ മഹാകവിയാണ് രവീന്ദ്രനാഥടാഗോര്‍.


  1. Religion of Man, Page 100.
  2. Victory (Hungry Stones & other stories
  3. Victory (Hungry Stones & other stories)
  4. Personality
  5. Personality