കലയില്‍ മരണമില്ല
കലയില്‍ മരണമില്ല | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന് നായര്‍ |
മൂലകൃതി | എം കൃഷ്ണന് നായരുടെ പ്രബന്ധങ്ങള്‍ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര് | മലയാളം |
വര്‍ഷം |
1987 |
മാദ്ധ്യമം | പ്രിന്റ് (ഹാർഡ്ബാക്) |
പുറങ്ങള്‍ | 624 (ആദ്യ പതിപ്പ്) |
എം കൃഷ്ണന് നായരുടെ പ്രബന്ധങ്ങള്‍
ജര്‍മ്മനിയിലെ ഫ്രാങ്ക്ഫൂര്‍ട്ട് സര്‍വ്വകലാശാലയോടു ബന്ധപ്പെടുത്തി 1923-ല്‍ അവിടെ സ്ഥാപിച്ച ഗവേഷണകേന്ദ്രമാണു് “ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ സയന്‍സ്” എന്നതു്. ഈ സ്ഥാപനത്തോടു ചേര്‍ന്ന വ്യക്തികളെയും ആശയങ്ങളെയും “ഫ്രാങ്ക്ഫൂര്‍ട്ട് സ്ക്കൂള്” — ഫ്രാങ്ക്ഫൂര്‍ട്ട് പ്രസ്ഥാനം — എന്ന പേരുകൊണ്ടു നിര്‍ദ്ദേശിക്കുന്നു. നാത്സികര് അധികാരത്തിലായപ്പോള്‍ ഈ പ്രസ്ഥാനക്കാര്‍ക്കു നാടുവിട്ടുപോകേണ്ടതായിവന്നു. 1949-ലാണു് അവര്‍ തിരിച്ചു നാട്ടിലെത്തിയതു്. ഫ്രാങ്ക്ഫൂര്‍ട്ട് സ്ക്കൂളിലെ പ്രധാനപ്പെട്ട പ്രവര്‍ത്തകര്‍ മാര്‍ക്സ് ഹൊര്ഹീമര്, വാള്‍ട്ടര്‍ ബന്യമിന്, തിയോഡര്‍ അഡോര്‍ നോഹെര്ബര്ട്ട്മര്ക്കൂസ് എന്നിവരാണു്. മാര്‍ക്സിസത്തിന്റെ “ഹെഗേലിയന്‍ ഡൈമന്ഷനു്” പരമപ്രാധാന്യം കല്പിച്ചവരാണു് ഇവര്‍. അതു് എത്രകണ്ടു ശരിയാണെന്നുള്ളതിനെക്കുറിച്ചു് തര്‍ക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. എന്നാള്‍ ഫ്രാങ്ക്ഫൂര്‍ട്ട് സ്കൂളിനെ എതിര്‍ക്കുന്നവരും ആ പ്രസ്ഥാനം സൗന്ദര്യതത്ത്വശാസ്ത്രത്തിനു നല്‍കിയിട്ടുള്ള സംഭാവനകളെക്കുറിച്ചു് ആദരത്തോടെ സംസാരിക്കുന്നുണ്ടു്.
കലയിലും സാഹിത്യത്തിലും ലെനിനോടു ബന്ധപ്പെട്ട ഒരു പാരമ്പര്യമുണ്ടല്ലോ. ആ പാരമ്പര്യം കലാസൃഷ്ടികളെ വിലയിരുത്തുമ്പോള്‍ അവ വര്ഗ്ഗസമരത്തോടു് ഏതുവിധത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നു പരിശോധിക്കാറുണ്ടു്. എന്നാല്‍ ഫ്രാങ്ക്ഫൂര്‍ട്ട് പ്രസ്ഥാനം ഇതില്‍നിന്നു് അല്പം മാറിയിരിക്കുന്നു. മാര്‍ക്സും ഏംഗല്‍സും ഷേക്സ്പിയറിനെയും ബല്‍സാക്കിനെയും ബഹുമാനിച്ചവരാണു്. അങ്ങനെ അവരെ ബഹുമാനിച്ച ആ മഹാ ചിന്തകര്‍ എഴുത്തുകാരുടെ രാഷ്ട്രീയമായ വീക്ഷണഗതിയേക്കാള് സമുദായത്തിന്റെ ആന്തരതരത്തിലേക്കുള്ള അവരുടെ ഉള്ക്കാഴ്ചകളെയാണു് പ്രാധാന്യത്തോടെ കരുതിയതെന്നു വ്യക്തമാകുന്നു. അതിനാല്‍ ഫ്രാങ്ക്ഫൂര്‍ട്ട് പ്രസ്ഥാനക്കാര്‍ക്ക് ഈ “ഉള്‍ക്കാഴ്ചകള്‍” സര്വപ്രധാനമായിത്തീര്ന്നിരിക്കുന്നു. ലെനിനോടു ബന്ധപ്പെട്ട കലാപാരമ്പര്യത്തില്‍ കലയ്ക്കു, സാഹിത്യത്തിനു് എത്ര സ്വാധികാരമുണ്ടോ അതിനേക്കാളൊക്കെ വലിയൊരു സ്വാധികാരം ഫ്രാങ്ക്ഫൂര്‍ട്ട് പ്രസ്ഥാനത്തില്‍ അവയ്ക്കു ലഭിച്ചിരിക്കുന്നു. ആ സ്വാധികാരത്തെ (autonomy) അംഗീകരിച്ചതുകൊണ്ടാണു് നിയോ മാര്‍ക്സിസത്തിന്റെ (ഫ്രാങ്ക്ഫൂര്‍ട്ട് സ്കൂളിനു് ആദ്യം നല്‍കിയിരുന്ന പേരാണു് നിയോമാര്‍ക്സിസം എന്നതു്) ഉദ്ഘോഷകനായ ലൂക്കാച്ചു് പത്തൊന്‍പതാം ശതാബ്ദത്തിലെ ബൂര്‍ഷ്വാ നോവലുകളെ ‘കലവറയില്ലാതെ’ വാഴ്ത്തിയതു്. കലയുടെയും സാഹിത്യത്തിന്റെയും ഈ സ്വാധികാരത്തെ അംഗീകരിച്ചുകൊടുക്കുന്ന ഒരു ഗ്രന്ഥം 1977-ല്‍ ജര്‍മ്മനിയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു; ഹെര്‍ബര്‍ട്ട് മര്‍ക്കൂസിന്റെ Die Permanenz der Kunst: Wider eine bestimmte Marxistsche Aesthetik. ഈ ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ The Aesthetic Dimension എന്ന പേരില്‍ ഹെര്‍ബര്‍ട്ട് മര്‍ക്കൂസ് തന്നെ 1978-ല്‍ നമുക്കു നല്കുകയുണ്ടായി. വാദപ്രതിവാദങ്ങളുടെ കൊടുങ്കാറ്റിളക്കിവിട്ട അതിനെക്കുറിച്ച് സംസ്കാരത്തില്‍ താല്പര്യമുള്ളവരെല്ലാം അറിഞ്ഞിരിക്കേണ്ടതാണു്. ലൂക്കാച്ചും ബന്യമിനും ബ്രഹ്ത്തും മാര്‍ക്സിസത്തില്‍ അടിയുറച്ചു നിന്നുകൊന്റു് കലയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും അഭിപ്രായങ്ങള്‍ രൂപവത്കരിച്ചിട്ടുണ്ടു്. മര്‍ക്കൂസും മാര്ക്സിസത്തില്നിന്നു മാറിപ്പോകുന്നില്ലെന്നു് അദ്ദേഹംതന്നെ പറയുന്നു. പക്ഷേ അദ്ദേഹത്തിന്റേതു് കുറേക്കൂടി മുന്നോട്ടുചെന്ന ചിന്താഗതിയാണു്. കലയുടേയും സാഹിത്യത്തിന്റെയും രാഷ്ട്രവ്യവഹാരസംബന്ധിയായ പ്രവര്‍ത്തനത്തെയും ശക്തിയെയും മാര്‍ക്സിസം ചൂണ്ടിക്കാണിക്കുന്നുണ്ടല്ലോ. മര്‍ക്കൂസ് അതു അംഗീകരിക്കുന്നു. അതേ സമയം കലയുടെ രാഷ്ട്രവ്യവഹാരസംബന്ധിയായ ശക്തിവിശേഷം അതിന്റെ കലാത്മകമായ രൂപത്തിലാണിരിക്കുന്നതെന്നു് അദ്ദേഹം കരുതുകയും ചെയ്യുന്നു (“I see the political potential of art in out itself in the aesthetic form as such”, H. Marcure). ഈ കലാത്മകമായ രൂപത്താല്‍, അതിനു (കലയ്ക്ക്) സാമൂഹിക ബന്ധങ്ങളോടു ചേര്ത്തുനോക്കുമ്പോള് വ്യാപകമായ വിധത്തിലുള്ള സ്വാധികാരമുണ്ടെന്നും അദ്ദേഹം വാദിക്കുന്നു (I argue that by virtue of its aesthetic form, art is largely autonomo vis a vis the given Social relations).
പലതരത്തില്‍ കലയെ (സാഹിത്യത്തെ) വിപ്ലവാത്മകമെന്നു വിളിക്കാമെന്നു മര്‍ക്കൂസ് പ്രസ്താവിക്കുന്നു. ശൈലിയിലും സങ്കേതത്തിലും പരിവര്‍ത്തനം വരുമ്പോള്‍ കല സങ്കുചിതാര്‍ത്ഥത്തില്‍ വിപ്ലവപരമാണു്. [ഈ ലേഖനത്തില്‍ ഇനിയുള്ള ഭാഗങ്ങളില്‍ കലയെന്നു പറയുമ്പോള്‍ അതു സാഹിത്യത്തെക്കൂടി ഉള്‍ക്കൊള്ളിക്കുന്നുണ്ട്]. എക്സ്പ്രഷനിസം സര്‍റീയലിസവും കുത്തകമുതലാളിത്തത്തിന്റെ വിനാശാത്മകതയെ മുന്‍കൂട്ടിക്കണ്ടതിനാല്‍ വിപ്ലവാത്മകമാണു്. എന്നാല്‍ വിപ്ലവകലയുടെ ഈ സാങ്കേതികമായ പരിവര്‍ത്തനം അതിന്റെ ഗുണത്തെക്കുറിച്ചോ സത്യതയെക്കുറിച്ചോ ഒന്നും പറയുന്നില്ല. കലാത്മകമായ പരിവര്‍ത്തനത്തിലൂടെ കലാസൃഷ്ടി വ്യക്തികളിലൂടെ മെച്ചപ്പെട്ട ഭവിതവ്യതമായി ആവിഷ്കരിക്കുകയും നിലവിലുള്ള സ്വാതന്ത്ര്യമില്ലായ്മയേയും വിപ്ലവാത്മക ശക്തികളെയും ചിത്രീകരിക്കുകയും അങ്ങനെ സാമൂഹിക സത്യത്തിലൂടെ കടന്നുചെന്നു പരിവര്‍ത്തനത്തിന്റെ ചക്രവാളത്തെ തുറക്കുകയും ചെയ്യുമ്പോള്‍ അതു (കല) വിപ്ലവാത്മകമായി ഭവിക്കുന്നു. ഈ അര്‍ത്ഥത്തില്‍ യഥാര്‍ത്ഥമായ ഏതു കലാസൃഷ്ടിയും വിപ്ലവാത്മകമാണെന്നു് മര്‍ക്കൂസ് കരുതുന്നു. അത്തരം സൃഷ്ടികളില്‍ സ്ഥിരീകൃതമായ സത്യത്തെ നിന്ദിക്കുന്നുണ്ടാവും. അവയില്‍ സ്വാതന്ത്ര്യത്തിന്റെ ‘ഇമേജ്’ പ്രത്യക്ഷപ്പെടുന്നുണ്ടാവും. അങ്ങനെ നോക്കുമ്പോള്‍ ക്ലാസ്സിക്കല്‍ നാടകങ്ങളും ബ്രഹ്ത്തിന്റെ നാടകങ്ങളും വിപ്ലവപരങ്ങളത്രെ. ഹോയ്ഥെയുടെ Die Wablveruandts chaften എന്ന പ്രതിരൂപാത്മക നോവലും ഗുന്തൂര് ഗ്രസ്സിന്റെ Dog years എന്ന നോവലും വിപ്ലവാത്മകങ്ങളാണ്. വില്യം ബ്ലേക്കിന്റെയും റാങ്ബോയുടെയും കവിതകളെ സംബന്ധിച്ചും ഇതു ശരിയാണു്. കലാസൃഷ്ടികളില്‍ കലാരൂപം പ്രദാനംചെയ്യുന്ന സത്യമുണ്ട്, പ്രതിഷേധമുണ്ട്, വാഗ്ദാനമുണ്ട്. അതിനാല്‍ ബൂഹ്നറുടെ വോയ്റ്റ്സെക്കും (Buchners W yzeck) കാഫ്കയുടെയും ബക്കറ്റിന്റെയും നോവലുകളും വിപ്ലവാത്മകങ്ങളാണു്.
തൊഴിലാളിവര്‍ഗ്ഗത്തിനു വേണ്ടിയോ വിപ്ലവത്തിനുവേണ്ടിയോ രചിക്കപ്പെടുന്നു എന്നതുകൊണ്ടുമാത്രം കല വിപ്ലവാത്മകമാകുകയില്ലെന്നു മര്‍ക്കൂസ് അസന്ദിഗ്ദ്ധമായി പ്രസ്താവിക്കുന്നു. ഉള്ളടക്കം രൂപമായിമാറി എന്ന അര്‍ത്ഥത്തില്‍ മാത്രമേ കലയെ വിപ്ലവപരമെന്നും വിളിക്കാനാവൂ എന്നാണു് അദ്ദേഹത്തിന്റെ മതം. കലയുടെ രാഷ്ട്രവ്യവഹാര സംബന്ധിയായ ശക്തിയിരിക്കുന്നതു് അതിന്റെ കലാത്മകമായ മാനങ്ങളില്‍ മാത്രമാണു്. (The Political potential of art lies only in its own aesthetic dimension) ഈ അര്‍ത്ഥത്തില്‍ ബ്രഹ്മത്തിന്റെ ഉദ്ബോധനാത്മകങ്ങളായ നാടകങ്ങളില്‍ ഉള്ളതിനെക്കാള്‍ വിധ്വംസകശക്തി ബോദ്ലയറിന്റെയും റാങ്ബോയുടെയും കാവ്യങ്ങളിലുണ്ടു്.
എന്താണു് കലാത്മകമായ രൂപം? ഉള്ളടക്കത്തെ — യഥാര്‍ത്ഥമോ ചരിത്രപരമോ വ്യക്തിപരമോ സാമൂഹികമോ ആയ വസ്തുതയെ — സാകല്യാവസ്ഥയില്‍ പരിവര്‍ത്തനം ചെയ്യുമ്പോള്‍ ഉണ്ടാക്കുന്നതാണു് അതു്. യാഥാര്‍ത്ഥ്യത്തിന്റെ ഒരു സ്ഥിരപ്രവര്ത്തനമുണ്ടല്ലോ. അതില്‍നിന്നു വലിച്ചെടുക്കപ്പെടുന്നതാണു് കലാസൃഷ്ടി. അതിനു പ്രാധാന്യമുണ്ടു്; അതിന്റേതായാ സത്യമുണ്ടു്. ഭാഷയ്ക്കും അവഗമനത്തിനും ധാരണയ്ക്കും മാറ്റം വരുത്തി യാഥാര്‍ഥ്യത്തിന്റെ സാരാംശത്തെ ആവിഷ്കരിക്കുമ്പോഴാണു് “കലാത്മകമായ രൂപം” ഉണ്ടാവുക. അങ്ങനെ കലാസൃഷ്ടി യാഥാര്‍ഥ്യത്തെ കുറ്റപ്പെടുത്തിക്കൊണ്ടു് അതിനെ പുനരാവിഷ്കരിക്കുന്നു. (The work of art thus re-presents reality while accusing it) കലയുടെ വിമര്‍ശനപരമായ പ്രവര്‍ത്തനം എന്താണു്? സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ശ്രമത്തില്‍ അതു് ഏതു വിധത്തില്‍ സംഭാവനയരുളുന്നു? രണ്ടിന്റെയും ഉത്തരം അതിന്റെ കലാത്മകമായ രൂപത്തിലുണ്ടെന്നാണു് മര്‍ക്കൂസിന്റെ പ്രസ്താവം. അപ്പോള്‍ കലാസൃഷ്ടി സത്യാത്മകമാകുന്നതു് അതിന്റെ ഉള്ളടക്കത്താലല്ല (സാമൂഹികാവസ്ഥകളുടെ ശരിയായ പ്രതിപാദനത്താലല്ല), അതിന്റെ വിശുദ്ധമായ രൂപത്താലല്ല. പിന്നെയോ? ഉള്ളടക്കം രൂപമായിത്തീര്‍ന്നു എന്നതിനാലാണു്. കലാത്മകമായി രൂപം വര്‍ഗ്ഗസമരത്തിന്റെ വാസ്തവികതയില്‍നിന്നു കലയെ മാറ്റിക്കളയുന്നു എന്നതു ശരിതന്നെ. കലാത്മകമായ രൂപം കലയുടെ സ്വാധികാരത്തെ പ്രദര്‍ശിപ്പിക്കുന്നു എന്നതും ശരി. എന്നാലും ഇതു് അയഥാര്‍ത്ഥമായ ബോധമോ വ്യാമോഹമോ സൃഷ്ടിക്കുന്നില്ല. മറ്റൊരു ബോധം ജനിപ്പിക്കുന്നതേ ഉള്ളു. കലാത്മകമായ രൂപവും സ്വാധികാരവും സത്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സ്ഥിരീകൃതസത്യത്തിന്റെ കുത്തക സ്വഭാവത്തെ തകര്‍ത്തു സത്യമെന്തു് എന്നു് നിര്‍വചിക്കുക എന്നതിലാണു് കലയുടെ സത്യമിരിക്കുന്നതു്. ഈ തകര്‍ക്കലില്‍ — കലാത്മകമായ രൂപത്തിന്റെ സാഫല്യത്തില്‍ — കലയുടെ സങ്കല്പജന്യമായ ലോകം “യഥാര്ത്ഥസത്യ”മായി പ്രത്യക്ഷമാകുന്നു. (In this rupture, which is the achievement of the aesthetic form, the fictitious world of art appears as true reality) അപ്പോള്‍ ഒരു സാമൂഹിക സിദ്ധാന്തത്തെ അവലംബിച്ചുകൊണ്ടു് കലാസൃഷ്ടിയെ മനസ്സിലാക്കാന്‍ പ്രയാസമാണെന്നാണോ മര്‍ക്കൂസ് കരുതുന്നതു്? അങ്ങനെതന്നെ. സാമൂഹികസിദ്ധാന്തത്തെ അവലംബിച്ചു് കലാസൃഷ്ടിയെ മനസ്സിലാക്കാന്‍ അതു വയ്യതന്നെ. കലാസൃഷ്ടിക്കു മൂര്‍ത്ത സ്വഭാവമുണ്ടെന്നും അതിനു് അതിന്റേതായ സാകല്യാവസ്ഥയുണ്ടെന്നും അഡോര്നയോടു പറഞ്ഞ ഗോള്ഡ്മാനോടു് (ലൂക്കാച്ചിന്റെ ശിഷ്യന് Luciengold man) മര്‍ക്കൂസ് യോജിക്കും. ഗോള്‍ഡ്മാന്‍ പറഞ്ഞ ആ വാക്യങ്ങള്‍ പ്രസിദ്ധങ്ങളാണു് The work of art is a universe of colours, sounds and words and concrete characters. There is no death, there is only Phaedra dying. “ — വര്‍ണ്ണങ്ങളുടെയും നാദങ്ങളുടെയും വാക്കുകളുടെയും മൂര്ത്തങ്ങളായ കഥാപാത്രങ്ങളുടേയും പ്രപഞ്ചമാണു് കലാസൃഷ്ടി. അതില്‍ മരണമില്ല; ഫേദ്ര മരിക്കുന്നതേയുള്ളു.” [ഫേദ്ര മിതോഭുജിയിലെ കഥാപാത്രം. ഹിപോലിറ്റസിന്റെ ചിറ്റമ്മ. ഹിപോലിറ്റസിനെ കാമിക്കുന്നു.അതു സാഫല്യത്തിലെത്താതെ ആത്മഹത്യ ചെയ്യുന്നു.]
ഇങ്ങനെ സ്വാധികാരമുള്ള, സാകല്യാവസ്ഥയിലുള്ള, ഉള്ളടക്കം തന്നെ രൂപമായിത്തീര്‍ന്ന വിപ്ളവാത്മകതയുള്ള കലാസൃഷ്ടി വിഷാദാത്മകത്വം പ്രസരിപ്പിച്ചാലും തെറ്റില്ലെന്നു് മര്‍ക്കൂസ് പറയുന്നു. കലയിലെ വിഷാദാത്മകത്വം പ്രതിവിപ്ളവപരമല്ല. (The pessimism of art is not counter revolutionary) വിപ്ളവത്തെ ഊന്നിപ്പറയുന്ന സാഹിത്യത്തില്‍പ്പോലും വിഷാദാത്മകത്വമുണ്ടു്. ഒരുദാഹരണം ബൂഹ്നറുടെ “ദാന്താങ്ങിന്റെ മരണം” എന്ന നാടകം (The Death of Danton), മാര്‍ക്സിന്റെയും എംഗല്‍സിന്റെയും സിദ്ധാന്തങ്ങളില്‍ ദൃഢവിശ്വാസം പുലര്‍ത്തുന്നവരുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തുന്ന ഈ ചിന്തോദ്ദീപകങ്ങളായ ഗ്രന്ഥത്തില്‍ അഞ്ചു് അധ്യായങ്ങളുണ്ടു്. അവയില്‍ പ്രഥമാധ്യായത്തില്‍ പ്രതിപാദിച്ച ആശയങ്ങളുടെ സ്വഭാവമാണു് മുകളില്‍ എടുത്തു കാണിച്ചതു്. മറ്റധ്യായങ്ങളുടെ ആശയ സാമ്രാജ്യത്തിലേക്കു പോകാന്‍ സ്ഥലമനുവദിക്കുന്നില്ല. ഗ്രന്ഥത്തിന്റെ രീതി മനസ്സിലാക്കാന്‍ ഈ അനതി വിസ്തര പ്രതിപാദനം സഹായിക്കുമെന്നാണു് ഈ ലേഖകന്റെ വിശ്വാസം. അതുകൊണ്ടു് മര്‍ക്കൂസിന്റെ ഗ്രന്ഥമാകെ വായിച്ചുനോക്കാനും സ്വന്തം തീരുമാനങ്ങളില്‍ ചെല്ലാനും മാത്രമേ ഞാന്‍ അഭ്യര്ത്ഥിക്കുന്നുള്ളു.
ഫോര്‍മലിസത്തില്‍ രൂപത്തെ ഉള്ളടക്കത്തില്‍നിന്നും മാറ്റിനിര്ത്തുകയാണു്. നാച്ചുറലിസം രണ്ടിനെയും ഒന്നായി കാണുന്നു. മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രമാകട്ടെ രണ്ടിന്റെയും (രൂപത്തിന്റെയും ഉള്ളടക്കത്തിന്റെയും) സമനിലയ്ക്കു് ഊന്നല്‍ കൊടുക്കുന്നു. വേര്‍പെടുത്താന്‍ വയ്യാത്തവിധം അവയ്ക്കു തമ്മില്‍ ഐക്യമുണ്ടെന്നാണു് മാര്‍ക്സിസ്റ്റ് സൗന്ദയ്യശാസ്ത്രത്തിന്റെ പ്രഖ്യാപനം. നിയോമാര്ക്സിസ്റ്റായ മര്‍ക്കൂസ് നാച്ചുറലിസ്റ്റുകളോടു യോജിക്കുകയാണോ? അങ്ങനെയാണെങ്കില്‍ മാര്ക്സിസത്തില്നിന്നു് മാറിപ്പോകാതെയാണു് താന്‍ യുക്തികള്‍ ഉന്നയിക്കുന്നതെന്ന അദ്ദേഹത്തിന്റെ വാദം എത്രത്തോളം ശരിയാണു്? ഇതിനെക്കുറിച്ചൊക്കെ ആലോചിക്കാനും മതങ്ങള്‍ ആവിഷ്കരിക്കാനും കേരളത്തിലെ മാര്‍ക്സിസ്റ്റ് ചിന്തകരോടു അപേക്ഷിച്ചുകൊണ്ടു് ഈ ലേഖകന്‍ മാറിനില്‍ക്കട്ടെ.
|
|
|