close
Sayahna Sayahna
Search

പ്രതിശ്രുത വധു


പ്രതിശ്രുത വധു
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

“എന്നാല്‍ പുറന്തോട് പുറന്തോടു മാത്രമാണു്. കവിതയെന്നത് അതിനകത്തു വസിക്കുന്ന ജീവനുള്ള സത്ത്വവും. അത് അവിടം വാസസ്ഥാനമാക്കിക്കൊണ്ട് അഭിരുചി മാറുന്നതിനനുസരിച്ച് പുറന്തോടിനു മാറ്റംവരുത്തുന്നു. സത്ത്വം അതിന്റെ മുന്നോട്ടുള്ള പോക്കില്‍ പുറന്തോട് കൊണ്ടുനടക്കുന്നു. സ്കോട്ട് മറ്റുള്ളവരെ പറഞ്ഞുകേള്‍പ്പിച്ച് രസിപ്പിക്കാനായി പതിവുപോലെ തന്റെ നേരിയകഥ അതിനകത്തുവെയ്ക്കുന്നു. ആലേ സാന്ദ്രോ മാന്‍ദ്സോണിയാകട്ടെ മനുഷ്യനെ സംബന്ധിക്കുന്ന എല്ലാ ട്രാജഡിയും കോമഡിയും അതിനകത്തു നിവേശിപ്പിച്ചു; സൂക്ഷ്മവും ഗുപ്തവുമായ ധര്‍മ്മബോധമുള്ളവര്‍ മനസ്സിലാക്കിയതു പോലെ” വിശ്വോത്തരമായ I Promessi Sposi (The Betrothed എന്നപേരില്‍ ഇംഗ്ലീഷ് തര്‍ജ്ജമ) എന്ന നോവലിന്റെ രചയിതാവ് ആലേസാന്ദോ മാന്‍ദ്സോണിയേയും സ്കോട്ടിഷ് നോവലിസ്റ്റ് വാള്‍ട്ടര്‍ സ്കോട്ടിനെയും താരതമ്യപ്പെടുത്തിക്കൊണ്ട് ഇറ്റലിയിലെ തത്ത്വചിന്തകനും സാഹിത്യ നിരൂപകനുമായ ക്രോച്ചേ പറഞ്ഞതാണിത്. പുറന്തോട് (Shell) എന്ന പദംകൊണ്ട് ഈ മഹാന്‍ ലക്ഷ്യമാക്കിയത് ചരിത്രപരമായ റൊമാന്‍സിനെയാണ്.സ്കോട്ട് ബഹിര്‍ഭാഗസ്ഥാനവും ആത്മാവില്ലാത്തതുമായ കഥകളെഴുതിയപ്പോള്‍ മാന്‍ദ്സോണി തികച്ചും കാവ്യാത്മകമായ ഒരു നോവല്‍ രചിച്ചുവെന്നാണു് ക്രോച്ചേയുടെ മതം. ക്രോച്ചേ മാത്രമല്ല ഈ നോവലിനെക്കുറിച്ച് സ്തുതിഗീതങ്ങളുതിര്‍ത്തത്.“എനിക്കു ചെറുപ്പമായിരുന്നെങ്കില്‍ ഞാന്‍ I Promessi Sposi തര്‍ജ്ജമ ചെയ്തേനെ. മാന്‍ദ്സോണിക്ക് ഭാവമുണ്ട്; ഭാവചാപല്യമില്ല. കഥാസന്ദര്‍ഭങ്ങള്‍ സ്പഷ്ടങ്ങളും ശക്തങ്ങളുമാണ്. വിഷയങ്ങള്‍ പ്രതിപാദനം ചെയ്യുന്ന അദ്ദേഹത്തിന്റെ രീതി ഇറ്റലിയിലെ അന്തരീക്ഷംപോലെ തെളിവാര്‍ന്നതാണ്” എന്നു പറഞ്ഞു വിശ്വമഹാകവിയായ ഗോയ്ഥേ. ഫ്രഞ്ച് രാജ്യതന്ത്രജ്ഞനും സാഹിത്യകാരനുമായ ഷാതോബ്രിയാങ് (Chateaubriand 1768 — 1848) അഭിപ്രായപ്പെട്ടത്. “വോള്‍ട്ടര്‍ സ്കോട്ട് മഹാനാണ്; പക്ഷേ ആലേസാന്ദ്രോ മാന്‍ദ്സോണി അദ്ദേഹത്തെ അതിശയിക്കുന്നു” എന്നത്രേ. “ദര്‍പ്പണത്തില്‍ നോക്കിക്കൊണ്ടിരിക്കുന്ന നിത്യതയാണു് സൗന്ദര്യം” എന്നു് ഈ കലാശില്പം സാഹിത്യത്തില്‍ താല്‍പ്പര്യമുള്ളവരെല്ലാം കൻടിരിക്കേണ്ടതാണു്.

1828-ലാണു് മാന്‍ദ്സോണിയുടെ ഈ നോവല്‍ പ്രസിദ്ധപ്പെടുത്തിയത്. അന്ന് അത് ഇറ്റലിയിലെ ഒരു മഹാ സംഭവമായി.ആഹ്ലാദം, അത്ഭുതം ഈ വികാരങ്ങളെ ഇളക്കിവിടും അത്തരം സംഭവങ്ങള്‍. കാലംചെല്ലുമ്പോള്‍ ആ വികാരങ്ങളുടെ തീക്ഷണത കുറയുകയും ചെയ്യും. പക്ഷേ മാന്‍ദ്സോണിയുടെ നോവലിനെ സംബന്ധിച്ച് അതല്ല ഉണ്ടായത്. നാടകങ്ങൾ, സംഗീതശില്പങ്ങൾ, ചലച്ചിത്രങ്ങൾ എന്നിവ ഈ നോവലിനെ അവലംബിച്ച് ഇപ്പോഴും ആവിര്‍ഭവിച്ചു കൊണ്ടിരിക്കുന്നു. സഭാവേദികളില്‍ അതിലെ വാക്യങ്ങള്‍ ഉദ്ധരിക്കപ്പെടുന്നു സ്വകാര്യസംഭാഷണങ്ങളില്‍, രാഷ്ട്രവ്യവഹാരമണ്ഡലങ്ങളില്‍ “പ്രതിശ്രുത വധു”വില്‍നിന്നുള്ള ലോകോക്തികള്‍ എടുത്തു കാണിക്കപ്പെടുന്നു. മനുഷ്യരുടെ സ്വഭാവസ്വിശേഷതകള്‍ നോവലിലെ കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകളോട് യോജിച്ചിരിക്കുമ്പോള്‍ അവരെ ആ കഥാപാത്രങ്ങളുടെ പേരുകള്‍ പറഞ്ഞുവിളിക്കുന്നു. ഇത്രത്തോളം ചലനമുളവാക്കിയ വേറൊരു നോവല്‍ ഇല്ലതന്നെ. ഈ നോവല്‍ ആവിര്‍ഭവിച്ചിട്ട് നൂറ്റമ്പതു കൊല്ലം കഴിഞ്ഞിരിക്കുന്നു. മാന്‍ദ്സോണിയെ അതിശയിച്ച വേറൊരു നോവലിസ്റ്റ് ഇന്നുവരെ ഇറ്റലിയില്‍ ഉണ്ടായിട്ടില്ല. “പ്രതിശ്രുതവധു” വിനെ അതിശയിച്ച വേറൊരു ഇറ്റാലിയന്‍ നോവലും ഇല്ല.

കാലം പതിനേഴാം ശതാബ്ദം. സ്ഥലം ഇറ്റലിയിലെ മിലാന്‍ സംസ്ഥാനം. ലോറന്റ്സോ എന്ന യുവാവ് ലൂച്ചിയ എന്ന യുവതിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ലറ്റ്ച്ചോ ഗ്രാമത്തിലെ വൈദികന്‍ അബാണ്‍ടിയോയാണ് അവരുടെ വിവാഹം നടത്തിക്കൊടുക്കേണ്ടത്. വിവാഹദിനത്തിന്റെ തലേദിവസം വൈദികന്‍ ബൈബിള്‍ വായിച്ചും പ്രാര്‍ത്ഥിച്ചും ഒരു പാലം കടക്കുന്ന വേളയില്‍ രണ്ടാഭാസന്മാര്‍ അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തി. അവരിലൊരുത്തന്‍ അദ്ദേഹത്തിന്റെ കാതില്‍ പറഞ്ഞു. “ആ വിവാഹം നടക്കാന്‍ പാടില്ല. നാളെയല്ല, ഒരിക്കലും പാടില്ല” തങ്ങള്‍ റോഡ്റിഗോ പ്രഭുവിന്റെ ആളുകളാണെന്നാണു് അവര്‍ അബാണ്‍ടിയോയെ അറിയിച്ചത്. രാത്രി കൊടുങ്കാറ്റടിക്കുന്ന സമയത്തു് മിന്നലുണ്ടായാല്‍ താല്‍ക്കാലികമായി കുഴപ്പം സൃഷ്ടിച്ചുകൊണ്ട് ഒരു നിമിഷത്തേക്കു് ചുറ്റുപാടുകള്‍ തെളിയുമല്ലോ. എന്നിട്ട് അത് എല്ലാറ്റിനേയും മുന്‍പുള്ളതിനേക്കാള്‍ കൂടുതല്‍ ഭയജനകമാക്കിമാറ്റും. ഈ സ്ഥിതിവിശേഷമാണ് ആ ആഭാസന്‍മാരുടെ വാക്കുകള്‍ വൈദികന്റെ മനസ്സിലുളവാക്കിയത്. ജീവന്‍ നഷ്ടപ്പെടുമല്ലോ എന്നു വിചാരിച്ച് അദ്ദേഹം അവര്‍ക്കു വഴങ്ങി. വിവാഹം നടത്താന്‍ സാദ്ധ്യമല്ലെന്നു യുവതിയേയും യുവാവിനേയും അറിയിക്കുകയും ചെയ്തു. അബാണ്‍ടിയോയെ പറ്റിച്ച് വിവാഹം നടത്താനായി ലോറന്റ്സോയുടെയും ലൂച്ചിയയുടെയും യത്നം. രണ്ടുപേരും അദ്ദേഹത്തിന്റെ മുന്‍പിലെത്തി. “Your Reverence, in the presence of these witnesses this is my wife — ” അത്ര ഭവാന്‍, ഈ സാക്ഷികളുടെ മുന്‍പില്‍വച്ച് ഇവള്‍ എന്റെ ഭാര്യ… ആ വാക്യം പൂര്‍ണ്ണമാക്കാന്‍ അബാണ്‍ടിയോ സമ്മതിച്ചില്ല. മേശയും മറ്റും തട്ടിത്തെറിപ്പിച്ച് അദ്ദേഹം ബഹളമുണ്ടാക്കി.

റോഡ്റിഗോയ്ക്കു സുന്ദരിയായ ലൂച്ചിയയില്‍ നോട്ടമുണ്ടായിരുന്നതുകൊണ്ടാണു് അയാള്‍ വിവാഹം മുടക്കിയത്. മാത്രമല്ല, അവളെ വീട്ടില്‍നിന്നു അപഹരിച്ചുകൊണ്ടുപോകാനും അയാള്‍ ശ്രമിച്ചു. ആ യത്നം വിഫലമായി. ലോറന്‍സോയും ലൂച്ചിയയും മറ്റൊരു വൈദികനായ ക്രിസ്റ്റോഫോറോയുടെ സഹായം തേടി. അദ്ദേഹം ലൂച്ചീയേയും അവളുടെ അമ്മയേയും മൊണ്‍ട്സ് നഗരത്തിലെ ഒരു സന്യാസിമഠത്തിലേക്കു അയച്ചു. ലോറന്റ്സോയെ മിലാൻ പട്ടണത്തിലുള്ള ഒരു മഠത്തിലേക്കും. (മിലാന്‍ സംസ്ഥാനത്തില്‍ മിലാന്‍ എന്നു പേരുള്ള പട്ടണമുണ്ടു്.) പക്ഷേ അയാള്‍ ആ ആശ്രമത്തില്‍ ചെന്നു ചേര്‍ന്നില്ല. നാട്ടിലുണ്ടായ ക്ഷാമത്താല്‍ ബഹളംകൂട്ടുന്ന ബഹുജനത്തോടൊരുമിച്ചു് അയാളും ബഹളംവയ്ക്കുകയായി. പോലീസ് ലോറന്റ്സോയെ അറസ്റ്റു ചെയ്തു. വിപ്ലവകാരികള്‍ അയാളെ മോചിപ്പിച്ചു. അയാളുടെ തല കൊണ്ടുവരുന്നവന് പ്രതിഫലം നല്‍കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചപ്പോള്‍ അയാള്‍ വെനീസ് സംസ്ഥാനത്തിലേക്കു ഒളിച്ചോടി. അവിടെ ഒരു സില്‍ക്ക് മില്ലില്‍ ജോലി സമ്പാദിച്ച് പ്രച്ഛന്നവേഷനായി കഴിഞ്ഞുകൂടി.

റോഡ്റിഗോ ലൂച്ചിയയെ അന്വേഷിക്കുകയായിരുന്നു. അവള്‍ മൊണ്‍ട്സ് നഗരത്തിലെ ആശ്രമത്തിലുണ്ടെന്നറിഞ്ഞപ്പോള്‍ അയാള്‍ പേരില്ലാത്ത ഒരു പ്രഭുവിന്റെ(un-named nobleman) സഹായം അഭ്യർത്ഥിച്ചു. സാമന്തനെന്നനിലയിൽ വർത്തിച്ചിരുന്ന റോഡ്റിഗോ ഈ പ്രഭുവിൻ മുന്‍പ് പല ഉപകാരങ്ങളും ചെയ്തിട്ടുണ്ടു്. അതുകൊണ്ടു്, ‘പേരില്ലാത്ത പ്രഭു’ അയാളെ സഹായിക്കാന്‍ തീരുമാനിച്ചു. അയാള്‍ ലൂച്ചിയയെ അവിടെനിന്നു അപഹരിച്ചു. അവളെ നേരിട്ടു കണ്ടപ്പോഴാണ് അവള്‍ ഏതുവിധത്തിലുള്ള സൗന്ദര്യധാമമാണെന്ന് ‘പേരില്ലാത്ത പ്രഭു’ മനസ്സിലാക്കിയത്. ലൂച്ചിയയുടെ നിഷ്കളങ്കമായ സ്വഭാവവും അയാള്‍ക്കിഷ്ടമായി. ‘പേരില്ലാത്ത പ്രഭു’നേരെ ചെന്നത് കാര്‍ഡിനലിന്റെ അടുത്താണ്. തനിക്കു മാനസാന്തരം വന്നിരിക്കുന്നുവെന്നും ദുഷ്ടനായ റോഡ്‌റിഗോയെ അവളെ ഏല്പിക്കാന്‍ തനിക്കു് ഇഷ്ടമില്ലെന്നും അയാള്‍ അദ്ദേഹത്തെ അറിയിച്ചു. കാര്‍ഡിനല്‍ അയാളുടെ പശ്ചാത്താപത്തില്‍ മനസ്സലിഞ്ഞ് യുവതിയെയും അവളുടെ അമ്മയേയും ഒരു പ്രഭ്വിയുടെ കൂടെ താമസിപ്പിച്ചു.

കാലം കഴിഞ്ഞു. ഒരു വര്‍ഷത്തിലേറെയായി. മിലാന്‍ നഗരത്തില്‍ പ്ലേഗ്. പ്ലേഗ്ബാധ വരുത്തിക്കൂട്ടിയ കുഴപ്പം മുതലെടുത്ത് തനിക്കുള്ള വിലക്ക് പരിഗണിക്കാതെ ലോറന്‍റ്സോ മിലാനിലെത്തി. അയാള്‍ പ്രണയിനിയെ അന്വേഷിച്ചുനടന്നു. അങ്ങനെ നടക്കുന്ന വേളയില്‍ ലോറന്‍റ്സോക്ക്


രോഗം ബാധിച്ചു. അതില്‍നിന്നു രക്ഷപ്പെട്ടതിനുശേഷം അന്വേഷണം തുടര്‍ന്നപ്പോള്‍ ലൂച്ചിയ പ്ലേഗ് ബാധിച്ചവരെ കിടത്തിയിരിക്കുന്ന പൊതുവായ ഒരു കെട്ടിടത്തിലുണ്ടെന്ന് അറിഞ്ഞു. അയാള്‍ അവളെ കണ്ടു. ആ ഭവനത്തില്‍ ദുഷ്ടനായ റോഡ്റിഗോയും രോഗംപിടിച്ചു കിടക്കുകയാണ്. ക്രിസ്റ്റോ ഫെറോ രോഗികളെ ശുശ്രൂഷിക്കാന്‍ എത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ച് ലോറന്‍റ്സോ റോഡ് റിഗോക്കു മാപ്പുകൊടുത്തു. ലൂച്ചിയ പ്ളേഗില്‍നിന്നു രക്ഷപ്പെടുകയും റോഡ്റിഗോ അതിന്റെ പിടിയില്‍പ്പെട്ട് മരിക്കുകയും ചെയ്തു. അബാണ്‍ടിയോ ലോറന്‍റ്സിന്റെയും ലൂച്ചിയയുടേയും വിവാഹം നടത്തുമ്പോള്‍ നോവല്‍ അവസാനിക്കുന്നു.

ഏത് ഉത്കൃഷ്ടമായ നോവലിന്റേയും ഇതിവൃത്തം സംഗ്രഹിച്ചു പറഞ്ഞാല്‍ “ഇതിലെന്തിരിക്കുന്നു?” എന്ന സംശയം ആര്‍ക്കുമുണ്ടാകും. ആ സന്ദേഹംതന്നെ ഈ കഥാസംഗ്രഹം ജനിപ്പിക്കുന്നുവെന്ന് ഞാന്‍ മനസ്സിലാക്കുന്നുണ്ടു്. കലാത്മകങ്ങളായ അനേകം ഏകകങ്ങളെ കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ആഹ്ളാദാനുഭൂതി സംക്ഷേപത്തില്‍നിന്നു ലഭിക്കുകയില്ല. നോവലിസ്റ്റ് എന്തെല്ലാം പറയുന്നുവോ അതൊക്കെ കൂടിച്ചേര്‍ന്നതാണ് നോവല്‍. അതുകൊണ്ടു് ഈ കൃതിയുടെ സൗന്ദര്യം കാണാന്‍ കൊതിയുള്ളവര്‍ ഇതിലേക്കുതന്നെ പോകേണ്ടതാണ് നേരിട്ട്. അങ്ങനെ പോയാല്‍ ക്രോച്ചെ പറഞ്ഞതുപോലെ മനുഷ്യജീവിതത്തിലെ ട്രാജഡിയും കോമഡിയും ഒരു “ഹിസ്റ്റോറിക്കല്‍ റൊമാന്‍സി”ല്‍ മാന്‍ദ്സോണി ഒതുക്കിയിരിക്കുന്നതിന്റെ അസുലഭമായ ചിത്രം വായനക്കാര്‍ക്കു ലഭിക്കും.

ചരിത്രപരമായ റൊമാന്‍സ് എന്നു ഈ നോവലിനെ വിളിക്കുന്നുണ്ടെങ്കിലും ചരിത്രമെന്നത് ഇവിടെ പശ്ചാത്തലം മാത്രമാണു്. ചരിത്രത്തെ അവലംബിച്ച് രചിക്കപ്പെട്ട മറ്റു നോവലുകളില്‍ രാജാക്കന്മാരും അവരുടെ പ്രതിപുരുഷന്‍മാരുമാണ് സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. മാന്‍ദ്സോണിയുടെ കൃതിയിലാകട്ടെ കര്‍ഷകര്‍ക്കാണ് പ്രാധാന്യം. ലോറന്‍റ്സോയും ലൂച്ചിയയും പാവപ്പെട്ട കര്‍ഷകരത്രേ. അവരെ പ്രഭുക്കന്മാരും പാര്‍ശ്വവര്‍ത്തികളും പീഡിപ്പിക്കുന്നു. അതില്‍ അവര്‍ തകര്‍ന്നടിയുന്നു. ദുഷ്ടരായ അക്കൂട്ടരുടെ പീഡിപ്പിക്കല്‍ മാത്രമല്ല നോവലില്‍ ചിത്രീകരിച്ചിട്ടുള്ളതു്. പ്രാപഞ്ചികസംഭവങ്ങള്‍ പാവങ്ങളെ ബാധിക്കുന്നതുപോലെ സാമ്പദികസൗകര്യങ്ങളുള്ളവരെ ബാധിക്കാറില്ലല്ലോ. ക്ഷാമവും പ്ളേഗുംകൊണ്ട് ചത്തുവീണത് പാവപ്പെട്ടവരാണു്. കലാകാരന്റെ അഗാധസ്ഥിതമായ മനുഷ്യസ്നേഹമാണു് ഇവിടെ പ്രകടമാകുന്നത്. അങ്ങനെ സാധുക്കള്‍ സങ്കടമനുഭവിക്കുമ്പോള്‍ വായനക്കാരായ നമ്മളും അവരോടൊരുമിച്ച് ദുഃഖിക്കുന്നു. അവര്‍ ആഹ്ലാദിക്കുമ്പോള്‍ നമ്മളും ആഹ്ലാദിക്കുന്നു. പതിനേഴാംശതാബ്ദത്തിലെ മിലാന്‍ ജനതയെയാണ് പത്തൊന്‍പതാം ശതാബ്ദത്തിലെ നോവലിസ്റ്റ് ചിത്രീകരിക്കുക. പക്ഷേ മാന്‍ദ്സോണിയുടെ കലാവൈഭവംകൊണ്ട് ആ ജനത നമ്മോടൊരുമിച്ച് ജീവിക്കുന്നവരാണെന്നു് തോന്നുന്നു. ഇനിയുള്ള നൂറ്റാണ്ടുകളിലേയും സഹൃദയർ മിലാന്‍ ജനതയെ ഇങ്ങനെതന്നെ കാണും. തന്റെ ആവിഷ്ക്കാരത്തിന് സാര്‍വജനീനസ്വഭാവം വരുത്താന്‍ മാന്‍ദ്സോണിക്കു കഴിഞ്ഞു എന്നാണ് നമ്മള്‍ ഇതില്‍ നിന്നു ഗ്രഹിക്കേണ്ടത്.

ഉത്കടപ്രേമത്തിനു എത്ര ഒന്നിത്യമുണ്ടെങ്കിലും അവാസ്തവികസ്വഭാവമുണ്ടെന്നാണ് എന്റെ പക്ഷം. അതുകൊണ്ടാണോ എന്നറിഞ്ഞുകൂട മാന്‍ദ്സോണി അതിന്റെ പ്രതിപാദനം ഒഴിവാക്കിയിരിക്കുന്നു. മരണത്തിലും മറ്റു രീതിയിലുള്ള ദുരന്തങ്ങളിലും എത്തുന്ന ഉത്കൃഷ്ടപ്രേമം പാവപ്പെട്ട കര്‍ഷകര്‍ക്കുണ്ടാകുന്നതിലും അനൗചിത്യമുണ്ടു്. മാന്‍ദ്സോണിയുടെ നായകനും നായികയും ലളിതമായ സ്നേഹത്തിന്റെ മാത്രം പ്രതിരൂപങ്ങളാണ്. അത്തരത്തിലുള്ള വികാരം വിഷമന്വേഷിക്കുന്നില്ല; സൗധങ്ങളുടെ മുകള്‍ത്തട്ടില്‍നിന്നു താഴേക്കു നോക്കുന്നില്ല; കഠാരയുടെ മൂര്‍ച്ച പരിശോധിക്കുന്നില്ല. അടിത്തട്ടു കാണാവുന്ന കൊച്ചരുവിപോലെ പ്രശാന്തമായി ഒഴുകുന്നതേയുള്ളു. ലൂച്ചിയയിടേയും ലോറന്‍റ്സോയുടേയും സ്നേഹം ഇതുപോലൊരു നിര്‍മ്മലപ്രവാഹമാണ്. ആ പ്രവാഹത്തിന്റെ രണ്ടു കരകളും സന്മാര്‍ഗ്ഗത്തിന്റേതാണു്. അതു മന്ദംമന്ദം ഒഴുകി ലക്ഷ്യത്തിലെത്തുന്നു. വിശ്വസാഹിത്യത്തില്‍ത്തന്നെ വിരളമായ കാഴ്ചയാണിത്.

ലോകസാഹിത്യത്തിലെ മാസ്റ്റര്‍പീസുകളെ വായനക്കാര്‍ക്കു പരിചയപ്പെടുത്തിക്കൊടുക്കാന്‍ മാത്രമേ ഇവിടെ ഉദ്ദേശിക്കുന്നുള്ളൂ. അപ്പോള്‍ ഗ്രന്ഥകാരനെക്കുറിച്ചുള്ള അറിവിനും സാഹിത്യകൃതിയുടെ ഇതിവൃത്തസംഗ്രഹത്തിനുമാണ് പ്രാധാന്യം കൈവരിക. പാശ്ചാത്യനിരൂപകരുടെ മട്ടിലുള്ള നിരൂപണത്തിനു ഒരു പ്രകരണാനുസാരവുമില്ല. അതിനാല്‍ അതിനൊന്നും ഞാന്‍ ശ്രദ്ധിക്കുന്നില്ല. ഈ നോവലിലെ കഥാപാത്രങ്ങള്‍ — അബാണ്‍ടിയേയും ലൂച്ചിയയും ലോറന്‍റ്സോയും അച്ചടിമഷിപുരണ്ട പുറങ്ങളില്‍നിന്ന് എഴുന്നേറ്റുവന്നു നമ്മോടു സംസാരിക്കുന്നു. അവര്‍ പുഞ്ചിരിപൊഴിക്കുന്നു, കരയുന്നു. പൊടുന്നനവേ അവര്‍ നമ്മുടെ അനുജന്മാരായും അനുജത്തിമാരായും മാറുന്നു. ഉദ്ഗ്രഥിതമായ ഭാവനാശക്തിയാല്‍ അനുഗൃഹീതരായവര്‍ക്കു മാത്രമേ ജീവനാര്‍ന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കാനാവൂ.

“പ്രതിശ്രുതവധു”വിലെ വര്‍ണ്ണനകള്‍ നിസ്തുലങ്ങളാണ്. ക്ഷാമത്തിന്റേയും പ്ലേഗിന്റേയും വര്‍ണ്ണനകള്‍ വായിച്ചാല്‍ നമ്മള്‍ പ്രകമ്പനംകൊള്ളും. മാൻദ്സോണിയുടെ കഥാപാത്രങ്ങള്‍ക്കു ശക്തിയുണ്ടു, ഭൗര്‍ബല്യമുണ്ടു്. ആ ശക്തി ദൗര്‍ബല്യങ്ങളാണ് അവയ്ക്കു പരമമായ മനുഷ്യത്വം പ്രദാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ പ്രകൃതിവര്‍ണ്ണനകള്‍ക്കുമുണ്ടു് ഈ ദ്വന്ദ്വഭാവം. ക്ഷാമത്തിന്റേയും പ്ളേഗിന്റേയും വര്‍ണ്ണനകള്‍ നോക്കു. മാന്‍ദ്സോണി നോവല്‍സാഹിത്യത്തിലെ മീക്കലാഞ്ചലോയോ ഡാവിഞ്ചിയോ ആണെന്നു കാണാം.