എന്തൊരു സൗന്ദര്യം
എന്തൊരു സൗന്ദര്യം | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന് നായര്‍ |
മൂലകൃതി | എം കൃഷ്ണന് നായരുടെ പ്രബന്ധങ്ങള്‍ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര് | മലയാളം |
വര്‍ഷം |
1987 |
മാദ്ധ്യമം | പ്രിന്റ് (ഹാർഡ്ബാക്) |
പുറങ്ങള്‍ | 624 (ആദ്യ പതിപ്പ്) |
എം കൃഷ്ണന് നായരുടെ പ്രബന്ധങ്ങള്‍
ഒരിക്കലും സാക്ഷാത്കരിക്കാന്‍ കഴിയാത്ത സൗന്ദര്യത്തെ ലക്ഷ്യമാക്കിയുള്ള മനുഷ്യന്റെ അന്വേഷണത്തെ പ്രതിഭാശാലികള്‍ എല്ലാക്കാലത്തും ചിത്രീകരിച്ചിട്ടുണ്ട്. രവീന്ദ്രനാഥ ടാഗോറിന്റെ “പോസ്റ്റാഫീസ്”, ഓനീലിന്റെ “ചക്രവാളത്തിനപ്പുറം” എന്നീ നാടകങ്ങള്‍ ഈ അന്വേഷണാസക്തിയെ ചിത്രീകരിക്കുന്നു. വിദൂരചക്രവാളത്തിനപ്പുറത്തുള്ള അജ്ഞാത സൗന്ദര്യത്തെ തേടുന്ന ടാഗോറിനെ ‘പോസ്റ്റാഫീസ്’ എന്ന കൃതിയില്‍ കാണാം. “I am restless, I am a thirst for the far away” എന്നു പാടിയ കവിയുടെ മനസ്സ് സ്പഷ്ടമായി ഈ കൃതിയില്‍ പ്രതിഫലിക്കുന്നു. ഓനീലിന്റെ നാടകത്തിലെ പ്രധാന കഥാപാത്രമായ റോബര്‍ട്ടു് ചക്രവാളത്തിനപ്പുറത്തുള്ള അജ്ഞാത മണ്ഡലത്തില്‍ പ്രസരിക്കുന്ന സൗന്ദര്യത്തെ സാക്ഷാത്കരിക്കാന്‍ കൊതിക്കുകയാണു്. നിരനിരയായി നില്ക്കുന്ന കുന്നുകളുടെ മുകളില്‍ അല്പാല്പമായി പ്രത്യക്ഷമാകുന്ന സൂര്യബിംബത്തെ കണ്ടു് പ്രയാസത്തോടെ എഴുനേറ്റു ചക്രവാളത്തിലേക്കു വിരല്‍ ചൂണ്ടിക്കൊണ്ടു് റോബര്‍ട്ടു് തകര്‍ന്നു വീഴുന്നു. രണ്ടും ഉജ്ജ്വലങ്ങളായ കലാശില്പങ്ങളാണു്. പക്ഷേ കലാസൗഭഗം കൊണ്ടു് ആ രണ്ടു കൃതികളെയും ബഹുദൂരം അതിശയിക്കുന്ന ഒരു ജാപ്പാനീസ് നോവലിന്റെ ഇംഗ്ലീഷ് തർജ്ജമ ഞാന്‍ വായിച്ചു. അന്ധകാരത്തില്‍ പ്രകാശം വീഴ്ത്തുന്ന, ഭാവനയുടെ പരിമളം വീശുന്ന ഈ കലാസൃഷ്ടിയെക്കുറിച്ചു് എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണു്.
1968-ലെ സാഹിത്യത്തിനുള്ള നോബല്‍സമ്മാനം നേടിയ യസൂനാരി കവാബത്തയുടെ “തടാകം” (Lake) എന്ന നോവലിനെക്കുറിച്ചാണു് ഇവിടെ പറയുന്നതു്. ‘Snow Country’എന്ന നോവലിനെ പ്രധാനമായും അവലംബിച്ചണു് കവാബത്തയ്ക്കു നോബല്‍ സമ്മാനം നല്കിയതു്. പക്ഷേ തന്റെ ‘Sound of the Mountain’ എന്ന നോവലായിരുന്നു കവാബത്തയ്ക്കു് കൂടുതലിഷ്ടം. അതിനുശേഷം അദ്ദേഹം രചിച്ച “The House of the Sleeping Beauties” എന്ന ചെറിയ നോവലാണു നിരൂപകര്‍ ‘മാസ്റ്റര്‍പീസായി’ കൊണ്ടാടിയതു്. ഒരു വേശ്യാലയത്തില്‍ മയക്കിക്കിടത്തിയിരിക്കുന്ന പെണ്‍കുട്ടികളുമായി ശയിക്കുന്ന ഒരു വൃദ്ധന്റെ അസാധാരണമായ കഥയാണത്. ആ നോവല്‍ ഒരു നിരുപമകലാശില്പം തന്നെ. എന്നാല്‍ അതിന്റെ ആവിര്‍ഭാവത്തിനു് മുന്‍പ്–സൂക്ഷ്മമായിപ്പറഞ്ഞാല്‍ 1954-ല്‍ കവാബത്ത രചിച്ച ‘തടാകം’ എന്ന നോവല്‍ ചിന്താമണ്ഡലത്തിന്റെ ഔന്നത്യംകൊണ്ടും കലാസൗന്ദര്യത്തിന്റെ പൂര്‍ണ്ണതകൊണ്ടും ‘ഉറങ്ങുന്ന സുന്ദരികളുടെ ഭവന’ത്തെ അതിശയിപ്പിക്കുന്നുവെന്നാണു് എന്റെ പക്ഷം.
മുപ്പത്തിനാലുവയസ്സുള്ള ഗിംപൈ ഉഷ്ണകാലത്തിന്റെ അവസാനത്തില്‍ കറുയിസാവാ നഗരത്തിലെത്തുമ്പോള്‍ കഥ ആരംഭിക്കുന്നു. ഉഷ്ണകാലമാണെങ്കിലും അവിടെ അതു് ശരല്കാലമായിട്ടാണു് തോന്നുക. താന്‍ പോലീസുകാര്‍ തേടുന്ന ഒരു കുറ്റക്കാരനാണോ എന്നാണു് അയാളുടെ സംശയം. ഒരു പക്ഷേ പരാതി സമര്പ്പിക്കപ്പെട്ടിട്ടില്ലായിരിക്കാം. അതിനാലാവാം നിയമരക്ഷകര്തന്നെ അന്വേഷിക്കാത്തതെന്നു് അയാള്‍ കരുതി. ഗിംപൈ നേരെ പോയതു് “ടര്‍ക്കിഷ് ബാത്ത്” നടത്താന്‍[1] സൗകര്യമുള്ള സ്ഥലത്തേക്കാണു്. കുളിപ്പിക്കുന്ന യുവതി അയാളെ കുളിമുറിയിലേക്കു കൊണ്ടുപോയി. വാതിലടച്ചതിനു ശേഷം അവള് തന്റെ വെളുത്ത ബ്ലൗസ് ഊരി. ബ്രാ മാത്രമെ അവള് അപ്പോള്‍ ധരിച്ചിരുന്നുള്ളു. ഗിംപൈയുടെ വസ്ത്രങ്ങള്‍ അഴിച്ചു മാറ്റിയതിനുശേഷം യുവതി അയാളെ കുളിപ്പിക്കാന്‍ തുടങ്ങി. ഗിംപൈ കുളിക്കുന്നതിനിടയില്‍ അവളോടു പറയുകയാണു്–“നിന്റെ ശബ്ഗം മനോഹരമാണു്.”
“ശബ്ദമോ?”
“അതേ. നീ സംസാരിച്ചുകഴിഞ്ഞാലും അതു് തങ്ങി നില്ക്കും…ഏതു ഭയങ്കരനായ കുറ്റക്കാരനെയും അതു് ആട്ടിന്‍ കുട്ടിയെപ്പോലെ പ്രശാന്തനാക്കും.” അവള്‍ക്കു പ്രായം കഷ്ടിച്ചു് ഇരുപതു വയസ്സു വരും. ആ തോളുകളും കാലുകളും വയറും കണ്ടാല്‍ കന്യകാത്വത്തിനു ഉലച്ചില്‍ സംഭവിക്കാത്ത പെണ്‍കുട്ടി എന്നാരും പറയും. അവളുടെ മനോഹരമായ ശബ്ദം കേള്‍ക്കുമ്പോഴെല്ലാം ഗിംപൈ എല്ലാം വിസ്മരിക്കും. അതില്‍ അല്പം അത്യുക്തിയുണ്ടെന്നു തോന്നും. അല്ലേ? പക്ഷേ ശബ്ദത്തെ പിന്തുടരാന് പറ്റുമോ? അതിനെ പിടിച്ചുകെട്ടാന്‍ സാധിക്കുമോ? ഇതൊക്കെയാണു് അയാളുടെ വിചാരം.
“ഒന്നു മലര്‍ന്നു കിടക്കുമോ?” പെണ്‍കുട്ടി വളരെ പതുക്കെ ചോദിച്ചു. പൂക്കളുടെ പരിമളം പോലെ, പ്രകമ്പനത്തിന്റെ നേരിയ ധ്വനിയോടെ എത്തിയ ആ ചെറിയ നാദം അയാളുടെ കാതുകളില്‍ നിറഞ്ഞു. മലര്‍ന്നുകിടന്നപ്പോള്‍ അതു് അയാളെ പിന്തുടരുകയും ചെയ്തു. ആ രീതിയിലുള്ള ഒരു ഹര്ഷോന്മാദം അയാള്‍ അതിനുമുന്‍പു് അനുഭവിച്ചിട്ടില്ല. അവള് അയാളുടെ നെഞ്ച് ഉഴിയുമ്പോള്‍ സ്വന്തം വക്ഷോജങ്ങള്‍ മുന്നോട്ടേക്കു് തള്ളി; അതുകണ്ട ഗിംപൈ കണ്ണടച്ചു. അയാള്‍ കൈയൊന്നു് അനക്കിയാല്‍ മതി അവളുടെ ശരീരത്തില്‍ തട്ടും. തന്റെ വിരല്ത്തുമ്പു് അവളുടെ ദേഹത്തെവിടെയെങ്കിലും തൊട്ടാല്‍ തനിക്കു് കരണത്തടികിട്ടുമെന്നു് അയാള്‍ക്കു തോന്നി. ആ തോന്നല്‍ മുന്‍പുണ്ടായ ഒരു സംഭവത്തിലേക്കു് അയാളെ കൊണ്ടു ചെന്നു. കുളിപ്പിക്കുന്ന പെണ്‍കുട്ടിയുടെ മൃദുലമായ കരതലമല്ല അയാളുടെ കവിളില്‍ വന്നുവീണതു്; നീല നിറമുള്ള ഒരു ഹാന്ഡ്ബാഗാണു്.
ഗിംപൈ വഴിയില്‍വച്ചു കണ്ട മിയാക്കോ എന്ന യുവതിയുടെ പിറകേ പോകുകയായിരുന്നു. അവളെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ അടുത്തപ്പോള്‍ അവള് ബാഗ് വലിച്ചൊരേറു്. ബാഗ്കൊണ്ടു് മിയാക്കോ അയാളുടെ മുഖത്തടിച്ചോ, അതോ വെറുതേ അയാളുടെ മുന്‍പിലേക്കു് അതെറിഞ്ഞുകൊടുത്തോ? എന്തോ അറിഞ്ഞുകൂടാ. യുവതി പൊയ്ക്കഴിഞ്ഞപ്പോള്‍ ഗിംപൈ ബാഗ് തുറന്നു നോക്കി. അതിനകത്തു് രണ്ടുലക്ഷം യന്നിന്റെ നോട്ടുകള്‍; ഒരു പാസ് ബുക്കും. പണമെടുത്തിട്ടു് അയാള്‍ ബാഗും പാസ്ബുക്കും നശിപ്പിച്ചു. പണം നഷ്ടപ്പെടുത്തിയ യുവതി പത്രത്തില്‍ പരസ്യം ചെയ്യുന്നുണ്ടോ?, റേഡിയോയില്‍ ക്കൂടി ആളുകള്‍ അറിയിക്കുന്നുണ്ടോ എന്നെല്ലാം അയാള്‍ നോക്കി. ഇല്ല, ഒന്നുമില്ല.
മിയാക്കോയെസ്സംബന്ധിച്ച ഈ വിചാരം മറ്റൊരു വിചാരത്തിനു വഴിതെളിച്ചു. ശിഷ്യയായ ഹിസാക്കോയുടെ പിറകെ ഗിംപൈ പോയ സംഭവം. അക്കാലത്തു ഹിസാക്കോ ഒരു കൊച്ചു പെണ്‍കുട്ടി, തന്നെ ഇപ്പോള്‍ കുളിപ്പിക്കുന്നവളേക്കാള് പ്രായം കുറഞ്ഞവള്‍. ഹിസാക്കോയുടെ പിറകേ നടന്ന ഗിംപൈ അവളുടെ വീട്ടിന്റെ നടയില്‍ ചെന്നുനിന്നു. ‘സാറിനെന്തുവേണ’മെന്നു് അവള് ചോദിച്ചു. തന്റെ കാലില്‍ പുഴുക്കടിയുണ്ടെന്നും അതിനുള്ള മരുന്നു് ഹിസോക്കോയുടെ അച്ഛന്റെ കൈയ്യില്‍നിന്നു വാങ്ങിക്കൊടുക്കണമെന്നും ഗിംപൈ അവളോടു പറഞ്ഞു. അടുത്ത ദിവസം അവള് മരുന്നുകൊണ്ടു കൊടുത്തു. പക്ഷേ, വിദ്യാര്‍ത്ഥിനിയുമായി അനഭിലഷണീയമായ ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചതിനു് ഗിംപൈ ജോലില്‍ നിന്നു് ‘ഡിസ്മിസ്സ്’ ചെയ്യപ്പെട്ടു.
പെണ്‍കുട്ടിയുടെ സംവാഹനത്തിനു വിധേയനായി മലര്‍ന്നു കിടക്കുന്ന ഗിംപൈ മറ്റൊരു കാര്യം ആലോചിക്കുകയായി. അമ്മയുടെ ഗ്രാമത്തിനടുത്തുള്ള തടാകം. മഞ്ഞുമൂടിക്കിടക്കുന്ന തടാകം. അതിന്റെ ഉപരിതലത്തില്‍ മഞ്ഞുകട്ടികള്‍. ഗിംപൈ ബാലനായിരുന്നപ്പോള്‍ അവന്റെ ‘കസിന്’ യായോയി എന്ന പെണ്‍കുട്ടിയെ തടാകത്തിന്റെ മുകളിലൂടെ നടത്തി കൊല്ലാനായി തീരുമാനിച്ചു. പക്ഷേ ആ ആഗ്രഹം സഫലീഭവിച്ചില്ല.
ഗിംപൈ പറഞ്ഞിരുന്നതുപോലെ അയാള്‍ക്കു കാലില്‍ പുഴുക്കടി ഉണ്ടായിരുന്നോ? സംശയമാണു്; ഒരിക്കല്‍ പറഞ്ഞ കള്ളം അപ്രത്യക്ഷമാകുന്നില്ല. ഗിംപൈ പെണ്ണുങ്ങളുടെ പിറകേ[2]
പോകുന്നതുപോലെ അസത്യങ്ങള്‍ അയാളുടെ പിറകെ പോകുന്നു.കുറ്റവും അങ്ങനെയല്ലെ? ഒരിക്കല്‍ ചെയ്യപ്പെട്ട കുറ്റം അയാളെ അനുധാവനം ചെയ്യുന്നു. അങ്ങനെ അയാള്‍ അതു് ആവര്‍ത്തിക്കുന്നു. ചീത്ത സ്വഭാവങ്ങളും ഈ വിധത്തിലത്രേ. ഒരിക്കല്‍ ഒരു പെണ്ണിന്റെ പിറകേ പോയാല്‍ പിന്നെ വേറൊരുത്തിയുടെ പിറകേ പോകും.അതിനുശേഷം വേറൊരുവള്‍. കാലിലെ പുഴുക്കടിപോലെയാണു് സ്ത്രീകളുടെ പിറകെയുള്ള പോക്ക്. അതു് വ്യാപിക്കും…. കുളി കഴിഞ്ഞു. പെണ്‍കുട്ടി തന്റെ അർദ്ധനഗനമായ ശരീരം ഗിംപൈയുടെ നഗ്നതയുടെ അടുത്തേക്കു കൊണ്ടുചെന്നു. സ്വര്‍ഗ്ഗീയ സംഗീതം അയാളുടെ അന്തരംഗത്തില്‍ തരംഗ പരമ്പരകള്‍ ഉളവാക്കി.
ഒരു കുന്നിന് ചരിവു്. അതിന്റെ അടിയില്‍നിന്നും മാഷി എന്ന ഒരു പെണ്‍കുട്ടി പട്ടിയെ നടത്തിക്കൊണ്ടു പോകുന്നു, പിറകെയുണ്ടു് ഗിംപൈ. അവളുടെ പട്ടിയെ കണ്ടപ്പോള്‍ അയാള്‍ പൂര്‍വ്വകാല സംഭവം ഓര്‍മ്മിച്ചു. യായോയി അയാളെക്കൊണ്ടു് ചത്ത എലിയെ എടുപ്പിച്ചു് തടാകത്തിലേക്കു് എറിയിച്ച സംഭവം. യായോയിയുടെ പട്ടിയാണു് എലിയെ കടിച്ചുകൊന്നതു്. അയാള്‍ മാഷിയെ സമീപിച്ചു ചോദിച്ചു. ‘നിന്റെ പട്ടി എലിയെ പിടിക്കുമോ?’ ഗിംപൈക്കു് മറുപടി കിട്ടിയില്ല. അവള് നടന്നു നടന്നു് കാമുകന്റെ അടുക്കലെത്തുന്നതു് കണ്ടു് അയാള്‍ അത്ഭുതപ്പെട്ടു. ഹാ! തടാകം. ഗിംപൈയുടെ അച്ഛന് തടാകത്തില്‍ വീണാണു് മരിച്ചതു്. ചിലര്‍ പറഞ്ഞു അതൊരു കൊലപാതകമായിരുന്നുവെന്നു്. അന്നു് ഗിംപൈക്കു പത്തു വയസ്സുണ്ടു്…കാമുകിയും കാമുകനും അങ്ങു് അകലെ കിടക്കുന്നു. താന്‍ യൗവ്വനം വീണ്ടെടുത്തു് അവരെപ്പോലെ ആകുമോ? പൂക്കള്‍ പ്രതിഫലിക്കുന്ന തടാകം ഗിംപൈ ഓര്‍മ്മിച്ചു. തന്റെ അമ്മയുടെ ഗ്രാമത്തിലുള്ള തടാകം. അവിടെ ധാരാളം മിന്നാമിനുങ്ങുകള്‍ ഉണ്ടു്, അവയെ പിടിച്ചെടുക്കാന്‍ ആളുകള്‍ കൂടും… ഇതാ ഇവിടെ ബോട്ടുകൾ കൂടിക്കിടക്കുന്നിടത്തു് മാഷിയെത്തും. മിന്നാമിനുങ്ങിനെ പിടിക്കാന്‍. അവളെ മനസ്സില്‍ കരുതി ഗിംപൈ പറഞ്ഞു:‘എന്റെ അടുത്ത ജന്മത്തില് ഞാന്‍ സുന്ദരങ്ങളായ കാലുകളോടുകൂടി ജനിക്കും, നീ അന്നും ഇങ്ങനെയായിരിക്കും. അന്നു ഞാന്‍ നിന്നോടൊരുമിച്ചു നൃത്തം ചെയ്യും.
മിന്നാമിനുങ്ങുകളെ കൂട്ടിലടച്ചു വില്ക്കുകയാണു് അവിടെ. ഗിംപൈ ഒരു കൂടു വാങ്ങിച്ചു് മാഷി അറിയാതെ അവളുടെ ബല്റ്റില് തൂക്കി. അയാള്‍ അകലെ ചെന്നുനിന്നു നോക്കിയപ്പോള്‍ അതു് അവ്യക്തശോഭയാര്ന്നു മിന്നുന്നു.
ഗിംപൈ നടന്നു. അയാളുടെ പിറകെ വൈരൂപ്യമാര്‍ന്ന ഒരു സ്ത്രീ. വൈരൂപ്യമുള്ളവളെങ്കിലും മൃദുലങ്ങളായ കരതലങ്ങള്‍ അവള്‍ക്കുണ്ടു്. ആ കരതലം കൊണ്ടു് അവള് ഗിംപൈയുടെ കരം ഗ്രഹിച്ചു. അവര്‍ ഒരു മദ്യശാലയിലേക്കു ചെന്നു.അവിടിരുന്നു് അവര്‍ രണ്ടുപേരും കുടിക്കുകയാണു്. രണ്ടു കാഴ്ചകള്‍. മിന്നാമിനുങ്ങുകളെ പിടിക്കുന്ന മാഷി. വൈരൂപ്യത്തിനു് ആസ്പദമായ ഒരു സ്ത്രീ മദ്യാലയത്തില്‍. മാഷി ഒരു മധുര സ്വപ്നം. പക്ഷേ വൈരൂപ്യമാര്‍ന്ന ഈ സ്ത്രീ യാഥാർത്ഥ്യമാണു്. കുടിക്കുന്ന ഈ സ്ത്രീ എന്ന യാഥാര്‍ത്ഥ്യത്തിലൂടെ വേണം സ്വപ്നത്തില്‍ പെണ്‍കുട്ടിയുടെ സമീപത്തെത്താന്‍. ഇവളുടെ വൈരൂപ്യം മാഷിയുടെ മുഖം പ്രത്യക്ഷമാക്കി. വൈരൂപ്യമുള്ളവള് പറഞ്ഞു: “വര്‍ഷങ്ങളായി എനിയ്ക്കൊരു പുരുഷനെ കിട്ടിയിട്ടു്…”
“അതേ നാം അന്യോന്യം വേഴ്ചയിലേര്‍പ്പെടാന്‍ വിധിക്കപ്പെട്ടവരാണു്” എന്നു് അയാള്‍ മനസ്സില്ലാമനസ്സോടെ മറുപടി നല്കി. അവളുടെ ബൂട്ട്സ് ഇട്ടിട്ടില്ലാത്ത കാലുകള്‍ ഗിംപൈ നോക്കി. എന്തൊരു വൃത്തികേടു്! കാലുകള്‍ നീട്ടിവച്ചു് അവര്‍ കിടക്കുന്നതു് അയാളൊന്നു സങ്കല്പിച്ചു. അപ്പോള്‍ ഗിംപൈക്കു ഛര്‍ദ്ദിക്കണമെന്നു തോന്നി.. അയാള്‍ അവളെ വിട്ടു നടന്നു. അവള് കല്ലുകള്‍ പെറുക്കി അയാളെ എറിഞ്ഞു. മുടന്തി നടന്ന ഗിംപൈ തന്നോടു തന്നെ ചോദിച്ചു. താന്‍ മാഷിയുടെ പിറകില്‍ മിന്നാമിനുങ്ങു കൂടു തൂക്കിയതിനുശേഷം എന്തുകൊണ്ടു് വീട്ടിലേക്കു പോയില്ലെന്നു്. ഗിംപൈ ലോഡ്ജില്ചെന്നു് സോക്ക്സ് അഴിച്ചുനോക്കിയപ്പോള്‍ കണങ്കാലു് ലേശം ചുവന്നിരിക്കുന്നു. നോവല്‍ ഇവിടെ അവസാനിച്ചു.
പതിനേഴാം ശതകത്തില്‍ ജപ്പാനില്‍ അഭിവൃദ്ധി പ്രാപിച്ച ഒരു കാവ്യ വിഭാഗമാണു് ഹീക്കൂ. പതിനേഴു ‘സിലബില്‍’ ഉള്ള ഈ ഹ്രസ്വകാവ്യം വൈരുദ്ധ്യാത്മകങ്ങളായ രണ്ടു വസ്തുതകളെ ആവിഷ്കരിച്ചു് സൗന്ദര്യാനുഭൂതി ജനിപ്പിക്കുന്നു. ഉദാഹരണം:
Yellow firefly..
Little lamp-flame!
That to the
Human touch is chill
(മഞ്ഞനിറമാര്‍ന്ന മിന്നാ മിനുങ്ങേ! കൊച്ചുവിളക്കിന്റെ ദീപമേ. മനുഷ്യസ്പര്ശത്തിനു് നീ എത്ര തണുത്തതു്!)
ഹീക്കുവിന്റെ പാരമ്പര്യം പുലര്‍ത്തുന്ന പ്രതിഭാശാലിയാണു് കവാബത്തയെന്നു് ഒരു നിരൂപകന് പറയുന്നു. (Snow Country and Thousand Games എന്ന ഗ്രന്ഥത്തിന്റെ അവതാരിക:പെന്ഗ്വിന് ബുക്കു്) ഈ വൈരൂദ്ധ്യം ‘തടാക’ത്തിലും ദര്‍ശിക്കാം. വൈരൂപ്യത്തെയും സൗന്ദര്യത്തെയും ആലേഖനം ചെയ്തു് കവാബത്ത അനുവാചകനു് രസാനുഭൂതിയുളവാക്കുന്നു. ശരി തന്നെ. എങ്കിലും അതിലും കവിഞ്ഞ ഒരര്‍ത്ഥം ഈ നോവലിനുണ്ടെന്നുള്ളതു് പ്രകടമാണു്. നോവലിന്റെ ഒരു ഭാഗത്തു് കവാബത്ത ചോദിക്കുന്നു: “അയാളുടെ ശരീരത്തിന്റെ ഒരു ഭാഗത്തിനുള്ള വൈരൂപ്യം സൗന്ദര്യത്തിനുവേണ്ടി കൊതിക്കുകയായിരുന്നോ? വിരൂപങ്ങളായ കാലുകള്‍ സൗന്ദര്യമുള്ള സ്ത്രീകളെത്തേടിപ്പോയതു് ദൈവീകമായ സങ്കല്പത്തിന്റെ ഒരു ഭാഗമാണോ?” മര്മ്മസ്പര്ശിയാണു് ഈ വാക്യങ്ങളെന്നു് എനിക്കു തോന്നുന്നു. പാറക്കെട്ടുകളിലൂടെ, ചരല്‍ക്കല്ലുകളിലൂടെ നടക്കുന്ന ഏതു കാലും ഗിംപൈയുടെ കാലുപോലെ വിരൂപമാകാതിരിക്കന് വയ്യ. നിത്യജീവിതംപോലെ യാഥാര്‍ത്ഥ്യം തന്നെയാണു് വൈരൂപ്യം. അതിനെ സമാശ്ളേഷിച്ചു് കഴിയുന്ന നമ്മളില്‍ ചിലരെങ്കിലും അന്യൂന സൗന്ദര്യത്തെ സാക്ഷാത്ക്കരിക്കാന്‍ ശ്രമിക്കുന്നുണ്ടു്. യത്നം വിഫലമാണെങ്കിലും അതു നടക്കുന്നുണ്ടു്. ഗിംപൈയുടെ രോഗാര്‍ത്തമായ കാലു് നിത്യജീവിത യാഥാര്‍ത്ഥ്യമാകുന്ന വൈരൂപ്യത്തെ സൂചിപ്പിക്കുന്നു. ആ കാലു പിന്തുടരുന്ന ചേതോഹരാംഗികളാവട്ടെ ശുദ്ധ സൗന്ദര്യത്തിന്റെ ശാശ്വത പ്രതീകവും, സൗന്ദര്യാന്വേഷണം വ്യര്‍ത്ഥമായി ഭവിക്കുമ്പോള്‍ അടുത്ത ജന്മത്തിലെങ്കിലും അതു് സാദ്ധ്യമാകുമെന്നു വ്യക്തി വിചാരിക്കുന്നു.
ഇങ്ങനെ ചക്രവാളത്തിനപ്പുറമുള്ള സൗന്ദര്യമണ്ഡലത്തിലേക്കു കുതിച്ചു ചെല്ലാന്‍ വ്യക്തിയുടെ ചിത്തവിഹംഗമം ശ്രമിക്കുമ്പോള്‍ വിധിയെന്ന തടാകത്തില്‍ അവന് ചിലപ്പോള്‍ വീണുപോകുന്നു. തീരത്തു നില്ക്കുന്ന പുഷ്പങ്ങളെ പ്രതിഫലിപ്പിക്കുന്ന ആ തടാകം സുന്ദരമാണെന്നു തോന്നുന്നുണ്ടോ? സുന്ദരം തന്നെ. പക്ഷെ ഗിംപൈയുടെ അച്ഛന്റെ മൃതദേഹം അവിടെ നിന്നു തന്നെയാണു് കണ്ടെടുത്തതും. ചീഞ്ഞളിഞ്ഞ ശവം കിടന്ന തടാകം ഭയങ്കരവുമത്രേ. വിധിയുടെ സൗന്ദര്യവും വൈരൂപ്യവും കവാബത്ത അസുലഭമായ കലാവൈദഗ്ദ്ധ്യത്തോടെ ചിത്രീകരിക്കുന്നു.
ഈ പ്രതിരൂപാത്മകതയെവിട്ടു് വാച്യമായ അര്‍ത്ഥത്തില്‍ തന്നെ നാം നോവലിനെ സംവീക്ഷണം ചെയ്താലും അതിന്റെ രാമണീയകത്തിനു ഒരു കുറവും സംഭവിക്കുന്നില്ല. വൈഷയികതലത്തിലെത്തുമ്പോഴും ‘സെക്സ്’ ജൂഗുപ്സാവഹമാകുന്നില്ല. അങ്ങനെ ആകുന്നില്ലെന്നു മാത്രമല്ല അതു് ആഹ്ലാദജനകമാകുകയും ചെയ്യുന്നു. കാരണം കവാബത്ത സെക്സിന്റെ ഓജസ്സിനെയാണു് ആവിഷ്ക്കരിക്കുന്നതു്. ഹെന്‍ട്രി മില്ലറുടെയും ലൂയി ഫെര്ദിനാങ് സേലീന്റെയും നഗ്നമായ, വിരൂപമായ ‘സെക്സ്’ കവാബത്തയുടെ സൗന്ദര്യമാര്‍ന്ന സെക്സിന്റെ മുന്പില് ലജ്ജിച്ചുപോകും.
അത്ഭുതാവഹമായ കലാസങ്കേതമാണു്-ടെക്നിക്കാണു്-കവാബത്തെ നോവല്‍ രചനയില്‍ അംഗീകരിച്ചിട്ടുള്ളതു്. നിത്യജീവിത യാഥാര്‍ത്ഥ്യം പൊടുന്നനവെ കിനാവിന്റെ അവ്യക്തതയിലേക്കു മറിയുന്നു. ആ അവ്യക്തത ബോധധാരാ മാര്‍ഗ്ഗത്തിലേക്കു പ്രവഹിക്കുന്നു. അവിടെനിന്നു് അതു് സ്വപ്നത്തിലേക്കും യാഥാര്‍ത്ഥ്യത്തിലേക്കും വരുന്നു. എന്നാലും എല്ലാ തലത്തിലും സൗന്ദര്യം. ഈ നോവല്‍ അസാധാരണമായ കലാസൃഷ്ടിയാണ്. ഇതില്‍ ജീവിതയാതാര്ത്ഥ്യത്തിന്റെ ഇടിനാദവും ശുദ്ധസൗന്ദര്യത്തിന്റെ മിന്നല്‍ പ്രവാഹവും ഒരുമിച്ചുചേരുന്നു.
|
|
|