സംഹാരത്തിലെ സൃഷ്ടി
സംഹാരത്തിലെ സൃഷ്ടി | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന്‍ നായര്‍ |
മൂലകൃതി | എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | മലയാളം |
വര്‍ഷം |
1987 |
മാദ്ധ്യമം | പ്രിന്റ് (ഹാർഡ്‌ബാക്) |
പുറങ്ങള്‍ | 624 (ആദ്യ പതിപ്പ്) |
എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
അക്രമം വിമലീകരിക്കുന്ന ശക്തിയാണു് — എന്നത് ഫനാങ് എന്ന ചിന്തകന്റെ പ്രഖ്യാതമായ ചൊല്ലാണു്. വെസ്റ്റ് ഇന്‍ഡീസിലെ മാര്‍ട്ടിനീക്ക് ദ്വീപില്‍ 1925-ല്‍ ജനിച്ച ഫനാങ് 1961 ല്‍ ന്യൂയോര്‍ക്കില്‍വെച്ചു മരിച്ചു. രക്തത്തിലെ അര്‍ബുദത്താലാണു് അദ്ദേഹം ചരമം പ്രാപിച്ചത്. മുപ്പത്താറു കൊല്ലമേ അദ്ദേഹം ജീവിച്ചിരുന്നുള്ളു. എന്നാല്‍ ഹ്രസ്വമായ ഈ കാലത്തിനിടയ്ക്കു് മഹാചിന്തകനായി ഫനാങ് ആദരിക്കപ്പെട്ടു. ട്രാജഡി കഥാര്‍സിസിലൂടെ — വികാര വിരേചനത്തിലൂടെ — പ്രേക്ഷകന്റെ മനസ്സിനെ ശുദ്ധീകരിക്കുന്നതുപോലെ അക്രമം മനുഷ്യന്റെ മനസ്സിനെ വിമലീകരിക്കുന്നു എന്നാണു് ഈ ചിന്തകന്റെ മതം. കൊളോണീയലിസത്തെക്കുറിച്ച് അദ്ദേഹമെഴുതിയ ദി റെച്ചഡ് ഓഫ് ദി എര്‍ത്ത് എന്ന ഗ്രന്ഥം അക്രമത്തിന്റെ ഒരു ക്ലാസ്സിക്കായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഷാങ്പോള്‍ സാര്‍ത്രിന്റെ അനുഗ്രഹവും ഈ അക്രമ പ്രഖ്യാപനത്തിനു് ഉണ്ടായിട്ടുണ്ട്. അവതാരികയില്‍ സാര്‍ത്ര് പറയുന്നു: “അടിച്ചമര്‍ത്താന്‍ വയ്യാത്ത ഈ അക്രമം ശബ്ദമോ ആവേശമോ അല്ല; അപരിഷ്കൃതങ്ങളായ ജന്മവാസനകളുടെ പുനരുത്ഥാനമല്ല; ദ്വേഷത്തിന്റെ ഫലവുമല്ല. മനുഷ്യന്‍ തന്നെത്തന്നെ വീണ്ടും സൃഷ്ടിക്കലാണത്.”
ഇരുപതാം ശതാബ്ദത്തിലെ ഈ അക്രമപ്രവണത കൊളോണിയലിസത്തില്‍ മാത്രമല്ല ദൃശ്യമാകുന്നത്. പരിണാമത്തിന്റെയും സംസ്‌കാരത്തിന്റെയും രാഷ്ട്രവ്യവഹാരത്തിന്റെയും മണ്ഡലങ്ങളില്‍ അക്രമത്തിനു സ്ഥാനമുണ്ട്. അക്രമമില്ലാതെ ജീവികള്‍ക്കു കഴിഞ്ഞുകൂടാന്‍ സാദ്ധ്യമല്ലെന്നു റ്റി. എച്ച്. ഹക്സിലി പ്രഖ്യാപിക്കുന്നു. ‘നഗ്നവാനരന്‍’ എഴുതിയ ഡെസ്മണ്ട് മോറീസും ‘ഓണ്‍ അഗ്രെഷന്‍’ എഴുതിയ കോണ്‍റാറ്റ് ലോറന്റ്സും ‘ദി ഗോസ്റ്റ് ഇന്‍ ദി മെഷീന്‍’ എഴുതിയ ഒര്‍റ്റൂര്‍ കോയ്സ്റ്റ്ലഠും പരിണാമത്തിലുള്ള അനിവാര്യമായ അക്രമം എടുത്തുകാണിക്കുന്നു. ടെക്‍നോളജി പുതുതായി ആവിര്‍ഭവിക്കുമ്പോള്‍ അതിന്റെ ‘പ്രസവവേദന’യെന്ന മട്ടില്‍ അക്രമം ആവിര്‍ഭവിക്കുന്നുവെന്നാണു് കനേഡിയന്‍ ചിന്തകന്‍ മര്‍ഷല്‍ മക്‍ലൂവിന്റെ അഭിപ്രായം. ഈ ശതാബ്ദത്തിന്റെ അസ്ഥിമജ്ജയില്‍ മൃഗീയതയുണ്ടു് എന്നു് അമേരിക്കന്‍ സാഹിത്യകാരനായ നോര്‍മന്‍ മെയ്ലര്‍ എഴുതിയതും ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മിക്കേണ്ടതാണ്.അക്രമത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ചിന്തകന്മാര്‍ എഴുതിയതിന്റെ ഫലമായി യൂറോപ്പും ഇംഗ്ലണ്ടും അമേരിക്കയും അതിനെ അംഗീകരിച്ചോ? അതോ ആ രാജ്യങ്ങളിലെ ജനത അക്രമാസക്തമായപ്പോള്‍ ചിന്തകന്മാര്‍ ആ വസ്തുതയെ എടുത്തുകാണിച്ചോ? രണ്ടാമത്തേതാണ് ശരിയെന്നു് ഞാന്‍ വിശ്വസിക്കുന്നു. സത്യം എന്തായാലും ഈ പ്രവണതയുടെ ഫലമായി ജനങ്ങളുടെ ഐക്യം തകര്‍ന്നു; കൊലപാതകങ്ങള്‍ സര്‍വസാധാരണങ്ങളായി, കുടുംബബന്ധങ്ങള്‍ ശിഥിലങ്ങളായി. പിതാവിനേയും ഗുരുനാഥനേയും നിരസിക്കാനുള്ള പ്രവണത വളര്‍ന്നു. നന്മ, സത്യം, സൗന്ദര്യം എന്നീ മൂല്യങ്ങള്‍ നിരാകരിക്കപ്പെട്ടു. ഇങ്ങനെ തകര്‍ച്ച സംഭവിച്ച ഒരു കുടുംബത്തിന്റെ കഥ ഷ്ളാവോമിര്‍ മ്രോഷക്‍ എന്ന പോളിഷ് നാടകകര്‍ത്താവ് തന്റെ ടാങ്കോ എന്ന നാടകത്തിലൂടെ പറയുന്നു. 1930-ലാണു് മ്രോഷക്കിന്റെ ജനനം. 1964-ലാണ് അദ്ദേഹം ‘ടാങ്കോ’ എഴുതി പ്രസിദ്ധിപ്പെടുത്തിയതു്. 34 വയസ്സുള്ള ഒരു നാടകകാരന്റെ ആ കലാശില്പം കണ്ട് ലോകജനത അത്ഭുതപ്പെട്ടു. നാടകസാഹിത്യത്തിലെ ‘സീമാചിഹ്ന’മായി പരിഗണിക്കപ്പെടുന്ന ആ നാടകത്തെക്കുറിച്ച് ഇന്നും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു.
പോളണ്ടിലെ ഒരു സാധാരണ കുടുംബത്തിലാണ് കഥ നടക്കുന്നത്. ആര്‍തര്‍ എന്ന യുവാവാണു് പ്രധാന കഥാപാത്രം. അയാളുടെ അച്ഛനും അമ്മയും മുത്തശ്ശിയും വലിയമ്മാവനും മറ്റു കഥാപാത്രങ്ങള്‍. അല എന്ന പെണ്‍കുട്ടി ആര്‍തറിന്റെ കസിനാണ്. ഇവര്‍ക്കു പുറമെ എഡ്വേര്‍ഡു് എന്ന ബട്ലറും രംഗത്തു വരുന്നുണ്ടു്. പഴയ തലമുറ ഉല്പതിഷ്ണത്ത്വത്തിനു വേണ്ടി സമരം ചെയ്യുന്നു. അതിന്റെ ഫലം തലമുറകള്‍ തമ്മിലുള്ള വിടവ്. ഇതാണല്ലോ നാം ഇന്നു കണ്ടുവരുന്നതു്. ഈ നാടകത്തിലെ രീതി അതല്ല. അക്രമാസക്തമായ ചിന്താഗതി ചിരസ്ഥായിത്വമുള്ള മൂല്യങ്ങളെ തകര്‍ത്തപ്പോള്‍ ആ കുടുംബത്തിലെ മകനൊഴിച്ചുള്ള അംഗങ്ങളാണു് വിപ്ലവകാരികളായതു്. പരമ്പരാഗതങ്ങളായ മൂല്യങ്ങളേയും വിശ്വാസങ്ങളേയും ആചാരങ്ങളേയും കാറ്റില്‍പറത്തി ജീവിക്കുകയാണ് അച്ഛനും അമ്മയും. അച്ഛന്റെ പേര് സ്റ്റോമില്‍, അമ്മയുടേത് നോറ. അവര്‍ സ്നേഹബന്ധരായിരുന്ന കാലത്തു് നോറയുടെ അച്ഛനമ്മമാരുടെ മുന്‍പില്‍വെച്ച് കാമചാപല്യങ്ങള്‍ കാണിച്ച് പാരമ്പര്യത്തെ ലംഘിക്കാന്‍ മടിച്ചില്ല. അത് പ്രതിഷേധത്തിന്റെ പ്രകടനമായിരുന്നു. അങ്ങനെ പ്രാചീനങ്ങളായ മൂല്യങ്ങളെ വെല്ലുവിളിച്ചിട്ടു് അവര്‍ വിവാഹിതരാകാന്‍ തീരുമാനിച്ചു. അന്നു പ്രകടിപ്പിച്ച ആ ധൈര്യം പിന്നീടുള്ള കാലമത്രയും അവര്‍ പ്രദര്‍ശിപ്പിച്ചു. അമ്മ രാത്രി കിടക്കുന്നത് ബട്ലര്‍ എഡ്വേര്‍ഡിനോടൊരുമിച്ചാണു്; അത് ഭര്‍3ത്താവിന്റെ അറിവോടുകൂടിയും. താഴെ ചേര്‍ക്കുന്ന സംഭാഷണം ഈ പ്രവൃത്തിയെ അച്ഛനും മകനും എങ്ങനെയാണു് പരിഗണിക്കുന്നതെന്നു് വ്യക്തമാക്കിത്തരും.
- ആര്‍തര്‍
- ഇവിടെ നടക്കുന്നതെന്താണെന്നു് അറിഞ്ഞുകൂടെ?
- സ്റ്റോമില്‍
- ഇല്ല, ഇല്ല. എനിക്കറിഞ്ഞുകൂടാ.
- ആര്‍തര്‍
- അച്ഛനു നല്ലപോലെ അറിയാം.
- സ്റ്റോമില്‍
- എനിക്കറിഞ്ഞുകൂടെന്നും അറിയാന്‍ എനിക്കാഗ്രഹമില്ലെന്നും ഞാന്‍ നിനക്ക് ഉറപ്പു തരുന്നു.
- ആര്‍തര്‍
- അവന്‍ (ബട്ലര്‍) അമ്മയോടൊരുമിച്ച് ഉറങ്ങുകയാണു്.
(സ്റ്റോമില്‍ മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.) എന്തെങ്കിലും പറയാനുണ്ടോ?
- സ്റ്റോമില്‍
- എന്റെ പ്രിയപ്പെട്ട കുട്ടീ! നീ പറയുന്നതു ശരിയാണെന്നിരിക്കട്ടെ. മനുഷ്യസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനഘടകങ്ങളിലൊന്നാണു് ലൈംഗിക സ്വാതന്ത്ര്യം. അതിന് നിനക്കുള്ള മറുപടി എന്താണു്?
ഒരുത്തന്റെ ഭാര്യയെ മറ്റൊരുവന് നല്കിയിട്ട് അവന്റെ ഭാര്യയെ ഇങ്ങോട്ടു സ്വീകരിക്കുന്നത് (Mate swapping) മൂല്യനിരാസത്തിന്റെ ഫലമാണ്. നാടകത്തില്‍ സ്റ്റോമില്‍ നോറയെ ബട്ലര്‍ക്ക് കൊടുക്കുന്നതേയുള്ളു. സമുദായത്തില്‍ ഭാര്യാദാനമുണ്ടെങ്കില്‍ അതു കാമത്തിന്റെ പേരിലാകാനേ തരമുള്ളു. സ്റ്റോമില്‍ സഹധര്‍മ്മിണിയെ ബട്ലറോട് ഒരുമിച്ചു കിടക്കാന്‍ അനുവദിക്കുന്നത് പരമ്പരാഗതങ്ങളായ മൂല്യങ്ങളെ തകര്‍ക്കുന്നതിനു വേണ്ടി മാത്രമാണ്. അയാള്‍ ജീവിതരീതിയിലും ജീവിതതത്ത്വചിന്തയിലും കലയിലും വിപ്ലവകാരിയാണ്. കലയില്‍ പുതിയ പുതിയ പരീക്ഷണങ്ങള്‍ നടത്തി അവയെല്ലാം മകന്റേയും മറ്റുള്ളവരുടെ മുന്‍പിലും പ്രദര്‍ശിപ്പിക്കാന്‍ അയാള്‍ക്ക് എന്തെന്നില്ലാത്ത കൗതുകമാണു്. അതു കാണുന്ന മകനു പുച്ഛം. വിപ്ളവം ജയിച്ചാല്‍ പിന്നെയെന്തു്? മകന്‍ വിപ്ലവത്തിനോട് എതിരിടുന്നു. ടാങ്കോ എന്നതു വൈഷയികത്വമുള്ള ഒരുതരം നൃത്തമാണു്. സ്റ്റോമിലും നോറയും ചെറുപ്പക്കാരായിരുന്ന കാലത്ത്, പാരമ്പരീയ സാന്മാര്‍ഗികത്വത്വത്തിനു പ്രാധാന്യമുണ്ടായിരുന്ന കാലത്ത്, ആ നൃത്തമാടാന്‍ പാടില്ലായിരുന്നു. പക്ഷേ, അവര്‍ ആ സന്മാര്‍ഗ്ഗത്തെയും മൂല്യങ്ങളേയും ലംഘിച്ചപ്പോള്‍ ടാങ്കോനൃത്തം നടത്തുന്നതിന് ഒരു തടസ്സവുമുണ്ടായില്ല. പുതിയ തലമുറക്കാരനെങ്കിലും അച്ഛനമ്മമാരുടെ വിപ്ലവചിന്താഗതിയോടു സംഘട്ടനത്തിനു തയ്യാറാവുന്ന മകന്‍ യാഥാസ്ഥിതികത്വത്തിന്റെ ഉദ്ഘോഷകനാണ്. അയാള്‍ക്കു ടാങ്കോനൃത്തത്തെക്കുറിച്ചു സങ്കല്പിക്കാന്‍പോലും സാദ്ധ്യമല്ല. ഈ രീതിയില്‍ സദാചാര തല്‍പരനായി വര്‍ത്തിക്കുന്ന ആര്‍തര്‍ കുടുംബാംഗങ്ങളോടൊരുമിച്ചു ബട്ലര്‍ ഇരുന്നു് ചീട്ടുകളിക്കുന്നതു കണ്ടപ്പോള്‍ കോപാകുലനായി. നാടകമാരംഭിക്കുന്നത് അങ്ങനെയാണ്. ചീട്ടുകളി നടക്കുമ്പോള്‍ ആര്‍തര്‍ അവിടേക്കു കടന്നുവരുന്നു. ബട്ലറെക്കണ്ടു് അയാള്‍ ചോദിക്കുന്നു: “അതാരു്?” ആ ചോദ്യം കേട്ടു് ബട്ലര്‍ പോകാനായി എഴുന്നേറ്റു. പോകരുതെന്നു് ആര്‍തറുടെ മുത്തശ്ശി വിലക്കി. യുവാവു് ബട്ലറോട് “കടക്കു പുറത്തു്” എന്നലറി. അയാള്‍ പോയപ്പോള്‍ ആര്‍തര്‍ മറ്റുള്ളവരുടെ നേര്‍ക്കു തിരിഞ്ഞു “…അരുതെന്നു് എത്ര തവണ ഞാന്‍ കെഞ്ചി?” എന്നു ചോദിച്ചു. അക്രമം നശിപ്പിച്ച വ്യവസ്ഥിതിയെ വീണ്ടും കൊണ്ടുവരുന്നതിനു യത്നിക്കുന്ന ആര്‍തറിനു് ഈ സന്മാര്‍ഗ്ഗഭ്രംശം നീതിമത്കരിക്കാന്‍ വയ്യ. ബട്ലറെക്കൂടെ കളിയില്‍ ചേര്‍ത്താല്‍ എന്തു തെറ്റാണുള്ളതെന്നു് കുടുംബാംഗങ്ങള്‍ക്കും അറിഞ്ഞുകൂടാ. “പഴയകാലം — വിപ്ലവം! — ഒറ്റച്ചാട്ടത്തിന്നു് ആധുനിക കാലത്തു് വന്നുചേരുന്നു. പ്രാചീനമായ കലയില്‍നിന്നും പ്രാചീനമായ ജീവിതത്തില്‍നിന്നും അവസാനം സ്വാതന്ത്ര്യം നേടി മനുഷ്യന്‍ രണ്ടു കാലില്‍ മുന്നോട്ടു പോകുന്നു. പഴയ ദൈവങ്ങളെ തട്ടിത്താഴെയിടുന്നു. വിഗ്രഹമിരുന്നിടത്ത് അവര്‍ കയറിനില്ക്കുന്നു — ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞു — വിലങ്ങുകള്‍ തകര്‍ത്തെറിഞ്ഞു! വിപ്ലവവും വികാസവും — അവയാണു് ഞങ്ങളുടെ രണഭാഷണം. പഴയ രൂപങ്ങള്‍ നശിക്കട്ടെ. മാമൂലുകളെ നല്ലപോലെ പിളര്‍ക്കു. പുതിയ ജീവിതം — ചലനാത്മകവും സര്‍ഗ്ഗാത്മകവും സ്വതന്ത്രവും ആയ പുതിയ ജീവിതം — നീണാള്‍ വാഴട്ടെ — രൂപത്തിന്നു് അതീതമായി — അതേ രൂപത്തിന്നു് അതീതം” എന്നു് ഉദ്ഘോഷിക്കുന്ന അച്ഛനേയും, “അതേ എഡ്വേര്‍ഡ് എന്നോടൊരുമിച്ചു കിടക്കുന്നു” എന്നു മകനോടു തുറന്നുപറയുന്ന അമ്മയേയും മകനു് എങ്ങനെ സഹിഷ്ണുതയോടെ നോക്കാന്‍ സാധിക്കും. വിപ്ലവത്തെ — അക്രമത്തെ — അക്രമംകൊണ്ടു നേരിടാനായി അയാള്‍ തീരുമാനിച്ചു. ട്രൗസേഴ്സ് വേണ്ടപോലെ കുടുക്കിടാതെ വരുന്ന അച്ഛനോട് മകന്‍ ക്ഷോഭിക്കുന്നു. ട്രൗസേഴ്സില്‍ ബട്ടണ്‍സില്ലെന്നാണു് അച്ഛന്റെ സമാധാനം. മാത്രമല്ല ബട്ടണ്‍സിടുന്നത് യാന്ത്രികമായ രീതിയാണു്. മനുഷ്യന്‍ യുക്തിപരമായി ജീവിക്കുകയാണ് വേണ്ടത്. സ്റ്റോമില്‍ ഇങ്ങനെ പറഞ്ഞെങ്കിലും ആര്‍തര്‍ അത് കേള്‍ക്കാന്‍ പോകുന്നില്ല. പുരോഗതി വിപ്ലവത്തില്‍ തുടങ്ങുന്നു. വിപ്ലവമാകുന്ന പാറയിലാണു് പുരോഗതിയുടെ ദേവാലയം സ്റ്റോമിലും കൂട്ടുകാരും നിര്‍മ്മിച്ചത്. ഈ വാദഗതി അസത്യാത്മകമാണെന്നു് ആര്‍തര്‍ കരുതി. അച്ഛന്റെയും അമ്മയുടേയും ഈ ലോകത്തിന്നു രൂപമില്ല, ഘടനയില്ല, ഉള്ളടക്കമില്ല എന്നാണു് മകന്‍ വിചാരിക്കുന്നതു്. അതുകൊണ്ട് രൂപവും ഘടനയും ഉള്ളടക്കവും ഉണ്ടാക്കാന്‍വേണ്ടി ആര്‍തര്‍ കസിന്‍ അലയെ നിയമാനുസാരിയായി കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. ഈശ്വരനെ കൈയില്‍ കിട്ടിയാല്‍ അദ്ദേഹത്തിലും പരീക്ഷണം നടത്താന്‍ തെയ്യാറായിരിക്കുന്ന സ്റ്റോമിലിനെ നോക്കി ആര്‍തര്‍ പറഞ്ഞത് “എനിക്കു് അച്ഛനില്ല. എനിക്കു് അയാളോടുള്ള എല്ലാ ബന്ധങ്ങളും തീര്‍ന്നു. ആരംഭംതൊട്ട് ഞാന്‍ അച്ഛനെ നിര്‍മ്മിക്കാന്‍ പോകുകയാണു്” എന്നാണു് — മകന്റെ യത്നം ഫലിച്ചോ? ഫലിച്ചെന്നാണു് ആര്‍തറിന്റെ വലിയമ്മാവന്‍ കരുതിയത്. പക്ഷേ, വിവാഹദിനത്തില്‍ ആര്‍തര്‍ കുടിച്ചു ബോധമില്ലാതെയാണു് എത്തിയത്. അയാളെന്തിനു കുടിച്ചു? മനസ്സിരുത്തി നാടകം വായിച്ചാല്‍ അതിനുള്ള കാരണം കാണാന്‍ കഴിയും. ആര്‍തര്‍ പറയുന്നു: — “ഇനിനമുക്കെല്ലാവര്‍ക്കും വേണ്ടത് ആശയമാണു്.” എന്ത് ആശയം? യാഥാസ്ഥിതികത്വത്തിനും ഉല്‍പതിഷ്ണുത്വത്തിനും അടിസ്ഥാനം ആശയമത്രേ. ആശയമാണു് രൂപത്തിനു ദാര്‍ഢ്യം നല്കുന്നത്. രൂപം തകര്‍ക്കണമെന്നുണ്ടെങ്കില്‍ ആദ്യമായി ആശയത്തെയാണു് തകര്‍ക്കേണ്ടത്.
ഒരു രാഷ്ട്രീയകക്ഷിയുടെ പ്രവര്‍ത്തനം വിപജ്ജനകമായി തോന്നുന്നുവെങ്കില്‍, ആ കക്ഷിയെ ഇല്ലാതാക്കണമെങ്കില്‍, അതിന്റെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതു കൊണ്ടു പ്രയോജനമില്ല. അവര്‍ ഏതാശയങ്ങള്‍ക്കു പ്രാതിനിധ്യം വഹിക്കുന്നുവോ ആ ആശയങ്ങളെ യുക്തിപരങ്ങളായ മറ്റാശയങ്ങള്‍ കൊണ്ട് എതിര്‍ത്തു നശിപ്പിക്കുകയാനു് വേണ്ടത്. നാടകത്തിലെ പഴയ തലമുറ അവരുടെ ചെറുപ്പകാലത്തുണ്ടായിരുന്ന വ്യവസ്ഥിതിയെ നശിപ്പിച്ചു. നശിപ്പിച്ചെന്നു പറഞ്ഞാല്‍ ആ വ്യവസ്ഥിതിക്കു അവലംബമരുളിയിരുന്ന ആശയങ്ങളെ നശിപ്പിച്ചു എന്നാണര്‍ത്ഥം. യാഥാസ്ഥിതികമായ ആ വ്യവസ്ഥിതിയെ വീണ്ടും കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന ആര്‍തറിന് ആ ആശയങ്ങളെ പുനരുല്പാദിപ്പിക്കേണ്ടിയിരിക്കുന്നു. അതിന് അയാള്‍ക്കു കഴിയുന്നില്ല. അപ്പോള്‍ ഒരു മാര്‍ഗ്ഗമേ അംഗീകരിക്കാന്‍ സാദ്ധ്യമാവൂ. അത് മൃഗീയമായ അധികാരം പിടിച്ചെടുക്കലാണ്.”ഒന്നും നിലവിലില്ലെങ്കിൽ വിപ്ലവംപോലും അസാദ്ധ്യമാണെങ്കില്‍, ശൂന്യതയില്‍ നിന്നു സൃഷ്ടിച്ചെടുത്ത് സത്യാത്മകത നല്‍കാവുന്നത് ഏതൊന്നാണ്? — ” എന്നാണ് ആര്‍തറിന്റെ ചോദ്യം. അതിന് അയാള്‍തന്നെ ഉത്തരം പറയുന്നു: — “ശൂന്യതയില്‍ നിന്നു സൃഷ്ടിക്കാവുന്നത് അധികാരം മാത്രം. ഒന്നുമില്ലാത്തിടത്ത് അധികാരത്തിന് ആവിര്‍ഭവിക്കാം.”
നാടകത്തില്‍ ഒരമ്മാവനുണ്ടല്ലോ. അയാളെ സ്വന്തം വശത്താക്കിക്കൊണ്ട് ആര്‍തര്‍ അധികാരമാര്‍ജ്ജിച്ചു. അതു പ്രയോഗിച്ച് ട്രൗസേഴ്സില്‍ ബട്ടണ്‍സ് ഇടാതെ നടന്ന അച്ഛനെ ബട്ടണ്‍സ് ഇടുവിച്ചു. ടൈ കെട്ടാതെ നടന്നവര്‍ക്കു ആര്‍തറിന്റെ മുന്‍പില്‍ രക്ഷയില്ലെന്നായി. അവര്‍ ടൈ കെട്ടി നടന്നു. വിവാഹമെന്തിന്? പുരുഷന്റെ കൂടെ കിടന്നാല്‍ മതിയല്ലോ എന്നു കരുതിനടന്ന അലയെക്കൊണ്ട് നിയമാനുസാരിയായ വിവാഹമാണ് യോഗ്യമെന്നു് സമ്മതിപ്പിച്ചു. ആ വിവാഹത്തിന് അനുവാദം നല്‍കാന്‍ മടിച്ച മുത്തശ്ശിക്കു് ആര്‍തറിന്റെ മൃഗീയ ശക്തിക്കു് അടിമപ്പെടേണ്ടതായി വന്നു. അവര്‍ അനുവാദം നല്‍കി. വധൂവരന്മാരെ മുത്തശ്ശി അനുഗ്രഹിക്കുകയും ചെയ്തു. ഇത്രയും ബ്രൂട്ട്ഫോഴ്സ് — മൃഗീയശക്തികൊണ്ടു് നേടിയപ്പോള്‍ അമ്മാവന്‍ വേണ്ടന്നായി. അയാളെ കൊന്നുകളയാന്‍ ആര്‍തര്‍ ബട്ലറോട് ആജ്ഞാപിച്ചു. അയാളതു ചെയ്യാന്‍ ഭാവിക്കുമ്പോള്‍ അല തന്റെ ബട്ലറുമായുള്ള വേഴ്ചയെപ്പറ്റി വിളിച്ചുപറഞ്ഞു: താന്‍ വിവാഹം കഴിക്കാന്‍ പോകുന്നവള്‍ ബട്ലറുമായി ലൈംഗികവേഴ്ച നടത്തിയെന്നു് അവളില്‍ നിന്നുതന്നെ കേട്ട ആര്‍തര്‍ അതോടെ തളര്‍ന്നുപോയി. സകല മാനസിക ശക്തികളും തളര്‍ന്നു. “നിനക്കു് അതിനെങ്ങനെ കഴിഞ്ഞു — അതിനെങ്ങനെ കഴിഞ്ഞു?” എന്നു് ചോദിക്കാനേ അയാള്‍ക്കു് സാധിക്കുന്നുള്ളു. ആര്‍തര്‍ അവളെ നോക്കി പുലമ്പുകയാണു്: — “എടീ വേശ്യേ! ചരിത്രത്തില്‍ ഏറ്റവും ഉത്കൃഷ്ടമായ ആശയം ഞാന്‍ സങ്കല്പിച്ചെടുത്തു. നീ അതിന്റെ മേല്‍ ചെളി വാരിയെറിഞ്ഞു. നിന്റെ അന്ധത്വത്തില്‍ നീ ഏതിനെയാണു് വഞ്ചിക്കുന്നതെന്നു് അറിഞ്ഞതേയില്ല. എന്നിട്ടു് നീ തിരഞ്ഞെടുത്തത് ആരെ? അവനെ…” ബട്ലറെ കൊല്ലാന്‍വേണ്ടി ആര്‍തര്‍ കൈത്തോക്കു് അന്വേഷിക്കുകയാണു്. അപ്പോള്‍ ബട്ലര്‍ ആര്‍തറിന്റെ പിറകില്‍ അയാളറിയാതെ എത്തി. തോക്കിന്റെ പിടികൊണ്ടു് ആര്‍തറിന്റെ തലയുടെ പിറകില്‍ ഒരടി. അയാള്‍ വീണു. ബട്ലര്‍ സര്‍വ്വ ശക്തികളും സംഭരിച്ചു് വീണ്ടും ഒരടികൊടുത്തു. ആര്‍തര്‍ മരിച്ചു. അയാളുടെ മൃതദേഹത്തിനു ചുറ്റുമായി ആഭാസനായ ബട്ലറും യാഥാസ്ഥിതികനായ അമ്മാവനും ടാങ്കോ നൃത്തം നടത്തി.
ഉത്പതിഷ്ണത്വത്തിന്റെ പ്രതീകമാണു് ടാങ്കോ.പരമ്പരാഗതങ്ങളായ മൂല്യങ്ങളുടെ തകര്‍ച്ചയെയാണു് അത് സൂചിപ്പിക്കുന്നത്. ടാങ്കോ നൃത്തവും അതിനോടു് ചേര്‍ന്ന പാട്ടും പ്രേക്ഷകരെ പ്രകമ്പനം കൊള്ളിക്കുമ്പോള്‍ നാടകവേദിയില്‍ യവനിക വീഴുന്നു. ഈ നാടകത്തിന്നു് നിരൂപണമെഴുതിയ മാര്‍ട്ടിന്‍ എസ്ലിന്‍ കീര്‍ക്കേഗോര്‍, സാര്‍ത്ര്, കമ്യ, കോലാകോവസ്കി എന്നീ മഹാചിന്തകന്മാരുടെ കൂട്ടത്തിലാണ് ‘ടാങ്കോ’ എഴുതിയ മ്രോഷക്കിന്റെ സ്ഥാനമെന്നു് ചൂണ്ടിക്കാണിക്കുന്നു. നാടകം വായിക്കൂ. ഈ നിരൂപകന്റെ പ്രസ്താവം ശരിയാണെന്നു് നിങ്ങള്‍ സമ്മതിച്ചുകൊടുക്കും. സമ്മതിക്കാത്തവര്‍ക്കും മ്രോഷക്ക് ഉജ്ജ്വല പ്രതിഭാശാലിയാണെന്ന സത്യം നിഷേധിക്കാനാവില്ല.
|
|
|