അത്ഭുതത്തിന്റെ സൗന്ദര്യശാസ്ത്രം
അത്ഭുതത്തിന്റെ സൗന്ദര്യശാസ്ത്രം | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന് നായര്‍ |
മൂലകൃതി | എം കൃഷ്ണന് നായരുടെ പ്രബന്ധങ്ങള്‍ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര് | മലയാളം |
വര്‍ഷം |
1987 |
മാദ്ധ്യമം | പ്രിന്റ് (ഹാർഡ്ബാക്) |
പുറങ്ങള്‍ | 624 (ആദ്യ പതിപ്പ്) |
എം കൃഷ്ണന് നായരുടെ പ്രബന്ധങ്ങള്‍
1912. റഷ്യന്‍ ബാലെ പ്രൊഡ്യൂസര്‍ ദ്യാഗിലേഫ് (Diaghilev 1872–1929) നൃത്തചര്യയ്ക്കു ശേഷം വീട്ടിലേക്കു പോകുകയായിരുന്നു. അദ്ദേഹത്തിന്റെ കൂടെ റഷ്യന്‍ ബാലെ ഡാന്‍സര്‍ വാറ്റ്സലാഫ് നിഷീന്സ്കിയുണ്ടു് (Waslaw Nijinsky 1890-1950), ഫ്രഞ്ചു് നോവലിസ്റ്റും നാടകകാരനും ആയ ഷാങ് കോക്തോയുണ്ടു് (Jean Cocteau 1889-1963). ദ്യാഗിലേഫും നിഷീന്സ്കിയും മഹാ യശസ്കര്, കോക്തോ അന്നു് — 1912ല്‍ — ആരുമല്ല. പില്ക്കാലത്താണു് അദ്ദേഹം മഹായശസ് ആര്ജിച്ചതു്. ഇരുപത്തിമൂന്നു് വയസുള്ള ആ യുവാവു് താനൊരു കവിയാണെന്നുള്ള ദുരഭിമാനത്തോടെ ദ്യാഗിലേഫിനോടു് കാവ്യരചനയെക്കുറിച്ചു് എന്തോ ചോദിച്ചു. അദ്ദേഹം മറുപടി നല്കി: “എന്നെ വിസ്മയിപ്പിക്കൂ, അതിനുവേണ്ടി ഞാന്‍ കാത്തിരിക്കാം”. ദ്യാഗിലേഫിനെ വിസ്മയിപ്പിക്കണമെങ്കില് ഒന്നോ രണ്ടോ ആഴ്ച പോരെന്നു് കോക്തോയ്ക്കു അറിയാമായിരുന്നു. മരിച്ചു് വീണ്ടും ജനിക്കാന്‍ ആ ചെറുപ്പക്കാരന് തീരുമാനിച്ചു. കോക്തോയുടെ (കോക്തോവിന്റെ എന്നു് ശരിയായ പ്രയോഗം) സാഹിത്യ ജീവിതമാകെ ഈ വിസ്മയിപ്പിക്കലിന്റെ കഥയാണു്. ദ്യാഗിലേഫ് പിന്നീടു് പതിനേഴു വര്‍ഷം മാത്രമേ ജീവിച്ചിരുന്നുള്ളൂ. അതിനകം കോക്തോ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയിരിക്കാം. എന്നാല്‍ ഈ ഫ്രഞ്ചു് എഴുത്തുകാരന് ലോകജനതയെ വിസ്മയിപ്പിക്കാതിരുന്നില്ല. ഇന്നും നമ്മള് അത്ഭുതത്തോടെയാണു് കോക്തോയുടെ കൃതികളെ നോക്കുന്നതു്. Aesthetics of astonishment — അത്ഭുതത്തിന്റെ സൗന്ദര്യശാസ്ത്രം — ഇതിന്റെ ഉപജ്ഞാതാവാണു് കോക്തോ. കവിതയിലും നാടകത്തിലും നോവലിലും ഒക്കെ അത്ഭുതാംശം കലര്‍ത്തിയ കലാകാരനാണു് അദ്ദേഹം. എങ്ങനെയാണു് കോക്തോ അതു് അനുഷ്ഠിച്ചതു്? കോക്തോയുടെ പ്രസിദ്ധമായ കവിതയാണു് A Friend Sleeps എന്നതു്. ഉറങ്ങുന്ന സ്നേഹിതനെ നോക്കിക്കൊണ്ടു നില്ക്കുന്ന ഒരാളെയാണ് കവി ഇതില്‍ ചിത്രീകരിച്ചിട്ടുള്ളതു്. ഉറങ്ങുന്നയാള്‍ സ്നേഹിതന് മാത്രമാണു്, പ്രേമഭാജനമല്ല. പ്രേമഭാജനമാണെങ്കില് അയാളെ വിളിച്ചുണര്‍ത്താമായിരുന്നു. സ്നേഹിതനാണു് അയാള്‍. അതിനാല്‍ നോക്കിനില്‍ക്കാനേ കഴിയുന്നുള്ളു. ഈ കവിതയില്‍ നിദ്രയില്‍ വീണിരിക്കുന്ന ആളിന്റെ ഷൂവിനെക്കുറിച്ചു് പ്രസ്താവമുണ്ടു്.
Far from your bed’ upon the ground, your shoe
Lay dying, with a life which waned…
These strayings from your life-they can hurt too
Can sleepers be constrained
Your shoe took on your life, the way you walked,
It held your step enclosed…
കിടക്കയില്‍ നിന്നു് അകലെ വീണുകിടക്കുന്ന പാദരക്ഷ; അതിന്റെ ജീവനറ്റിരിക്കുന്നു. അയാള്‍ നടക്കുമ്പോള്‍ അതു പാദത്തെ ഉള്‍ക്കൊണ്ടിരുന്നു. അയാളുടെ ജീവനെ അതിലേക്കു് ആവാഹിച്ചിരുന്നു. ഈ കാഴ്ചയും ഇതിന്റെ വര്‍ണനയും അസാധാരണങ്ങളാണു്; മറ്റു കവികളുടെ കാവ്യങ്ങളില്‍ ഇവയെല്ലാം കണ്ടെന്നുവരില്ല. ദൈനംദിന ജീവിതത്തിലെ സംഭവങ്ങളെയും വസ്തുക്കളെയും അവതരിപ്പിക്കുന്ന കവി, ഒരു നൂതനമായ വീക്ഷണമാര്‍ഗ്ഗത്തിലൂടെ അവയെ ദര്‍ശിക്കുകയാണു്. തങ്ങള്‍ക്കു ചിരപരിചിതങ്ങളായ വസ്തുക്കള്‍ നയനഗോചരങ്ങളാകുമ്പോള് അവയെ ആദ്യമായി കാണുകയാണെന്ന പ്രതീതി വായനക്കാര്‍ക്കു് ഉണ്ടാകണം. ഇതാണു് കോക്തോയുടെ കാവ്യസങ്കല്പം, ഇതു തന്നെയാണു് ‘അത്ഭുതത്തിന്റെ സൗന്ദര്യശാസ്ത്രം’. നാടകത്തെ സംബന്ധിച്ചും ഇതു ശരിയാണെന്നു് കോക്തോ കരുതുന്നു. നാടകം നാടകീയത ആവഹിക്കണമെന്നാണല്ലോ പൊതുവായ സങ്കല്പം. അതു് വേണ്ടെന്നും പ്രേക്ഷകര്‍ അത്ഭുതപ്പെട്ടാല്‍ മതിയെന്നുമാണു് അദ്ദേഹത്തിന്റെ മതം. അതിനുവേണ്ടി കോക്തോ പ്രസിദ്ധമായ ഇതിവൃത്തത്തില്‍ ‘വ്യാവര്‍ത്തനം’ വരുത്തുന്നു. ഈ ‘ട്വിസ്റ്റ്’കണ്ടു് പ്രേക്ഷകര്‍ വിസ്മയിക്കുമ്പോള്‍ കോക്തോ ചരിതാര്ത്ഥനാവുന്നു.
സോഫാക്ലീസിന്റെ രണ്ടു നാടകങ്ങള്‍ തീബ്സിലെ ഐതിഹാസികസാമ്രാട്ടായിരുന്ന ഈഡിപ്പസ്സിനെക്കുറിച്ചുള്ളവയാണു്. ഈഡിപ്പസിന്റെ അച്ഛന് ലേയിസ് രാജാവിനു് ഡല്‍ഫിയിലെ ‘ഓറക്കിള്‍’ (ഭവിഷ്യകഥനം) മുന്നറിയിപ്പു നല്കുന്നു. മകന് അച്ഛനെ കൊന്നു് അമ്മയെ പരിണയിക്കുമെന്നു്. അതുകൊണ്ടു് മകന് ജനിച്ചപ്പോള്‍ അവനെ കാലുതുളച്ചു് കമ്പിയിട്ടു് കെട്ടി പര്‍വ്വതാഗ്രത്തില്‍ കൊണ്ടുവയ്ക്കാന്‍ ലേയീസ് ആജ്ഞാപിച്ചു. ദയയുള്ള ഒരു ആട്ടിടയന് ആ കുഞ്ഞിനെ കോറിന്തിലെ രാജാവിനു നല്കി. ഈഡിപ്പസ് അവിടെ വളര്‍ന്നുവന്നു. കോറിന്തിലെ രാജാവിനെയും രാജ്ഞിയേയും യഥാക്രമം അച്ഛനായും അമ്മയായും കരുതിപ്പോന്ന ആ യുവാവു് ഓറക്കിളിനെക്കുറിച്ചു് അറിയുകയും പിതൃവധത്തില്നിന്നു രക്ഷപ്രാപിക്കാന്‍ വേണ്ടി അവിടെനിന്നു പോകുകയും ചെയ്തു. തീബ്സില്‍ എത്തിയ ഈഡിപ്പസ് മൂന്നു പാതകള്‍ കൂട്ടിമുട്ടുന്ന ഒരു സ്ഥലത്തുവച്ചു് ലേയീസ് രാജാവിനെ ആളറിയാതെ വധിച്ചു. ആ രാജ്യത്തെ യുവാക്കന്മാരെ കൊന്നൊടുക്കിയിരുന്ന സ്ഫങ്സിനെ കൊന്നു് അയാള്‍ രാജാവായി. അമ്മ ജൊക്കസ്റ്റയെ യാഥാര്‍ത്ഥ്യമറിയാതെ സഹധര്‍മ്മിണിയാക്കി. ഈഡിപ്പസിനു് ജൊക്കസ്റ്റയില് നാലു സന്താനങ്ങളുണ്ടായി. അങ്ങനെയിരിക്കെ സത്യം വെളിപ്പെട്ടു. ജൊക്കസ്റ്റ തൂങ്ങി മരിച്ചു. ഈഡിപ്പസ് കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു. അയാള്‍ മകള്‍ ആന്റിഗണിയോടൊരുമിച്ചു അലഞ്ഞുനടക്കാന്‍ തുടങ്ങി. സോഫോക്ലിസ്സിന്റെ ഈ പ്രഖ്യാപിതമായ നാടകത്തിനു് ‘ട്വിസ്റ്റ്’ നല്കി വ്യാവര്‍ത്തനം കൊടുത്തു കോക്തോ എങ്ങനെ അത്ഭുതം ജനിപ്പിക്കുന്നുവെന്നു ഗ്രഹിക്കുന്നതു് രസകരമാണു്. മനുഷ്യന്റെ ജീവിതപഥത്തിലുള്ള അഗാധഗര്‍ത്തങ്ങളില്‍ ഒന്നില്‍ വന്നുവീണ ഒരു മഹാപുരുഷന് അവിടെനിന്നു് കൂടുതല്‍ തേജസ്സോടും പ്രഭാവത്തോടും കരകയറിവരുന്നതു് ചിത്രീകരിക്കുകയണു് സോഫാക്ലിസ്. അദ്ദേഹം ആ ഗര്‍ത്തത്തില്‍ വന്നുവീണതോ വിധിയുടെ അപ്രതിരോധ്യശക്തികൊണ്ടുമാത്രം. കോക്തോയുടെ ട്വിസ്റ്റില്പ്പെട്ടു് ഈ മഹാവ്യക്തിക്കു വരുന്ന മാറ്റം എന്താണെന്നു നമ്മള് മനസ്സിലാക്കേണ്ടതാണു്. പരീക്ഷണപരങ്ങളായ കലാസൃഷ്ടികളുടെ സവിശേഷതകള്‍ ഗ്രഹിക്കാന്‍ അതു നമ്മെ സഹായിക്കും. കോക്തോയുടെ നാടകത്തിലെ കഥ യന്ത്രമാണെന്നു് അദ്ദേഹം തന്നെ പറയുന്നു. അതിന്റെ ചുറ്റു കമ്പി — സ്പ്രിങ് — മുറുക്കിവച്ചിരിക്കുകയാണു്. അതു് അയഞ്ഞുതീരുമ്പോള് ഒരു മനുഷ്യന്റെ ഗണിതശാസ്ത്രപരമായ നാശം സംഭവിച്ചു കഴിഞ്ഞിരിക്കും. അധോലോകത്തിലെ ഈശ്വരന്മാര് സൃഷ്ടിച്ച ഈ യന്ത്രത്തിന്റെ ചുറ്റുകമ്പി ഒരു ദീര്‍ഘജീവിതത്തിന്റെ അന്ത്യംവരെയും അയഞ്ഞുകൊണ്ടിരിക്കുന്നതു് കോക്തോയുടെ നാടകത്തില്‍ ദര്‍ശിക്കാം. The infernel Machine — അധോലോക യന്ത്രം — എന്നാണു് നാടകത്തിന്റെ പേരു്.
അങ്കം ഒന്നു്. രാത്രി. തീബ്സിലെ പ്രാകാരങ്ങളില്‍ ജോലിയിലേര്‍പ്പെട്ടിരിക്കുന്ന രണ്ടു പാറാവുകാര്‍ അടുത്ത കാലത്തു കൊല്ലപ്പെട്ട ലേയീസ് രാജാവിന്റെ പ്രേതത്തെ കണ്ടു. രാജ്യത്തു് പല ദൗര്ഭാഗ്യങ്ങളുമുണ്ടാകുമെന്നു് ആ പ്രേതം അവര്‍ക്കു മുന്നറിയിപ്പു നല്കി. ജൊക്കസ്റ്റയും റ്റൈറേഷ്യസും (പുരോഹിതന്) പ്രാകാരത്തിലെത്തി. റ്റൈറേഷ്യസു് താനറിയാതെ ജൊക്കസ്റ്റയുടെ ഉത്തരീയത്തിൽ — സ്കാര്ഫില് — ചവിട്ടി. അന്ധനാണു് ആ പുരോഹിതന്. രാജ്ഞി നിലവിളിക്കുകയായി. “അങ്ങയുടെ കാലു്. അങ്ങു് എന്റെ ഉത്തരീയത്തില്‍ ചവിട്ടി നടക്കുന്നു…ഈ ഉത്തരീയം എപ്പോഴും എന്നെ ശ്വാസം മുട്ടിക്കുകയാണു്.” ജൊക്കസ്റ്റയും റ്റൈറേഷ്യസും പൊയ്ക്കഴിഞ്ഞപ്പോള്‍ ലേയീസു് രാജാവിന്റെ പ്രേതം പാറാവുകാരുടെ മുന്‍പിലെത്തി. ഈഡിപ്പസിന്റെ ആഗമനത്തെക്കുറിച്ചു മുന്നറിയിപ്പു നല്കി.
അങ്കം രണ്ട്. അന്നത്തെ രാത്രിയില്‍ത്തന്നെ ‘സ്ഫിങ്സു്’ തീബ്സിലെ ഒരു കുന്നില്‍ വന്നു നിന്നു. ഈഡിപ്പസും അവിടെയെത്തി. സിംഹത്തിന്റെ ശരീരവും സ്ത്രീയുടെ മുഖവും മുലകളുമുള്ള ഒരു ജന്തുവായിട്ടാണല്ലോ ഗ്രീസിലെ ഇതിഹാസത്തില്‍ സ്ഫിങ്സ് വര്‍ണ്ണിക്കപ്പെട്ടിരിക്കുന്നത്. അതു് തീബ്സിലെ പൗരന്മാരുടെ മുന്പില് പ്രഹേളിക സമര്‍പ്പിക്കുന്നു.
അതിനു് ഉത്തരം പറയാത്തവരെ നിഗ്രഹിക്കുന്നു. ഈഡിപ്പസു് സ്ഫിങ്സിന്റെ പ്രഹേളികയ്ക്കു് ഉത്തരം നല്കിയപ്പോള് അതു് സ്വയം മരിക്കുകയാണു് ചെയ്തതു്. ആ ജന്തു കോക്തോവിന്റെ നാടകത്തില്‍ പെണ്കുട്ടിയായിട്ടാണു് ആദ്യം പ്രത്യക്ഷപ്പെടുക. ലേയീസു് രാജാവിനെ കുറച്ചുകാലം മുന്‍പു് ആളറിയാതെ കൊന്നിട്ടു് അന്നു് അവിടെയെത്തിയ ഈഡിപ്പസിനെക്കണ്ടു് പ്രച്ഛന്നവേഷയായ സ്പ്രിങ്സു് പ്രേമത്തില്‍ വീണു. ആ സ്നേഹം തിരിച്ചുകിട്ടുന്നില്ലെന്നു ങ്കണ്ടപ്പോള് അതു് സ്വന്തം രൂപം ഈഡിപ്പസിനെ കാണിച്ചു. എങ്കിലും പ്രേമവിവശയായ സ്ഫിങ്സു് പ്രഹേളികയുടെ അര്‍ത്ഥം ഈഡിപ്പസിനു പറഞ്ഞു കൊടുത്തു. അതോടെ അതു മരിക്കുകയും ചെയ്തു. “വൃത്തികെട്ട ജന്തുവിനെ ഞാന്‍ കൊന്നു” എന്നു പറഞ്ഞു് ഈഡിപ്പസു് സ്ഫിങ്സിന്റെ ജഡമെടുത്തു് തോളിലിട്ടു. “ഞാന്‍ ജൊക്കസ്റ്റായെ വിവാഹം കഴിയ്ക്കും; ഞാന്‍ രാജാവാകും” എന്നു് ഈഡിപ്പസ് ഉദ്ഘോഷിക്കുമ്പോള്‍ ആ അങ്കം അവസാനിക്കുകയാണു്.
അങ്കം മൂന്നു്. സിംഹാസനാരോഹണത്തോടും രാജകീയ വിവാഹത്തോടും ബന്ധപ്പെട്ട ആഘോഷങ്ങള്‍ അവസാനിച്ചു. ഈഡിപ്പസും ജൊക്കസ്റ്റയും ശയനമുറിയില്‍ കടന്നു. കശാപ്പുകാരന്റെ കടപോലെ ചുവന്ന ശയനമുറി. അതില്‍ ഈഡിപ്പസ് കുഞ്ഞായിരുന്നപ്പോള്‍ അവനെ കിടത്താന്‍ ഉപയോഗിച്ചിരുന്ന തൊട്ടില് ഇരിക്കുന്നുണ്ടു്. അതില്‍ തന്റെ ആദ്യത്തെ മകനെ കിടത്തുമെന്നാണു് ഈഡിപ്പസു് പറഞ്ഞതു്. അല്പം കഴിഞ്ഞപ്പോള്‍ റ്റൈറേഷ്യസ് അവിടെ എത്തി. നിയമാനുസാരിയായ അനുഗ്രഹങ്ങള്‍ വര്ഷിക്കാനാണു് പുരോഹിതന് വന്നതെങ്കിലും, എല്ലാം കാണുന്ന അദ്ദേഹം ആഹ്ലാദമില്ലാതെയാണു് നില്ക്കുക. റ്റൈറേഷ്യസു് ഈഡിപ്പസിനോടു ചോദിച്ചു: ഈഡിപ്പസ്, ഈ സ്നേഹത്തെക്കുറിച്ചു എനിക്കു വിശദീകരണം ആവശ്യമുണ്ടു്. അങ്ങു് രാജ്ഞിയെ സ്നേഹിക്കുന്നുണ്ടോ?
- ഈഡിപ്പസ്
- സര്‍വ്വാത്മനാ.
- റ്റൈറേഷ്യസ്
- ഞാനുദ്ദേശിക്കുന്നതു്, അവളെ കൈയിലെടുക്കാന്‍ അങ്ങേയ്ക്കിഷ്ടമാണോ?
- ഈഡിപ്പസ്
- അവളുടെ കൈയാല്‍ എടുക്കപ്പെടാനാണു് എനിക്കു കൂടുതലിഷ്ടം.
- റ്റൈറേഷ്യസ്
- ആ സൂഷ്മമായ വ്യത്യാസത്തെ ഞാന്‍ മനസ്സിലാക്കുന്നുണ്ടു്. ഈഡിപ്പസ്, അങ്ങു ചെറുപ്പമാണു്, വളരെ ചെറുപ്പം. ജൊക്കസ്റ്റ അങ്ങയുടെ അമ്മയായിരിക്കും. എനിക്കറിയാം, ഹോ എനിക്കറിയാം. അങ്ങു മറുപടി പറയാന്‍ പോവുകയാണു്.
- ഈഡിപ്പസ്
- അങ്ങനെയൊരു സ്നേഹത്തെ, ഏറിയകൂറും മാതൃഭാവത്തിലുള്ള സ്നേഹത്തെ, ഞാനെപ്പോഴും സ്വപ്നം കണ്ടിരുന്നുവെന്നാണു് മറുപടി നല്കാന് പോകുന്നതു്.
റ്റൈറേഷ്യസ് പോയി. ജൊക്കസ്റ്റയും ഈഡിപ്പസും ഉറങ്ങുകയും ചെയ്തു. ഇടയ്ക്കുണര്‍ന്ന ജൊക്കസ്റ്റ ഈഡിപ്പസിന്റെ തുളച്ച കാലുകള്‍ കണ്ടു് അമ്പരക്കുകയായി. ഈഡിപ്പസ് ഉണര്‍ന്നു താന്‍ ഏതു സാഹചര്യങ്ങളിലാണ് കോറിന്തു് വിട്ടുപോന്നതെന്നു് വിശദമാക്കി. പക്ഷേ, തീബ്സു് നഗരത്തോടു് അടുക്കുന്തോറും താന്‍ വീട്ടിലേക്കു് മടങ്ങിവരികയാണെന്നു് അയാള്‍ക്കു് ഒരു തോന്നല്‍ സംസാരിച്ചു സംസാരിച്ചു ഈഡിപ്പസ് നിദ്രയില്‍ വീണു. വെളിയില്‍ ഒരു കുടിയന് പാടുകയാണു്:
Your husband’s much too young
Much too young for you. That’s flat flat.
അതുകേട്ടു് ജൊക്കസ്റ്റ പേടിച്ചു.
അങ്കം നാലു്. പതിനേഴുവര്‍ഷം കഴിഞ്ഞിരിക്കുന്നു. ഈഡിപ്പസിന്റെ മഹാഭാഗ്യത്തെ തകര്ക്കുന്നമാതിരി പ്ലേഗ് രാജ്യത്തെങ്ങും സംഹാരതാണ്ഡവമാടുന്നു. ‘അധോലോകയന്ത്രം’ ശരിയായി പ്രവര്‍ത്തിക്കാന്‍ വേണ്ടി ഈശ്വരന്മാര് എല്ലാ ദൗര്‍ഭാഗ്യങ്ങളെയും സൗഭാഗ്യങ്ങളായി പ്രദര്‍ശിപ്പിക്കുന്നു. ഈഡിപ്പസ് എന്ന ചീട്ടു് (ശീട്ടു്) രാജാവിനെ വെറും മനുഷ്യനാക്കിയേ ഈശ്വരന്മാരടങ്ങൂ.
കോറിന്തിലെ രാജാവു് മരിച്ചുവെന്ന വാര്‍ത്തയുമായി ഒരു സന്ദേശവാഹകന് ഈഡിപ്പസിന്റെ കൊട്ടാരത്തിലെത്തി. ഈഡിപ്പസ് ആദ്യം അതില്‍ ആഹ്ലാദിച്ചെങ്കിലും മരിച്ചതു തന്റെ പിതാവല്ലെന്നു മനസ്സിലാക്കി ദുഃഖിച്ചു. സത്യമെല്ലാം തെളിഞ്ഞു. തെരുവില്വച്ചു് താന്‍ കൊന്നതു് അച്ഛനായ ലേയീസിനെയാണെന്നും, താന്‍ പരിണയിച്ചതു് അമ്മയായ ജൊക്കസ്റ്റയെയാണെന്നും ഈഡിപ്പസ് ഗ്രഹിച്ചു. ജൊക്കസ്റ്റ ഉത്തരീയത്തില്‍ കെട്ടിതൂങ്ങി മരിച്ചു. അവരുടെ സ്വര്‍ണ്ണ ബ്രൂച്ച് കൊണ്ടു് ഈഡിപ്പസ് സ്വന്തം കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു.
ജൊക്കസ്റ്റയുടെ പ്രേതം അവിടെ പ്രത്യക്ഷമായി.
- ഈഡിപ്പസ്
- ജൊക്കസ്റ്റാ, പ്രിയപ്പെട്ടവളേ! നീ ജീവിച്ചിരിക്കുന്നോ?
ജൊക്കസ്റ്റ ഇല്ല, ഈഡിപ്പസ് ഞാന്‍ മരിച്ചവളാണു്. നീ അന്ധനായതുകൊണ്ടു് എന്നെ കാണാന്‍ കഴിയുന്നു. മറ്റുള്ളവര്‍ക്കു് എന്നെ കാണാന്‍ വയ്യ.
- ഈഡിപ്പസ്
- സഹധര്‍മ്മിണീ എന്നെ തൊടരുതു്.
- ജൊക്കസ്റ്റ
- നിന്റെ ഭാര്യ മരിച്ചു തൂങ്ങിമരിച്ചു. ഞാന്‍ നിന്റെ അമ്മയാണു്. നിന്നെ സഹായിക്കാന്‍ എത്തുന്നതു് നിന്റെ അമ്മയാണു്…എന്റെ പാവപ്പെട്ട കുഞ്ഞേ, നീ തനിച്ചു് എങ്ങിനെയാണു് ഈ പടികളിറങ്ങുന്നതു്?
ഈഡിപ്പസ് മകള്‍ ആന്റിഗണിയുടെ കൈക്കു പിടിച്ചു നടന്നു. ജൊക്കസ്റ്റയുടെ സഹോദരന് ക്രിയോണ്‍ കര്‍ത്തവ്യത്തിന്റെ പേരുപറഞ്ഞു് ആന്റിഗണിയുടെ യാത്ര മുടക്കാന്‍ നോക്കി. റ്റൈറേഷ്യസ് പറഞ്ഞു അവര്‍ നിങ്ങളുടെ അധികാരവലയത്തിലില്ല.
- ക്രിയോണ്‍
- പിന്നെ അവര്‍ ആരോടുകൂടിയാണെന്നു പറഞ്ഞാലും.
- റ്റൈറേഷ്യസ്
- ജനങ്ങളോടുകൂടി, കവിതകളോടുകൂടി, ദുഷിക്കാത്ത ആത്മാക്കളോടുകൂടി.
പടികള്‍ എണ്ണി അവര്‍ ഇറങ്ങി. ‘ഒന്നു്, രണ്ടു്, മൂന്നു്, നാലു്, അഞ്ചു്.’ നഗരം വിട്ടു പോയാലും ആരു് അവരെ അംഗീകരിക്കുമെന്നു് ക്രിയോണ്‍ ചോദിച്ചു. ‘കീര്‍ത്തി’ എന്നു് റ്റൈറേഷ്യസിന്റെ ഉത്തരം. ‘മാനക്കേടല്ലേ’ എന്നു് വീണ്ടും ക്രിയോണിന്റെ ചോദ്യം. ‘ആര്‍ക്കറിയാം?’ എന്നു് റ്റൈറേഷ്യസ് അങ്ങോട്ടൊരു ചോദ്യം ചോദിക്കുമ്പോള്‍ കോക്തോയുടെ ‘അധോലോകയന്ത്രം’ എന്ന നാടകം അവസാനിക്കുന്നു.
നിയോ തോമിസ്റ്റ് തത്ത്വചിന്തകന് മാറീതാങ്ങിന്റെ ഭാര്യ ഈ നാടകം കണ്ടു് ‘Cocteau is certainly the only tragic writer of our time’ എന്നു് രേഖപ്പെടുത്തി. നാടകനിരൂപകനായ ഫെര്ഗെസന് ഇരുപതാം ശതാബ്ദത്തിലെ ‘മാസ്റ്റര്‍പീസാ’ണു് ഇതെന്നു് അഭിപ്രായപ്പെട്ടു. പക്ഷേ ഈ സ്തോതാക്കള്‍ ‘അത്ഭുതത്തിന്റെ സൗന്ദര്യശാസ്ത്രം’ കണ്ടു് വിസ്മയിച്ചു പോയതല്ലേ എന്നാണു് എന്റെ സംശയം. സോഫോക്ലിസിന്റെ ഈഡിപ്പസിനെ — മഹാപുരുഷനെ — നൂതന പ്രകാശത്തില്‍ നിറുത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്താനായിരുന്നു കോക്തോയുടെ ശ്രമമെന്നു് നാടകം സൂക്ഷിച്ചു വായിച്ചാല്‍ മനസ്സിലാക്കാം. സോഫോക്ലിസിന്റെ ഈഡിപ്പസ് ഞാന്‍ മുമ്പെഴുതിയപോലെ അപ്രമേയ പ്രഭാവനാണു്; മഹാ പുരുഷനാണു്. അദ്ദേഹം പാപം ചെയ്തതു് അറിഞ്ഞുകൊണ്ടല്ല. അവയെക്കുറിച്ച് അറിഞ്ഞപ്പോള്‍
Unspeakable acts-I speak no more of them.
Hide me at once. For God’s love, hide me away,
Away! Kill me! Drown me in the depths of the sea!
എന്നെ ഉടനെ ഗോപനം ചെയ്യൂ: ഈശ്വരനെ വിചാരിച്ചു് ഒളിച്ചുവയ്ക്കൂ എന്നെ നിഗ്രഹിക്കൂ. സമുദ്രത്തിന്റെ അഗാധതയില്‍ എന്നെ മുക്കിക്കൊല്ലൂ എന്നു് നിലവിളിക്കുന്ന ഈഡിപ്പസ് നമ്മുടെ സഹതാപവും ബഹുമാനവും നേടുന്നു. കോക്തോയുടെ ഈഡിപ്പസ് അഹങ്കാരിയാണു്. മാതൃഭാവത്തിലുള്ള സ്നേഹം കൊതിച്ചാണത്രേ അയാള്‍ കോറിന്തില്‍ നിന്നു് തീബ്സിലേക്കു് പോരുന്നതു്. കോക്തോയുടെ നാടകത്തിന്റെ പര്യവസാനം നോക്കുക. ആത്മഹത്യ ചെയ്ത ജൊക്കസ്റ്റ പ്രേതമായി പ്രത്യക്ഷപ്പെടുന്നു. അവള് അമ്മയായി നില്ക്കുകയാണു്. വീണ്ടും മകനായി ഈഡിപ്പസ് അവളോടൊരുമിച്ചു പോകുന്നു. സോഫാക്ലീസിന്റെ ഉദാത്തമായ ലോകം ഇവിടെ പരിഹാസ്യമായി മാറുകയാണു്. അത്ഭുതപ്പെടുത്താനാണു് ഫ്രഞ്ചെഴുത്തുകാരന്റെ ലക്ഷ്യം. അതില്‍ അദ്ദേഹം ജയിച്ചു. പക്ഷേ കല അപ്രത്യക്ഷമാവുന്നു. ഉദാത്തങ്ങളായ വിഷയങ്ങളെയും കഥാപാത്രങ്ങളെയും ‘വള്‍ഗറൈസ്’ ചെയ്യുന്ന ആധുനിക സാഹിത്യകാരന്മാരുടെ നേതാവാണു് കോക്തോ എന്നു് എനിക്കു തോന്നുന്നു. ഇതൊക്കെക്കൊണ്ടാവണം സാര്‍ത്ര് ഈ സാഹിത്യകാരനെക്കുറിച്ചു് ബഹുമാനമില്ലാതെ സംസാരിച്ചതു് (Life Situations എന്ന ഗ്രന്ഥം നോക്കുക).
കോക്തോയെക്കുറിച്ചുള്ള ഈ മതത്തോടു യോജിക്കാത്തവര്‍ കാണും; യോജിക്കുന്നവരും കാണും. രണ്ടുകൂട്ടരും ചോദിക്കും: വിശ്വസാഹിത്യത്തിലെ ഒരു കൃതി മോശമാണെന്നു് എഴുതിയതുകൊണ്ട് എന്തു നേടിയെന്നു്? കരുതിക്കൂട്ടിയാണു് ഞാനീ ഫ്രഞ്ചു സാഹിത്യകാരന്റെ നാടകത്തെക്കുറിച്ചു് പറഞ്ഞതു്. മഹത്വമാര്‍ന്ന ഒരു കഥാപാത്രത്തെ അധുനാതനീകരിക്കാനുള്ള യത്നം എങ്ങനെ അപഹാസ്യമാവുന്നുവെന്നു് ഞാന്‍ സൂചിപ്പിച്ചല്ലോ. ഇതു് ആ കഥാപാത്രത്തിന്റെ സ്രഷ്ടാവിനോടു് ചെയ്യുന്ന അപരാധമാണെന്നതില്‍ എന്തുണ്ടു സംശയം? പൂര്വകഥാപാത്രങ്ങളെ ആധുനീകരിക്കുകയാണെങ്കില് അവയെ ഒരിക്കലും അപകര്ഷപ്പെടുത്തിക്കൂടാ. അതു സംസ്ക്കാരത്തിനു ലോപം വരുത്തും. കാളിദാസന്റെ ദുഷ്യന്തനും രാമനും ഇതിഹാസത്തിലെയും ആദികാവ്യത്തിലെയും ആ കഥാപാത്രങ്ങളെക്കാള്‍ മോശക്കാരനല്ല. ദുഷ്യന്തന് ഇതിഹാസത്തിലെ കഥാപാത്രത്തേക്കാള്‍ ഒരു പടികൂടി ഉയര്‍ന്നേ നില്ക്കുന്നുള്ളുതാനും. അതുപോലെ നളനെയും ദമയന്തിയേയും ഇതിഹാസകര്ത്താവു് ഏതു് രീതിയില്‍ കണ്ടുവോ അതേ രീതിയില്തന്നെയാണു് ഉണ്ണായി വാര്യര്‍ കണ്ടതും. കേരളത്തിലെ ചില നാടകകാരന്മാരും ചലച്ചിത്ര സംവിധായകരും ശ്രീരാമനേയും സീതയേയും ‘വള്‍ഗറൈസ്’ ചെയ്ത് ആവിഷ്ക്കരിക്കുമ്പോള്‍ അതു് അനഭിലഷണീയമായ കൃത്യമായി എനിക്കു തോന്നിപ്പോകുന്നു. ഉജ്വലപ്രതിഭാശാലികള് ജീവന് കൊടുത്തുവിട്ട കഥാപാത്രങ്ങളെ നാടകത്തിലേക്കോ ചലച്ചിത്രത്തിലേക്കോ ആധുനികര്‍ കൊണ്ടുവരുമ്പോള്‍ കഥാപാത്രങ്ങളെ നൂതനമായി സൃഷ്ടിക്കുക എന്ന പ്രയാസമേറിയ കൃത്യത്തില്നിന്നു് അവര്‍ സൗകര്യപൂര്‍വ്വം ഒഴിഞ്ഞുനില്ക്കുന്നു. ആ ഒഴിഞ്ഞുനില്ക്കലിലുള്ള വഞ്ചനാത്മകത പ്രേക്ഷകര്‍ അറിയുന്നില്ല. ഗ്രന്ഥരചനയും ചലച്ചിത്രനിര്‍മ്മാണവും ഇക്കാലത്തു് എളുപ്പമുള്ള പ്രവര്‍ത്തനങ്ങളായി മാറിയിരിക്കുന്നതിന്റെ കാരണം ഇതു തന്നെയാണു്. ശ്രീരാമനെ രംഗത്തു കയറ്റി ഭരതനെ നാലു ചീത്ത വാക്കു പറയിച്ചാല്‍ അല്ലെങ്കില്‍ അദ്ദേഹത്തെ ദ്രാവിഡനായി ചിത്രീകരിച്ചാല്‍ അധുനാതനീകരണമായി എന്നു ആളുകള്‍ കരുതുന്നു. ഇതു് ക്ഷുദ്രമായ പ്രവര്‍ത്തനമാണു്. കൃഷ്ണന്‍നായരുടെ സ്വഭാവത്തെ വേണമെങ്കില്‍ വിമര്‍ശിക്കാം. പക്ഷേ കൃഷ്ണന്‍നായര്‍ക്കു് ഇല്ലാത്ത സ്വഭാവം അയാള്‍ക്കുണ്ടെന്നു പറഞ്ഞു് വിമര്‍ശനം നിര്വ്വഹിക്കരുതു്. അതു തെറ്റാണു്. ഈഡിപ്പസ് എന്ന വ്യക്തി ഉത്കൃഷ്ട പുരുഷനാണു്. അദ്ദേഹത്തിന്റെ ആ ഉത്ക്കൃഷ്ടതയ്ക്ക് ലോപം വരുമാറുള്ള ട്വിസ്റ്റ് കൊടുക്കല്‍ അവഹേളനാസ്പദമായ പ്രവൃത്തിയത്രെ. ഇതു തന്നെയാണു് ആധുനികരുടെ ശ്രീരാമനെക്കുറിച്ചും പറയാറുള്ളതു്. എന്നാല്‍ ഈ കഥാപാത്രങ്ങളുടെ അധുനാധുനീകരനം കാണുമ്പോള്‍ പ്രേക്ഷകര്‍ കയ്യടിക്കും. ആ കയ്യടിക്കു ഹേതു കലസ്വാദനമല്ല. അവിടെ കാരണമായി വര്‍ത്തിക്കുന്നതു് അത്ഭുതത്തിന്റെ സൗന്ദര്യശാസ്ത്രമാണു്. ആധുനിക സാഹിത്യം പരിശോധിക്കൂ. ദ്രഷ്ടാവിനെ, അനുവാചകനെ വിസ്മയിപ്പിച്ച് ചലനംകൊള്ളിക്കാനുള്ള ശ്രമം ഓരോ കൃതിയിലും കാണാം. ബുദ്ധിശാലികള്ക്കേ ആളുകളെ വിസ്മയിപ്പിക്കാന് പറ്റൂ. കോക്തോ ബുദ്ധിമാനായിരുന്നു. കേരളത്തിന്റെ ആധുനിക സാഹിത്യകാരന്മാരും ബുദ്ധിയുള്ളവര്‍ തന്നെ. എന്നാല്‍ കലയ്ക്കു ബുദ്ധിയുമായി ബന്ധമൊന്നുമില്ലെന്ന പരമാര്‍ത്ഥം ആരും മനസ്സിലാക്കുന്നില്ല.
|
|
|