കനേറ്റിയുടെ മാസ്റ്റര്‍പീസ്
കനേറ്റിയുടെ മാസ്റ്റര്‍പീസ് | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന്‍ നായര്‍ |
മൂലകൃതി | എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | മലയാളം |
വര്‍ഷം |
1987 |
മാദ്ധ്യമം | പ്രിന്റ് (ഹാർഡ്‌ബാക്) |
പുറങ്ങള്‍ | 624 (ആദ്യ പതിപ്പ്) |
എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
1981-ലെ സാഹിത്യത്തിനുള്ള നോബല്‍സമ്മാനം ഈലിയസ് കനേറ്റി (Elias Canetti) എന്ന നോവലിസ്റ്റിനു നല്‍കിയിരിക്കുന്നു. ബള്‍ഗേറിയയില്‍ 1905-ല്‍ ജനിച്ച ഈ പ്രതിഭാശാലി ഇപ്പോഴും ഇംഗ്ലണ്ടില്‍ താമസിക്കുന്നു. ജര്‍മ്മന്‍ ഭാഷയിലാണ് അദ്ദേഹം എഴുതാറുള്ളത്. കനേറ്റിയെ മഹായശസ്കനാക്കിയത് “ആള്‍ക്കൂട്ടവും അധികാരവും” — Crowds and Power — എന്ന സമൂഹശാസ്ത്രപരമായ ഗ്രന്ഥവും ഓട്ടോ ദാഫേ (Auto Da Fe — Die Blendung) എന്ന നോവലുമാണ്. കനേറ്റിയുടെ “ആശയസമ്പന്നതയ്ക്കും കലാശക്തി”ക്കുമാണ് നോബല്‍ സമ്മാനം നല്‍കുന്നതെന്ന് സ്വീഡിഷ് അക്കാഡമി പ്രഖ്യാപിച്ചതായി പത്രങ്ങളില്‍ കണ്ടു. ആള്‍ക്കൂട്ടത്തിന്റേയും അധികാരത്തിന്റെയും സവിശേഷതകള്‍ മൗലികതയോടെ എടുത്തുകാണിക്കുന്ന ആദ്യം പറഞ്ഞ ഗ്രന്ഥത്തില്‍ (രചനാകാലം നോക്കുകയാണെങ്കില്‍ ഇത് Crowds and Power രണ്ടാമത്തേതാണ്). ആശയരത്നങ്ങള്‍ നിരത്തിവച്ചിരിക്കുന്നു. ഔട്ടോ ദാ ഫേ എന്ന നോവലാകട്ടെ വിശ്വസാഹിത്യത്തിലെ മാസ്റ്റര്‍ പീസുകളില്‍ ഒന്നാണുതാനും. അതിനാല്‍ കനേറ്റിയുടെ ആശയസമ്പന്നതയേയും കലാശക്തിയേയും അക്കാഡമി മുന്നില്‍ കണ്ടതില്‍ ഒരത്ഭുതവുമില്ല. പക്ഷേ, ഒരു വസ്തുത അത്ഭുതമായി അവശേഷിക്കുന്നു. പ്രഖ്യാതങ്ങളായ ‘സാഹിത്യവിശ്വവിജ്ഞാനകോശ’ ങ്ങളില്‍ കനേറ്റിയുടെ പേരില്ല. അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസിനെക്കുറിച്ച് പരാമര്‍ശമില്ല. നോവല്‍ സാഹിത്യത്തെക്കുറിച്ചുള്ള ഒരു ഗ്രന്ഥത്തിലും ഒരു ലേഖനത്തിലും കനേറ്റിയെന്നോ ‘ഔട്ടോ ദാ ഫേ’ എന്നോ ഒരിക്കല്‍പോലും പറഞ്ഞിട്ടില്ല. പത്തു വര്‍ഷം മുന്‍പ്, ‘പെന്‍ഗ്വിന്‍ ബുക്സ്’ പ്രസാധനം ചെയ്ത ഈ രണ്ടു ഗ്രന്ഥങ്ങളും യാദൃച്ഛികമായി ഈ ലേഖകന്റെ കൈയ്യില്‍ കിട്ടി. ‘ഔട്ടോ ദാ ഫേ’ എന്നെ ഹര്‍ഷോന്മാദത്തിലേക്ക് എറിഞ്ഞു. ‘ആള്‍ക്കുട്ടവും അധികാരവും’ എന്ന ഗ്രന്ഥത്തില്‍ നിവേശനം ചെയ്തിട്ടുള്ള ആശയസമൂഹത്തിന്റെ പ്രഭാതാരള്യമേറ്റ് ഞാന്‍ മറ്റൊരാളായി മാറി. കനേറ്റി ഇംഗ്ലണ്ടിലേയും അമേരിക്കയിലേയും നിരൂപകന്മാരാല്‍ ആദരിക്കപ്പെടുന്നില്ല. എങ്കിലും സ്വീഡിഷ് അക്കാഡമി അദ്ദേഹത്തിന്റെ മഹത്വം കണ്ടറിഞ്ഞു. കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ നോബല്‍സമ്മാനം നേടിയ ഒഡിസൂസ് ഇലിറ്റിസും (ഗ്രീക്കു കവി) ഐസക്ക് ബാഷേവിസ് സിങ്ങറും (യഡ്ഡിഷ് നോവലിസ്റ്റ്) ചെസ്വാഫ് മീവാഷും (പോളിഷ് കവി) സങ്കുചിതമായ സാഹിത്യമണ്ഡലത്തിനകത്ത് മാത്രമേ അറിയപ്പെടുന്നുള്ളുവെന്ന് ചില പത്രങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. കനേറ്റിയും അക്കാര്യത്തില്‍ അവര്‍ക്കു സദൃശന്‍ തന്നെ. പക്ഷേ ഇനി വിമര്‍ശകര്‍ക്ക് അദ്ദേഹത്തെ അവഗണിക്കാന്‍ കഴിയുകയില്ല. വിമര്‍ശകര്‍ പൊതുവെ കനേറ്റിയെ സംബന്ധിച്ചടുത്തോളം നിശബ്ദരാണെങ്കിലും നിഷ്പക്ഷ ചിന്താഗതിയുള്ളവര്‍ അദ്ദേഹത്തിന്റെ പ്രതിഭയെ അംഗീകരിക്കാതിരുന്നിട്ടില്ല.‘ഔട്ടോ ദാ ഫേ’ വായിച്ചിട്ട് ഫീലിപ്പ് ഭോയിന്‍ബി പറഞ്ഞു: “A Strange, eloquent and terrifying book.” ജോണ്‍ ഡേവന്‍പോര്‍ട്ട് എഴുതിയത് “One of the few undoubted masterpieces of our time” എന്നാണ്. ആരെയും വാഴ്ത്താന്‍ കൂട്ടാക്കാത്ത വാള്‍ട്ടര്‍ അലന്‍ “Disturbing terrifying, ferociously funny” എന്ന് പ്രശംസാവചനമുതിര്‍ത്തു. “A novel of terribile power’ എന്നാണു സി. ഡേ. ലൂയിസ് പ്രഖ്യാപിച്ചത്. നവീന നോവലിസ്റ്റുകളില്‍ പ്രമുഖസ്ഥാനമുണ്ട് ഐറിസ് മര്‍ഡോക്കിന്. അവര്‍ ഇതിനെക്കുറിച്ച് പറഞ്ഞത്’ ‘Savage, subtle, beautifully mysterious..one of the few great novels of the century’ എന്നാണ്. നോവല്‍ വായിക്കൂ. ഈ പ്രസ്താവങ്ങളിലൊന്നില്‍പ്പോലും അത്യുക്തിയില്ലെന്നു ഗ്രഹിക്കാം.
‘ഔട്ടോ ദാ ഫേ’ ഒരു ദുരന്തകഥയാണ്. ചൈനീസ് ഭാഷയിലും സംസ്കാരത്തിലും അവഗാഹമുള്ള ഫ്രൊഫസര്‍ പീറ്റര്‍കീനിന്റെ ദുരന്തകഥ. അദ്ദേഹം ഒരു കലാശാലയിലും പ്രൊഫസര്‍ ആയിരുന്നില്ല. അവ സ്വയം സ്വീകരിച്ച സ്ഥാനമെന്നതില്‍ക്കവിഞ്ഞ ആ പേരിന് ഒരര്‍ത്ഥവുമില്ലായിരുന്നു. രണ്ട് ലോക മഹായുദ്ധങ്ങള്‍ക്കിടയില്‍ ജര്‍മ്മനിയില്‍ ജീവിച്ചിരുന്ന കീന്‍ ലക്ഷക്കണക്കിന് ഗ്രന്ഥങ്ങള്‍ ഉള്ള ഒരു ഗ്രന്ഥശാലയുടെ ഉടമസ്ഥന്‍ ആയിരുന്നു. ചുവരില്‍ ചേര്‍ന്ന ഷെല്‍ഫുകളില്‍ തറതൊട്ടു മച്ചുവരെ ഗ്രന്ഥങ്ങള്‍. ആ ഗ്രന്ഥശാല തുറന്ന് അകത്തു കയറി ഓരോ ഗ്രന്ഥമെടുത്തു താലോലിക്കുമ്പോഴും കീന്‍ നിര്‍വൃതിയില്‍ വീണിരുന്നു. ജ്ഞാനവും സത്യവും കീനിന് സദൃശ്യങ്ങള്‍. മനുഷ്യസമൂഹഹത്തില്‍നിന്ന് അകന്നു നിന്നാല്‍ സത്യത്തോടു കൂടുതല്‍ അടുക്കാമെന്ന് കീന്‍ കരുതി. ദൈനംദിന ജീവിതം എന്നത് അസത്യം. താന്‍ കാണുന്ന ഓരോ വ്യക്തിയും അസത്യം പറയുന്നവന്‍. അതിനാല്‍ കീന്‍ ആരോടും സംസാരിച്ചിരുന്നില്ല. എപ്പോഴും ഗ്രന്ഥശാലയ്ക്കകത്തായിരുന്നു അദ്ദേഹം. റോഡില്‍ നടക്കുമ്പോഴും ഒരു ബ്രീഫ്കേസിനകത്ത് വിശിഷ്ടങ്ങളായ ഗ്രന്ഥങ്ങള്‍ കീന്‍ കൊൻടുപോയിരുന്നു. ഒരു ദിവസം ആ ബ്രീഫ്കേസ് കൈയില്‍ നിന്നു വഴുതി താഴെ വീണപ്പോള്‍ അദ്ദേഹം ഞെട്ടിപ്പോയി. ഗ്രന്ഥങ്ങളെ നിഗ്രഹിക്കുന്ന കൊലപാതകിയായിട്ടാണു കീന്‍ തന്നെ കണ്ടത്.
കോടിക്കണക്കിന് ഷില്ലിംഗ് (Schilling — ഒരാസ്ട്രിയന്‍ നാണയം) വില വരുന്ന ആ ഗ്രന്ഥങ്ങള്‍ സൂക്ഷിക്കാനും വില മതിക്കാന്‍ വയ്യാത്ത രേഖകള്‍ പരിരക്ഷിക്കാനും ഒരു ഹൗസ്‌കീപ്പറെ — വീടു സൂക്ഷിപ്പുകാരനെ… വേണ്ടിവന്നു കീനിന്. അദ്ദേഹം പത്രത്തില്‍ പരസ്യം കൊടുത്തു. അസാധാരനമായ വിധത്തില്‍ ഉത്തരവാദിത്വബോധമുള്ള വീടു സൂക്ഷിപ്പുകാരനെ ആവശ്യമുണ്ട്. സമുന്നതമായ സ്വഭാവമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. യോഗ്യതയില്ലാത്തവര്‍ക്ക് പുറത്തേക്കുള്ള വാതില്‍ കാണേണ്ടതായി വരും. പണം പ്രശ്നമല്ല.” ഈ പരസ്യമനുസരിച്ചു വന്നെത്തിയ തെറീസയോട് കീന്‍ പറഞ്ഞു: “എന്റെ പഴയ വീടു സൂക്ഷിപ്പുകാരനെ പറഞ്ഞയയ്ക്കുന്നതിനുള്ള കാരണം അറിയാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. എന്റെ ലൈബ്രറിയിലെ ഒരു പുസ്തകം കാണാതെയായി…” തെറീസയുടെ എല്ലാ മറുപടികളും കീനിനു സംതൃപ്തി നല്‍കി. അവള്‍ പുതിയ വീട് സൂക്ഷിപ്പുകാരിയായി. കീന്‍ പുസ്തകങ്ങളെ എത്രമാത്രം ബഹുമാനത്തോടുകൂടി നോക്കിയോ അതിനേക്കാള്‍ ആയിരംമടങ്ങ് ബഹുമാനത്തോടുകൂടി തെറീസ അവയെ സംവീക്ഷണം ചെയ്തു. അവള്‍ ഗ്രന്ഥപാരായണത്തില്‍ ഉല്‍സുകയായി. ഒരു ദിവസം കീന്‍ മുറിക്കുള്ളില്‍ വന്നപ്പോള്‍ അവള്‍ കൈയ്യുറകള്‍ ധരിച്ച് പുസ്തകമെടുക്കുന്നതാണ് കണ്ടത്. തനിക്കുപോലും അമ്മട്ടില്‍ പുസ്തകം കൈകാര്യം ചെയ്യാന്‍ തോന്നിയിരുന്നില്ലെന്ന് കീന്‍ ഗ്രഹിച്ചു. പൊടുന്നനവേ അദ്ദേഹം തീരുമാനത്തിലെത്തി: ‘എനിക്ക് നിങ്ങളെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട്.” തെറീസയുടെ പ്രതീക്ഷകള്‍ക്കും അതീതമായിരുന്നു ആ തീരുമാനം. തനിക്കു മുപ്പതു വയസ്സേ ആടിട്ടുള്ളൂ എന്നാണ് തെറീസയുടെ ഭാവം. പക്ഷേ, അവള്‍ക്ക് വാര്‍ദ്ധക്ക്യത്തിലെത്താന്‍ വളരെക്കാലം വേണ്ട. യുവാവല്ലെങ്കിലും പ്രായമേറെയാകാത്ത കീനിന്റെ സഹധര്‍മ്മിണിയായി അവള്‍. എന്നാല്‍ അന്നുതൊട്ടു അവള്‍ രാക്ഷസിയായി. തെറീസയുടെ ഗ്രന്ഥസ്നേഹവും സംസ്കാരാഭിമുഖ്യവും ഒക്കെ നാട്യങ്ങളായിരുന്നു. കോടീശ്വരനായ കീനിന്റെ ധനത്തോടു മാത്രമേ അവള്‍ക്കു സ്നേഹമുണ്ടായിരുന്നുള്ളു. മരസ്സാമാനങ്ങള്‍ വില്‍ക്കുന്ന ഒരു സ്ഥാപനത്തിലെ ജോലിക്കാരന്‍ ബ്രൂട്ടമായി അവള്‍ പ്രേമബന്ധത്തിലായി. കീനിനെ അവര്‍ രണ്ടുപേരും ചേര്‍ന്ന് കൊല്ലുമായിരുന്നു. പോലീസിനെ ഭയന്ന് അവര്‍ അത് ചെയ്തില്ലെന്നേയുള്ളൂ. ആ മഹാപണ്ഡിതന്റെ വിശിഷ്ട ഗ്രന്ഥങ്ങള്‍ അവള്‍ വാരി താഴത്തേക്കു എറിഞ്ഞു. കീനിന്റെ പണംകൊണ്ടു വാങ്ങിയ മരസ്സാമാനങ്ങള്‍ ഗ്രന്ഥശാലയില്‍ നിറഞ്ഞു. ഭവനത്തിനു പുറത്തേക്കുപോയിട്ടു വന്ന കീന്‍ കണ്ടത് തന്റെ പുസ്തകങ്ങളാകെ തെറീസ വലിച്ചുവാരി താഴെയിട്ടിരിക്കുന്നതാണ്. കീനിന് ഇരിക്കാന്‍പോലും സ്ഥലമില്ല. ‘അതാ അവിടെ’ എന്ന് അവള്‍ പറഞ്ഞു. കീന്‍ പുസ്തകങ്ങളില്ലാത്ത ‘ലാവറ്ററി’ യില്‍ കയറി. ട്രൗസേഴ്സ് താനറിയാതെ താഴത്തേക്കു പോന്നു. കീന്‍ സീറ്റിലിരുന്ന് കൊച്ചുകുട്ടിയെപ്പോലെ കരഞ്ഞു. അധികം വൈകിയില്ല. ബ്രൂട്ടിന്റെയും ഭവനത്തിന്റെ വാതില്‍ ഒരു ഹോട്ടല്‍ ആശ്രയസ്ഥാനമായിക്കണ്ട കീന്‍ അവിടേയും ഗ്രന്ഥങ്ങള്‍ വാങ്ങി നിറച്ചു. തെറീസ അപഹരിക്കാവുന്നിടത്തോളം പണം കീനില്‍നിന്നു അപഹരിച്ചെങ്കിലും സമ്പാദ്യത്തിന്റെ നല്ലൊരുഭാഗം അദ്ദേഹത്തിന്റെ കൈയിലുണ്ട്. പക്ഷേ കീന്‍ മാനസികരോഗിയായി മാറിക്കഴിഞ്ഞു. തെറീസ കൊല്ലപ്പെട്ടു എന്നു തെറ്റായ വാര്‍ത്ത ശത്രുക്കള്‍ അദ്ദേഹത്തിന് നല്‍കിയിരുന്നു. മനസ്സിന്റെ സമനില തെറ്റിയ കീന്‍ തന്നെയാണ് ആ കൊലപാതകത്തിനു കാരണക്കാരന്‍ എന്നു ധരിക്കുകയും ചെയ്തു.
കീനിന്റെ സഹോദരന്‍ ജോര്‍ജ്‌കീന്‍ പാരീസിലെ വിഖ്യാതനായ മനോരോഗചികിത്സകനാണ്. കീനിന്റെ മാനസികാവസ്ഥയെക്കുറിച്ച് കമ്പികിട്ടിയ ജോര്‍ജ്ജ് ഉടന്‍തന്നെ അദ്ദേഹത്തെ കാണാനെത്തി. ചൈനീസ് ഭാഷയിലും ചൈനീസ് സംസ്ക്കാരത്തിലും പാണ്ഡിത്യമാര്‍ജ്ജിച്ച പീറ്റര്‍ കീന്‍. മനുഷ്യരെ മാത്രം കണ്ട് അവരുടെ രോഗങ്ങള്‍ മാറ്റുന്ന ഭിഷഗ്വരന്‍ ജോര്‍ജ്ജ്കീന്‍. പീറ്ററെ തിരിച്ചു ഭവനത്തിലാക്കണമെന്ന് ജോര്‍ജ് ന്തീരുമാനിച്ചു. തുടര്‍ന്ന് ആ സഹോദരന്മാര്‍ തമ്മിലുണ്ടായ സംഭാഷണം ഈ നോവലിലെ സമുജ്ജ്വലമായ അദ്ധ്യായമാണ്. “നിങ്ങള്‍ ഭ്രാന്തന്മാരെക്കൊണ്ട് ജീവിക്കുന്നു; ഞാന്‍ എന്റെ ഗ്രന്ഥങ്ങളെക്കൊണ്ടും. ഏതാണ് കൂടുതല്‍ ആദരണീയം? എനിക്കു ജയിലറയില്‍ കഴിയാം. പുസ്തകങ്ങള്‍ എന്റെ തലയ്ക്കകത്ത് ഇരിക്കും. നിങ്ങള്‍ക്കാണെങ്കില്‍ ഒരു ഭ്രാന്താലയം മുഴുവന്‍ വേണം” എന്ന് പീറ്റര്‍ കീന്‍ പുച്ഛിച്ചു പറഞ്ഞെങ്കിലും ജോര്‍ജ് കീന്‍ കണ്ടു, സഹോദരന്‍ ഭ്രാന്താലയത്തിന്റെ വാതിക്കല്‍ എത്തിനിൽക്കുകയാണെന്ന്. ജോർജ്, തെറീസയേയും ഫാഫിനേയും ഭീഷണിപ്പെടുത്തി അവിടെ നിന്നു പറഞ്ഞയച്ചു; സഹോദരനെ അദ്ദേഹത്തിന്റെ ഭവനത്തില്‍ തിരിച്ചാക്കിയിട്ട് പാരീസിലേക്ക് പോകുകയും ചെയ്തു. പക്ഷേ, ജോര്‍ജ് നടത്തിയ ആ രോഗനിര്‍ണ്ണയം തെറ്റിപ്പോയിരുന്നു. “Love is a leprosy a disease” — “പ്രേമം കുഷ്ടമാണ്, രോഗമാണ്” — എന്ന് പീറ്റര്‍ ഉല്‍ഘോഷിച്ചെങ്കിലും ജീവിതത്തില്‍ പ്രേമം ലഭിക്കാത്തതായിരുന്നു അദ്ദേഹത്തിന്റെ ദുരന്തത്തിനു ഹേതു. ജോര്‍ജ് പോയതിനുശേഷം പീറ്റര്‍ വീടിന്റെ വാതില്‍ അടച്ചുപൂട്ടി. അദ്ദേഹം കടലാസിനു തീ പിടിപ്പിച്ചു. ആളിക്കത്തിയ അഗ്നിയില്‍ അദ്ദേഹം പുസ്തകങ്ങള്‍ എറിഞ്ഞു. പുസ്തകങ്ങളില്‍നിന്ന് വലിച്ചുകീറി പന്തുകളാക്കി ഉരുട്ടി അഗ്നിയിലേക്കു ഇട്ടു. ഏണികൊണ്ടുവന്ന് മുറിയുടെ ഒത്ത നടുവില്‍ വച്ചു. അതിന്റെ ആറാമത്തെ പടിയില്‍ കയറിനിന്നു. തീ അദ്ദേഹത്തെ സ്പര്‍ശിച്ചു. അപ്പോള്‍ പീറ്റര്‍ കീന്‍ ഉച്ചത്തില്‍ ചിരിച്ചു. ജീവിതത്തില്‍ മുന്‍പ് ചിരിച്ചിട്ടുള്ളതിനേക്കാള്‍ വളരെ ഉച്ചത്തിലാണ് അദ്ദേഹം ചിരിച്ചത്.
കലാസൃഷ്ടിയെന്നതു ജീവിതത്തിന്റെ അല്ലെങ്കില്‍ അനുഭവത്തിന്റെ വ്യാഖ്യാനമാണ്. ആ വ്യാഖ്യാനം കലാകാരന്‍ നല്‍കുന്നത്, വിവരണത്തിലൂടെയല്ല; അതുകൊണ്ട് ഈ കലാശില്പം “ഇരുപതാം ശതാബ്ദത്തിലെ മഹനീയമായ നോവല്‍” ആയതെങ്ങനെയെന്നു മനസ്സിലാക്കണമെങ്കില്‍ അത് വായിക്കുക എന്നതേ മാര്‍ഗ്ഗമുള്ളൂ. നിരൂപകന്‍ എത്ര വിവരിച്ചാലും ആസ്വാദനം സാദ്ധ്യമല്ല. ഈ സത്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാന്‍ നോവലിന്റെ കാതലായ ഭാഗത്തേക്ക് പ്രവേശിക്കട്ടെ.
സംസ്കാരം ഈ നോവലില്‍ വര്‍ണ്ണിച്ചിട്ടുള്ള അഗ്നിപോലെ ആളിക്കത്തി ശോഭ പ്രസരിപ്പിക്കുന്നതാണ്, സമ്മതിച്ചു. പക്ഷേ, അതിന്റെ ഫലത്തിന് — ചാരത്തിന് — അടിമയാകുന്നവന്‍ മനുഷ്യത്വം നശിച്ചവനാണ്. പീറ്റര്‍ കീന്‍ സാംസ്കാരികഫലത്തിന്റെ അടിമയായിരുന്നു. അടിമയ്ക്ക് സ്വാതന്ത്ര്യത്തിന്റെ ഭംഗി കാണാന്‍ കണ്ണില്ല. സ്വാതന്ത്ര്യമെന്തെന്നറിയാതെ പീറ്റര്‍ കീന്‍ തന്റെ ഭവനത്തിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ജീവിച്ചു. അവിടെ നിന്നും ബഹിഷ്കരിക്കപ്പെട്ടിട്ടും അദ്ദേഹം ഹോട്ടല്‍ മുറിയുടെ നാലു ഭിത്തിക്കള്‍ക്കുള്ളില്‍ അടിമയായി കഴിഞ്ഞുകൂടി. സഹോദരന്‍ അദ്ദേഹത്തെ വീണ്ടും കൊണ്ടുചെല്ലുന്നതും ഭവനമെന്ന കാരാഗൃഹത്തിലാണ്. അതുവരെ താന്‍ അനുഭവിച്ച അടിമത്ത്വം പിന്നെയും തുടര്‍ന്നുപോകാന്‍ കീനിനു കഴിയുമായിരുന്നില്ല. അദ്ദേഹം പുസ്തകങ്ങള്‍ക്കുതന്നെ തീകൊളുത്തി ആത്മഹത്യചെയ്തു. പീറ്റര്‍ കീന്‍ ഗവേഷണപരങ്ങളായ പ്രബന്ധങ്ങളെഴുതി തന്റെ സർഗ്ഗാത്മകത്വത്തെ പ്രകടിപ്പിക്കാതിരുന്നില്ല. പക്ഷേ ഏറിയകൂറും സര്‍ഗ്ഗാത്മകത്വത്തിന്റെ ഫലങ്ങളായ ഗ്രന്ഥങ്ങളുടെ അടിമയായിരുന്നു അദ്ദേഹം. മനുഷ്യനു സര്‍ഗ്ഗാത്മകത്വമാകാം. അതിന് ആത്മാവിനെ സ്വതന്ത്രമാക്കാനുള്ള ശക്തിയുണ്ട്. എന്നാല്‍ ആ സര്‍ഗ്ഗാത്മകത്വത്തിന്റെ ഫലമായ സൃഷിയാണ് — നോവലാണ്, കവിതയാണ്, ഫിലോസഫിയാണ് — ജീവിതമെന്നു ധരിക്കുകയും അവയ്ക്ക് അടിമയായി ഭവിക്കുകയും ചെയ്താല്‍ മരണമായിരിക്കും സംഭവിക്കുക.
വിരൂപനായിട്ടാണ് കീനിനെ നോവലിസ്റ്റ് അവതരിപ്പിച്ചിട്ടുള്ളത്. അസ്ഥിപഞ്ചരമാണ് ആ പണ്ഡിതന്‍. അദ്ദേഹത്തിന്റെ ഒട്ടിയ കവിള്‍ സ്ത്രീകളില്‍ മാത്രമല്ല വെറുപ്പെന്ന വികാരം ഉളവാക്കിയിരുന്നത്. ലൈംഗികമായ ആകര്‍ഷകത്വവും സ്നേഹവും തമ്മില്‍ ബന്ധമില്ലെന്നു ചിലര്‍ പറഞ്ഞേക്കാം. എങ്കിലും വൈരൂപ്യത്തെ സ്നേഹിക്കുന്നവര്‍ വിരളമാണ് എന്നതാണ് സത്യം. വിരൂപനായ പ്രൊഫസര്‍ക്ക്, സ്നേഹിക്കുന്ന മനുഷ്യനായി ആരുടേയും മുന്‍പില്‍ നില്‍ക്കാന്‍ വയ്യ. സ്നേഹിക്കാന്‍ കഴിയാത്തവനു സ്വത്വമേയില്ല. സ്വത്വമില്ലാത്തവന്‍ മൃഗതുല്യനാണ്. അങ്ങനെയുള്ള ഒരാള്‍ക്ക് ഈ വിധത്തില്‍ ഒരന്ത്യം സംഭവിച്ചതില്‍ ഏതാണ്ട് അത്ഭുതം! എങ്കിലും അനുവാചകന് ആ കഥാപാത്രത്തോട് സഹതാപം തോന്നുന്നു. അദ്ദേഹം ഗ്രന്ഥങ്ങള്‍ക്കു തീകൊളുത്തി ആത്മഹത്യചെയ്യുമ്പോള്‍ വായനക്കാരന്‍ വിഷാദത്തിന്റെ ബാഷ്പം പൊഴിക്കുന്നു. ഗ്രന്ഥങ്ങള്‍ക്ക് അടിമയാകാതെ, സ്നേഹശൂന്യനാകാതെ പീറ്റര്‍ കീന്‍ ജീവിച്ചിരുന്നെങ്കില്‍ എന്ന് അയാള്‍ അഭിലഷിച്ചുപോകുന്നു. ഈ അഭിലാഷം അങ്കുരിപ്പിക്കുന്നതിലാണ് നോവലിന്റെ വിജയമിരിക്കുന്നത്.
ക്ഷുദ്രമെന്നു വിളിക്കാവുന്നതായി ഈ നോവലില്‍ ഒന്നുമില്ല. സംക്ഷേപണത്തിന്റെ സാമര്‍ത്ഥ്യം കാണിക്കുന്ന നോവലാണ് ‘ഔട്ടോ ദാ ഫേ’. പക്ഷേ, സംപേക്ഷണത്തിന്റെ അലര്‍ച്ചപോലെ, ചക്രവാതത്തില്‍പ്പെട്ട കൊടുങ്കാറ്റിന്റെ ഗര്‍ജ്ജനംപോലെ ജിവിതത്തിന്റെ മഹാശബ്ദങ്ങള്‍ ഇതില്‍നിന്ന് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കലാകാരന് മഹനീയമായ ലക്ഷ്യമുണ്ടായിരിക്കണം, ആ ലക്ഷ്യം അയാള്‍ സാക്ഷാത്ക്കരിക്കണം. അപ്പോഴാണ് കലാസൃഷ്ടി “ഔട്ടോ ദാ ഫേ” പോലെ മഹത്വമാര്‍ജ്ജിക്കുന്നത്.
|
|
|