പളുങ്കുപാത്രത്തിലെ മുന്തിരിച്ചാറ്
പളുങ്കുപാത്രത്തിലെ മുന്തിരിച്ചാറ് | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന്‍ നായര്‍ |
മൂലകൃതി | എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | മലയാളം |
വര്‍ഷം |
1987 |
മാദ്ധ്യമം | പ്രിന്റ് (ഹാർഡ്‌ബാക്) |
പുറങ്ങള്‍ | 624 (ആദ്യ പതിപ്പ്) |
എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
ജ്വാലാമുഖികള്‍ക്കു താഴെ മഞ്ഞണിഞ്ഞ മാമലകള്‍ക്ക് അടുത്തു്, വലിയ തടാകങ്ങള്‍ക്കടിയില്‍ സുരഭിലവും നിശ്ശബ്ദവും കെട്ടുപിണഞ്ഞതും ആയ കാനനം; ചിലിയിലെ കാടു്… അതിന്റെ മരിച്ച ഇലകളില്‍ കാലുകള്‍ താണുപോകുന്നു. കനം കുറഞ്ഞ ചുള്ളികള്‍ ശബ്ദത്തോടെ ഒടിയുന്നു, ഭീമാകാരമാര്‍ന്ന വൃക്ഷങ്ങള്‍ ഉയര്‍ന്നുനില്‍ക്കുന്നു. തണുത്ത കാട്ടില്‍നിന്നു് ഒരു പക്ഷി പറക്കുകയാണ്. ചിറകടിച്ചു പറന്നു് അതു് സൂര്യപ്രകാശം തട്ടാത്ത മരക്കൊമ്പില്‍ ചെന്നിരിക്കുന്നു. ഓബോ ഗാനോപകരണംപോലെ അതു പാടുന്നു…കാട്ടുപുന്നയുടെ മണവും ബോള്‍ഡോച്ചെടിയുടെ സൗരഭ്യവും നാസികയിലൂടെ കടന്നു് ആത്മാവിനെയാകെ ആവരണം ചെയ്യുന്നു…ചിലിയിലെ ഈ വനത്തില്‍ പോകാത്തവര്‍ ഈ ഭൂമിയെ അറിയുന്നതേയില്ല. ഈ ഭൂവിഭാഗത്തില്‍ നിന്നാണു്, ഈ ചെളിയില്‍ നിന്നാണു്, ഈ നിശ്ശബ്ദതയില്‍നിന്നാണു് പാവ്ലോ നെറൂത വന്നതു്. അദ്ദേഹം ലോകമാകെ ചുറ്റിസഞ്ചരിച്ചു; ലോകത്തെമ്പാടും പാടിനടന്നു. മഹാനായ ആ കവിയുടെ, മഹാനായ ആ മനുഷ്യസ്നേഹിയുടെ ‘മെമ്‌വാര്‍സ്’ (Memoirs) എന്ന ആത്മകഥ വായിക്കുമ്പോള്‍ നിങ്ങള്‍ ജീവിതത്തിന്റെ ആഹ്ലാദവും വിഷാദവും കണ്ടറിയുന്നു. സത്യസന്ധതയും കാപട്യവും വേര്‍തിരിച്ചു മനസ്സിലാക്കും. സൗന്ദര്യവും വൈരൂപ്യവും ദര്‍ശിക്കും. രാഷ്ട്രവ്യവഹാരത്തിന്റെ ഔത്കൃഷ്ട്യവും അധമത്വവും ഗ്രഹിക്കും. സര്‍വ്വോപരി കലയുടെ മാന്ത്രികശക്തിക്കു വിധേയനാകും. ഇരുപതാം ശതാബ്ദത്തിലെ ഏറ്റവും ശ്രേഷ്ഠമായ ആത്മകഥ നീക്കോസ് കാസാന്‍ദ്സാക്കിസിന്റെ ‘റിപ്പോര്‍ട്ടു് റ്റു ഗ്രക്കോ” ആണെന്നു് ഞാന്‍ വിചാരിച്ചിരുന്നു. പക്ഷേ, പാവ്ലോ നെറൂതയുടെ ആത്മകഥ വായിച്ചതോടെ ആ ധാരണ മാറിപ്പോയിരിക്കുന്നു. നെറൂതയുടെ ആത്മകഥ കാസാന്‍ദ്സാക്കീസിന്റെ ആത്മകഥയെ ബഹുദൂരം അതിശയിച്ചിരിക്കുന്നു.
തോരാതെ മഴപെയ്യുന്ന ഒരു ഭൂവിഭാഗത്തിലേക്കാണ് പാവ്ലോ നെറൂത കണ്ണുകള്‍ തുറന്നതു്. കണ്ടതു് ജീവിതവും കവിതയും. മഴയായാലും തണുപ്പായാലും ആ ബാലന്‍ കല്ലുകളില്‍ ചവിട്ടിച്ചവിട്ടി പാഠശാലയിലേക്കു പോകും. കാറ്റു് അവന്റെ കുട പറത്തിക്കൊണ്ടുപോയിട്ടുണ്ടു്. പാവപ്പെട്ട ആ കുട്ടിക്കു് മഴക്കോട്ട് ഇല്ല. അങ്ങനെ അവന്‍ തെക്കന്‍ ചിലിയിലെ റ്റെമൂക്കോ പട്ടണത്തില്‍ വളര്‍ന്നുവന്നു. റ്റെമൂക്കോവിനു വടക്കുള്ള പരല്‍പ്പട്ടണത്തില്‍ 1904 ജൂലൈ 12-ആം തീയതി നെറൂത ജനിച്ചു. ഒരു മാസം കഴിഞ്ഞപ്പോള്‍ — ആഗസ്റ്റില്‍ — ആ കുട്ടിയുടെ അമ്മ ക്ഷയരോഗത്താല്‍ മരിച്ചുപോയി.രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ നെറൂതയും അച്ഛനും റ്റെമൂക്കോ നഗരത്തിലേക്കു പോരികയാണുണ്ടായതു്.
റ്റെമൂക്കോ പട്ടണത്തില്‍ 1910 എന്ന വര്‍ഷം വന്നെത്തിയപ്പോള്‍ നെറൂത വിദ്യാലയത്തില്‍ പോകാന്‍ തുടങ്ങി. സ്കൂളില്‍ നിന്നു നോക്കിയാല്‍ മനോഹരമായ ഒരു നദി ഒഴുകുന്നതു കാണാം. അതിന്റെ രണ്ടു കരകളിലും ആപ്പിള്‍ മരങ്ങള്‍. നെറൂതയും കൂട്ടുകാരും പാഠശാലയില്‍ നിന്നു ചിലപ്പോള്‍ ഒളിച്ചുപോകും; വെളുത്ത കല്ലുകളില്‍ തട്ടി ഒഴുകിപ്പോകുന്ന തണുത്ത നദിയില്‍ കാലുകള്‍ മുക്കിയിരിക്കാന്‍വേണ്ടി. നെറൂതയുടെ പേരു് നെഫ്താലി എന്നായിരുന്നു. പില്‍ക്കാലത്തു് — സൂക്ഷ്മമായിപ്പറഞ്ഞാല്‍ 1920-ല്‍ കവിതയെഴുതുന്നതു് അച്ഛന്‍ അറിയാതിരിക്കാന്‍വേണ്ടി അദ്ദേഹം സ്വീകരിച്ച തൂലികാനാമമാണു് നെറൂത എന്നതു്. അവന്‍ വളര്‍ന്നു. പുസ്തകങ്ങളും പെണ്‍കുട്ടികളും ആ ബാലന് താല്പര്യജനകങ്ങളായി. ഒരു ഇരുമ്പുപണിക്കാരന്റെ മകള്‍ ബ്ലാങ്കയ്ക്കു് എഴുതിക്കൊടുത്ത എഴുത്തുകളിലാണു് നെറൂതയുടെ സ്നേഹം ആദ്യമായി ആവിഷ്കരിക്കപ്പെട്ടതു്. നെറൂതയുടെ കൂട്ടുകാരനാണ് അവളെക്കണ്ടു് സ്നേഹത്തില്‍ വീണത്. അയാള്‍ക്കുവേണ്ടി എഴുതിക്കൊടുത്ത കത്തുകള്‍ നെറൂതയുടെ സൃഷ്ടികളാണെന്നു് ബ്ലാങ്ക് മനസ്സിലാക്കി. നെറൂത സത്യം വ്യക്തമാക്കിയപ്പോള്‍ അവള്‍ ക്വിന്‍സ് എന്നുപേരുള്ള പഴം കൊടുത്തു. പിന്നീടു് അയാള്‍ നേരിട്ടു് പ്രേമലേഖാനങ്ങള്‍ കൊടുത്തുതുടങ്ങി, ഓരോ പ്രേമലേഖനത്തിനും ഓരോ ക്വിന്‍സ് പഴം നെറൂതയ്ക്കു കിട്ടും. അങ്ങനെ ബ്ലാങ്കയുടെ ഹൃദയത്തിൽനിന്നു് സ്നേഹിതന്‍ നിഷ്കാസനം ചെയ്യപ്പെട്ടു; പകരം നെറൂത പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു.
വര്‍ഷങ്ങള്‍ കഴിഞ്ഞു. നെറൂത ചിലിയുടെ തലസ്ഥാനനഗരമായ സാന്തിയാഗോവില്‍ സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥിയാണ്. ദിവസവും ധാരാളം കവിതകള്‍ എഴുതുക എന്നതായിരുന്നു അയാളുടെ ജോലി. അക്കാലത്തു് ഒരു വിധവയുമായി വെറുതെ പരിചയമായി അവളുടെ ഭര്‍ത്താവ് ക്ഷയം പിടിച്ചു മരിച്ചുപോയിരുന്നു. സുന്ദരിയായ ആ വിധവ അവളുടെ ഇരുണ്ട വസ്ത്രങ്ങള്‍ ആ കൊച്ചു കവിക്കു വേണ്ടി ഊരിയെറിഞ്ഞിരുന്നില്ല. എങ്കിലും ഒരുദിവസം ഉച്ചയ്ക്ക് അതുണ്ടായി ഹര്‍ഷോന്മാദം പരകോടിയിലെത്തുന്നതിനുമുമ്പ് അവള്‍ മതപരമായ ചടങ്ങെന്നപോലെ പരേതനായ ഭര്‍ത്താവിന്റെ പേരു വിളിച്ചു കരഞ്ഞു. മറ്റൊരു ചടങ്ങു് ആരംഭിക്കുന്നതിനു മുന്‍പുള്ള ചടങ്ങു് എന്നേ പറയാനുള്ളു.
നെറൂത കവിതയില്‍ ആശ്രയം തേടി. 1923-ല്‍ അദ്ദേഹത്തിന്റെ ആദ്യപുസ്തകം (Crepusculario) പ്രസാധനം ചെയ്യപ്പെട്ടു. അതു് അച്ചടിക്കാന്‍, അച്ഛന്‍ കൊടുത്ത വാച്ചും കവിയുടെ കറുത്ത സൂട്ടും പണയം വയ്ക്കേണ്ടതായി വന്നു. ആദ്യത്തെ കാവ്യഗ്രന്ഥം! കവിതയില്‍ മാന്ത്രികത്വമോ മഹാത്ഭുതമോ പാടില്ലെന്നു് ഈ കവിക്കു നിര്‍ബന്ധമുണ്ടായിരുന്നു.അവിദഗ്ദ്ധങ്ങളായ ഹസ്തങ്ങള്‍ കൊണ്ടാണെങ്കിലും ഭംഗിയായി കൊത്തിയെടുത്ത തടിക്കഷണംപോലെയാവണം കവിത. കവിയുടെ വാക്കുകള്‍ മറ്റു ഭാഷകളുടെ സ്ഫടികപ്പാത്രങ്ങളില്‍ മുന്തിരിച്ചാറെന്നപോലെ വീഴണം. അതു പാടണം. മറ്റു രാജ്യങ്ങളില്‍ അതിന്റെ സൗരഭ്യം പരക്കണം. ആക്രമിച്ചു കീഴടക്കപ്പെട്ട ഔന്നത്യത്തില്‍ വിടരുന്ന പുഷ്പമാണ് പ്രഥമ കവിത. അതുകണ്ടു് നെറൂത ആഹ്ലാദിച്ചു. അദ്ദേഹം പറയുന്നു: സ്വരങ്ങളെ ഞാന്‍ സ്നേഹിക്കുന്നു…അവ വര്‍ണ്ണോജ്ജ്വലങ്ങളായ രത്നങ്ങള്‍പോലെ മിന്നുന്നു. രജതമത്സ്യങ്ങളെപ്പോലെ കുതിക്കുന്നു. അവ പതയാണു്, നൂലാണ്, ലോഹമാണ്, മഞ്ഞാണ്…ഞാന്‍ ചില വാക്കുകളുടെ പിറകേ ഓടുന്നു.
വിദ്യാലയങ്ങളില്‍ ലഭിച്ച സമ്മാനങ്ങള്‍, കാവ്യഗ്രന്ഥങ്ങള്‍ ഉളവാക്കിയ യശസ്സു് ഇവയെല്ലാം നെറൂതയ്ക്കു വേറെവിധത്തിലും പ്രയോജനപ്രദങ്ങളായി. അദ്ദേഹം 1927 ജൂണ്‍ 14-ആം തീയതി റങ്കൂണിലെ ചിലിയന്‍ കോണ്‍സലായി നിയമിക്കപ്പെട്ടു. യാനപാത്രം റങ്കൂണിലടുത്തു. കടല്‍പ്പാലത്തില്‍ വര്‍ണ്ണശബളിമ. അവിടത്തെ ഉള്‍ക്കടലില്‍ ഇരാവതിനദി വന്നു വീഴുന്നു. അതിന്റെ തീരത്തു് നെറൂതയുടെ പുതിയ ജീവിതം തുടങ്ങുകയാണു്. ഒരു വര്‍ഷം കഴിഞ്ഞു. 1928. അദ്ദേഹം സിലോണിലെ കോണ്‍സലായി. 1929-ല്‍ കല്‍ക്കട്ടയില്‍ സമ്മേളിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ നെറൂത പങ്കുകൊണ്ടു. ഗാന്ധിജി, മോട്ടിലാല്‍ നെഹറു, അദ്ദേഹത്തിന്റെ മകന്‍ ജവഹര്‍ലാല്‍ ഇവരെയെല്ലാം അദ്ദേഹം കണ്ടു. സുന്ദരനായ ജവാഹര്‍ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ചു. ഗാന്ധിജിയാകട്ടെ ലളിതമായ സ്വയംഭരണത്തിനും. ആന്റി ഇംപീരിയലിസ്റ്റുകളില്‍ പ്രധാനനായ സുഭാഷ് ചന്ദ്രബോസിനെ നെറൂതയ്ക്ക് വാഴ്ത്താനേ അറിയാവൂ. ബ്രിട്ടീഷുകാരന്റെ കൈയിലിരിക്കുന്ന ഇന്ത്യ. എന്തൊരു ദയനീയാവസ്ഥ! വിഷൂചികയും മസൂരിയും പട്ടിണിയുംകൊണ്ടു് ദിനംപ്രതി ആയിരക്കണക്കിനാളുകള്‍ അന്നു മരിച്ചിരുന്നു. എന്നിട്ടും ധര്‍മ്മവും യോഗവും! അതൊക്കെ കണ്ട നെറൂതയ്ക്ക് ഏകാന്തതയുടെ ദുഃഖം. അദ്ദേഹം ‘ഭൂമിയിലെ വ വാസം’ എന്ന കാവ്യഗ്രന്ഥത്തിന്റെ ആദ്യത്തെ ഭാഗം എഴുതിത്തീര്‍ത്തു.
നഗര പരിഷ്കാരങ്ങളില്‍നിന്നു് അകന്ന ഒരു സ്ഥലത്തായിരുന്നു അദ്ദേഹത്തിന്റെ ബംഗ്ലാവു്. അവിടെയുള്ള മറപ്പുരയില്‍ വട്ടത്തിലുള്ള ഒരു ദ്വാരവും അതിന്റെ അടിയിലായി ഒരു തൊട്ടിയും. തൊട്ടി എന്നും കാലത്തു് വൃത്തിയായിരിക്കും. അതിനകത്തുള്ളതു് കാലത്തു് എങ്ങനെ അപ്രത്യക്ഷമാകുന്നെന്നു് നെറൂത അത്ഭുതപ്പെട്ടിരുന്നു. ഒരു ദിവസം പ്രഭാതത്തില്‍ അദ്ദേഹം പതിവിലും നേരത്തേ ഉണര്‍ന്നു. അപ്പോള്‍ ആ മഹാത്ഭുതം നേരിട്ടു കണ്ടു. സിലോണില്‍ നെറൂത കണ്ട സ്ത്രീകളില്‍ ഏറ്റവും സുന്ദരിയായവള്‍. ചുവപ്പും സ്വര്‍ണ്ണനിറവും കലര്‍ന്ന സാരിയുടുത്തു് അവള്‍ കക്കൂസിലേക്കു പോകുന്നു, തൊട്ടിയെടുക്കാനായി. അവള്‍ കനംകൂടിയ വളകള്‍ ഇട്ടിട്ടുണ്ടു്. മൂക്കിന്റെ രണ്ടുവശത്തും ചുവന്ന പൊട്ടുകള്‍. അവ സാധാരണമായ കുപ്പിച്ചില്ലുകളാണ്. പക്ഷേ, ആ തമിഴത്തിയുടെ മൂക്കില്‍ അവ വജ്രങ്ങളായിരുന്നു. നെറൂത അവളെ വിളിച്ചു. പ്രയോജനമില്ല. ഒരു ദിവസം അദ്ദേഹം അവളുടെ കൈയ്ക്കു കയറിപ്പിടിച്ചു. മന്ദസ്മിതംപോലും പൊഴിക്കാതെ അവള്‍ വന്നു് അദ്ദേഹത്തിന്റെ കിടക്കയില്‍ നഗ്നയായി കിടന്നു.
ഒതുങ്ങിയ അരക്കെട്ട്, സ്ഥൂലമായ നിതംബം, ഏകാന്തപൂര്‍ണ്ണങ്ങളായ പാനപാത്രങ്ങള്‍പോലുള്ള മുലകള്‍. ദക്ഷിണേന്ത്യയിലെ ആയിരം വര്‍ഷം പഴക്കമുള്ള പ്രതിമകളെ അനുസ്മരിക്കുന്നവ. ഇവിടെ ഒരു മനുഷ്യനും പ്രതിമയും ഒരുമിച്ചുചേരുകയാണ്…1930, 1931. നെറൂത യഥാക്രമം ബറ്റേവിയയിലെയും സിംഗപ്പോറിലെയും കോണ്‍സലായി ജോലി നോക്കി.
1933 ആഗസ്റ്റില്‍ നെറൂത ബ്യൂനോസ് ഐറീസിലെ കോണ്‍സലായി നിയമിക്കപ്പെട്ടു. അവിടെ, സ്പെയിന്‍ കണ്ട കവികളില്‍ ഏറ്റവും പ്രധാനനായ ലൊര്‍ക വന്നെത്തി. തന്റെ Blood Wedding എന്ന നാടകം സംവിധാനം ചെയ്യാനാണു് ലൊര്‍ക ബ്യുനോസ് ഐറീസില്‍ ചെന്നതു്.
P.E.N.ക്ലബ്ബ് (International Association of Poets, Play wrights, Editors, Essayists and Novelist) രണ്ടു കവികളേയും ബഹുമാനിച്ചു. സല്‍ക്കാരത്തില്‍ അവര്‍ ഒരുമിച്ചാണു് പ്രസംഗിച്ചതു്. നെറൂത ഒരു വാക്കോ വാക്യമോ പറയുമ്പോള്‍ ലൊര്‍ക മറ്റൊരു വാക്കോ വാക്യമോ പറയുന്നു. ഇതാ തുടക്കം:
- Neruda
- Ladies
- Lorca
- .. and gentlemen
പ്രഭാഷണം അവസാനിച്ച രീതി:
- Neruda
- Federicc Garcia Lorca, a Spaniard and I, a Chilean, turn over the honor of this evening among friends to that great shadow who sang more loftily than we and heard with his unique voice the Argentine soil on which we stand.
- Lorca
- Pablo Neruda a Chilean, and I, a spaniard linked by our language and by the person of the great Nicaraguan, Argentine Chilean and Spanish poet, Ruben Dario.
- Neruda and Lorca
- In whose honor and glory we raise our glasses.
നെറൂത ബ്യൂനോസ് ഐറീസിലെ കോണ്‍സലായി വളരെക്കാലമിരുന്നില്ല. 1934-ല്‍ അദ്ദേഹം ബാര്‍തിലോണയിലെ (Bartelona) കോണ്‍സലായി നിയമിക്കപ്പെട്ടു. പിന്നീടു് സ്പെയിനിന്റെ തലസ്ഥാന നഗരിയായ മാത്ത്റീത്തില്‍ (മാഡ്റിഡ എന്നു് ഇംഗ്ലീഷുച്ചാരണം) അതേ ജോലിയായി സ്ഥലം മാറിപ്പോയി. അവിടെവച്ചു് കവികളായ ഗാര്‍തിയ ലൊര്‍കയുടേയും ആല്‍ബര്‍ട്ടിയുടേയും സ്നേഹിതന്മാരെ നെറൂത പരിചയപ്പെട്ടു. അവരില്‍ പ്രധാനൻ മീഗേല്‍ യര്‍നാണ്‍ഡസ് (Miguel Hernandez) ആയിരുന്നു. രാപ്പാടികളുടെ ഗാനങ്ങളെക്കുറിച്ചു് യർനാണ്‍ഡസ് നെറൂതയോടു പറയും. കിഴക്കന്‍ സ്പെയിനിലായിരുന്നു ആ കവിയുടെ ജനനം. പൂത്തുനില്‍ക്കുന്ന ഓറഞ്ച് വൃക്ഷങ്ങളും പാടുന്ന നൈറ്റിംഗേയിലുകളും നിറഞ്ഞ നാട്. ചിലിയില്‍ രാപ്പാടികളില്ല. അതുകൊണ്ടു് നെറൂതയെ കേള്‍പ്പിക്കാനായി യര്‍നാണ്‍ഡസ് വൃക്ഷങ്ങളില്‍ കയറിയിരുന്നു് അവയെപ്പോലെ പാടും.
എവിടെയാണ് അസൂയയില്ലാത്തതു്! 1956-ല്‍ നോബല്‍ സമ്മാനം നേടിയ ഹ്വാനു രാമോണ്‍ ഹീമിനേത്ത് (Juan Ramon Jimenez) നെറൂതയെക്കുറിച്ചു പലതും പറഞ്ഞുപരത്തി. ഈ ശതാബ്ദത്തിന്റെ അന്ധകാരമയമായ പ്രാരംഭഘട്ടത്തില്‍ തന്റെ കവിതയുടെ ഉജ്ജ്വലപ്രകാശം പൊഴിച്ച ഹീമിനേത്ത് അസൂയയുടെ കത്തിയുമായി നടന്നിരുന്നു. ദിവസവും അദ്ദേഹം അതുകൊണ്ടു് ആരെയെങ്കിലും കുത്തി മുറിവേല്പിക്കും. യുവാവായ ലൊര്‍കയെപ്പോലും വെറുതെ വിട്ടില്ല. ഫാസിസ്റ്റുകള്‍ മഹാനായ ആ കവിയെ (ലൊര്‍കയെ) വെടിവച്ചുകൊന്നു. സൗന്ദര്യവും പ്രതിഭയും ‘ചിറകുവെച്ച ഹൃദയവും’ സിതോപലത്തിന്റെ ഭംഗിയാര്‍ന്ന ജലപാതവും-ഇവയെല്ലാം ഒരുമിച്ചു ചേര്‍ന്നതാണു് ലൊര്‍കയുടെ കവിതയെന്നു നെറൂത പറയുന്നു. ആഹ്ലാദത്തിന്റെ മാന്ത്രികത്വം, ജീവിതത്തോടുള്ള ആഭിമുഖ്യം, ഹൃദയവിശാലത, ഹാസ്യപ്രവണത ഇവയൊക്കെ അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു. ലൊര്‍കയുടെ അലങ്കാര പ്രയോഗ വൈഭവം നെറൂതയെ വിസ്മയിപ്പിച്ചു. ലൊര്‍ക മരിച്ചിട്ടു് വളരെക്കാലം കഴിഞ്ഞു് നെറൂത അദ്ദേഹത്തെക്കുറിച്ചു് ഒരു പ്രഭാഷണം നിര്‍വ്വഹിച്ചു. അപ്പോള്‍ സദസ്സില്‍നിന്നു് ഒരാളെഴുന്നേറ്റു് ചോദിച്ചു: “അങ്ങയുടെ Odaa Federico Gercia Lorca എന്ന കവിതയില്‍ അവര്‍ അദ്ദേഹത്തിനുവേണ്ടി ആശുപത്രികളില്‍ നീലച്ചായമടിച്ചു എന്നു പറയുന്നതിന്റെ അര്‍ത്ഥമെന്താണു്?” നെറൂത മറുപടി നല്‍കി: കൂട്ടുകാരാ, നോക്കൂ. കവിയോട് അങ്ങനെ ഒരു ചോദ്യം ചോദിക്കുന്നതു് സ്ത്രീയോടു വയസ്സു ചോദിക്കുന്നതുപോലെയാണ്. കവിത നിശ്ചലവസ്തുവല്ല. സ്രഷ്ടാവിന്റെ കൈയില്‍നിന്നു് പലപ്പോഴും ഒഴുകിപ്പോകുന്ന നിര്‍ഝരിയാണതു്. എന്നിട്ടു് നെറൂത അതിന്റെ അര്‍ത്ഥം വ്യക്തമാക്കിക്കൊടുത്തു. 1936 ജൂലൈ 18-ആം തീയതിയാണ് സ്പെയിനിലെ ആഭ്യന്തരയുദ്ധം ആരംഭിച്ചതു്. ഒരു മാസം കഴിഞ്ഞില്ല; അതിനുമുന്‍പു് ഫ്രാങ്കോയുടെ ഭടന്മാര്‍ ലൊര്‍കയെ കൊന്നു. പരസ്യമായി വെടിവെച്ചു കൊന്നതല്ല; രഹസ്യമായി വധിക്കുകയാണു ചെയ്തതു്.
സ്പാനിഷ് റിപ്പബ്ലിക്കിനുവേണ്ടി നിലകൊണ്ട നെറൂതയെ ചിലിയിലെ ഗവണ്‍മെന്റു് കോണ്‍സല്‍ സ്ഥാനത്തുനിന്നു് ഡിസ്മിസ്സ് ചെയ്തു. അദ്ദേഹം പാരീസിലേക്കു പോയി. അവിടെ കുറെക്കാലം കഴിഞ്ഞിട്ടു് അദ്ദേഹം 1937 ഒക്ടോബറില്‍ ചിലിയില്‍ തിരിച്ചെത്തി. സ്പെയിന്‍ സന്ദര്‍ശനം നെറൂതയ്ക്കു കൂടുതല്‍ ശക്തി നല്‍കി. “ഭൂമിയിലെ വാസം” എന്ന കാവ്യഗ്രന്ഥത്തിലെ വിഷാദം അകന്നു. കവിത ജനസേവനത്തിനുള്ളതാണെന്നും ജനങ്ങളുടെ കഷ്ടപ്പാടുകളില്‍ അതിനു് സ്ഥാനമുണ്ടായിരിക്കണമെന്നും അദ്ദേഹം കരുതി. പില്‍ക്കാലത്തു് വിശ്വവിഖ്യാതമായിബ്ഭവിച്ച Canto General എന്ന മഹാകാവ്യം അങ്ങനെയാണു് നെറൂത എഴുതിത്തുടങ്ങിയതു്. (Canto എന്ന സ്പാനിഷ് പദത്തിനു് ഗാനം എന്നാണു് അര്‍ത്ഥം.)Isia Negra (കറുത്ത ദ്വീപ്) എന്ന സ്ഥലത്തു് ഒരൊഴിഞ്ഞ ഭവനം അദ്ദേഹം കണ്ടുപിടിച്ചു. ലോകത്തെ ഹര്‍ഷപുളകിതമാക്കിയ “സര്‍വ്വജനീനഗാനം” (Canto General) അവിടെവച്ചാണു് രൂപംകൊണ്ടതു്.
ചിലിയിലെ സര്‍ക്കാര്‍ വീണു. ജനകീയ ഗവണ്‍മെന്റ് അധികാരമേറ്റെടുത്തു. 1940-ല്‍ നെറൂത മെക്സിക്കോയിലെ കോണ്‍സല്‍ ജനറലായി. മുള്ളുകളും സര്‍പ്പങ്ങളും നിറഞ്ഞ മെക്സിക്കോ. ചക്രവാതങ്ങളില്‍പ്പെട്ടു് വിറയ്ക്കുന്ന മെക്സിക്കോ. അതു മാന്ത്രിക ശക്തികൊണ്ടു്, അസാധാരണമായ പ്രകാശം കൊണ്ടു് നെറൂതയെ വിസ്മയിപ്പിച്ചു. രക്തധമനികളില്‍ ഭ്രമണം ചെയ്യുന്ന കഴുകനെപ്പോലെ മെക്സിക്കോ ഈ മഹാകവിയില്‍ ജീവിച്ചു. മരണം മാത്രമേ അതിന്റെ ചിറകുകളടക്കിയുള്ളൂ.
ഡിപ്ലൊമാറ്റിക് സര്‍വ്വീസ് അവസാനിപ്പിച്ചു നെറൂത ചിലിയില്‍ തിരിച്ചെത്തി. മനുഷ്യന്‍ സ്വന്തം നാട്ടില്‍ത്തന്നെ ജീവിക്കണമെന്നു് അദ്ദേഹത്തിനു് തോന്നിത്തുടങ്ങി. ചിലിയിലേക്കു മടങ്ങുന്നതിനു മുന്‍പു് അദ്ദേഹം പെറുവില്‍ ചെന്നു് മാക്കു പിക്കുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടു. ഭീമാകാരങ്ങളായ കല്ലുകള്‍കൊണ്ടു് നിര്‍മ്മിക്കപ്പെട്ട മാക്കുപിക്കുവിന്റെ ദര്‍ശനത്തില്‍ തന്റെ നിസ്സാരതയെക്കുറിച്ചു് കവിക്കു് ബോധമുണ്ടായി. ആ ഭൂതകാലത്തില്‍ താന്‍ തന്നെ കൈകള്‍കൊണ്ടു് പാറകള്‍ മിനുക്കിയതായും കുഴികള്‍ കുഴിച്ചതായും നെറൂതയ്ക്കു തോന്നി. താന്‍ ചിലിയനാണെന്നും പെറൂവിയനാനെന്നും അമേരിക്കനാണെന്നും അദ്ദേഹം വിചാരിച്ചു. ഇങ്ങനെയാണു് കാന്റോ ജനറലിന്റെ ഒരു ഭാഗമായ Hights of Macchu Picchu എന്ന കാവ്യം ജനനം കൊണ്ടതു്. 1945 ജൂലൈ 15-ആം തീയതി അദ്ദേഹം ചിലിയിലെ കമ്മ്യൂണീസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. അതോടെ നെറൂത സര്‍ക്കാരിന്റെ ശത്രുവാകുകയണു്. അദ്ദേഹത്തിനു് ചിലിയില്‍നിന്നു് പോകാതിരിക്കാന്‍ വയ്യെന്നായി. ‘പ്രസിഡന്റ്’ എന്ന വിശ്വവിഖ്യാതമായ നോവല്‍ രചിച്ച മീഗേല്‍ ആസ്റ്റൂറിയാസിന്റെ അടുക്കലെത്തി നെറൂത. രണ്ടുപേരുടേയും ഛായ ഏതാണ്ടു് ഒരുപോലെയാണു്. ആസ്റ്റൂറിയാസിന്റെ പാസ്പോര്‍ട്ട് വാങ്ങിക്കൊണ്ടു് നെറൂത പാരീസിലേക്കു പോയി. അവിടത്തെ ഒരു സമാധാന സമ്മേളനത്തില്‍ കവിത വായിച്ചിട്ട് നെറൂത ഹോട്ടലില്‍ തിരിച്ചെത്തിയപ്പോള്‍ ഒരു പത്രറിപ്പോര്‍ട്ടര്‍ ചോദിച്ചു: ‘വേറൊരു നെറൂതയാണോ ഇവിടെ വന്നിരിക്കുന്നതു്?’ മാര്‍ക്ക്ട്വയിന്റെ ഒരു നേരമ്പോക്കാണു് അദ്ദേഹത്തിനു് ഓര്‍മ്മവന്നതു്. ഷേക്സ്പിയറല്ല അദ്ദേഹത്തിന്റെ പേരിലുള്ള കൃതികളെഴുതിയതെന്നു് ഒരു വാദമുണ്ടല്ലോ. അതിനെക്കുറിച്ചു് മാര്‍ക്ക് ട്വയില്‍ പറഞ്ഞതിങ്ങനെയാണു്: “ആ നാടകങ്ങളെഴുതിയതു് വില്യം ഷേക്സ്പിയറായിരുന്നില്ല. അതേ പേരുള്ള വേറൊരു ഇംഗ്ലീഷുകാരനായിരുന്നു. അദ്ദേഹവും അതേദിവസം അതേനിമിഷം ജനിച്ചു. രണ്ടുപേരും ഒരുദിവസം ഒരേ സമയം മരിച്ചു. പിന്നെ രണ്ടുപേരുടേയും പേരുകള്‍ വില്യം ഷേക്സ്പിയര്‍ എന്നായിരുന്നു. നെറൂത റിപ്പോര്‍ട്ടറോടു പറഞ്ഞു: ‘ഞാന്‍ പാവ്ലോ നെറൂതയല്ലെന്നു പറഞ്ഞേക്കു. കവിതയെഴുതുകയും സ്വാതന്ത്ര്യത്തിനുവേണ്ടി സമരം ചെയ്യുകയും പാവ്ലോ നെറൂത എന്നറിയപ്പെടുകയും ചെയ്യുന്ന ആളാണെന്നു് പറയൂ.’
1949-ല്‍ നെറൂത സോവിയറ്റു് യൂണിയന്‍ സന്ദര്‍ശിച്ചു. പുഷ്കിന്റെ നൂറ്റിയമ്പതാമതു് ചരമവാര്‍ഷികത്തില്‍ പങ്കുകൊള്ളാനാണു് അദ്ദേഹം അവിടെ പോയതു്. പസ്റ്റര്‍നക്കും മയകോവ്സ്കിയുമാണു് റഷ്യയിലെ ഏറ്റവും വലിയ കവികളെന്നു് നെറൂത കണ്ടു. മയകോവ്സ്ക്കി ജനങ്ങളുടെ കവി. ഇടിവെട്ടുമ്പോലുള്ള നാദം; ലോഹംപോലുള്ള മുഖം; വിശാലതയാര്‍ന്ന ഹൃദയം. പക്ഷേ പാസ്റ്റര്‍നക്ക് സായാഹ്നത്തിലെ നിഴലുകളുടെ മഹാകവിയാണു്. “ആദ്ധ്യാത്മികമായ അന്തര്‍മുഖത്വം’ കൂടും അദ്ദേഹത്തിനു്.
1950-ല്‍ ശാസ്ത്രകാരനായ ഷോളിയോ ക്യൂറിയുടെ (Joliot Curie) സന്ദേശവും കൊണ്ടു് നെറൂത നെഹ്രുവിനെ കാണാന്‍ ഇന്ത്യയിലെത്തി. ഇന്ത്യന്‍ പോലീസ് നെറൂതയെ വല്ലാതെ ക്ലേശിപ്പിച്ചു. നെഹ്റുവുമായുള്ള കൂടിക്കാഴ്ചയും നെറൂതയ്ക്കിഷ്ടപ്പെട്ടില്ല.
‘ഞാന്‍ പാരീസില്‍ തിരിച്ചുചെല്ലുമ്പോള്‍ ഷോളിയോ ക്യൂറിയോടു് എന്താണ് പറയേണ്ടതു്?’ നെറൂത നെഹ്രുവിനോടു് ചോദിക്കുകയാണു്.
നെഹ്രുവിന്റെ ശുഷ്കമായ മറുപടി: ‘ഞാന്‍ കത്തിനു മറുപടി അയച്ചുകൊള്ളാം.’ നിശ്ശബ്ദത. നെഹ്രു ഒന്നു ചിരിച്ചതുപോലുമില്ല. ഹസ്തദാനം ചെയ്തിട്ട് നെറൂത നടന്നപ്പോള്‍ നെഹ്റു ചോദിച്ചു:
- “Can I do anything for you? Is there anything you would like?”
നെറൂതയ്ക്കു വിദ്വേഷമില്ല. എങ്കിലും ജീവിതത്തിലാദ്യമായി അദ്ദേഹം പരുഷമായി മറുപടി കൊടുത്തു.
- “Oh yes!I almost forgot. I lived in india once, but I have ever had a chance to visit the Taj Mahal, which is so close to New Delhi. This would have been a good time to see that magnificent monument if the police had not notified me that I can’t leave the city limits and must return to Europe as soon as possible. I am going back tomorrow.”
നെറൂത ഹോട്ടലിലെത്തിയപ്പോള്‍ ചില ഉദ്യോഗസ്ഥന്മാര്‍ വന്നറിയിച്ചു, അദ്ദേഹത്തിനു് താജ്‌മഹല്‍ കാണാന്‍ പോകാമെന്നു്. പക്ഷേ, അദ്ദേഹം പോയില്ല. അടുത്ത വിമാനത്തില്‍ കയറി അദ്ദേഹം ഡെല്‍ഹി വിട്ടു. 1951-ല്‍ നെറൂത ചൈനയില്‍ പോയി. മോത്‌സെദൂങ്ങിനെക്കുറിച്ചും വലരെ നല്ല വാക്കുകള്‍ പറയാനില്ല അദ്ദേഹത്തിനു്. അതുപോലെ സ്റ്റാലിന്റെ സ്വഭാവത്തില്‍വന്ന ജീര്‍ണ്ണതയും അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. കവിയായ നെറൂത, മഹാകവിയായ നെറൂത തൊഴിലാളികളുടെ സുഹൃത്താണെങ്കിലും ആരുടേയും അന്ധനായ ആരാധകനല്ല, അദ്ദേഹം പ്രഖ്യാപിക്കുന്നു: ‘ആഹ്ലാദ നിര്‍ഭരമായ ജീവിതം നയിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണു് നെറൂത എന്നു് ഇല്യ ഏഹ്റന്‍ബുര്‍ഗ്ഗ് പറയുന്നു. ഞാന്‍ ആ നെറൂത തന്നെയാണു്. ഏഹ്റന്‍ബുര്‍ഗ്ഗിനു് തെറ്റുപറ്റിയില്ല.’
ആദാമിനേക്കാള്‍ നഗ്നനായി നെറൂത ജീവിതമാരംഭിച്ചു. പക്ഷേ സ്വന്തം മനസ്സുകൊണ്ടു് അദ്ദേഹം കവിതയുടെ സത്യസന്ധത നിലനിറുത്തി. റിയലിസ്റ്റല്ലാത്ത കവി മരിച്ചുകഴിഞ്ഞു. റീയലിസ്റ്റ് മാത്രമായ കവിയും മരിച്ചു. യുക്തിയില്ലാത്ത കവിയെ അദ്ദേഹത്തിന്റെ പ്രേമഭാജനം മാത്രമേ അറിയൂ. യുക്തിമാത്രം അംഗീകരിക്കുന്ന കവിയെ കഴുതകളേ അറിയൂ. രണ്ടും ദുഃഖദായകം.
1971 ഒക്ടോബര്‍ 21-ആം തീയതി നെറൂത നോബല്‍ സമ്മാനത്തിനു് അര്‍ഹനായി. ആ സമ്മാനം കിട്ടിയ സ്പാനിഷ് സാഹിത്യകാരന്മാരില്‍ ആറാമത്തെ ആളായിരുന്നു അദ്ദേഹം. ലാറ്റിന്‍-അമേരിക്കന്‍ സാഹിത്യകാരന്മാരില്‍ മൂന്നാമത്തെയാളും. 1970-ല്‍ അലേന്‍ഡേ ചിലിയിലെ പ്രസിഡന്റായി കഴിഞ്ഞിരുന്നു. അദ്ദേഹം നെറൂതയെ ഫ്രാന്‍സില്‍ അംബാസഡറായി നിയമിക്കുകയും ചെയ്തു. പക്ഷേ 1972 നവംബറില്‍ അദ്ദേഹം ആ ജോലി രാജിവച്ചു് ചിലിയിലേക്കു തിരിച്ചുപോന്നു.
ഉന്നതനായ നേതാവായിരുന്നു അലേന്‍ഡേ. ചിലിയുടെ സുദീര്‍ഘമായ ചരിത്രത്തില്‍ അദ്ദേഹത്തെപ്പോലെ ജനങ്ങളാല്‍ ആദരിക്കപ്പെട്ട വേറൊരു വ്യക്തിയില്ല. ചിലിയുടെ സമ്പത്താണു് ചെമ്പു്. അതിന്റെ ഖനനവും മറ്റും ദേശസാല്‍ക്കരിച്ചതുകൊണ്ടാണു് അലേന്‍ഡേ വധിക്കപ്പെട്ടതു്. 1973 സെപ്തംബര്‍ 11-ആം തീയതി ചിലിയുടെ മഹാനായ പ്രസിഡന്റ്, ഭരണം തകര്‍ത്തുകളയാന്‍ ശ്രമിച്ച സൈനികരോടു് അടരാടിക്കൊണ്ടു് മരണം വരിച്ചു. പന്ത്രണ്ടു ദിവസംകൂടി കഴിഞ്ഞപ്പോള്‍ ചിലിയുടെ മഹാനായ കവി നെറൂതയും മരിച്ചു. പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് ക്യാന്‍സര്‍ വന്നു്, അദ്ദേഹം മരിച്ചുവെന്നാണു് അധികാരികള്‍ പറഞ്ഞതു്. ഈ മഹാകവിയുടെ ഭവനം കൊള്ളയടിക്കുകയും അദ്ദേഹത്തെ സൈനികമേധാവികള്‍ അറസ്റ്റ് ചെയ്തു മര്‍ദ്ദിക്കുകയും ചെയ്തു. ആ മര്‍ദ്ദനത്തിന്റെ ഫലമായിട്ടാണു് അദ്ദേഹം ചരമം പ്രാപിച്ചതെന്നു് ലോകജനത വിശ്വസിക്കുന്നു.
അത്യന്തസുന്ദരമായ ഒരാത്മകഥയുടെ ചില ഭാഗങ്ങളെ ഞാനിവിടെ പ്രദര്‍ശിപ്പിച്ചുള്ളൂ. ഇതു് വിശാലമായ, അഗാധമായ നദിപോലെ ഒഴുകുന്നു. അതില്‍ മഹാത്ഭുതങ്ങളുടെ അഗാധഹ്രദങ്ങളുണ്ടു്. വിഷാദങ്ങളുടെ തരംഗപരമ്പരകളുണ്ടു്. മന്ദസ്മിതത്തിന്റെ പ്രകാശമുണ്ടു്. നെറൂതയുടെ കവിതപോലെതന്നെ ഈ ആത്മകഥയും നമ്മെ ചലനംകൊള്ളിക്കും. ചിലിയിലെ കാറ്റും രാത്രിയും നക്ഷത്രങ്ങളും അവിടത്തെ തൊഴിലാളിയോടു പറയുന്നു: ‘താങ്കള്‍ തനിച്ചല്ല. താങ്കളുടെ വിഷാദത്തില്‍ ചിന്തകൊണ്ടു പങ്കുകൊള്ളുന്ന ഒരു കവിയുണ്ടു്.’ ആ കവി താനാണെന്നു് നെറൂത പ്രഖ്യാപിക്കുന്നു.
|
|
|