close
Sayahna Sayahna
Search

അബ്സേഡിറ്റിയും നൈലിസവും


അബ്സേഡിറ്റിയും നൈലിസവും
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

ഷാങ്ങ്പോള്‍ സാര്‍ത്ര് എന്ന ഫ്രഞ്ച് തത്വചിന്തകനെക്കുറിച്ചു് കേട്ടിട്ടില്ലാത്തവര്‍ വളരെക്കാണില്ല. അത്രയ്ക്ക് അദ്ദേഹം പ്രശസ്തനാണു്. ഒരിക്കല്‍ ഒരു ശിഷ്യന്‍ അദ്ദേഹത്തിന്റെ അടുക്കലെത്തി ഉപദേശം ആരാഞ്ഞു. ശിഷ്യന്റെ സഹോദരന്‍ രണ്ടാംലോകമഹായുദ്ധത്തില്‍ പങ്കുകൊണ്ടു ചരമമടഞ്ഞു. 1940-ല്‍ ജര്‍മ്മന്‍കാരുടെ ഷെല്ലേറ്റാണു് അയാള്‍ മരിച്ചതു്. ജര്‍മ്മനിയെ തോല്പിക്കാനുള്ള യുദ്ധത്തില്‍ ചേര്‍ന്നു ശത്രുവിനോടു് പ്രതിക്രിയ ചെയ്യാനാണു് ശിഷ്യന്റെ ആഗ്രഹം. അയാള്‍ താമസിക്കുന്നതു് അമ്മയോടുകൂടിയാണു്. മകന്‍ യുദ്ധത്തിനു പോയാല്‍ അമ്മയുടെ ജീവിതം മരണത്തിനു സദൃശമാകും. എന്നാല്‍ അയാള്‍ക്കു യുദ്ധത്തിനു പോയേ പറ്റൂ. അമ്മയെ പിരിയാനും വയ്യ. ഈ പ്രതിസന്ധിയില്‍ താനെന്തു ചെയ്യണം എന്നാണു് ശിഷ്യന്‍ ഗുരുവിനോടു് ചോദിച്ചതു്. ഇവിടെ രണ്ടുതരത്തിലുള്ള സദാചാരതത്വങ്ങള്‍ ദര്‍ശിക്കാം. ഒന്നു്, വ്യക്തിയോടുള്ള സ്നേഹം. രണ്ടു്, സമൂഹത്തോടുള്ള സ്നേഹം. ഇതിലേതു ശരിയെന്നു ശിഷ്യന്‍ ഗുരുവിനോടു ചോദിച്ചു. തനിക്കറിഞ്ഞുകൂടാ എന്നായിരുന്നു സാര്‍ത്രിന്റെ മറുപടി. അങ്ങനെ മറുപടി നല്‍കിയാല്‍ പോരല്ലോ, ഗുരുനാഥന്‍ ശിഷ്യന്റെ ഏതു സംശയവും പരിഹരിക്കാന്‍ ബാദ്ധ്യസ്ഥതയുള്ളവനല്ലെ? ശിഷ്യന്‍ നിര്‍ബന്ധിച്ചതുകൊണ്ടു് സാര്‍ത്ര് പറഞ്ഞു. ജര്‍മ്മന്‍ തത്ത്വചിന്തകന്‍ കാന്‍റിന്റെ മതമനുസരിച്ചു് പ്രവര്‍ത്തിക്കാന്‍. അദ്ദേഹം എന്തു പറഞ്ഞു?

Never regard another as means, but always as an end. അന്യനെ ഒരിക്കലും മാര്‍ഗ്ഗമായി കാണരുതു്. ലക്ഷ്യമായിട്ടേ കാണാവൂ. കാൻറിന്റെ ഈ തത്വം അംഗീകരിച്ചു് ശിഷ്യന്‍ യുദ്ധത്തിനു പോയാല്‍ യുദ്ധം ലക്ഷ്യമാകും. അമ്മ മാര്‍ഗ്ഗവും. യുദ്ധത്തിനു പോകാതെ അമ്മയോടുകൂടി താമസിച്ചാല്‍ അമ്മ ലക്ഷ്യമാകും, യുദ്ധം മാര്‍ഗ്ഗവും. ശിഷ്യന്‍ വീണ്ടും ചിന്താക്കുഴപ്പത്തിലായി. അപ്പോള്‍ സാര്‍ത്ര് ഉപദേശിച്ചു. വികാരമനുസരിച്ചു് പ്രവര്‍ത്തിക്കാന്‍. ഏതു വികാരത്തിനു ശക്തിയുണ്ടോ അതനുസരിച്ചു് പ്രവര്‍ത്തിക്കണം. അമ്മയോടുള്ള സ്നേഹം എന്ന വികാരത്തിനാണു് പ്രാബല്യമെങ്കില്‍ അവരോടുകൂടി താമസിക്കണം. അതല്ല, സ്വദേശസ്നേഹം എന്ന വികാരത്തിനാണു് ശക്തിയെങ്കില്‍ യുദ്ധത്തിനു പോകണം. ഈ ശക്തി നിര്‍ണ്ണയിക്കുന്നതെങ്ങനെ? യുദ്ധത്തിനു പോകാതെ അമ്മയോടുകൂടി താമസിച്ചെങ്കിലേ അമ്മയോടുള്ള സ്നേഹത്തിന്റെ ശക്തി തെളിയൂ. താമസിക്കുന്നതുവരെ ആ വികാരത്തിന്റെ ശക്തി നിര്‍ണ്ണയിക്കാന്‍ വയ്യ. ശിഷ്യന്‍ വീണ്ടും കുഴപ്പത്തിലായി. അപ്പോള്‍ സാര്‍ത്ര് പറഞ്ഞു: ‘മാനുഷികമൂല്യങ്ങള്‍ക്ക് വിലയില്ല എന്നു ഞാന്‍ അഭിപ്രായപ്പെട്ടതു് ഇതുകൊണ്ടാണു്.’

ഈ ശതാബ്ദത്തിന്റെ സവിശേഷത ഇതുതന്നെ. സകല മാനുഷികമൂല്യങ്ങളും തകര്‍ന്നിരിക്കുന്നു. ജീവിതത്തിന്റേയും മരണത്തിന്റേയും പ്രധാന മുഹൂര്‍ത്തങ്ങളില്‍ മാനുഷികമൂല്യങ്ങളെ നിവേശിപ്പിച്ചു് പരിശോധന നിര്‍വ്വഹിക്കു. ഈ വാദഗതി ശരിയാണെന്നു കാണാമെന്നത്രേ അവര്‍ ഉദ്ഘോഷിക്കുന്നതു്. ശുചിത്വം മൂല്യമാണല്ലോ വാഴയിലയില്‍ ബാക്റ്റീരിയ ഉണ്ടെന്നു് കരുതി അതില്‍ ചോറുവിളമ്പാന്‍ സമ്മതിക്കാത്തവന്‍, എപ്പോഴും ഡെറ്റോള്‍ ലോഷന്‍കൊണ്ടു് കൈകഴുകുന്നവന്‍ വാര്‍ദ്ധക്യകാലത്തു് രോഗംപിടിച്ചു കിടക്കുകയും ദുര്‍ഗന്ധം വമിക്കുന്ന ‘ബഡ്സോറ്’കൊണ്ടു് മറ്റുള്ളവരെ കഷ്ടപ്പെടുത്തുകയും ചെയ്താല്‍ ശുചിത്വം എന്ന മൂല്യത്തിനു് എന്തു പ്രസക്തിയിരിക്കുന്നു? വിനയം വേറൊരു മൂല്യമാണല്ലോ. ജഡ്ജിയുടെ മുമ്പില്‍ ശിപായി പഞ്ചപുച്ഛമടക്കി നില്ക്കുന്നു. രണ്ടുപേരും പെന്‍ഷന്‍ വാങ്ങട്ടെ. പ്രഭാതകാലത്തു് രണ്ടുപേരും മ്യൂസിയംവഴി നടക്കാന്‍ പോകുമ്പോള്‍ തോളോടുതോളുചേര്‍ന്നു പോകും. (ഇക്കാഴ്ച ഞാന്‍ കണ്ടിട്ടുണ്ടു്.) എന്റെ വിദ്യാര്‍ത്ഥികള്‍ക്ക് എന്നോടു് ബഹുമാനമുണ്ടു്. ഞാന്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ തീപിടുത്തമുണ്ടായിയെന്നു് വിചാരിക്കു. രക്ഷപ്രാപിക്കാന്‍ ഒരു വാതിലേയുള്ളു. അവിടെ ഞാന്‍ ബോധശൂന്യനായി കിടക്കുന്നു. എന്റെ മുഖത്തു ചവിട്ടിക്കൊണ്ടുമാത്രമേ വിദ്യാര്‍ത്ഥികള്‍ക്കു് പുറത്തേക്കുചാടാന്‍ സാധിക്കുകയുള്ളുവെങ്കില്‍ അവരതു പ്രവര്‍ത്തിക്കില്ലേ? അപ്പോള്‍ വിനയം എന്ന മൂല്യത്തിനു് എന്തു വില? ഇങ്ങനെ മൂല്യങ്ങള്‍ തകരുന്നതോടൊപ്പം എല്ലാ പ്രവര്‍ത്തനങ്ങളും തകരുന്നു. സുനിശ്ചിതമായ ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ പ്രവര്‍ത്തനത്തിനു കഴിയുമ്പോള്‍ മാത്രമേ ആ പ്രവര്‍ത്തനത്തിനു് അര്‍ത്ഥമുള്ളു. നമുക്കു് സുനിശ്ചിതമായ ലക്ഷ്യമില്ല. അതിനാല്‍ പ്രവര്‍ത്തനങ്ങള്‍ വ്യര്‍ത്ഥങ്ങളായിബ്ഭവിക്കുന്നു.

1960 ജനുവരി 4. രണ്ടുപേര്‍ ഫ്രാന്‍സിന്റെ തെക്കുഭാഗത്തുനിന്നു് പാരീസ് നഗരത്തിലേക്കു് കാറോടിച്ചു പോകുകയാണു്. അവരങ്ങനെ വളരെവേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ കാര്‍ ‘സ്കിഡ്’ ചെയ്തു് മരത്തില്‍ ചെന്നിടിച്ചു. കാറോടിച്ചിരുന്ന ആളിന്റെ മുറിവുകള്‍ നിസ്സാരങ്ങള്‍. പക്ഷേ ഇടതുവശത്തിരുന്ന ആള്‍ ഉടനെ മരിച്ചു. സാഹിത്യത്തിനുള്ള നോബല്‍സമ്മാനം നേടിയ അല്‍ബേര്‍ കമ്യുവാണു് മരിച്ചതു്. ഈ മരണത്തെക്കുറിച്ചറിഞ്ഞയുടനെ സാര്‍ത്ര് പറഞ്ഞതു് ’That death is absurd’ എന്നാണു്. അങ്ങനെ ‘അബ്സേഡ്’ എന്ന തത്വചിന്ത പ്രചരിപ്പിച്ച കമ്യു ‘അബ്സേഡായ’ മരണം വരിച്ചു.അദ്ദേഹത്തിന്റെ പ്രശസ്തമായ നോവലാണു് The Outsider. അതിലെ കഥാപാത്രമായ മേര്‍സോ ജീവിതത്തെ സംബന്ധിച്ചിടത്തോളം അന്യനാണു്. അയാളുടെ അമ്മ മരിച്ചു. മരണവാര്‍ത്ത കേട്ടിട്ടും അയാള്‍ കരഞ്ഞില്ല. ഒരു ചെറുപ്പക്കാരിയോടുകൂടി അയാള്‍ കഴിഞ്ഞുകൂടുന്നുണ്ടു്. അതും സ്നേഹംകൊണ്ടല്ല. ഒരു സ്നേഹിതന്‍ സ്നേഹിതന്റെ ഭാഷ സംസാരിച്ചുകൊണ്ടു് മേര്‍സോയെ സമീപിക്കുന്നു. അതിലും അയാള്‍ക്കു വിശ്വാസമില്ല. ആ സ്നേഹിതനുവേണ്ടിയാണു് അയാള്‍ ഒരറബിയെ കൊന്നതു്. അറബിയെ കൊന്നതുകൊണ്ടു് അയാള്‍ക്ക് വധശിക്ഷ കിട്ടി.

മരണവും കാത്തു് തടവറയില്‍ കിടക്കുമ്പോള്‍ അന്ത്യോപദേശത്തിനു് പുരോഹിതനെത്തി. മേര്‍സോ പറഞ്ഞു. അയാളുടെ ഉപദേശത്തിനു തലമുടിനാരിന്റെ വിലപോലുമില്ലെന്നു്. അയാള്‍ ആ പുരോഹിതനെ തടവറയ്ക്കു പുറത്താക്കി.മരണത്തെ കാത്തുകിടക്കുന്ന മേര്‍സോമാരാണ് നമ്മളെന്നു് കമ്യു പരോക്ഷമായി നമ്മെ അറിയിക്കുന്നു. മാനുഷിക മൂല്യങ്ങള്‍ക്ക് ഒരു വിലയുമില്ലെന്നു് ഈ നോവൽ തെളിയിക്കുന്നു. ജീവിതം അബ്സേഡാണെന്നു് ഇതു് ഉദ്ഘോഷിക്കുന്നു. എല്ലാവരും മരിക്കും. അബ്സേഡായ മരണം കമ്യുവിനെ സമാശ്ലേഷിച്ചു. നമ്മളേയും അതു് സമാശ്ലേഷിക്കും. അതിനാല്‍ ഓരോ മാനുഷിക പ്രവര്‍ത്തനവും ലക്ഷ്യരഹിതമാണു്, അബ്സേഡാണു്. കമ്യുവിന്റെ The Outsider എന്ന നോവല്‍ പ്രഖ്യാപിക്കുന്നതു് ഇതത്രേ.

മനുഷ്യന്‍ തകര്‍ന്നടിയുന്നു ഓരോ നിമിഷവും എന്നാണു് കമ്യുവും കൂട്ടുകാരും ഉദ്ഘോഷിക്കുക. അങ്ങനെ അവന്റെ ആത്മതയും — ഐഡന്റിറ്റിയും — തകരുന്നു. കാലത്തിന്റെ അനുക്രമാവസ്ഥയില്‍ മനുഷ്യനു് ആത്മത പാലിച്ചുകൊണ്ടിരിക്കാന്‍ സാധ്യമല്ലെന്നു കാണിച്ചുകൊണ്ടു് അത്യന്താധുനികര്‍ നാടകങ്ങളും കഥകളും എഴുതുന്നതിനു കാരണമിതാണു്. യനസ്കൊയുടെ നാടകങ്ങള്‍ നോക്കുക. കിഴവന്‍ യുവാവാണെന്നും കൊച്ചുകുട്ടിയാണെന്നും പറയുന്നതു കേള്‍ക്കാം. ‘കസേരകള്‍’ എന്ന നാടകത്തില്‍ 96 വയസ്സുള്ള കിഴവിയെ അത്രയും വയസ്സുള്ള കിഴവന്‍ കുഞ്ഞായും അമ്മയായും അമ്മൂമ്മയായും പ്രേമഭാജനമായും കരുതുന്നു, ആര്‍ക്കും ഐഡന്‍റിറ്റി — ആത്മത-ഇല്ല ഇല്ല എന്നാണു് യനസ്കൊയുടെ മതം. പിന്നെ നമ്മളാര്? നമ്മള്‍ ആരുമല്ല എന്നാണു് ഈ സാഹിത്യകാരന്മാരുടെ ഉത്തരം. നമ്മള്‍ ആരെങ്കിലുമാകാന്‍ ശ്രമിക്കുന്നു. അതു് നിഷ്ഫലംതന്നെ എന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

അബ്സേഡിറ്റി എന്ന ഈ ചിന്താഗതിയുടെ ഉദ്ഘോഷകര്‍ യെനസ്കൊയും (lonesco) ബക്കറ്റും ഷെനെയും (Genet) പിന്‍റ്ററുമാണു്.

അബ്സേഡിറ്റിക്കു പൊരുത്തക്കേടു് എന്ന തര്‍ജ്ജമ നല്കാം. മനുഷ്യനും ലോകവും തമ്മില്‍ പൊരുത്തമില്ല എന്നതാണു് അബ്സേഡിറ്റിയിലെ കേന്ദ്രസ്ഥിതമായ ആശയം. ക്രമവും വ്യവസ്ഥയും മൂല്യവും വേണമെന്നുണ്ടു് മനുഷ്യനു്. ഇവയെക്കുറിച്ചുള്ള പ്രതീക്ഷകളോടുകൂടി അവന്‍ ഈ ലോകത്തു് ജീവിക്കാന്‍ തുടങ്ങുന്നു. പക്ഷേ ലോകത്തു് അതൊന്നുമില്ല. അങ്ങനെ മനുഷ്യനും ലോകവും തമ്മില്‍ ഇടയുന്നു. താന്‍ ഈ

ലോകത്തു് അന്യനാണെന്നു മനുഷ്യനു് തോന്നുന്നു. ഇതാണു് അബ്സേഡിറ്റി. അബ്സേഡിറ്റി മനസ്സിലാക്കിയ അന്യനാണു് കമ്യുവിന്റെ മേര്‍സോ.

അന്യവത്കരനം-alienation-എന്ന ഈ ആശയത്തിനു് ശതാബ്ദങ്ങളോളം പഴക്കമുണ്ടെങ്കിലും കാറല്‍മാര്‍ക്സാണു് അതിനു പ്രാചാരണം നല്കിയതു്. പക്ഷേ മാര്‍ക്സ് പറയുന്ന അന്യവത്കരണവും അത്യന്താധുനികര്‍ പറയുന്ന അന്യവത്കരണവും വിഭിന്നങ്ങളാണു്. മുതലാളിത്ത — വൈയവസായിക — വ്യവസ്ഥിതിയുടെ ഫലമായി തൊഴിലാളിക്കു് താനുല്പാദിപ്പിക്കുന്ന വസ്തുക്കളുമായി അന്യവത്കരണം സംഭവിക്കുന്നുവെന്നു് മാര്‍ക്സ് പ്രഖ്യാപിച്ചു. ഇവിടെ തികച്ചും സാമ്പദികമായ ഒരാശയമാണു് അന്യവത്കരണം. അത്യന്താധുനികരാകട്ടെ അസ്തിത്വത്തിന്റെ ഫലമായി മനുഷ്യനു് അന്യ‌വത്കരണം സംഭവിക്കുന്നുവെന്നു് പറയുന്നു. തൊഴിലാളിയുടെ ‘അന്യവത്കരണം’ വ്യവസ്ഥിതി മാറ്റിയാല്‍ മാറിപ്പോകും. അസ്തിത്വത്തിന്റെ (existence) ഫലമായ അന്യവത്കരണം മാറുകയില്ല എന്നാണു് കമ്യു, യെനസ്കോ, ബക്കറ്റു്, ഷെനെ ഇവര്‍ പറയുന്നതു്.

ഇവിടെ സംഭവിക്കാറുള്ള ഒരു ക്രമഹീനതയിലേക്കു് കൈചൂണ്ടാന്‍ എനിക്കു് കൗതുകമുണ്ടു്. ജീവിതം അര്‍ത്ഥരഹിതമാണെന്നു് അബ്സേഡിറ്റിയുടെ ഉദ്ഘോഷകര്‍ പ്രസ്താവിക്കുന്നതായി ചിലരൊക്കെ ധരിച്ചുവച്ചിരിക്കുന്നു. അര്‍ത്ഥരഹിതമായതു് അര്‍ത്ഥരഹിതം തന്നെന്നു് മനസ്സിലാക്കാന്‍ പ്രയാസമില്ല. അബ്സേഡിറ്റിയുടെ അവസ്ഥ അതല്ല. മാനുഷികമായ ക്രമത്തോടും വ്യവസ്ഥയോടും മൂല്യങ്ങളെക്കുറിച്ചുള്ള പ്രതീക്ഷയോടുംകൂടി ജീവിക്കാന്‍ തുടങ്ങുന്ന മനുഷ്യനോടു് അവയൊന്നുമില്ലാത്ത ലോകം എതിരിടാന്‍ ഭാവിക്കുമ്പോഴാണു് അബ്സേഡിറ്റിയും അതിനോടു ചേര്‍ന്ന അന്യവത്കരനവും അവനു് അനുഭവപ്പെടുന്നതു്. അര്‍ത്ഥരാഹിത്യം നൈലിസത്തിന്റെ (Nihilism) — ശൂന്യതാ വാദത്തിന്റെ — സന്തതിയാണു്. ലോകത്തു് സംഭവിക്കുന്നതൊക്കെ പരമസത്യത്തോടു് — അജ്ഞാതവും അജ്ഞേയവും ആയ പരമസത്യത്തോട് — ബന്ധപ്പെട്ടവയാണെന്നു് ചിലര്‍ വിശ്വസിക്കുന്നു. ആ വിശ്വാസത്തിനു ഘടകവിരുദ്ധമാണ് നൈലിസം എന്ന ചിന്താഗതി. മനുഷ്യജീവിതം അര്‍ത്ഥരഹിതമാണു്, മൂല്യങ്ങള്‍ വിലയില്ലാത്തവയാണു് (ഇക്കാര്യത്തില്‍ അബ്സേഡിറ്റിയുടെ ഉദ്ഘോഷകരും നൈലിസ്റ്റുകളോടു യോജിക്കും) എന്നു് അവര്‍ കരുതുന്നു. വൈദ്യുതിയുടെ ആഘാതമേറ്റു് ഒരുത്തന്‍ മരിക്കാന്‍ പോകുന്നുവെന്നു വിചാരിക്കൂ. അയാളെ ഞാന്‍ രക്ഷിച്ചുവെന്നു് കരുതൂ.

എന്റെ ആ പ്രവൃത്തിയും മൂല്യമൊന്നുമില്ലാത്തതാണെന്നാണു് നൈലിസ്റ്റുകള്‍ പറയുക. മരിക്കാന്‍ പോകുന്നവനെ രക്ഷിച്ച ഞാന്‍ ജീവന്റെ വില മനസ്സിലാക്കിയിരുന്നുവെന്നു് കരുതുക അബദ്ധം. ആ സമയത്തു് റോഡില്‍ക്കൂടെ വെറുതേ നടന്നുപോകുന്നതിനേക്കാള്‍ ഉത്തേജകം രണ്ടാംമുണ്ടുകൊണ്ടു് അയാളെ കെട്ടിവലിക്കുക എന്നതായിരുന്നു. അതിനാല്‍ — അല്ലെങ്കില്‍ ചിത്താവേഗമുണ്ടാകുന്നതിനു് മാത്രമായി — ഞാന്‍ നേരിയതു് അയാളുടെ ശരീരത്തില്‍ ചുറ്റി അയാളെ കമ്പിയില്‍നിന്നു വലിച്ചുമാറ്റി. അത്രേയുള്ളു. വേറൊരു ദിവസം ഇതേ കാഴ്ച കണ്ടാല്‍ ഞാന്‍ മിണ്ടാതെ പോയേക്കും. ആഘാതമേല്ക്കുന്നയാള്‍ മരിക്കുകയും ചെയ്യും. കാര്യമിങ്ങനെയായതുകൊണ്ടു്, അടുത്ത ദിവസം സമ്മേളനം കൂടി മന്ത്രി എന്നെ ധീരതയുടെ പേരില്‍ അഭിനന്ദിച്ചാല്‍ ഞാന്‍ ആഹ്ലാദിക്കുന്നതെങ്ങനെ? ഒരര്‍ത്ഥവുമില്ല ഒന്നിനും എന്നാണു് ശൂന്യതാവാദികളുടെ — നൈലിസ്റ്റുകളുടെ — നിലപാട്.

‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവലിലെ പ്രധാന കഥാപാത്രമായ രവി അബ്സേഡിറ്റിയെ അംഗീകരിക്കുന്നോ അതോ നൈലിസത്തേയോ? അഗമ്യഗമനത്താലുള്ള പശ്ചാത്താപത്തില്‍പ്പെട്ടു് ഒട്ടൊക്കെ വൈഷമ്യമനുഭവിക്കുന്ന ആ കഥാപാത്രം നൈലിസ്റ്റല്ല. യാദൃശ്ചികമായ സര്‍പ്പദംശനത്തില്‍ പൊതിഞ്ഞ ആത്മഹത്യ കൈവരിക്കുന്ന അയാള്‍ ‘അബ്സേഡിസ്റ്റു’മല്ല. സവിശേഷതയാര്‍ന്ന കഥാപാത്രം എന്നേ പറയാന്‍ പറ്റൂ. എന്നാല്‍ ഹെമിംഗ്‌വേയുടെ A clean Well-Lighted Place എന്ന ചെറുകഥയിലെ വൃദ്ധന്‍ നൈലിസ്റ്റാണു്. ശൂന്യതയുടെ അന്തരീക്ഷമാണു് ആ കഥയ്ക്ക് ആകെയുള്ളതു്. പട്ടണത്തിലെ ഒരു മദ്യശാലയില്‍ ഒരു വൃദ്ധന്‍ ഇരിക്കുന്നു. അയാള്‍ അര്‍ദ്ധരാത്രി കഴിഞ്ഞിട്ടും പോകുന്നില്ല. ഇടവിടാതെ കുടിക്കുകയാണു് അയാള്‍. അവിടെ രണ്ടു ജോലിക്കാരുണ്ടു്. ഒരാള്‍ ചെറുപ്പകാരന്‍, രണ്ടാമത്തെയാള്‍ കിഴവന്‍. ചെറുപ്പക്കാരനു് ഭാര്യയുടെ അടുക്കലെത്തിക്കൊള്ളാന്‍ തിടുക്കമായി. കിഴവനായ ജോലിക്കാരനു് ആ തിടുക്കമില്ല. സമയമേറെ കഴിഞ്ഞിട്ടും മദ്യശാലയില്‍നിന്നു് ആ വൃദ്ധന്‍ പോകാത്തതെന്തുകൊണ്ടാണെന്നു് അയാള്‍ക്കു് അറിയാം. ഒന്നും പ്രവര്‍ത്തിക്കാനില്ലാത്തതുകൊണ്ടുതന്നെ; എല്ലാം ശൂന്യമായതുകൊണ്ടുതന്നെ. ഒടുവില്‍ ചെറുപ്പകാരന്‍ കുടിയനെ പിടിച്ചു് പുറത്താക്കി. മദ്യശാല അടയ്ക്കുമ്പോള്‍ കിഴവന്‍ ജോലിക്കാരന്‍ ആത്മഗതം നിര്‍വ്വഹിക്കുന്നു:

“Some lived in it and never felt it but he knew it was nada y pues nada y nada y pues nada. Our nada who art in nada, nada be thy name thy kingdom nada thy will be nada in nada as it is in nada. Give us this nada, our daily nada and nada us our nada as we nada our nadas and made us not into nada but deliver us from nada; pues nada. Hall nothing full of nothing, nothing is with thee.”

ശൂന്യതയ്ക്കുള്ള സ്പാനിഷ് പദമാണു് nada എന്നതു്. ഈ വാക്യങ്ങള്‍ ശൂന്യതയുടെ അന്തരീക്ഷം സൃഷ്ടിച്ചു് വായനക്കാരെ ചലനംകൊള്ളിക്കുന്നുവെന്നു് നിരൂപകര്‍ പറയുന്നു. ശരിയായിരിക്കാം. കമ്യു, യനസ്കോ, ഷെനെ, ബക്കറ്റ്, ഹെമിംഗ്‌വേ ഇവരുടെ കൃതികള്‍ക്കുള്ള ശക്തി ആര്‍ക്കു നിഷേധിക്കാനാവും? എങ്കിലും ആലോചിച്ചുനോക്കൂ. ലോകം നിസ്സംഗമല്ലേ? മനുഷ്യന്റെ കൂട്ടുകാരനല്ല ലോകം അവന്റെ ശത്രുവുമല്ല. അതു് വിഷാദാത്മകമല്ല; പ്രസാദാത്മകവുമല്ല. ആളുകള്‍ വിഷാദത്തോടെ ലോകത്തെ നോക്കുമ്പോള്‍ അതു് വിഷാദപൂര്‍ണ്ണം സന്തോഷത്തോടെ നോക്കുമ്പോള്‍ അതു സന്തോഷപൂര്‍ണ്ണം. അതുപോലെ ലോകത്തിനു് അബ്സേഡിറ്റിയുമില്ല. നോക്കുന്ന മനസ്സിലാണു് അബ്സേഡിറ്റി. ആ അബ്സേഡിറ്റിയോടെ നോക്കുമ്പോള്‍ ലോകം അബ്സേഡായിമാറുന്നു. കമ്യുവിന്റെയും കൂട്ടുകാരുടേയും മനസ്സിലാണു് പൊരുത്തക്കേടു്.

കമ്യുവിന്റെ “‘പ്ലേഗും” യനസ്കോയുടെ “ചെയേഴ്സ്” മാക്സ‌ഫ്രിഷിന്റെ “അയാം നോട്ടു് സ്റ്റില്ലറും” ബക്കറ്റിന്റെ “വെയ്റ്റിംഗ് ഫോര്‍ ഗദോ”യും ചേതോഹരങ്ങളല്ലെന്നല്ല ഞാന്‍ പറഞ്ഞതു്. ഒരത്യന്തസുന്ദരി ‘ബേത്തിംഗ് സ്യൂട്ടു്’ ധരിച്ചു് പലകപ്പുറത്തുനിന്നു് തലകീഴായി വെള്ളത്തിലേക്കു ചാടിയാല്‍ കാണാന്‍ ഭംഗിയുണ്ടല്ലോ. അവളങ്ങനെ ചാടി കുളത്തിന്റെ അടിത്തട്ടില്‍ച്ചെന്നു് തലയിടിച്ചുമരിച്ചാലോ? ഈ സാഹിത്യകാരന്മാരുടെയെല്ലാം ചാട്ടങ്ങള്‍ സുന്ദരങ്ങള്‍ പക്ഷേ അവരുടെ തലകള്‍ പൊട്ടുന്നു. ജലത്തില്‍ രക്തം കലരുന്നതു ഞാന്‍ കാണുന്നു.