ഭൂമിയും ചന്ദ്രനും സോവിയറ്റ് സാഹിത്യവും
ഭൂമിയും ചന്ദ്രനും സോവിയറ്റ് സാഹിത്യവും | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന് നായര്‍ |
മൂലകൃതി | എം കൃഷ്ണന് നായരുടെ പ്രബന്ധങ്ങള്‍ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര് | മലയാളം |
വര്‍ഷം |
1987 |
മാദ്ധ്യമം | പ്രിന്റ് (ഹാർഡ്ബാക്) |
പുറങ്ങള്‍ | 624 (ആദ്യ പതിപ്പ്) |
എം കൃഷ്ണന് നായരുടെ പ്രബന്ധങ്ങള്‍
മാര്‍ക്സിസ്റ്റ് സിദ്ധാന്തങ്ങളെ കലയുടെയും സാഹിത്യത്തിന്റെയും മണ്ഡലങ്ങളിലേയ്ക്കു വ്യാപിപ്പിച്ചപ്പോഴാണ് ‘സോഷ്യലിസ്റ്റു റിയലിസം’ എന്ന പ്രസ്ഥാനം റഷ്യയില്‍ ഉണ്ടായത്. കലാകാരന്, സാഹിത്യകാരന് സ്റ്റേറ്റിന്റെ പരിചാരകനാണെന്നും സോഷ്യലിസത്തിനുവേണ്ടി വാദിക്കേണ്ടവനാണെന്നും ഉള്ള ചിന്താഗതിയില്‍ നിന്നാണ് ഈ പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവം. ‘മനുഷ്യാത്മാക്കളുടെ എന്ജീനീയറ,ന്മാരായി സ്റ്റാലിന് കലാകാരന്മാരെ വിശേഷിപ്പിച്ചു. അദ്ദേഹത്തിന്റെ കാലത്തു റഷ്യയിലെ കലാകാരന്മാര് സോഷ്യലിസ്റ്റ് റിയലിസ്റ്റുകളായിത്തന്നെ വര്‍ത്തിച്ചു. എന്നാല്‍ സ്റ്റാലിന് അന്തരിച്ചതിനുശേഷം റഷ്യയില്‍ പല മണ്ഡലങ്ങളിലും മാറ്റങ്ങളുണ്ടായി; അപ്പോള്‍ അതുവരെയുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ക്കു ശൈഥില്യം സംഭവിച്ചു. സാഹിത്യത്തിലെ നിയന്ത്രണങ്ങള്ക്കുവന്ന അയവ് കഥാപാത്രങ്ങളുടെ സ്വഭാവചിത്രീകരണ മാര്‍ഗ്ഗത്തില്‍ പ്രകടമായി, സമുദായത്തിന്റെ പ്രതിരൂപങ്ങളായി മാത്രം കഥാപാത്രങ്ങളെ അവതരിപ്പിച്ചാല്‍ പോരാ, അവരെ പ്രാഥമികമായും മനുഷ്യരായിട്ടുവേണം ചിത്രീകരിക്കാന്‍ എന്ന വിചാരഗതിക്കു പ്രാബല്യമുണ്ടായി. അതിന്റെ ഫലമായി കലാകാരന്മാര് സോവിയറ്റ് ജീവിതത്തിലേയ്ക്കു കൂടുതല്‍ അടുത്തു. ഈ സമീപനത്തെ സോഷ്യലിസ്റ്റു റിയലിസത്തിന്റെ നേര്‍ക്കുള്ള ക്രിട്ടിക്കല്‍ റിയലിസത്തിന്റെ ആക്രമണമായി ചില നിരൂപകര്‍ കാണുകയാണ്. അതു ശരിയാകട്ടെ അല്ലെങ്കില്‍ തെറ്റാകട്ടെ. എന്തായാലും ലെനിന്റെയും സ്റ്റാലിന്റെയും പാരമ്പര്യത്തില്‍നിന്നു വിഭിന്നമായി കലാസൃഷ്ടിക്കു കൂടുതല്‍ ‘സ്വയം ശാസനാധികാരം’ (Autonomy) ഈ ചിന്താഗതി പ്രദാനം ചെയ്തു എന്നതില്‍ ഒരു സംശയവുമില്ല. സോഷ്യലിസ്റ്റ് റിയലിസത്തില്‍ രാഷ്ടത്തിന്റെ താല്പര്യങ്ങളും വ്യക്തിയുടെ താല്പര്യങ്ങളും ഒന്നായിച്ചേര്‍ന്നിരുന്നു. പരിവര്‍ത്തനം വന്ന സാഹിത്യത്തില്‍ വ്യക്തികളുടെ സ്വകീയതാല്പര്യങ്ങള്ക്കായി പ്രാധാന്യം. ഈ നൂതന സാഹിത്യത്തിന്റെ ഉദ്ഘോഷകരായി വാസിലി അക്സേനോവ്, ആന്ദ്രേബിറ്റോവ്, വ്ളാഡീമാര് വോയിനോവിച്ച്, അനറ്റോളി ഗ്ലേഡിലിന്, ഫസില്‍ ഇസ്കന്തര്‍, വിക്ടര്‍ കോണേറ്റ്സ്കി, വാലന്റീന്‍ റാസ്പുട്ടിന്, യൂറി ട്രിഫോനോവ് ഇവരെയാണ് ചിലരെങ്കിലും ആരാധിക്കുന്നത്. സ്റ്റാലിനുശേഷം റാഷ്യയില് ‘ലിബറെലൈസേഷന്’ ഉണ്ടായതുകൊണ്ട് വ്യക്തിഗതങ്ങളായ വികാരങ്ങളേയും ചിന്തകളേയും സാഹിത്യത്തിലൂടെ ആവിഷ്കരിക്കാന്‍ ഈ എഴുത്തുകാര്‍ക്കു വലിയ പ്രയാസം ഉണ്ടാകാറില്ല. എന്നുമാത്രമല്ല, ഇവരില്‍ ചിലരുടെ കഥകള്‍ മോസ്കോയിലെ പ്രോഗ്രസ് പ്രസാധകര് ഗ്രന്ഥത്തിന്റെ രൂപത്തില്‍ പ്രസിദ്ധപ്പെടുത്തി ഞാൻ കണ്ടിട്ടുമുണ്ട്. (ഫസില്‍ ഇസ്കന്തറുടെ The Thirteenth Labour എന്ന കഥാസമാഹാരം ഒരു ഉദാഹരണം.) ഈ സാഹിത്യകാരന്മാർ സമൂഹത്തിന്റെ വിമർശകരേയല്ല. പക്ഷേ സമൂഹത്തിലുണ്ടായ മാറ്റങ്ങൾ അവർ കണ്ടറിയുന്നവരാണ്. ഭാവസംദൃബ്ധതയോടെ അവയെ ചിത്രീകരിക്കുന്നവരാണ്. സ്ഥലകാല സത്യം (Spatio-temporal reality) ഇല്ലാത്ത സോഷ്യലിസ്റ്റ് റിയലിസം സാദ്ധ്യമല്ലല്ലോ. സോഷ്യലിസ്ട് റിയലിസത്തിന്റെ നാടായ സോവിയറ്റ് രാജ്യത്ത് ഇന്നുണ്ടാകുന്ന കൃതികളിൽ ഏറിയകൂറും സ്ഥലകാല സത്യത്തെ മാനിക്കുന്നില്ല. മോസ്കോയില്‍ രണ്ടാംലോക മഹായുദ്ധത്തിനുശേഷമാണ് ഇക്കഥ നടന്നത് എന്നും മറ്റുള്ള പ്രസ്താവങ്ങള്‍ അവയില്‍ ഉണ്ടായെന്നുംവരും. എന്നാല്‍ ആ കലാസൃഷികളുടെ ആസ്വാദനത്തിന് സ്ഥലകാലസത്യം അനുപേക്ഷണീയമായി ഭവിക്കുന്നില്ല. അക്സേനോവിന്റെ (ജനനം 1933) ചേതോഹരമായ ഒരു കഥയെടുത്തുകാണിച്ച് ഈ സാമാന്യസ്വഭാവത്തെ വ്യക്തമാക്കാവുന്നതാണ്. 1962-ല്‍ അദ്ദേഹമെഴുതിയതും 1963-ല്‍ പ്രസിദ്ധപ്പെടുത്തിയതുമായ Halfway to the Moon എന്നതാണ് ചെറുകഥ. കിഴക്കന്‍ സോവിയറ്റ് നാട്ടിലെ ട്രക്ക് ഡ്രൈവറാണ് കിര്‍പിചെങ്കോ. വെക്കേഷന്‍കാലം ഒന്നാഹ്ലാദിച്ചുകളയാമെന്നു അയാള്‍ തീരുമാനിച്ചു. പരുക്കന്‍ സ്വഭാവമുള്ള ആ ട്രക്കു ഡ്രൈവര്‍ ഖബ് റോവ്സ്കില് നിന്നു മോസ്കോയിലേയ്ക്കു വിമാനയാത്ര നിര്‍വഹിക്കാമെന്നാണ് കരുതിയത്. നാലായിരം നാഴികയുണ്ട് മോസ്കോയിലേക്ക്. മണിക്കൂറില്‍ 700 കിലോമീറ്റര്‍ വേഗത്തില്‍പോകുന്ന ഭീമാകാരമാര്‍ന്ന ആ സോവിയറ്റ് ‘എയര്‍ലൈനര്‍’ ഏതാണ്ടു എട്ടരമണിക്കൂര്കൊണ്ട് അയാളെ മോസ്കോയിലെത്തിക്കും. തന്റെ സീറ്റില്‍ കയറിയിരുന്ന ഒരുത്തനെ നിഷ്കരുണം എഴുന്നേല്പ്പിച്ചിട്ട് കിര്‍പിചെങ്കോ വിമാനത്തിലിരുന്നു. അപ്പോഴാണ് അയാള്‍ അവളെ — എയര്‍ഹോസ്റ്റസിനെ — കണ്ടത്. ഒരതിസുന്ദരി. ശ്വാസംപിടിച്ച് അയാള്‍ ഇരുന്നുപോയി. അവള് പുഞ്ചിരിപൊഴിക്കുന്നുണ്ട്. മന്ദഹാസാര്ദ്രമായ ആ മുഖം അയാളുടെ മുകത്തിന് അടുത്തുതന്നെ. അവള് അയാളുടെ കോട്ട് ബട്ടണിളക്കി എടുക്കുകയാണ്. എന്തൊരു മനോഹരമായ കറുത്ത തലമുടി? പട്ടുപോലെ; നൈലോണ്പോലെ, ലോകത്തെ അമ്യൂല്യങ്ങളായ വസ്തുക്കള്‍ പോലെ. അവളുടെ വിരലുകളോ? യഥാര്തഥ ജീവിതത്തില്‍ ഇത്ര സുന്ദരങ്ങളായ വിരലുകള്‍ വേറെകാണാന് കഴിയുമോ? ഈ ലോകത്തെ ഏറ്റവും സുന്ദരിയായവളുടെ ശബ്ദം. ഇല്ല ഇങ്ങനെയൊരു പുഞ്ചിരിയും ഇങ്ങനെയൊരു ശബ്ദവും വേറെ കാണാന്‍പറ്റില്ല. ദൈവികത്വമാര്ന്ന പൊന്മേനി. അവള് പറഞ്ഞു. ‘സഖാക്കളെ ബല്‍റ്റ് കെട്ടിക്കൊള്ളൂ.’ വിമാനത്തിന്റെ യന്ത്രങ്ങള്‍ ഗര്‍ജ്ജിച്ചു. യാത്രക്കാരിയായ ഒരു വൃദ്ധ കുരിശുവരച്ചു. അതുകണ്ട് ഒരു നാവികന് അവരെ കളിയാക്കി. ട്രക്ക് ഡ്രൈവര്‍ അതുകണ്ടു രസിച്ചോ എന്നറിയാനായി നാവികന് അയാളെ നോക്കി. പക്ഷേ കിര്‍പിചെങ്കോ ഹോസ്റ്റസ് പോയവഴിയെ അവളെ നോക്കുകയായിരുന്നു.... വളരെതാഴെ ഭൂവിഭാഗങ്ങള്‍ ഇഴഞ്ഞുപോകുന്നത് അയാള്‍ കണ്ടു. പാറക്കെട്ടുകളാര്ന്ന, ചൈതന്യശൂന്യങ്ങളായ, ആപല്ക്കരങ്ങളായ ഭൂവിഭാഗങ്ങള്‍. ആ തണുത്ത ശുന്യാകാശത്തില്‍, ക്രൂരവും വിജനവുമായ ഭുമിക്കുവെളിയിലായി ലോഹംകൊണ്ടുള്ള ഒരു ചുരുട്ട് എങ്ങനെ പൊങ്ങിസഞ്ചരിക്കുന്നുവന്ന് അയാള്‍ ആലോചിച്ചു നോക്കി. അതിനകത്താകട്ടെ മനുഷ്യന്റെ ചൂട്, വിനയം, സിഗററ്റിന്റെ പുക, അടക്കിയസംഭാഷണവും ചിരിയും, വൃത്തികെട്ട നേരമ്പോക്കുകള്‍. കിര്‍പിചെങ്കോ അവിടിരുന്നു പുകവലിക്കുമ്പോള്‍ ഒരു പെണ്‍കുട്ടി വിമാനത്തില്‍ അങ്ങുമിങ്ങും നടക്കുന്നു. ചന്ദ്രനില്‍ ചെല്ലാന്‍ പ്രതീക്ഷയുണ്ടോ നിങ്ങള്‍ക്ക്? അത്രകണ്ടു പ്രതീക്ഷ അവളെ സമീപിക്കുന്ന കാര്യത്തിലുമുണ്ട്. എന്തൊരു വാനമ്പാടിയാണ് അവള്!
അയാള്‍ അവളെ അന്വേഷിച്ച് എഴുന്നേറ്റുനടന്നു. ഒരു ‘ക്യാപ്പിറ്റലിസ്റ്റ്’ ആ സുന്ദരിയെ വശപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ക്യാപിറ്റലിസ്റ്റ്: ‘സിംഗപ്പൂരില്‍ നാരകങ്ങള്‍ വളര്ന്നുനില്ക്കുന്ന കടല്‍ത്തീരത്ത്’ അവള്: ‘ഏത്തവാഴകള്‍ കാറ്റില്‍ തലകുനിക്കുന്നിടത്ത്?’
ട്രക്ക് ഡ്രൈവര്‍ അവളോടു ഒരു ഗ്ലാസ്സ് വെള്ളം ചോദിച്ചു. അവള് വെള്ളം നിറഞ്ഞ ഗ്ലാസ്സെടുത്തുയര്ത്തി. സൂര്യപ്രകാശത്തില്‍ അതു വെട്ടിത്തിളങ്ങി. അയാള്‍: പേരെന്ത്? അവള്: ടാനിയ. കുറെനേരം അവര്‍ പരസ്പരം നിശ്ശബ്ദരായി നോക്കി. അയാള്‍ പുഞ്ചിരിപൊഴിച്ചു. ജീവിതത്തില്‍ ഒരുകാലത്തും അയാളങ്ങനെ പുഞ്ചിരിതൂകിയിട്ടില്ല.
ടാനിയ അയാള്‍ക്കു ഡിന്നര്‍ കൊണ്ടുകൊടുത്തു. ആ ട്രേയിലെ ആപ്പിള്മാത്രം വലുത്. റൊട്ടി കൂടുതല്‍. പിന്നീട് അവള് ചായകൊണ്ടുവന്നു. മോസ്കോയിലാണോ ടാനിയയുടെ വീട്? ട്രക്ക് ഡ്രൈവറുടെ ആ ചോദ്യം കേട്ട് നാവികന് ചിരിച്ചുകൊണ്ടു പറഞ്ഞു: ‘സഖാവേ, നിങ്ങള്‍ സമയം പാഴാക്കുകയാണ്. അവള്‍ക്കു മോസ്കോയില്‍ രസികനായ വല്ല ചെറുപ്പക്കാരനും കാണും.’
പക്ഷേ ഇമ്മാതിരി പറക്കലുകള്‍ അവസാനിക്കാത്തത് അല്ലല്ലോ. ഉയരത്തില്‍നിന്ന് വിമാനം താഴെ വരണം. കോട്ട് നിങ്ങള്‍ക്കു തിരിച്ചുകിട്ടും. ലോലങ്ങളായ ആ വിരലുകള്‍ നിങ്ങളുടെ സ്വറ്റര്‍ തിരിച്ചുതരും. അവളുടെ കണ്ണുകള്‍ നിങ്ങളിലല്ല; വേറേ എവിടെയോ ആണ്. ഹാ! ഉയര്‍ന്ന മടമ്പും തലമുടിക്കെട്ടും എല്ലാം വ്യാമോഹങ്ങള്‍. മോസ്കോയില്‍ വിമാനമിറങ്ങി. അല്പനേരം കഴിഞ്ഞ് അത് അപ്രത്യക്ഷമായി. അതോടെ ട്രക്കുഡ്രൈവറുടെ സ്വപ്നങ്ങളും. കിര്‍പിചെങ്കോ നാവികനോട് ചോദിച്ചു; — ‘ഈ വിമാനം ഇപ്പോള്തന്നെതിരിച്ചു പറക്കുമോ? ‘നാളെ’ ‘ഇതേ ജോലിക്കാര്‍തന്നെ?’ നാവികന് പരിഹസിച്ചു ചുളമടിച്ചു. ‘അതുമറക്കൂ. അവള്‍ക്കു പ്രത്യേക്തയൊന്നുമില്ല. കാണാന്‍ കൊള്ളാവുന്ന ഒരു പെണ്ണ്. മോസ്കോയില്‍ ലക്ഷക്കണക്കിനുണ്ട് ഇവളെപ്പോലെയുള്ളവര്.’
ട്രക്ക് ഡ്രൈവര്‍ കാലത്ത് വിമാനത്തില്‍കയറി. പക്ഷേ ടാനിയ അതിലില്ല. ഖബ്റോവ്സ്കില് എത്തിയ അയാൾ വീണ്ടും മോസ്കോവിലേയ്ക്കു പറന്നു. ആ വിമാനത്തിലും ടാനിയയെ കാണാനില്ല. ഇങ്ങനെ അയാള്‍ ഏഴുതവണ അങ്ങോട്ടും ഏഴുതവണ തിരിച്ചും പറന്നു. വിമാനത്തിലുള്ളവര്‍ തെറ്റിദ്ധരിക്കാതിരിക്കാനായി അയാള്‍ ഓരോ തവണയും പുതിയ പുതിയ വേഷം ധരിച്ചു. ചാരനാണുതാനെന്ന് മറ്റുള്ളവര്‍ സംശയിച്ചേക്കുമോ എന്നായിരുന്നു അയാളുടെ പേടി. ബാങ്ക് നോട്ടുകള്‍ കുറഞ്ഞുകുറഞ്ഞു വന്നു. എന്നിട്ടും ടാനിയയെ അയാള്‍ കണ്ടില്ല. ഒടുവില്‍ ഖബ്റോവ്സ്ക് വിമാനത്താവളത്തില്‍വെച്ച് അയാള്‍ അവളെ കണ്ടു. അവള് കൂട്ടുകാരികള്‍ക്കു ചോക്ക്ലെറ്റ് വിതരണം ചെയ്യുകയായിരുന്നു. അവര്‍ എല്ലാവരും ചിരിക്കുന്നു. എന്തിനാണ് ഒരിടത്തും പോകാതെ അവരെല്ലാം അവിടെനിന്ന് അങ്ങനെ ചിരിക്കുന്നത്? അപ്പോഴാണ് അയാള്‍ക്ക് ഓര്‍മ്മവന്നത്, വസന്തകാലമായി എന്ന കാര്യം. വസന്തകാല നിശീഥിനിയാണത്. ചന്ദ്രന് വിമാനത്താവളത്തിനുമുകളില്‍ ഓറഞ്ചുപോലെ. തണുപ്പില്ല. അവിടെ എത്രനേരം വേണമെങ്കിലും നിന്നുചിരിക്കാം. കിര്‍പിചെങ്കോ കൂട്ടുകാരനോടു ചോദിച്ചു: ‘ചന്ദ്രനിലേയ്ക്ക് എത്ര കിലോമീറ്റര്‍ ദൂരമുണ്ട് ചങ്ങാതീ’. സ്നേഹിതന്: ‘ഒഴിവുകാലത്ത് നിങ്ങള്‍ അതിലും കവിഞ്ഞ ദൂരം സഞ്ചരിച്ചല്ലോ.’
അയാളുടെ പോക്കറ്റില്‍ ഇനി ഏതാനും പത്തുറൂബിള് നോട്ടുമാത്രമേയുള്ളൂ. അയാള്‍ ടാനിയയെ നോക്കി. മലയിടുക്കിലേക്കുള്ള പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ താനെങ്ങനെ അവളെക്കുറിച്ച് ഓര്‍ക്കുമെന്നും അവിടെയെത്തിക്കഴിഞ്ഞാല്‍ അവളെയെങ്ങനെ പെട്ടന്നു വിസ്മരിക്കുമെന്നും അയാള്‍ ചിന്തിച്ചുനോക്കി. തിരിച്ചുപോരുമ്പോള്‍ അയാള്‍ അവളെ വീണ്ടും ഓര്‍മ്മിക്കും. എല്ലാ സായാഹ്നങ്ങളിലും രാത്രികളിലും ആ ഓര്‍മ്മയുണ്ടാകും. അവളെ വിചാരിച്ചുകൊണ്ട് അയാള്‍ ഉണര്‍ന്ന് എഴുന്നേല്ക്കും... കിര്‍പിചെങ്കോ പോകാനായി എഴുന്നേറ്റു.
ഈ കഥ മനോഹരമല്ലെന്ന് ആരാണ് പറയുക! നട്ടും ബോള്‍ട്ടും ഉണ്ടാക്കുന്നതിന്റെ സാദ്ധ്യതകളെക്കുറിച്ച് കഥാപാത്രങ്ങള്‍ സുദീര്‍ഘങ്ങളായ ചര്‍ച്ചകള്‍ നടത്തുന്നതിന്റെ ബഹളം സോവിയറ്റ് നോവലുകളില്‍നിന്ന് ഇപ്പോള്‍ നാം കേള്‍ക്കുന്നില്ല. സോഷ്യലിസ്റ്റ് റിയലിസത്തിന്റെ കാലത്ത് ചുംബനമെന്നത് ശരീരത്തിലേക്കു ഭക്ഷണം കൊണ്ടുപോകാനുള്ള അവയവങ്ങളുടെ കൂടിച്ചേരല്‍ മാത്രമായിരുന്നു. ഇന്ന് അത് ചുണ്ടുകളുടെ അന്യോന്യസ്പര്ശം തന്നെയായിട്ടുണ്ട്. ഈ കഥ നോക്കൂ ദൈനംദിന ജീവിതത്തിന്റെ വൈരസ്യവും ആദര്‍ശാത്മക ജീവിതത്തിന്റെ ആഹ്ലാദവും എത്ര അനായാസമായിട്ടാണ് അക്സ്വ്നോവ് ആവിഷ്കരിക്കുന്നത്. വിമാനം ഉയര്‍ന്നുകഴിഞ്ഞപ്പോള്‍ ഫാന്റസിയുടെ ലോകം സൃഷ്ടിക്കപ്പെട്ടു. അപ്പോള്‍ അഹ്ലാദം മാത്രമേയുള്ളൂ. അവിടെയിരുന്നുകൊണ്ട് താഴത്തേയ്ക്കു നോക്കുമ്പോള്‍ നിത്യജീവിതത്തിന്റെ യാതനകള്‍ മാത്രം. എന്നാല്‍ അക്സേനോവ് ഫാന്റസി സൃഷ്ടിച്ചിട്ട് അതില്‍തന്നെ കഴിഞ്ഞുകൂടുവാന്‍ ആഗ്രഹിക്കുന്ന ആളല്ല. എത്ര ഔന്നിത്യത്തില്‍ വിമാനം പറന്നാലും അതു ഭൂമിയിലേക്കു വന്നേ മതിയാവൂ. അതുപോലെ മനോരഥ സൃഷ്ടിയുടെ ആഹ്ലാദം ഉപേക്ഷിച്ചിട്ട് നിത്യജീവിതത്തിന്റെ വൈരുദ്ധ്യത്തിന് അഭിമുഖീഭവിച്ചുനില്ക്കാന് ആരും നിര്ബദ്ധനായിപ്പോകും. പക്ഷേ ആ വൈരസ്യം തന്നെ, ത്രീവ്രവേദനതന്നെ മനുഷ്യന് അനുഭവിച്ചുകൊള്ളണമെന്നില്ല. ട്രക്ക് ഡ്രൈവര്‍ ടാനിയെ കാണാന്‍ ഏഴുതവണ മോസ്കോയിലേയ്ക്കും ഏഴുതവണ തിരിച്ചും പറന്നെങ്കിലും അവളെ നേരിട്ടു കണ്ടപ്പോള്‍ അയാള്‍ പരിചയം പുതുക്കാനോ അങ്ങനെ സ്നേഹം സാക്ഷാത്കരിക്കാനോ ശ്രമിക്കുന്നില്ല. അപ്രാപ്യമായതിന്റെ സൗന്ദര്യമെന്താണെന്നു ടാനിയ അയാള്‍ക്കു മനസ്സിലാക്കികൊടുത്തിരിക്കുന്നു. അതു സാക്ഷാത്കരിച്ചാല്‍ മതി, അങ്ങനെ ജീവിതത്തിനു ലക്ഷ്യമുണ്ടാകും. ലക്ഷ്യസാക്ഷാത്ക്കാരത്തിനു ശ്രമിക്കുമ്പോള്‍ ജീവിത വൈരസ്യം അകലും. ചന്ദ്രന് കലാകാരന് വാഴ്ത്തുന്ന അദ്ധ്യാത്മിക സൗന്ദര്യത്തിന്റെ പ്രതീകമാണ്. Half way എന്നത് ആകെയുള്ള ദൂരത്തിന്റെ മദ്ധ്യബിന്ദു ആകാം. പക്ഷേ ആ പദത്തിന് ‘ഏറിയകൂറും’ എന്ന അര്‍ഥം കൂടിയുണ്ട്. ഫാന്റസിയുടെ സൗന്ദര്യത്തിലേക്ക്, ട്രക്ക് ഓടിക്കുന്ന പരുക്കന്‍ജീവിതം നയിച്ചുകൊണ്ടുതന്നെ കിര്‍പിചെങ്കോ പറന്ന് അടുക്കുന്നു. ആ യാത്രയാണ് അയാളുടെ ജീവിതത്തെ സാര്‍ത്ഥകമാക്കി മാറ്റുന്നത്. ജീവിതത്തിന്റെ ഉപരിതലത്തില്‍ പാരുഷ്യം. അതിനുതാഴെ ആദര്‍ശാത്മകത്വം. സോഷ്യലിസ്റ്റ് റിയലിസം ആ പാരൂഷ്യത്തെമാത്രം കണ്ടു. അതിനെ കണ്ടുകൊള്ളൂ; എന്നാല്‍ ആ ആദര്ശാത്മകത്വംകൂടി കാണേണ്ടതാണ് എന്നാണ് സോവിയറ്റ് രാഷ്ടത്തിലെ ഈ ആധുനിക സാഹിത്യകാരന്മാര് ലോകജനതയോടു പറയുന്നത്.
|
|
|